സിംഹത്തിന്‍റെ തിരിച്ചറിവ്

 

ഒരിക്കല്‍ നാട്ടിലെ സര്‍ക്കസില്‍ നല്ല പ്രകടനം നടത്തിയിരുന്ന ഒരു സിംഹം ഉണ്ടായിരുന്നു. ആ സിംഹമായിരുന്നു സര്‍ക്കസിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. കൂട്ടുകാര്‍ ഒരു പക്ഷേ കണ്ടുകാണും സര്‍ക്കസിലെ ഈ ഉശിരന്‍ പ്രകടനക്കാരനെ! നമ്മുടെ സിംഹത്താന്‍, ഷേരു എന്നാണ് കേട്ടോ അവന്റെ പേര്, ജനിച്ചതും വളര്‍ന്നതും എല്ലാം സര്‍ക്കസ് കൂടാരത്തില്‍ തന്നെയായിരുന്നു. അത് കൊണ്ട് അവന് കാടെന്താണെന്നോ, കൂടാരത്തിന് പുറത്ത് എന്താണെന്നോ ഒരു പിടിയും ഇല്ലായിരുന്നു.

അങ്ങിനെയിരിക്കെ, കാട്ടില്‍ നിന്നും പിടിക്കപ്പെട്ട ഒരു കുരങ്ങന്‍ സര്‍ക്കസ് കൂടാരത്തിലെത്തി. സര്‍ക്കസിലെ മറ്റ് മൃഗങ്ങളെപ്പോലെ ഷേരുവും പുതിയ അഥിതിയെ കാണാനെത്തി. ഒരു വായാടിയായിരുന്നു കേട്ടോ നമ്മുടെ പുതുമുഖം. തന്‍റെ അടുത്തെത്തിയ മൃഗങ്ങളോട് അവന്‍ കാട്ടിലെ കഥകള്‍ പറയാന്‍ തുടങ്ങി. കുറച്ചധികം പൊടിപ്പും തൊങ്ങലും വെച്ച് അവന്‍ പറഞ്ഞ കഥകള്‍ കേട്ട് ഷേരുവിന് കാട് കാണാന്‍ കൊതിയായി.

ഒരു ദിവസം ഷേരു എല്ലാവരുടെയും കണ്ണ് വെട്ടിച്ച് പുറത്തു കടന്നു. എന്നിട്ട് കുറെ നടന്ന് നടന്ന് ഒടുവില്‍ ഒരു കാട്ടിനടുത്തെത്തി. അവന്‍ വേഗം കാട്ടിനുള്ളിലേക്ക് കടന്നു. സമയം സന്ധ്യയാകുന്നതേയുള്ളൂ. ആരോടെങ്കിലും എന്തെങ്കിലും പറയാന്‍ ഷേരുവിന് നല്ല താത്പര്യമുണ്ടായിരുന്നു. എന്നാല്‍, എല്ലാ മൃഗങ്ങളും അവനില്‍ നിന്നും ഓടിയകലുകയാണ്. ഒരു പക്ഷേ താന്‍ ഇവിടെ പുതിയ ആളായത് കൊണ്ടാകും. ഷേരു വിചാരിച്ചു.

അപ്പോഴാണ് ഒരു കുറുക്കന്‍ അറിയാതെ ഷേരുവിന്‍റെ മുന്പില്‍ ചെന്നു പെട്ടത്. തൊട്ടടുത്ത് സിംഹത്തെ കണ്ട കുറുക്കന്‍ ആകെ പേടിച്ച് പോയി. എന്നാല്‍ ഈ സിംഹം ഒന്നും ചെയ്യാതെ തന്നെ തന്നെ കൌതുകത്തോടെ നോക്കുന്നത് കണ്ട് കുറുക്കന്‍ അത്ഭുതപ്പെട്ടു. നമ്മുടെ ഷേരു കുറുക്കനെ മുന്‍പ് കണ്ടിട്ടേയില്ലല്ലോ, സര്‍ക്കസില്‍ കുറുക്കനുണ്ടാകാറില്ലല്ലോ!

