സിംഹത്തിന്റെ മന്ത്രിയായ ഒട്ടകം


കൂട്ടുകാര്‍ സിംഹത്തിന്‍റെ മന്ത്രിയായ ഒരു ഒട്ടകത്തിന്‍റെ കഥ  കേട്ടിട്ടുണ്ടോ? സാധാരണ കുറുക്കനാണ് സിംഹത്തിന്‍റെ മന്ത്രിയാകാറുള്ളത്. ഒരിക്കല്‍ ഒരു ഒട്ടകത്തിനും അങ്ങിനെ ഒരവസരം കിട്ടി. 

ഒരു കാട്ടില്‍ ഒരു സിംഹം ഉണ്ടായിരുന്നു. മറ്റ് സിംഹങ്ങളില്‍ നിന്നും വ്യത്യസ്തനായ ഈ സിംഹം വളരെ ദയാലുവായിരുന്നു. അനാവശ്യമായി ആരെയും ഉപദ്രവിക്കില്ല.

സിംഹത്തിന് മന്ത്രിമാരായി ഉണ്ടായിരുന്നത് സൂത്രക്കാരന്‍ കുറുക്കനും, ഒരു ചെന്നായും, ഒരു പുലിയും ആയിരുന്നു. ഇവരുടെ സഹായത്തോടെ ആവശ്യത്തിന് ഇര പിടിച്ച് സിംഹം സുഖമായി കഴിഞ്ഞു.

ഒരു ദിവസം ഇര തേടിയിറങ്ങിയ സിംഹത്തിന്‍റെ മുന്പില്‍ ഒരു ഒട്ടകം വന്നു പെട്ടു. .ഏതോ കച്ചവടസംഘത്തില്‍ നിന്നും വഴിതെറ്റി കാട്ടില്‍ എത്തിച്ചേര്‍ന്നതായിരുന്നു ആ ഒട്ടകം. ഒട്ടകം കാട്ടില്‍ ആദ്യമായി വരികയായിരുന്നു. അത് കൊണ്ട് തന്നെ സിംഹത്തെ കണ്ടിട്ടും ഒട്ടകം പേടിക്കുകയോ പരിഭ്രമിക്കുകയോ ചെയ്തില്ല. അത് നിഷ്കളങ്കമായി സിംഹത്തോട് ചോദിച്ചു.

"ചങ്ങാതീ, ഇവിടെ എനിക്കു രാത്രി തങ്ങാന്‍ പറ്റിയ സ്ഥലമുണ്ടോ?"

ഒട്ടകത്തിന്‍റെ ചോദ്യം കേട്ട സിംഹത്തിന് അത് ഒന്നുമറിയാത്ത ഒരു പാവമാണെന്നു മനസ്സിലായി. എന്തോ, സിംഹത്തിന് ആ ഒട്ടകത്തെ ഇഷ്ടപ്പെട്ടു. സിംഹം ഒട്ടകത്തോട് കുറെ നേരം സംസാരിക്കുകയും ഒടുക്കം അതിനെ തന്റെ മന്ത്രിയായി തീരുമാനിക്കുകയും ചെയ്തു. 

സിംഹത്തോടൊപ്പം എത്തിയ ഒട്ടകത്തെ മറ്റ് മൂന്നു മന്ത്രിമാര്‍ക്കും ഇഷ്ടമായില്ലെന്ന് പറയേണ്ടതില്ലല്ലോ? ഒട്ടകം വന്നതോടെ മറ്റ് മൂന്നു പെര്‍ക്കും തങ്ങളുടെ സ്ഥാനം നഷ്ടമാകുമോയെന്ന് ഭയമായി. സിംഹം എപ്പോഴും ഒട്ടകത്തിനോട് സംസാരിച്ചിരിക്കുന്നത് അവര്‍ക്ക് ഒട്ടും പിടിച്ചില്ല. മാത്രമല്ല ഇര തേടേണ്ട ജോലി സസ്യാഹാരിയായ ഒട്ടകത്തിന് ചെയ്യേണ്ടി വന്നിരുന്നില്ല. അസൂയ മൂത്ത അവര്‍ എങ്ങിനെ ഒട്ടകത്തെ ഒഴിവാക്കും എന്നു ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

അങ്ങിനെയിരിക്കെ കാട്ടില്‍ ക്ഷാമകാലം വന്നു. സിംഹത്തിനും മാംസാഹാരിയായ മന്ത്രിമാര്‍ക്കും ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടായിത്തുടങ്ങി. 

ഒരു ദിവസം, സിംഹം മൂന്നു മന്ത്രിമാരോടുമായി പറഞ്ഞു.

"എനിക്ക് നല്ല വിശപ്പുണ്ട്. ഇര പിടിക്കാനുള്ള ശക്തിയും ഇല്ല. അത് കൊണ്ട് നിങ്ങള്‍ പോയി ഏതെങ്കിലും ഇരയെ കണ്ടെത്തുക."

കുറുക്കനും. ചെന്നായും, പുലിയും ഇര തേടി പുറപ്പെട്ടു. കുറെ അലഞ്ഞിട്ടും ഒരു ചെറു മൃഗത്തെപ്പോലും  അവര്‍ക്ക് കിട്ടിയില്ല. വൈകുന്നേരം വെറും കൈയോടെ മടങ്ങിയെത്തിയ അവരെ കണ്ടു സിംഹം അത്ഭുതപ്പെട്ടു.

