ഇത് വളരെ പണ്ട് ഒരു വനത്തില്‍ നടന്ന ഒരു കഥയാണ്. തന്‍റെ ബുദ്ധി ഉപയോഗിച്ച് കൂട്ടുകാരന്‍റെ ചതിയില്‍ നിന്നും രക്ഷപ്പെട്ട ഒരു മിടുക്കന്‍ കുരങ്ങച്ചന്‍റെ കഥ.
നമ്മുടെ കുരങ്ങച്ചന്‍ ഒരു വനത്തില്‍ പുഴയുടെ അടുത്തുള്ള ഒരു ഞാവല്‍ മരത്തിലായിരുന്നു താമസം. ഒരു ദിവസം ഒരു മുതലച്ചാര്‍ ഈ മരത്തിനടിയിലെത്തി വിശ്രമിക്കുകയായിരുന്നു. മരത്തില്‍ ചാടിക്കളിച്ചുകൊണ്ടിരുന്ന കുരങ്ങനെ കൌതുകത്തോടെ നോക്കിയിരിക്കുകയായിരുന്ന മുതലച്ചാരെ കുറങ്ങാനും ശ്രദ്ധിച്ചു. അവന്‍ മുതലച്ചാരോട് ചോദിച്ചു.
"എന്താ മുതലച്ചാരെ, കുറച്ചു ഞാവല്‍ പഴം കഴിക്കുന്നോ?"
അത് വരെ ഞാവല്‍ കഴിച്ചിട്ടില്ലാത്ത മുതല വേഗം സമ്മതിച്ചു. ഉടനെ കുരങ്ങച്ചന്‍ കുറെ പഴം പറിച്ച് മുതലച്ചാര്‍ക്ക് ഇട്ടു കൊടുത്തു. നല്ല തുടു തുടുത്ത ഞാവല്‍പ്പഴം തിന്നാന്‍ നല്ല രസമല്ലേ? മുതലച്ചാര്‍ കുറെ കഴിച്ചു ബാക്കി ഭാര്യയ്ക്കും കൊണ്ട് പോയി കൊടുത്തു.
പിറ്റേ ദിവസവും മുതലച്ചാര്‍ മരത്തിന് ചുവട്ടിലെത്തി. കുരങ്ങച്ചന്‍ അന്നും ഞാവല്‍ പഴങ്ങള്‍ കൊടുത്തു. അങ്ങിനെ രണ്ടു പേരും നല്ല സുഹൃത്തുക്കളായി മാറി.
പിന്നെ അതൊരു പതിവായി. രണ്ടു പേരും ഞാവല്‍ പഴം കഴിച്ച് കുറെ കഥകളും പറഞ്ഞ് എന്നും സമയം ചിലവഴിച്ചു.
അങ്ങിനെയിരിക്കെ ഒരു ദിവസം മുതലയുടെ ഭാര്യ മുതലച്ചാരോട് പറഞ്ഞു
"ഇത്രയും രുചിയുള്ള ഞാവല്‍ പഴം തിന്നു വളരുന്ന ആ കുരങ്ങച്ചന്‍റെ ഹൃദയവും കരളും എന്തു രുചിയായിരിക്കും.. അവനെ തിന്നാന്‍ കൊതിയാകുന്നു."
മുതലച്ചാര്‍ക്ക് അതത്ര പിടിച്ചില്ല.. സുഹൃത്തല്ലേ കുരങ്ങച്ചന്‍?
"അതൊന്നും ശരിയാകില്ല. നീ തത്കാലം ഞാവല്‍ പഴം തിന്നാല്‍ മതി"
എന്നാല്‍ അവള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. കുരങ്ങച്ചന്‍റെ ഹൃദയവും കരളും വേണമെന്ന് അവള്‍ വാശി പിടിച്ചു. ഒടുവില്‍ മുതലച്ചാര്‍ അത് സമ്മതിച്ചു.
അടുത്ത ദിവസം മുതലച്ചാര്‍ .പതിവ് പോലെ മരത്തിന്നരികിലെത്തി. കുരങ്ങനോട് പറഞ്ഞു.
"എന്‍റെ ഭാര്യ കുറെ ദിവസമായി നിന്നെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് ചെല്ലാന്‍ പറയുന്നു. എന്നും ഞാവല്‍ തരുന്ന കൂട്ടുകാരനെയൊന്ന് കാണാനും സത്കരിക്കാനുമാണ്."
"അതിനെന്താ? പക്ഷേ ഞാന്‍ എങ്ങിനെയാണ് വരിക?" കുരങ്ങച്ചന്‍ ചോദിച്ചു
"നീ എന്‍റെ പുറത്തു കേറി ഇരുന്നാല്‍ മാത്രം മതി. ഞാന്‍ നിന്നെ അക്കരെയുള്ള വീട്ടില്‍ കൊണ്ട് പോകാം". മുതലച്ചാര്‍ പറഞ്ഞു.
