അസാധാരണമായ ദിവ്യശക്തികളുള്ള ഒരു സന്യാസിയുണ്ടായിരുന്നു. നിരന്തരധ്യാനത്തിലൂടെ നേടിയെടുത്ത സിദ്ധികള്‍ അദ്ദേഹം മറ്റുള്ളവരെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം പതിവുപോലെ ധ്യാനത്തിലിരിക്കുകയായിരുന്ന അദ്ദേഹത്തിന്‍റെ മേല്‍ എന്തോ വന്നു വീണു. അദ്ദേഹം നോക്കിയപ്പോള്‍ ഒരു പെണ്ണെലിയായിരുന്നു. ഒരു പൂച്ച അതിനെ പിടിക്കാന്‍ ഓടിച്ചപ്പോഴാണ് എലി അറിയാതെ സന്യാസിയുടെ മേല്‍ ചെന്നു വീണത്. സന്യാസി വേഗം ആ പൂച്ചയെ ഓടിച്ച് എലിയെ രക്ഷിച്ചു. എന്നിട്ട് അതിന് കുറച്ചു ഭക്ഷണം കൊടുത്തു.
അതിന് ശേഷം എലി സന്യാസിയുടെ ആശ്രമത്തില്‍ തന്നെയായി താമസം. സന്യാസി ധ്യാനത്തിലിരിക്കുന്ന സമയത്തെല്ലാം എലിയും കൂടെ ചെന്നിരിക്കും. എന്നിട്ട് അതിന്റെതായ രീതിയില്‍ സന്യാസിയെ വന്ദിക്കും. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ എലിയുടെ ഭക്തിയും പെരുമാറ്റവുമെല്ലാം കണ്ട സന്യാസി തന്‍റെ ദിവ്യശക്തിയുപയോഗിച്ച് എലിയെ ഒരു സുന്ദരിയായ യുവതിയാക്കി മാറ്റി.
സന്യാസിയെ സേവിച്ചുകൊണ്ട് യുവതി ആശ്രമത്തില്‍ കഴിഞ്ഞു. തന്‍റെ സ്വന്തം മകളെപ്പോലെയാണ് സന്യാസി യുവതിയെ കണ്ടത്. അങ്ങിനെയിരിക്കെ യുവതിക്ക് വിവാഹപ്രായമെന്ന് കണ്ട സന്യാസി അവളോട് ആരെയാണ് വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു.
"എനിക്ക് ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തിയെ വിവാഹം ചെയ്യണം എന്നാണ് ആഗ്രഹം. അപ്പോള്‍ ആരെയും ഭയക്കാതെ ജീവിക്കാമല്ലോ?" യുവതി പറഞ്ഞു.
ആരാണ് ലോകത്തില്‍ ഏറ്റവും കരുത്തനെന്ന് സന്യാസി ആലോചിച്ചു. അപ്പോഴാണ് സൂര്യന്‍റെ ചൂടേറ്റു വലയുന്ന ഒരു കര്‍ഷകനെ അദ്ദേഹം കണ്ടത്.
"സൂര്യന്‍ തന്നെ ഏറ്റവും കരുത്തന്‍! എന്‍റെ മകള്‍ക്ക് പറ്റിയ വരന്‍ സൂര്യനാണ്" അദ്ദേഹം ഉറപ്പിച്ചു. ഉടന്‍ തന്നെ സന്യാസി മകളേയും കൂട്ടി സൂര്യനെ ചെന്നു കണ്ടു കാര്യം പറഞ്ഞു. സൂര്യന്‍ ഇങ്ങനെ മറുപടി പറഞ്ഞു.
"അങ്ങയുടെ മകളെ വിവാഹം ചെയ്യാന്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, അങ്ങ് കരുതും പോലെ ഞാനല്ല ഏറ്റവും കരുത്തന്‍. എന്നെപ്പോലും മറയ്ക്കാന്‍ കഴിവുള്ള മേഘമാണ് എന്നെക്കാളും കരുത്തന്‍!"
എങ്കില്‍ പിന്നെ മേഘത്തെ തന്നെ തന്‍റെ മകള്‍ക്ക് വരനാക്കാം എന്നു സന്യാസി കരുതി. അദ്ദേഹം മേഘത്തിന്‍റെ അടുക്കലെത്തി തന്‍റെ മകളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. മേഘത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
"സൂര്യന്‍ പറഞ്ഞത് ശരിയാണ്. സൂര്യനെ മറയ്ക്കാന്‍ എനിക്കു കഴിവുണ്ട്. പക്ഷേ, എന്നെപ്പോലും ഓടിക്കാന്‍ കഴിവുള്ളവനാണ് കാറ്റ്. അപ്പോള്‍ അവനല്ലേ അങ്ങയുടെ മകള്‍ക്ക് യോജിച്ച കരുത്തനായ വരന്‍?"
മേഘം പറഞ്ഞത് ശരിയാണെന്ന് സന്യാസിക്കും തോന്നി. അദ്ദേഹം പിന്നീട് കാറ്റിന്‍റെ അടുക്കലേക്ക് പുറപ്പെട്ടു. തന്‍റെയാടുത്തെത്തിയ സന്യാസിയുടെ ആവശ്യം അറിഞ്ഞ കാറ്റ് പറഞ്ഞു/
"അങ്ങേയ്ക്ക് തെറ്റിപ്പോയി. എന്‍റെ വഴി മുടക്കാന്‍ കഴിവുള്ള പര്‍വതരാജനാണ് (മല) ഏറ്റവും കരുത്തന്‍. അത് കൊണ്ട് അങ്ങ് മകളെ പര്‍വതരാജന് വിവാഹം ചെയ്തു കൊടുക്കൂ"
പര്‍വതരാജനാണ് കരുത്തനെന്ന് സന്യാസിക്കും ബോധ്യമായി. അദ്ദേഹം മകളേയും കൂട്ടി പര്‍വതരാജന്‍റെ അടുത്തെത്തി തന്‍റെ മകളെ വിവാഹം കഴിക്കാന്‍ അഭ്യര്‍ഥിച്ചു.
