ആനക്കുട്ടന്‍റെ ചങ്ങാതിമാര്‍

 


ഒരിടത്ത് ഒരു കാട്ടില്‍ ഒരാനക്കുട്ടന്‍ ഉണ്ടായിരുന്നു. അവന് കളിയ്ക്കാന്‍ ആനക്കൂട്ടത്തില്‍ വേറെ ആനക്കുട്ടികള്‍ ആരും ഉണ്ടായിരുന്നില്ല. അവന്‍ ഒറ്റയ്ക്ക് കളിച്ചു കളിച്ച് നടക്കവേ ഒരു കുരങ്ങച്ചാരെ കണ്ടു. ആനകുട്ടന്‍ അവനോട് ചോദിച്ചു. 

"കുരങ്ങച്ചാ, നിനക്കെന്റെ ചങ്ങാതിയാകാമോ?"

"പറ്റില്ല! നീ എന്നെക്കാളും എത്ര വലുതാണ്. നിനക്കെന്‍റെ ഒപ്പം മരത്തില്‍ ഊഞ്ഞാലാടി കളിയ്ക്കാന്‍ പറ്റുമോ?" കുരങ്ങച്ചാര്‍ ചോദിച്ചു

പാവം ആനക്കുട്ടന്‍! അവനുണ്ടോ മരത്തില്‍ ഊഞ്ഞാലാടാന്‍ പറ്റുന്നു. വിഷമത്തോടെ അവന്‍ മുന്നോട്ട് നടന്നു. 

അപ്പോഴാണ് ഒരു മുയല്‍ തന്‍റെ മാളത്തില്‍ നിന്നും പുറത്തു വന്നത്. ഉടനെ ആനക്കുട്ടന്‍ അവനോടു ചോദിച്ചു.

"മുയല്‍ക്കുട്ടാ, നിനക്കെന്റെ ചങ്ങാതിയാകാമോ?"

"അതെങ്ങനെ പറ്റും? നിനക്കെന്‍റെ കൂടെ ഈ മാളത്തില്‍ ഒളിച്ചു കളിയ്ക്കാന്‍ സാധിക്കുമോ?" മുയല്‍ക്കുട്ടന്‍ സംശയം പ്രകടിപ്പിച്ചു.

"അത് പറ്റില്ല" ആനക്കുട്ടന്‍ സമ്മതിച്ചു

"അപ്പോള്‍ നിനക്കെന്‍റെ ചങ്ങാതിയാകാനും പറ്റില്ല" മുയല്‍ക്കുട്ടന്‍  പറഞ്ഞു

പിന്നേയും മാനും, കാട്ടാടും മറ്റ് ചെറുമൃഗങ്ങളും ആനക്കുട്ടനോട് കൂട്ടുകൂടാന്‍ വിസമ്മതിച്ചു.

ആനക്കുട്ടന്‍ വിഷമത്തോടെ തിരിച്ചു പോയി.

അടുത്ത ദിവസം രാവിലെ ആനക്കുട്ടന്‍ വീണ്ടും കളിക്കാനിറങ്ങി. അപ്പോഴാണ് മൃഗങ്ങളെല്ലാം പേടിച്ച് ഓടുന്നത് കണ്ടത്. 

അടുത്ത് വന്ന ഒരു മാനിനോട് ആനക്കുട്ടന്‍  കാര്യം തിരക്കി. 

"ഒരു കടുവ ഇറങ്ങിയിട്ടുണ്ട്. അവന്‍ എല്ലാവരെയും പിടിച്ച് തിന്നും" ഓട്ടത്തിനിടയില്‍ മാന്‍ പറഞ്ഞു.

തൊട്ട് പിറകെ തന്നെ കടുവ എത്തി. മുന്‍പില്‍ നില്‍ക്കുന്ന ആനക്കുട്ടനെ കണ്ട് കടുവ ഒന്നു നിന്നു. ആനക്കുട്ടന്‍  കടുവയോട് ചോദിച്ചു.

"നീ എന്തിനാ ഈ പാവങ്ങളെ ഉപദ്രവിക്കുന്നത്?"

കടുവ ദേഷ്യത്തില്‍ മുരണ്ടു കൊണ്ട് ആനക്കുട്ടനെ ആക്രമിക്കാന്‍ ചെന്നു. പക്ഷേ, ആനക്കുട്ടനുണ്ടോ പേടി? അവന്‍ പെട്ടെന്ന് തന്‍റെ തുമ്പിക്കൈ കൊണ്ട് കടുവയെ തൂക്കിയെടുത്ത് ദൂരെ പാറക്കെട്ടിലേക്കെറിഞ്ഞു. പേടിച്ച് പോയ കടുവ അവിടെ നിന്നെണീറ്റ് ഓടി രക്ഷപ്പെട്ടു.

കടുവയെ കണ്ട് ഓടിയൊളിച്ച മറ്റ് മൃഗങ്ങളെല്ലാം പതിയെ തിരിച്ചു വന്നു. അവര്‍ ആനക്കുട്ടനോട് നന്ദി പറഞ്ഞു അവനെ തങ്ങളുടെ കൂട്ടുകാരനാക്കി.

പിന്നെ ദിവസവും അവര്‍ നല്ല കൂട്ടുകാരായി കളിച്ചു.

Post a Comment

0 Comments