ഒരിക്കല്‍ രണ്ടു കുരങ്ങന്‍മാര്‍ കാട്ടില്‍ കളിച്ചു നടക്കുകയായിരുന്നു. കളിച്ചു കളിച്ചു അവര്‍ ഒരു നദിയുടെ തീരത്തെത്തി. കനത്ത മഴയില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴയില്‍ കുറെ മീനുകള്‍ നീന്തി നടക്കുന്നതു അവര്‍ കണ്ടു. കുറച്ചു നേരം അത് ശ്രദ്ധിച്ച് നിന്ന ഒരു കുരങ്ങന്‍ പറഞ്ഞു.
"അത് കണ്ടോ. ആ മീനുകള്‍ വെള്ളത്തില്‍ കിടന്നു പിടയുന്നത്? അവ വെള്ളത്തില്‍ മുങ്ങി മരിക്കുമെന്നാണ് എനിക്കു തോന്നുന്നത്."
അതേ ശരിയാണ്. അവയ്ക്ക് കാലുകള്‍ ഇല്ലാത്തത് കൊണ്ട് വെള്ളത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല" രണ്ടാമന്‍ പറഞ്ഞു.
"എങ്കില്‍ നമുക്കാ മീനുകളെ വേഗം രക്ഷപ്പെടുത്താം" ആദ്യത്തെ കുരങ്ങന്‍ പറഞ്ഞു.
ഉടന്‍ തന്നെ രണ്ടു പേരും ഓരോ മീനുകളെയായി പിടിച്ച് കരയിലേക്കിട്ടു. കുറച്ചു നേരം കരയില്‍ കിടന്നു പിടഞ്ഞ മീനുകള്‍ എല്ലാം താമസിയാതെ ചത്തു. മീനുകള്‍ അനങ്ങാതെ കിടക്കുന്നതു കണ്ട് രണ്ടാമത്തെ കുരങ്ങന്‍ പറഞ്ഞു.
"കണ്ടോ. പാവങ്ങള്‍ നദിയില്‍ കിടന്നു പിടഞ്ഞു ക്ഷീണിച്ചു പോയി. നമ്മള്‍ കരയ്ക്ക് എത്തിച്ചത് കൊണ്ട് അവ രക്ഷപ്പെട്ടു. എല്ലാവരും ക്ഷീണിച്ചു കിടന്നുറങ്ങിപ്പോയി."
മീനുകള്‍ ചത്തു കിടക്കുകയാണെന്ന് ആ മണ്ടന്‍മാര്‍ക്ക് മനസ്സിലായില്ല.
"അതെയതെ! അവര്‍ കിടന്നുറങ്ങിക്കോട്ടെ. നമുക്ക് തിരികെ പോകാം"
മണ്ടന്മാരായ രണ്ടു കുരങ്ങന്‍മാരും തിരികെ കാട്ടിനുള്ളിലേക്ക് പോയി.
0 Comments