പര്‍വതരാജന്‍ വിനയത്തോടെ പറഞ്ഞു.
"അല്ലയോ മഹാനായ സന്യാസിവര്യാ, അങ്ങയുടെ മകളെ വിവാഹം ചെയ്യാന്‍ സാധിക്കുന്നത് ഒരു വലിയ കാര്യം തന്നെ. എന്നാല്‍ അങ്ങ് ഏറ്റവും കരുത്തനായ ഒരാളെയാണ് തേടുന്നതെങ്കില്‍ ആ വ്യക്തി ഞാനല്ല. എന്‍റെ ശരീരത്തില്‍ വലിയ മാളങ്ങള്‍ ഉണ്ടാക്കുവാനും എന്നെ തകിടം മറിക്കുവാനും തക്ക ശക്തിയുള്ള മൂഷികനാണ് (എലി) എന്നെക്കാളും കരുത്തന്‍. അതുകൊണ്ട് അങ്ങ് എലിയെ സമീപിച്ച് നോക്കൂ!"
പര്‍വതരാജന്‍റെ വാക്കുകള്‍ കേട്ട യുവതി എലി തന്നെയാണ് ഏറ്റവും ശക്തനെന്ന് മനസ്സിലാക്കി എലിയെ വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെ സന്യാസി എലിയുടെ അടുത്തേക്ക് മകളേയും കൊണ്ട് പോയി.
അദ്ദേഹം എലിയോട് ഇങ്ങനെ പറഞ്ഞു: "എല്ലാവരെയും തന്‍റെ കൊടും ചൂട് കൊണ്ട് വിറപ്പിക്കുന്ന സൂര്യനെ മറയ്ക്കാന്‍ കഴിവുള്ള മേഘത്തെ തുരത്താന്‍ ശക്തിയുള്ള കാറ്റിനെ തടയാന്‍ കെല്‍പ്പുള്ള പര്‍വതത്തെ തുരക്കാനും മറിച്ചിടാനും വരെ ശേഷിയുള്ള നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും കരുത്തനെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് എന്‍റെ മകളുടെ ആഗ്രഹം പോലെ അങ്ങ് അവളെ വിവാഹം ചെയ്താലും".
സന്യാസിയുടെ ആവശ്യം കേട്ട മൂഷികന്‍ പറഞ്ഞു
"അങ്ങ് പറഞ്ഞത് ശരിയാണ്. ഞാനാണ് ഏറ്റവും കരുത്തന്‍. അങ്ങയുടെ മകളെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ഒരു പ്രശ്നമുണ്ട്. എനിക്ക് ഒരു മനുഷ്യസ്ത്രീയെ വിവാഹം ചെയ്യാന്‍ സാധിക്കുകയില്ല എന്‍റെ വര്‍ഗത്തില്‍ പെട്ട ഒരുവളെയേ എനിക്ക് വിവാഹം കഴിക്കാന്‍ സാധിക്കൂ."
ഉടനെ തന്നെ യുവതി സന്യാസിയോട് പറഞ്ഞു. "പ്രിയപ്പെട്ട അച്ഛാ! എനിക്കീ കരുത്തനായ എലിയെ തന്നെ വിവാഹം കഴിക്കണം. അതിന് എന്നെ അങ്ങ് വീണ്ടും ഒരു എലിയാക്കി മാറ്റണം."
കാര്യങ്ങള്‍ കറങ്ങി തിരിഞ്ഞു വീണ്ടും പഴയ രൂപത്തിലേക്കെത്തിയ വിധിയെക്കുറിച്ചോര്‍ത്തു സന്യാസി പുഞ്ചിരിച്ചു. അദ്ദേഹം മകള്‍ ആഗ്രഹിച്ചത് പോലെ തന്‍റെ ദിവ്യശഃക്തികൊണ്ട് അവളെ വീണ്ടും പഴയ മൂഷികസ്ത്രീയാക്കി മാറ്റി. എലിയായ മാറിയ അവള്‍ ആഗ്രഹിച്ച പോലെ ആ മൂഷികനെ വിവാഹം ചെയ്ത് വളരെ സന്തോഷത്തോട് കൂടി ജീവിച്ചു.
അങ്ങനെ "മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി മാറി"
"മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ" എന്നത് മലയാളത്തിലെ ഒരു ചൊല്ലാണ്. ആരെങ്കിലും താഴ്ന്ന നിലയില്‍ നിന്നും നല്ല നിലയിലേക്ക് ഉയര്‍ന്ന്, പിന്നീട് വീണ്ടും പഴയ പോലെ താണ നിലയിലെത്തിയാല്‍ ഇങ്ങനെ വിശേഷിപ്പിക്കും. ജീവിതത്തിലെ ഓരോ കാര്യവും മൂഷികസ്ത്രീയുടെ കഥ പോലെ ആപേക്ഷികമാണ്. നാം ഉന്നതരെന്നും സന്തോഷവാന്‍മാരെന്നും കരുതുന്നവര്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയാവണമെന്നില്ല.
1 Comments
ഈ ചൊല്ലിന്റെ പിന്നിലുള്ള കഥ ഇപ്പോഴാണ് അറിയുന്നത്. അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി 🙏🏼
ReplyDelete