.കൂട്ടുകാരന്‍റെ ചതി മനസ്സിലാകാതെ കുരങ്ങച്ചാര്‍ വേഗം മുതലച്ചാരുടെ പുറത്തു കേറി ഇരുന്നു. മുതലച്ചാര്‍ അവനെയും കൊണ്ട് പതിയെ നീന്താന്‍ തുടങ്ങി.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ മുതലച്ചാര്‍ പറഞ്ഞു.
"സുഹൃത്തെ, നീ എന്നോടു ക്ഷമിക്കണം. നിന്നെ ഞാന്‍ സത്കരിക്കാന്‍ കൊണ്ടുപോകുന്നതല്ല. എന്‍റെ ഭാര്യ നിന്റെ ഹൃദയവും കരളും തിന്നണമെന്ന് വാശി പിടിച്ചിരിക്കുന്നു. .അതിനായിട്ടാണ് നിന്നെ കൊണ്ടുപോകുന്നത്."
ഇത് കേട്ട് കുരങ്ങന്‍ ഞെട്ടിപ്പോയി. ഇനി എന്തു ചെയ്യും. പുഴയുടെ നടുവിലെത്തിയിരിക്കുന്നു. ഇനി രക്ഷപ്പെടാന്‍ ഒരു വഴിയും ഇല്ല. ഈ മുതലച്ചാര്‍ ഇങ്ങനെ ചതിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല.
പെട്ടെന്നു കുരങ്ങച്ഛനൊരു ബുദ്ധി തോന്നി. അവന്‍ പറഞ്ഞു
"അതിനെന്താ? എനിക്കതില്‍ സന്തോഷമേയുള്ളൂ. നീയെന്റെ കൂട്ടുകാരനല്ലേ? പക്ഷേ നീയെന്തൊരു മണ്ടത്തരമാണ് കാണിച്ചത്? ഇത് നിനക്കു നേരത്തെ പറയാമായിരുന്നില്ലേ?"
"അതെന്താ?" മുതലച്ചാര്‍ ചോദിച്ചു
"അല്ല, ഞങ്ങള്‍ കുരങ്ങന്‍മാര്‍ ഞങ്ങളുടെ ഹൃദയവും കരളും എപ്പോഴും മരത്തില്‍ സൂക്ഷിച്ചു വെയ്ക്കാറാണ് പതിവ്. നീ ആദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതെടുത്ത്കൊണ്ട് വന്നേനെ." കുരങ്ങച്ചാര്‍ പറഞ്ഞു.
"ഇനി ഇപ്പോള്‍ എന്തു ചെയ്യും?" മണ്ടന്‍ മുതലച്ചാര്‍ കുരങ്ങന്‍റെ വാക്ക് വിശ്വസിച്ചിരുന്നു.
"അത് കുഴപ്പമില്ല. നമുക്ക് പെട്ടെന്ന് പോയി അതെടുത്ത് തിരികെ വരാം" കുരങ്ങച്ചന്‍ പറഞ്ഞു
"എങ്കില്‍ അങ്ങിനെ ചെയ്യാം". മണ്ടന്‍ മുതലച്ചാര്‍ തിരികെ മരത്തിന്നരികിലേയ്ക്ക് നീന്തി.
മരത്തിനാരികിലെത്തിയതും അത് വരെ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നിരുന്ന നമ്മുടെ കുരങ്ങച്ചന്‍ ഒറ്റച്ചാട്ടത്തിന് മരത്തിന് മുകളിലെത്തി.
"ഹൃദയവും കരളുമെടുത്ത് പെട്ടെന്ന് വാ!" മുതലച്ചാര്‍ വിളിച്ച് പറഞ്ഞു
കുരങ്ങച്ചാര്‍ കുറെ ഞാവല്‍ പഴമെടുത്ത് മുതലച്ചാര്‍ക്കു നേരെ എറിഞ്ഞു. എന്നിട്ട് പറഞ്ഞു.
"എടാ മരമണ്ടന്‍ മുതലേ! പെട്ടെന്ന് സ്ഥലം വിട്ടോളൂ. എന്‍റെ ഹൃദയവും കരളും എന്‍റെ ശരീരത്തില്‍ തന്നെയുണ്ട്. ആര്‍ക്കെങ്കിലും അതൊക്കെ അഴിച്ചു വെയ്ക്കാന്‍ പറ്റോ. നീ ചതിയന്‍ മാത്രമല്ല ഒരു മരമണ്ടന്‍ കൂടിയാണ്. ഇനി നീ ഈ വഴിയ്ക്കേ വരരുത്"
അപ്പോഴാണ് മുതലച്ചാര്‍ക്കു സംഗതി പിടികിട്ടിയത്. തനിക്ക് പറ്റിയ മണ്ടത്തരമോര്‍ത്ത് ഇളിഭ്യനായ മുതലച്ചാര്‍ പിന്നീടൊന്നും പറയാതെ മെല്ലെ സ്ഥലം വിട്ടു.
ഒരിയ്ക്കലും ആരെയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന പാഠം അതോടെ നമ്മുടെ കുരങ്ങച്ചന്‍ പഠിച്ചു.
0 Comments