പാല്‍പ്പായസത്തിന്‍റെ കയ്പ്പ്

 


കൂട്ടുകാര്‍ കുഞ്ചന്‍ നമ്പ്യാരെ പറ്റി കേട്ടിട്ടുണ്ടോ?

തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്‍റെ സ്ഥാപകനാണ് പ്രതിഭാസമ്പന്നനായ പതിനെട്ടാം നൂറ്റാണ്ടിലെ ഈ പ്രശസ്ത കവി. സാമൂഹ്യവിമര്‍ശനത്തിനായി നമ്പ്യാര്‍ വികസിപ്പിച്ചതാണ് ഹാസ്യരസപ്രധാനമായ തുള്ളല്‍ എന്ന കലാരൂപം.

ഹാസ്യകവിയായ നമ്പ്യാര്‍ക്ക് രാജസദസ്സില്‍ നല്ല സ്ഥാനമുണ്ടായിരുന്നു. രാജാവിന് വളരെ പ്രിയപ്പെട്ടവരില്‍ ഒരാളായിരുന്നു അദ്ദേഹം. നമ്പ്യാരുടെ ഫലിതകഥകള്‍ പ്രസിദ്ധമാണ്. അവയിലൊന്നു നമുക്ക് വായിയ്ക്കാം.

ഒരു ദിവസം ഒരു ഗംഭീര സദ്യയില്‍ പങ്കെടുക്കുകയായിരുന്നു രാജാവും പാരാവാരങ്ങളും. സ്ഥലത്തെ പ്രമാണികളും, പ്രഭുക്കന്‍മാരുമെല്ലാം അവിടെ ഉണ്ടായിരുന്നു. എല്ലാവരും രാജാവിന്റെ പ്രീതി നേടിയെടുക്കുന്നതിനായി രാജാവിനെ പ്രകീര്‍ത്തിക്കാനും രാജാവ് പറയുന്നതിനെല്ലാം തലകുലുക്കാനും പരമാവധി ശ്രമിച്ചു. എങ്ങിനെയെങ്കിലും രാജാവിന് തങ്ങളെക്കുറിച്ച് ഒരു മതിപ്പുണ്ടാകാനായിരുന്നു ഏവരുടെയും ശ്രദ്ധ. രാജാവിനും ഇതെല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു.

സദ്യ നടന്നുകൊണ്ടിരിക്കെ, രാജാവിന് പെട്ടെന്ന് ഒരു  കൌശലം തോന്നി. തന്റെ പരിവാരങ്ങളുടെയും മറ്റുള്ളവരുടെയും സ്തുതിപാടുന്ന സ്വഭാവം ഒന്നു പരിശോധിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. സദ്യയ്ക്ക് പ്രത്യേകം തയ്യാറാക്കിയ പാല്‍പ്പായസം ഉണ്ടായിരുന്നു. പാല്‍പ്പായസം രുചിച്ചു നോക്കിയ രാജാവിന്റെ ഭാവം മാറിയത് പെട്ടെന്നാണ്. രാജാവ് പായസം വിളമ്പിയ ഗ്ലാസ് താഴെ വെച്ചു ഇങ്ങിനെ അഭിപ്രായപ്പെട്ടു.

"എന്താണിത്? ഇങ്ങിനെയാണോ പാല്‍പ്പായസം? എന്തൊരു കയ്പ്പുരസമാണിതിന്? ഇതെങ്ങിനെയാണ് കഴിക്കുക?"

പായസം കുടിക്കാനൊരുങ്ങുകയായിരുന്ന എല്ലാവരും രാജാവിന്റെ വാക്കുകള്‍ കേട്ട് ആദ്യം ഒന്ന് അമ്പരന്നു. പിന്നെ പെട്ടെന്നു തന്നെ അവരും രാജാവിനെ അനുകൂലിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി.

"അതേ അതേ, എന്തൊരു കയ്പാണിതിന്"

"ഇത് പോലെ ഒരു പായസം ഞാന്‍ കുടിച്ചിട്ടെയില്ല!"

"അതേ! എങ്ങിനെ കഴിക്കാനാണിത്?"

ഉള്ളിലൊതുക്കിയ ചിരിയോടെ ഇതെല്ലാം കണ്ടുംകേട്ടുമിരുന്ന രാജാവ് അപ്പോഴാണ് കുഞ്ചന്‍ നമ്പ്യാരെ ശ്രദ്ധിക്കുന്നത്. ആരെയും നോക്കാതെ, ഇതൊന്നും ശ്രദ്ധിക്കാതെ ഒരു മൂലയില്‍ പായസം വളരെ ആസ്വദിച്ച് കഴിക്കുകയായിരുന്നു നമ്പ്യാര്‍. രാജാവ് അദ്ദേഹത്തോട് ചോദിച്ചു.

"നമ്പ്യാരെ, താങ്കള്‍ എങ്ങിനെയാണ് ഇത്ര കയ്പ്പുള്ള പായസം കഴിക്കുന്നത്?"

"ഓ! എനിക്ക് ഈ കയ്പ്പുരസം വളരെ ഇഷ്ടമാണ്. അതല്ലേ, ഞാനിതു കുടിക്കുന്നത്." വിനയത്തോടെ നമ്പ്യാര്‍ മറുപടി പറഞ്ഞു.

അതോടെ, രാജാവ് പൊട്ടിച്ചിരിച്ചുകൊണ്ടു പായസമെടുത്ത് കുടിക്കാന്‍ തുടങ്ങി. അതുവരെ പായസം കയ്പ്പാണെന്ന് പറഞ്ഞുകൊണ്ടിരുന്ന വിദ്വാന്‍മാര്‍ക്ക് അപ്പോഴാണ് രാജാവ് തങ്ങളെ വിഡ്ഢികലാക്കുകയായിരുന്നെന്ന് മനസ്സിലായത്. അവര്‍ നാണത്തോടെ തലതാഴ്ത്തി.

കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് കൂടുതല്‍ അറിയാന്‍



Post a Comment

0 Comments