പാട്ടുകാരന്‍ കഴുത - Pattukaran Kazhutha


 ഒരിടത്ത് ഒരു കഴുതയുണ്ടായിരുന്നു. വലിയ പാട്ടുകാരനാണ് താന്‍ എന്നാണ് അവന്റെ വിചാരം. കൂട്ടുകാര്‍ കഴുത രാഗം എന്നു കേട്ടിട്ടില്ലേ? അത് തന്നെ കാര്യം.

നല്ല ചൂടുള്ള ഒരു ദിവസം. നമ്മുടെ കഴുതച്ചാര്‍ക്ക് ഒരു കൊതി - കുറച്ചു തണ്ണിമത്തന്‍ കഴിക്കാന്‍! കുറെ ദൂരെ ഒരു തണ്ണിമത്തന്‍ തോട്ടം ഉള്ളത് കഴുതച്ചാര്‍ക്കറിയാം. താമസിക്കാതെ അവന്‍ അവിടേയ്ക്കു വെച്ചു പിടിച്ചു.

കുറെ ദൂരം കഴിഞ്ഞപ്പോള്‍, കഴുത തന്‍റെ പഴയ കൂട്ടുകാരനായ ഒരു കുറുക്കനെ കണ്ടുമുട്ടി. കുറുക്കന്‍ ചോദിച്ചു: "അല്ല, താനിത് രാവിലെ തന്നെ എങ്ങോട്ടാ പായുന്നത്"

"കുറച്ചു തണ്ണിമത്തന്‍  കഴിക്കാന്‍, ദാഹവും വിശപ്പും അടങ്ങുമല്ലോ?" കഴുത പറഞ്ഞു

"എങ്കില്‍ പിന്നെ ഞാനും വരാം" - കുറുക്കച്ചന് കൊതിയായി

അങ്ങിനെ രണ്ടാളും യാത്രയായി.

കുറെ ദൂരം പിന്നിട്ട് അവര്‍ തണ്ണിമത്തന്‍  തോട്ടത്തിനടുത്തെത്തി. വിളവ് സംരക്ഷിക്കാന്‍ കൃഷിക്കാര്‍ കെട്ടിയ വേലി ഒരു വിധത്തില്‍ പൊളിച്ച് രണ്ടാളും തോട്ടത്തിനകത്ത് കടന്നു. 

നല്ല രുചിയുള്ള തണ്ണിമത്തന്‍ ! രണ്ടാളും വയറു നിറയെ കഴിക്കാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കഴുത പറഞ്ഞു: "എന്‍റെ വയര്‍ നിറഞ്ഞു തുടങ്ങി. ഇനി ഞാനൊരു പാട്ട് പാടാം"

അത് കേട്ട കുറുക്കന്‍ പേടിച്ച് പോയി. അവന്‍ പറഞ്ഞു : "പാടാനോ? ഇപ്പോഴോ? മണ്ടത്തരം പറയല്ലേ! നിന്‍റെ പാട്ട് കേട്ട് തോട്ടം കാവല്‍ക്കാര്‍ വന്നാല്‍ നല്ല പണി കിട്ടും"

കുറുക്കന്‍റെ വാക്ക് കേള്‍ക്കാതെ കഴുത തന്‍റെ പരുപരുത്ത സ്വരത്തില്‍ പാടാന്‍ തുടങ്ങി. കുറുക്കന്‍ ദേഷ്യത്തോടെ പറഞ്ഞു: "ഇതെന്തൊരു പാട്ട്? ഇത് പോലെ അമറിയാല്‍ കാവല്‍ക്കാര്‍ നിശ്ചയമായും കേള്‍ക്കും. നീ ഒന്നു മിണ്ടാതെ ഇരി!"

"നിനക്കെന്തറിയാം? ഭക്ഷണം കഴിച്ചാല്‍ ഞാന്‍ സ്ഥിരം പാട്ട് പാടാറുള്ളതാണ്. അതെനിക്ക് നിര്‍ബന്ധമാണ്"

എത്ര പറഞ്ഞാലും കഴുത കേള്‍ക്കില്ലെന്നുറപ്പായപ്പോള്‍ കുറുക്കന്‍ പതിയെ തോട്ടത്തിന് പുറത്തു കടന്നു അടുത്തുള്ള കാട്ടില്‍ ഒളിച്ചു. കഴുത ഇതൊന്നും ശ്രദ്ധിക്കാതെ പാട്ട് തുടര്‍ന്നു.

അധികം വൈകിയില്ല, കഴുതക്കരച്ചില്‍ കേട്ട കാവല്‍ക്കാര്‍ വടിയുമായി പാഞ്ഞെത്തി കഴുതയെ പൊതിരെ തല്ലാന്‍ തുടങ്ങി. പാവം കഴുത! ഓടി രക്ഷപ്പെടാന്‍ പറ്റാതെ കൂറെ തല്ല് കൊണ്ട്. ഒരു വിധത്തില്‍ അവന്‍ തോട്ടത്തിന് പുറത്തേക്ക് ഓടി. 

ശരീരം നിറയെ പരിക്കുകളുമായി പുറത്തെത്തിയ കഴുതയുടെ അടുത്തേക്ക് കുറുക്കന്‍ ഓടിയെത്തി. 

"ഞാന്‍ എത്ര പറഞ്ഞതാ നിന്നോട് പാടരുതെന്ന്. കേള്‍ക്കാതിരുന്നത് കാരണമല്ലേ ഈ അടിയൊക്കെ കിട്ടിയത്. സമയവും സന്ദര്‍ഭവും നോക്കാതെ പെരുമാറിയാല്‍ ഇതാകും ഫലം"

കഴുതയ്ക്ക് തന്‍റെ തെറ്റ് മനസ്സിലായി. അവന്‍ പതിയെ കുറുക്കന്‍റെ സഹായത്തോടെ തിരികെ വീട്ടിലേക്ക് നടന്നു.

സമയവും സന്ദര്‍ഭവും നോക്കാതെ പെരുമാറരുത്. അറിവുള്ളവര്‍ പറയുന്നതു മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കണം


Post a Comment

0 Comments