ഇതൊരു പിശുക്കന്‍റെ കഥയാണ്. നമുക്കിടയിലും ചില പിശുക്കന്‍മാരൊക്കെ കാണും. എന്നാല്‍ ഇയാള്‍ അങ്ങനത്തെ ഒരു പിശുക്കനല്ല കേട്ടോ. പിശുക്കനെന്ന് പറഞ്ഞാല്‍ ഒരസാധാരണ പിശുക്കന്‍, അറുപിശുക്കന്‍. ഇയാള്‍ക്ക് പണം ചിലവാക്കാന്‍ വലിയ മടിയാണ്. ശരിക്കും ഭക്ഷണം കഴിക്കാതെ, പുതിയ വസ്ത്രങ്ങള്‍ ധരിക്കാതെ കിട്ടുന്ന പണമെല്ലാം കൂട്ടി വെക്കും. എന്തിന് പറയുന്നു, പണം ചിലവാകുന്നതോര്‍ത്തു ഇയാള്‍ കല്യാണം പോലും കഴിച്ചിട്ടില്ല.
താന്‍ കഷ്ടപ്പെട്ട് പിശുക്കി സമ്പാദിച്ച നാണയങ്ങള്‍ കൊടുത്ത് അയാള്‍ കുറെ സ്വര്‍ണക്കട്ടികള്‍ വാങ്ങി. സ്വര്‍ണക്കട്ടികള്‍ സൂക്ഷിക്കാന്‍ എളുപ്പമാണല്ലോ. മാത്രമല്ല, എണ്ണി നോക്കാനും എളുപ്പം!
ഓരോ തവണയും കുറെ നാണയങ്ങള്‍ ആകുമ്പോള്‍ അവ കൊടുത്ത് വീണ്ടും സ്വര്‍ണക്കട്ടികള്‍ വാങ്ങിക്കൊണ്ടേയിരുന്നു.
ഇങ്ങിനെ സ്വര്‍ണക്കട്ടികള്‍ കുറെയായപ്പോള്‍ നമ്മുടെ പിശുക്കന് പേടിയും കൂടിത്തുടങ്ങി. സ്വര്‍ണക്കട്ടികള്‍ കുറെ വീട്ടിലുണ്ടെന്നറിഞ്ഞാല്‍ കള്ളന്മാര്‍ വന്നാലോ? സ്വര്‍ണ്ണം അവര്‍ മോഷ്ടിച്ചുകൊണ്ടുപോകില്ലേ? ചിലപ്പോള്‍ അതിനായി തന്നെ അപായപ്പെടുത്താനും അവര്‍ മടിക്കില്ല! ഇതൊക്കെയായിരുന്നു അയാളുടെ പേടി.
അങ്ങിനെ ചിന്തിച്ച് ചിന്തിച്ച് പിശുക്കന്‍ ഒരു ഉപായം കണ്ടെത്തി. സ്വര്‍ണക്കട്ടികളുമായി അയാള്‍ വീടിനടുത്തുള്ള കാട്ടിലെത്തി. എന്നിട്ട് ഒരു വലിയ കുഴി കുഴിച്ച് സ്വര്‍ണക്കട്ടികള്‍ ഒരു സഞ്ചിയിലാക്കി കുഴിയില്‍ വെച്ച് കുഴി നന്നായി മൂടി. സ്ഥലം തിരിച്ചറിയാനുള്ള അടയാളങ്ങള്‍ നോക്കിവെച്ചു പിശുക്കന്‍ വീട്ടിലേക്ക് തിരികെപ്പോയി.
വീട്ടിലെത്തിയ പിശുക്കനുണ്ടോ ഇരിപ്പുറക്കുന്നു. തന്റെ സ്വര്‍ണക്കട്ടികള്‍ അവിടെ സുരക്ഷിതമാണോ എന്ന ഭയം അയാളെ വിടാതെ പിടികൂടി,. പിറ്റേ ദിവസം നേരം വെളുത്തതും അയാള്‍ കാട്ടിലേക്കൊടി. മണ്ണുമാറ്റി കുഴിയില്‍ നിന്നും സഞ്ചി പുറത്തെടുത്ത് കുലുക്കി നോക്കി. ഉള്ളില്‍ സ്വര്‍ണക്കട്ടികള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട് സമാധാനത്തോടെ തിരികെ വീട്ടിലെത്തി. പിന്നെ ഇത് പിശുക്കന്‍റെ പതിവായിമാറി. എന്നും രാവിലെ കുഴി തുറന്ന് സഞ്ചി എടുത്തു കുലുക്കി നോക്കി ഉറപ്പ് വരുത്തിയാലേ പിശുക്കന് സമാധാനമാകൂ.. ഇടക്കൊക്കെ സഞ്ചി തുറന്ന് സ്വര്‍ണക്കട്ടികള്‍ എണ്ണി തിട്ടപ്പെടുത്തുകയും ചെയ്യും.
കുറേയേറെ നാളുകള്‍ കടന്നു പോയി. ഇതിനിടയില്‍ ഒരു ദിവസം യാദൃശ്ചികമായി ആ വഴി പോയ ഒരു കള്ളന്‍ പിശുക്കന്‍റെ പ്രവര്‍ത്തികള്‍ മുഴുവന്‍ കണ്ടു. പിശുക്കന്‍റെ സ്വര്‍ണക്കട്ടികള്‍ മുഴുവനും അയാള്‍ മോഷ്ടിക്കാനുറപ്പിച്ചു..
അങ്ങനെ ഒരു ദിവസം പതിവ് പോലെ പിശുക്കന്‍ സ്വര്‍ണക്കട്ടികള്‍ പരിശോധിക്കാനെത്തി. സഞ്ചി എടുത്ത് തുറന്ന് നോക്കിയ അയാള്‍ ഞെട്ടിപ്പോയി! സഞ്ചിയില്‍ ഒരു സ്വര്‍ണക്കട്ടി പോലുമില്ല, പകരം കുറെ കരിങ്കല്‍ കഷണങ്ങള്‍! ഒപ്പം ഒരു കടലാസും! അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
"പ്രിയ സുഹൃത്തെ, താങ്കള്‍ക്ക് പ്രത്യേകിച്ച് ഒരുപകാരവുമില്ലാത്ത ഈ സ്വര്‍ണക്കട്ടികള്‍ ഞാനെടുക്കുന്നു. എനിക്കത് കൊണ്ട് കുറെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. താങ്കള്‍ക്ക് ദിവസവും കുലുക്കി നോക്കി തൃപ്തി വരുത്താനായായി കുറച്ചു കരിങ്കല്‍കഷണങ്ങള്‍ പകരം വെക്കുന്നു. താങ്കളെ സാംബന്ധിച്ചിടത്തോളം രണ്ടും സമമാണല്ലോ?
നന്ദിയോടെ,
സ്വന്തം കള്ളന്‍"
ഇത് വായിച്ച പിശുക്കന്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് കാട്ടിലൂടെ ഓടാന്‍ തുടങ്ങി. പിന്നീട് വഴി നീളെ തന്‍റെ സ്വര്‍ണക്കട്ടികള്‍ തിരഞ്ഞു കൊണ്ട് കുഴി കുഴിച്ചു നടക്കുന്ന ഒരു ഭ്രാന്തനായാണ് അയാളെ ആളുകള്‍ കണ്ടത്.
1 Comments
Good story 😍
ReplyDelete