കുറുക്കന്‍ ഓടിപ്പോകാതെ നില്‍ക്കുന്നത് കണ്ട ഷേരു കുറുക്കനോട് ആരാണെന്ന് ചോദിച്ചു. എന്നിട്ട് താന്‍ സര്‍ക്കസില്‍ നിന്നും രക്ഷപ്പെട്ടു വന്നതാണെന്നും പറഞ്ഞു. സൂത്രശാലിയായ കുറുക്കന്‍ ഷേരുവിന് കാട്ടിലെ കാര്യങ്ങളൊന്നും അറിയില്ലെന്ന് മനസ്സിലാക്കി.

"ഞാനാണ്  കുറുക്കന്‍. ഞാനാണ് ഈ കാട്ടിലെ രാജാവ്!" കുറുക്കന്‍ പിന്നീട് സിംഹത്തെ കണ്ട് ഓടിയൊളിക്കുന്ന മൃഗങ്ങളെ കാണിച്ചു കൊണ്ട് പറഞ്ഞു. 

"കണ്ടോ അവരെല്ലാം എന്നെ കണ്ട് ജീവനും കൊണ്ടോടുന്നത്. നീ ഇവിടെ പുതിയ ആളല്ലെ. അത് കൊണ്ട് നീ പേടിക്കണ്ട. നിന്നെ ഞാനൊന്നും ചെയ്യില്ല. എന്‍റെ കൂടെ കൂടിക്കോളൂ. പക്ഷേ ഞാന്‍ പറയുന്നതുപോലെ അനുസരിക്കണം"

കുറുക്കന്‍ ആള് ഒരു ഭയങ്കരനാണെന്ന് ഷേരു കരുതി, അല്ലാതെ അവനെക്കണ്ട് മറ്റ് മൃഗങ്ങള്‍ ഓടിയൊളിക്കില്ലല്ലോ? ശക്തനായ ഒരുത്തനെ കൂട്ടിന് കിട്ടിയതു നന്നായി.

കുറുക്കന്‍ സിംഹത്തിനൊപ്പം നടന്ന് കാട്ടില്‍ വിലസാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടുപേരും ഒരു ആനയുടെ മുന്പില്‍ ചെന്നു പെട്ടു. ആനയെ കണ്ട കുറുക്കന്‍ പെട്ടെന്നു ഓടിക്കളഞ്ഞു. ആനയെയും ഷേരുവിന് മുന്‍പ് കണ്ട് പരിചയമില്ലായിരുന്നു. ആനയുടെ വലിപ്പവും, കുറുക്കന്‍റെ ഓട്ടവും കണ്ടപ്പോള്‍ ഇതൊരു ഭയങ്കര ജീവിയാണെന്ന് ഷേരു ഉറപ്പിച്ചു. ഈ ഭീകരാജീവി തന്നെ കൊന്നു കളയും എന്നു തന്നെ അവന്‍ കരുതി. 

പേടിച്ച് വിറച്ച് ഷേരു ഉറക്കെ കരഞ്ഞു. സിംഹമല്ലേ! ഷേരുവിന്‍റെ കരച്ചില്‍ ശരിക്കും ഒരു അലര്‍ച്ച തന്നെയായിരുന്നു. സിംഹത്തിന്‍റെ ഗര്‍ജനം കേട്ട ആന പേടിച്ചോടി. 

ആനയുടെ ഓട്ടം കണ്ട് ഷേരു അത്ഭുതപ്പെട്ടു. കൂടാതെ മറ്റ് മൃഗങ്ങളും തന്നെ പേടിയോടെയാണ് നോക്കുന്നത് അവന്‍ മനസ്സിലാക്കി. അതോടെ, ഷേരുവിന് കൂടുതല്‍ ധൈര്യം കൈവന്നു. താന്‍ കരുത്തനാണെന്നും, കാട്ടിലെ ശക്തന്‍ താനാണെന്നും, മറ്റ് മൃഗങ്ങളെല്ലാം തന്നെ ഭയത്തോടും ബഹുമാനത്തോടും കൂടിയാണ് നോക്കുന്നതെന്നും മനസ്സിലായതോടെ അവന്‍ കൂടുതല്‍ ധൈര്യവാനായി. പിന്നീടവന്‍ ആ വനത്തിലെ രാജാവായിത്തീര്‍ന്നു.

Post a Comment

0 Comments