"പ്രഭോ, ഞങ്ങള്‍ എത്ര തേടിയിട്ടും ഒന്നും തരപ്പെട്ടില്ല. ഇനി എന്തു ചെയ്യും?"

സിംഹത്തിന് വിശപ്പ് സഹിക്കാന്‍ വയ്യാതായിരുന്നു. 

ഇതിനിടയില്‍ കുറുക്കന്‍ പുലിയെയും ചെന്നായയെയും അടുത്തു വിളിച്ച് പറഞ്ഞു.

"ഇത് നമുക്കൊരാവസരമാണ്. ഒട്ടകത്തെ ഒഴിവാക്കാന്‍ ഇതിലും നല്ല അവസരം ഇനി കിട്ടില്ല. നമുക്ക് അവനെ കൊന്നു ഭക്ഷിക്കാം."

"അതിനു സിംഹം സമ്മതിക്കുമോ?" പുലി ചോദിച്ചു

"അതെയതെ, സിംഹം ഒരിയ്ക്കലും അത് ചെയ്യില്ല." ചെന്നയായും പറഞ്ഞു.

"അതിനൊരു വഴിയുണ്ട്. നിങ്ങള്‍ ഞാന്‍ പറയുന്നതു പോലെ ചെയ്താല്‍ മതി" കുറുക്കന്‍ രണ്ടു പേര്‍ക്കും എന്തോ ചെവിയോലോതി കൊടുത്തു.

അതിനു ശേഷം കുറുക്കന്‍ സിംഹത്തിനടുത്തേക്ക് ചെന്നു പറഞ്ഞു

"പ്രഭോ! നമുക്ക് ഭക്ഷണത്തിന് ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല. അങ്ങേയ്ക്ക് വിശപ്പ് നന്നായുണ്ടെന്ന് എനിക്കറിയാം. ഇനി ഒരു വഴിയെയുള്ളൂ. അങ്ങേയ്ക്ക് എന്നെ കൊന്നു ഭക്ഷണമാക്കാം. അങ്ങയുടെ സേവകനെന്ന നിലയില്‍ എനിക്ക് അതിന് സന്തോഷമേയുള്ളൂ"

പെട്ടെന്നു ചെന്നായ പറഞ്ഞു: "നീ വളരെ ചെറിയവനല്ലേ? നിന്‍റെ മാംസം ഞങ്ങള്‍ക്ക് തികയുകയില്ല. ഞാനാണെങ്കില്‍ കുറെ കൂടി വലിയവനാണ്. എന്നെ കൊന്നാല്‍ കൂടുതല്‍ മാംസം ലഭിക്കുമെന്നുറപ്പാണ്. അതുകൊണ്ടു എന്നെ നിങ്ങള്‍ കൊന്നു വിശപ്പടക്കൂ!"

ചെന്നായ പറഞ്ഞു തീരും മുന്പെ പുലി ചാടിക്കേറി പറഞ്ഞു: "അത് ശരിയാകില്ല.നിങ്ങളെക്കല്‍ വലിയ ഞാനിവിടെയുള്ളപ്പോള്‍ അതെങ്ങനെ പറ്റും. യജമാനന് എന്നെ കൊന്നു വിശപ്പടക്കാം, നിങ്ങള്‍ക്കും വിശപ്പടക്കാന്‍ പറ്റും"

ഇതെല്ലാം കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്ന ഒട്ടകം പതിയെ മുന്‍പോട്ടു വന്നു. സൂത്രശാലിയായ കുറുക്കന്‍റെയും കൂട്ടുകാരുടെയും പദ്ധതികള്‍ ഒട്ടകത്തിന്നുണ്ടോ അറിയുന്നു? ഒട്ടകം എല്ലാവരോടുമായി പറഞ്ഞു: "നിങ്ങള്‍ ആരും വിഷമിക്കേണ്ട. കൂട്ടത്തില്‍ ഏറ്റവും വലുത് ഞാന്‍ ത്തന്നെയാണ്. നിങ്ങള്‍ക്ക് എന്നെ കൊന്നു തിന്ന് വിശപ്പടക്കാം."

ഒട്ടകം പറഞ്ഞു തീര്‍ന്നില്ല, അതിനും മുന്‍പ് തന്നെ മൂന്നു മന്ത്രിമാരും ഒട്ടകത്തിന് മേല്‍ ചാടി വീണു അതിനെ വക വരുത്തി. സിംഹത്തിന് എന്തെങ്കിലും പറയുവാനോ, തടയുവാനോ ഉള്ള അവസരം പോലും ലഭിച്ചില്ല.

അങ്ങിനെ സിംഹവും മന്ത്രിമാരും ഒട്ടകത്തിനെ ഭക്ഷിച്ച് വിശപ്പടക്കി.


പ്രകൃത്യാ ശത്രുക്കളായവര്‍ മിത്രങ്ങളാകുന്നത് ഒരിയ്ക്കലും ശാശ്വതമല്ല.


Post a Comment

0 Comments