മാന്തിക ശംഖ് 2


 കഴിഞ്ഞ കഥയില്‍ സന്യാസി നല്കിയ മാന്തിക ശംഖുമായി വീട്ടിലേക്ക് യാത്ര തിരിച്ച കര്‍ഷകനെ ഓര്‍മയുണ്ടല്ലോ. അദ്ദേഹം വീട്ടിലെത്തിയോ? പിന്നീടെന്ത് സംഭവിച്ചു എന്നറിയണ്ടേ? നമുക്ക് കഥ തുടരാം.

കര്‍ഷകന്‍ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. നേരം ഇരുട്ടിയതോടെ ഇനി വഴിയിലെവിടെയെങ്കിലും താമസിച്ച് രാവിലെ യാത്ര തുടരാം എന്നു കരുതി. വഴിയില്‍ കണ്ട ഒരു സത്രത്തിലേക്ക് കയറി. സത്രമുടമ സന്തോഷത്തോടെ അഥിതിയെ വരവേറ്റു. കിടക്കാന്‍ ഒരു മുറി നല്കി. കര്‍ഷകന്‍ തനിക്ക് ഭക്ഷണം വേണ്ടെന്ന് പറഞ്ഞത് സത്രമുടക്ക് അതിശയമായി തോന്നി.

മുറിയില്‍ കയറിയ കര്‍ഷകന്‍ വാതില്‍ ചാരി ശംഖ് കയ്യിലെടുത്ത് ഊതി ഭക്ഷണം വേണം എന്നു പറഞ്ഞു. ഉടന്‍ തന്നെ ഭക്ഷണം മുന്നിലെത്തി. ഇതെല്ലാം വാതില്‍പ്പഴുത്തിലൂടെ കണ്ട സത്രമുടമ അത്ഭുതപ്പെട്ടു. എങ്ങിനെയെങ്കിലും ആ മാന്തിക ശംഖ് കൈക്കലാക്കാന്‍ അയാള്‍ ഉറപ്പിച്ചു.

രാത്രി കര്‍ഷകന്‍ ഉറക്കം പിടിച്ചതോടെ കൌശലക്കാരനായ സത്രമുടമ കര്‍ഷകന്‍റെ ശംഖ് എടുത്തു മാറ്റി പകരം വേറൊരു ശംഖ് അവിടെ വെച്ചു.

രാവിലെ ഉണര്‍ന്നെണീറ്റ പാവം കര്‍ഷകന്‍ തന്‍റെ ശംഖ് മാറിയാതെ വീട്ടിലേക്ക് യാത്രയായി. വീട്ടിലെത്തിയതും അയാള്‍ ഭാര്യയോട് വിവരങ്ങള്‍ പറഞ്ഞു. പാവപ്പെട്ട ആ സ്ത്രീ കഥ കേട്ട് അതീവ സന്തോഷത്തോടെ ഉച്ച ഭക്ഷണം ആവശ്യപ്പെടാന്‍ പറഞ്ഞു. കാര്‍ഷകന്‍ വേഗം ശംഖ് എടുത്തൂതി ഭക്ഷണം ആവശ്യപ്പെട്ടു. ആ സാധാരണ ശംഖിനുണ്ടോ അതിനു കഴിയുന്നു. പാവം കാര്‍ഷകന്‍ ശംഖ് തിരിച്ചും മറിച്ചും നോക്കി. അയാള്‍ക്ക് ഒന്നും മനസ്സിലായില്ല. 

രണ്ടു പേരും കൂടി കുറെ ആലോചിച്ചു. പിന്നീട് വീണ്ടും സന്യാസിയുടെ അടുത്തെന്തി വിവരം അറിയിക്കാം എന്നുറപ്പിച്ചു.കര്‍ഷകന്‍ സന്യാസിയുടെ അടുത്തേക്ക് യാത്രയായി.

കര്‍ഷകനില്‍ സംഭവം കേട്ട സന്യാസിക്ക് ദിവ്യദൃഷ്ടിയാല്‍ എന്താണ് സംഭവിച്ചത് എന്നു മനസ്സിലായി. അദ്ദേഹം ഇപ്രാവശ്യം ഒരു മാന്തിക വടിയാണ് കൊടുത്തത്. എന്നിട്ട് കര്‍ഷകനോട് മുന്പ് താമസിച്ച സത്രത്തില്‍ തന്നെ താമസിച്ചിട്ടെ പോകാവൂ എന്നും പറഞ്ഞു.

സന്യാസി പറഞ്ഞ പ്രകാരം കര്‍ഷകന്‍ പഴയ സത്രത്തിലെത്തി. കര്‍ഷകനെ കണ്ട സത്രമുടമ ആദ്യം ഒന്നു പരിഭ്രമിച്ചു. പിന്നെ മുറി നല്കി.

ഇപ്രാവശ്യം സത്രമുടമ കര്‍ഷകന്‍റെ മുറിയിലേക്ക് ഒളിഞ്ഞു നോക്കി. കര്‍ഷകന്‍ ഭക്തിയോട് കൂടി മാന്തിക വടിയെടുത്ത് സൂക്ഷിച്ചു വെക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. "ഇതിലും എന്തെങ്കിലും അത്ഭുതം കാണും" അയാള്‍ ഉറപ്പിച്ചു.

രാത്രി കര്‍ഷകന്‍ ഉറക്കമായതും അയാള്‍ അകത്തു കടന്നു മാന്ത്രിക വടി കൈക്കലാക്കി. എന്നാല്‍ അയാള്‍ അത് എടുത്തതും മാന്തിക വടി അയാളെ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി! അയാള്‍ ചാടി പുറത്തേക്കോടി. മാന്ത്രിക വടിയുണ്ടോ വിടുന്നു! എത്ര ശ്രമിച്ചിട്ടും അടിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുന്നില്ല. അപ്പോഴേക്കും സത്രത്തിലും അടുത്തും ഉള്ള ആളുകള്‍ ശബ്ദം കേട്ട് ഓടിക്കൂടി.

മാന്തിക വടി അടി നിര്‍ത്തുന്ന ലക്ഷണമില്ല! അടി കൊണ്ട് ക്ഷീണിച്ച സത്രമുടമയ്ക്ക് ഒടുക്കം സംഗതി പിടികിട്ടി. അയാള്‍ വേഗം ഉള്ളില്‍ക്കയറി കര്‍ഷകന്‍റെ മാന്ത്രിക ശംഖ് എടുത്തു കര്‍ഷകന്‍റെ കാല്‍ക്കല്‍ വെച്ചു മാപ്പപേക്ഷിച്ചു. അതോടെ മാന്ത്രിക വടി അടി നിര്‍ത്തി.

തന്‍റെ മാന്തിക ശംഖുമായി കര്‍ഷകന്‍ യാത്ര തുടര്‍ന്നു വീട്ടിലെത്തി. കര്‍ഷകനും ഭാര്യയും അത്യാഗ്രഹം കാണിക്കാതെ തങ്ങള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ മാത്രം മാന്തിക ശംഖിന്‍റെ സഹായത്താല്‍ നേടി സുഖമായി ജീവിച്ചു.


Post a Comment

0 Comments