ഒരിടത്ത് ഒരു കര്‍ഷകന് രണ്ടു പെണ്‍മക്കളുണ്ടായിരുന്നു. കുട്ടികളുടെ ചെറുപ്പത്തിലേ അവരുടെ അമ്മ മരിച്ചു പോയതിനാല്‍ കര്‍ഷകന്‍ തന്നെയാണ് തന്‍റെ മക്കളെ വളര്‍ത്തിയത്. മക്കളെ നല്ല നിലയില്‍ വളര്‍ത്താനായി അയാള്‍ എല്ലുമുറിയെ പണിയെടുത്തു. അവരുടെ എല്ലാ ആവശ്യങ്ങളും അദ്ദേഹം ചെയ്തു കൊടുക്കുമായിരുന്നു.
തന്‍റെ രണ്ടുമക്കള്‍ക്കും വിവാഹപ്രായമായി. അവര്‍ക്കായി നല്ല വരന്മാരെ കിട്ടുവാന്‍ അയാള്‍ ദിവസവും പ്രാര്‍ഥിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ചെറുപ്പക്കാരനും മിടുക്കനുമായ ഒരു കര്‍ഷകന്‍ അദ്ദേഹത്തിനാടുത്തെത്തി മൂത്ത മകളെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. അയാള്‍ തന്‍റെ മകള്‍ക്ക് യോജിച്ച ഭര്‍ത്താകുമെന്ന് മനസ്സിലാക്കി അദ്ദേഹം ആ വിവാഹം നാദത്തി കൊടുത്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സമര്‍ത്ഥനായ ഒരു കുശവന് (മൺപാത്രനിർമ്മാണം കുലത്തൊഴിലാക്കിയ ആള്‍) രണ്ടാമത്തെ മകളേയും അദ്ദേഹം വിവാഹം കഴിച്ചു കൊടുത്തു.
രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞതോടെ കര്‍ഷകന്‍ വീട്ടില്‍ ഒറ്റക്കായി. അങ്ങനെയിരിക്കെ ഒരു ദിവസം കര്‍ഷകന് തന്‍റെ പുത്രിമാരെ കാണാന്‍ ആഗ്രഹം തോന്നി. അങ്ങിനെ അദ്ദേഹം മൂത്തമകളുടെ വീട്ടിലെത്തി. അത്യധികം സന്തോഷത്തോടെയാണ് മകള്‍ പിതാവിനെ സ്വീകരിച്ചത്. മകള്‍ ജീവിതത്തില്‍ സന്തോഷവതിയാണെന്ന് കണ്ട കര്‍ഷകനും വളരെ സന്തോഷം തോന്നി. അങ്ങിനെ സംസാരിച്ചിരിക്കെ മകള്‍ അച്ഛനോട് പറഞ്ഞു.
"ഞങ്ങള്‍ക്കിവിടെ വളരെ സുഖമാണ്. പക്ഷേ, ഇപ്രാവശ്യം മഴക്കാലം വരാന്‍ വളരെ താമസിച്ചിരിക്കുന്നു. അതിനാല്‍ വിളകളെല്ലാം വാടിത്തുടങ്ങി. അച്ഛന്‍ എത്രയും വേഗം നല്ല മഴ പെയ്യുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണം"
മകളുടെ ആവശ്യം കേട്ട കര്‍ഷകന്‍ വളരെ സന്തോഷത്തോടെ താന്‍ മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് മകള്‍ക്ക് വാക്ക് കൊടുത്തു.
അതിനു ശേഷം അദ്ദേഹം തന്‍റെ രണ്ടാമത്തെ മകളുടെ അടുത്തെത്തി. അവിടെയും മകള്‍ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് അയാള്‍ മനസ്സിലാക്കി. എന്നിരുന്നാലും എന്തോ ഒരു വിഷമം മകള്‍ക്കുണ്ടെന്നും അയാള്‍ക്ക് തോന്നി. അദ്ദേഹം മകളോടു വിവരം അന്വേഷിച്ചു.
"എനിക്കിവിടെ സന്തോഷം തന്നെയാണ്. എന്നാല്‍ അച്ഛന്‍ കരുതിയത് പോലെ ചെറിയ ഒരു വിഷമം എന്നെ അലട്ടുന്നുണ്ട്. മഴക്കാലം അടുത്ത് വരികയാണല്ലോ. മഴതുടങ്ങിയാല്‍ പിന്നെ ഉണക്കാനുള്ള കൂടെ മണ്‍പാത്രങ്ങള്‍ ഉണക്കാന്‍ പറ്റാതെയാകും. അത് കൊണ്ട് അച്ഛന്‍ കുറെ ആഴ്ചത്തേക്ക് മഴ പെയ്യാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണം."
അച്ഛന്‍ അങ്ങനെ പ്രാര്‍ത്ഥിക്കാമെന്ന് മകള്‍ക്ക് വാക്ക് കൊടുത്തു തിരികെ യാത്രയായി. അങ്ങനെ വീട്ടിലേക്ക് യാത്ര തുടരവേ കര്‍ഷകന് ആലോചിച്ചു.
"എന്‍റെ മൂത്തമകള്‍ അവളുടെ കൃഷി നന്നാകാന്‍ മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവാശ്യപ്പെട്ടു. ഇളയ മകളാകട്ടെ, മഴ പെയ്യാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാനും! ഇനിയിപ്പോള്‍ ഞാനെന്ത് ചെയ്യും? ആകെ കുഴപ്പത്തിലായല്ലോ!"
കര്‍ഷകന്‍ ധര്‍മസങ്കടത്തിലായി. ആര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും? ഒടുവില്‍ അയാള്‍ ഇങ്ങനെ തീരുമാനിച്ചു.
"ആര്‍ക്ക് എന്താണ് വേണ്ടതെന്ന് അവര്‍ തന്നെ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ. എന്താണ് നല്ലതെങ്കില്‍ അതുപോലെ ദൈവം തീരുമാനിക്കട്ടെ. എനിക്കിതില്‍ ഒന്നും തന്നെ ചെയ്യാനില്ല.'
1 Comments
It is a good story
ReplyDelete