ഇതൊരു കുട്ടിക്കുരങ്ങന്‍റെ കഥയാണ്. കൂട്ടുകാര്‍ ഏത് തരക്കാരാണ്? വികൃതികളാണോ? മുതിര്‍ന്നവര്‍ പറയുന്നതു കേള്‍ക്കാത്ത കുട്ടികളാണോ? അല്ലല്ലോ?
കുട്ടികളായാല്‍ കുറച്ചു കുഞ്ഞ് കുറുമ്പൊക്കെ ആകാം. പക്ഷേ മൂര്‍തിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം, അനുസരിക്കണം. അല്ലാത്ത പക്ഷം ദാ, ഈ കുട്ടിക്കുരങ്ങന് പറ്റിയ പോലാകും.
അതെന്താണെന്നല്ലേ? പറയാം.
നമ്മുടെ കുട്ടിക്കുരങ്ങന്‍ മഹാ വികൃതിയായിരുന്നു. അമ്മ പറയുന്നതോ, മറ്റ് കാട്ടിലെ മുതിര്‍ന്ന മൃഗങ്ങള്‍ പറയുന്നതോ അനുസരിക്കാതെ കളിച്ചും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചും നടമ്മുന്ന ഒരു കുറുമ്പന്‍. എന്തു കണ്ടാലും അവനതില്‍ പിടിച്ച് കളിക്കും. പലപ്പോഴും മറ്റുള്ളവരുടെ വസ്തുക്കള്‍ നശിപ്പിക്കും.
ഒരു ദിവസം .അവന്‍ മരത്തില്‍ ചാടിക്കളിക്കുകയായിരുന്നു. അപ്പോഴാണ് താഴെ മുറിച്ചിട്ടിരുന്ന മരങ്ങള്‍ അവന്‍ കണ്ടത്. അതില്‍ ഒരു മരം കുട്ടിക്കുരങ്ങന്‍ പ്രത്യേകം ശ്രദ്ധിച്ചു. മരം വെട്ടുകാര്‍ പകുതി പിളര്‍ന്ന് വെച്ച ഒരു മരത്തടി. പകുതി പിളര്‍ന്നതിനാല്‍ അവ കൂടാതിരിക്കാന്‍ മരത്തിനിടയില്‍ ഒരു ആപ്പ് (മരക്കഷണം) വെച്ചിട്ടാണ് അവര്‍ പോയത്. ഇതാണ് നമ്മുടെ കുരങ്ങന്‍ ശ്രദ്ധിച്ചത്. അതെന്താണെന്നോ, എന്തിനാണെന്നോ അവന് മനസ്സിലായില്ല. അവന്‍ വേഗം മരത്തടിയില്‍ കേറി കളിയ്ക്കാന്‍ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ആ ആപ്പ് ഊരി എടുക്കാന്‍ ശ്രമം തുടങ്ങി. ഇതിനിടയില്‍ തന്‍റെ വാല്‍ മരത്തിന്‍റെ പിളര്‍പ്പിനിടയില്‍ കുടുങ്ങിയത് അവന്‍ കണ്ടില്ല. സര്‍വ ശക്തിയും എടുത്ത് കുരങ്ങന്‍ ആ ആപ്പ് വലിച്ചൂരി.
ഠപ്പ്! വലിയ ശബ്ദത്തോടെ മരം ചേര്‍ന്ന് അടഞ്ഞു.
"എന്‍റമ്മോ!" വാല്‍ മരത്തില്‍ കുടുങ്ങിയ കുട്ടിക്കുരങ്ങന്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് ഒറ്റച്ചാട്ടം! അതോടെ കുടുങ്ങിയ വാല്‍ പകുതിയിലധികം മുറിഞ്ഞു പോയി.
മുറിഞ്ഞ വാലുമായി കുട്ടിക്കുരങ്ങന്‍ തിരികെയോടി. വാലില്ലാക്കുരങ്ങനെ മറ്റ് കുരങ്ങന്‍മാരും മൃഗങ്ങളും കളിയാക്കാന്‍ തുടങ്ങി. നാണക്കേട് കാരണം പുറത്തിറങ്ങാതെ പാവം മരത്തിലിരുപ്പായി.
അതോടെ കുട്ടിക്കുരങ്ങന്‍ ഒരു പാഠം പഠിച്ചു. ആവശ്യമില്ലാത്തതും, അറിയാത്തതുമായ കാര്യങ്ങളില്‍ തല ഇടരുതെന്ന് അവന് മനസ്സിലായി.
അപകടം പറ്റിയ ശേഷം പാഠം പഠിച്ചിട്ട് കാര്യമുണ്ടോ? അത് കൊണ്ട് എപ്പോഴും മുതിര്‍ന്നവരുടെ വാക്ക് കേള്‍ക്കുക. മറ്റുള്ളവര്‍ക്ക് പറ്റിയ അബദ്ധങ്ങളില്‍ നിന്നും നമുക്കും പാഠം പഠിക്കാനാകും.
1 Comments
Kollula
ReplyDelete