രാജകുമാരിയുടെ പൊണ്ണത്തടി മാറി!


 
ഒരിക്കല്‍ ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. എപ്പോഴും ശാന്തിയും സമാധാനവും നിലനിന്നിരുന്ന ഒരു രാജ്യം. യുദ്ധഭീതിയോ മറ്റ് പ്രശ്നങ്ങളോ ഇല്ലാത്തതിനാല്‍ രാജാവിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അങ്ങിനെ വെറുതെയിരുന്ന രാജാവിന് വിനോദം ഒന്നു മാത്രമായിരുന്നു -തീറ്റ. ദിവസവും പലതവണ അദ്ദേഹം നല്ല നല്ല ഭക്ഷണങ്ങള്‍ മൂക്കുമുട്ടെ കഴിക്കും. എന്നിട്ട് സുഖമായി കിടന്നുറങ്ങും, ഉണര്‍ന്നെണീറ്റാല്‍ പിന്നെ എന്താണ് പണിയെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ? തീറ്റ തന്നെ!

രാജാവിന് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. രാജാവിന്‍റെ ഒരു ലക്കും ലഗാനുമില്ലാത്ത തീറ്റ രാജകുമാ.രിയെയും സ്വാധീനിച്ചു. രാജകുമാരിയും രാജാവിന്‍റെ പോലെ തന്നെ തീട്ടയും കുടിയുമായി ദിവസം തള്ളി നീക്കി.

ഇത് പോലെ മൂക്കുമുട്ടെ തിന്നുകയും വെറുതെയിരിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? രണ്ടു പേരും തടിച്ചു വീര്‍ത്തു. കൂടെ കൊട്ടാരത്തിലെ മറ്റുള്ളവരും, മന്ത്രിമാരും തടിച്ചു കൊഴുത്തു. 

അങ്ങിനെ തടിച്ചുരുണ്ട രാജകുമാരിക്ക് പിന്നെ നടക്കാന്‍ പോലും വയ്യെന്നായി. ഇത് കണ്ടു രാജാവിന് പരിഭ്രാന്തിയായി. കാരണം, രാജകുമാരിക്ക് കല്യാണ പ്രായമായിട്ടും ഒരു രാജകുമാരനും കാലയണമാലോചിച്ച് ആ പരിസരത്തേയ്ക്ക് വന്നില്ല. മാത്രമല്ല, രാജാവ് നേരിട്ടാലോചിച്ചവര്‍ പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി. കാര്യമെന്തെന്ന് മനസ്സിലാക്കാന്‍ രാജാവിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. രാജകുമാരിയുടെ തടി തന്നെ.

ഒടുവില്‍ രാജാവ് ഒരു പ്രഖ്യാപനം നടത്തി.

"രാജകുമാരിയുടെ തടി മാറ്റുന്ന വ്യക്തിക്ക് രാജകുമാരിയെ വിവാഹം ചെയ്തു കൊടുക്കാം"

കേട്ട പാതി കേള്‍ക്കാത്ത പാതി രാജ്യത്തും പരിസരപ്രദേശങ്ങളിലുമുള്ള വൈദ്യന്മാരും മുറിവൈദ്യന്മാരും കൊട്ടാരത്തിലേക്ക് പാഞ്ഞെത്തി ചികിത്സ നിര്‍ദ്ദേശിക്കാന്‍ തുടങ്ങി. എന്തു കാര്യം? മരുന്നുകള്‍ മാത്രം കഴിച്ചിട്ട് കാര്യമില്ലല്ലോ, രാജകുമാരിയുടെ ഭക്ഷണം പഴയത് പോലെ തന്നെയല്ലേ?

അങ്ങിനെ പലരും തൊട്ട് പിന്മാറി. മാത്രമല്ല, രാജാവ് വൈദ്യന്‍മാരുടെ ചികിത്സ ഫലിക്കാതായപ്പോള്‍ ഇനി മുതല്‍ ചികിത്സ ഫലിച്ചില്ലെങ്കില്‍, വൈദ്യന്‍റെ തലയെടുക്കും എന്നൊരു പ്രഖ്യാപനം കൂടി നടത്തി. അതോടെ .വൈദ്യന്‍മാര്‍ ആരും കൊട്ടാരത്തിലേക്ക് വരാതായി.

അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു യുവാവ് രാജാവിന് മുന്‍പിലെത്തി പറഞ്ഞു

"രാജകുമാരിയെ ഞാന്‍ ചികിത്സിച്ച് തടി കുറച്ചു സുന്ദരിയാക്കി മാറ്റാം"

"ശരി. പക്ഷേ ചികിത്സ ഫലിച്ചില്ലെങ്കില്‍ തല ഞാനെടുക്കും" രാജാവ് പറഞ്ഞു

യുവാവായ വൈദ്യനെ രാജാവ് രാജകുമാരിയുടെ അരമനയിലേക്ക് കൂട്ടികൊണ്ടു പോയി. വൈദ്യന്‍ രാജകുമാരിയെ പരിശോധിച്ച ശേഷം ഇങ്ങിനെ പറഞ്ഞു

"ക്ഷമിക്കണം രാജാവേ! നമ്മള്‍ വളരെ വൈകിപ്പോയി. ഇനിയിപ്പോള്‍ ഒരു ചികിത്സ കൊണ്ടും ഫലമുണ്ടാവില്ല. രാജകുമാരി ഇനി അധിക കാലം ജീവിച്ചിരിക്കുകയില്ല. ഇന്നേയ്ക്ക്ഒ രു തൊണ്ണൂറാം ദിവസം ഇഹലോകവാസം വെടിഞ്ഞിരിക്കും!"

വൈദ്യന്‍ പറഞ്ഞത് കേട്ട രാജാവ് ഞെട്ടിപ്പോയി. അദ്ദേഹത്തിന് കലശലായ ദേഷ്യം വന്നു. അദ്ദേഹം കല്‍പ്പിച്ചു.

"ആരവിടെ? ഈ അധികപ്രസംഗിയെ പിടിച്ച് ജയിലിലടയ്ക്കൂ. രാജ്കുമാരി മരണപ്പെടുമെന്ന് പറയാന്‍ ഈ ധിക്കാരിക്ക് എവിടെ നിന്നു കിട്ടി ധൈര്യം. തൊണ്ണൂറുദിവസം  ഇവന്‍ ജയിലില്‍ കഴിയട്ടെ. അടുത്ത ദിവസം ജീവനോടിരിക്കുന്ന രാജകുമാരിയെ കാണിച്ച് ഇവന്‍റെ വധശിക്ഷ നാം നടപ്പാക്കും"

അങ്ങിനെ വൈദ്യന്‍ ജയിലാലാക്കപ്പെട്ടു.

പക്ഷേ, അത്ര ദേക്ഷ്യവും ആത്മവിശ്വാസവും കാണിച്ചെങ്കിലും രാജാവ് ശരിക്കും പേടിച്ച് പോയിരുന്നു. അദേഹത്തിന് ഊണിലും ഉറക്കത്തിലും ഒരേ ചിന്തയായി. രാജകുമാരിക്ക് എന്തെങ്കിലും സംഭവിച്ചാല്‍?

രാജകുമാരിയുടെ അവസ്ഥയും മരിച്ചായിരുന്നില്ല. തൊണ്ണൂറുദിവസം! അത് കഴിഞ്ഞാല്‍ താന്‍ ജീവനോടെ ഉണ്ടാകില്ല. രാജകുമാരിക്ക് വിശപ്പും ദാഹവും ഇല്ലാതായി. ഉറക്കവും നഷ്ട്ടപ്പെട്ടു. വളരെ ബുദ്ധിമുട്ടിയാണ് പരിചാരകര്‍ രാജകുമാരിക്ക് എന്തെങ്കിലും പഴങ്ങളും പാനീയങ്ങളും നല്കിയത് തന്നെ. ദിവസങ്ങള്‍ കഴിയുംതോറും, ഭക്ഷണം കഴിക്കാതെയും മരണഭീതി കൊണ്ടും രാജകുമാരി ക്ഷീണിച്ചു തുടങ്ങി.

രാജാവിന്‍റെ തടിയും പതിയെ കുറഞ്ഞു തുടങ്ങിയിരുന്നു. പരിചാരകരുടെ അതീവശ്രദ്ധ കൊണ്ട് മാത്രമാണു രണ്ടു പേരും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഭക്ഷണമെങ്കിലും കഴിച്ചിരുന്നത്.

അങ്ങിനെ ദിവസങ്ങള്‍ കടന്നു പോയി.തൊണ്ണൂറാം ദിവസമായി. വളരെയധികം ഭീതിയോടെയാണ് രാജാവ് രാജകുമാരിയുടെ അടുത്തേയ്ക്ക് ചെന്നത്. പക്ഷേ, അവിടെ രാജകുമാരിയെ കണ്ട രാജാവ് ഒരു നിമിഷം തന്‍റെ ഭയം മറന്നു അതിശയിച്ചു നിന്നു പോയി. അവിടെയതാ, മെലിഞ്ഞു സുന്ദരിയായ ആ പഴയ രാജകുമാരി. പിതാവിന്റെ രൂപം കണ്ട രാജകുമാരിയും അത്ഭുതപ്പെട്ടു പോയി. രാജാവും പൊണ്ണതടിയൊക്കെ മാറി നല്ല ചെറുപ്പമായിരിയ്ക്കുന്നു!

തൊണ്ണൂറാം ദിവസം ഒരു കുഴപ്പവും കൂടാതെ കടന്നു പോയി. എല്ലാവരും പാവം വൈദ്യന്‍റെ കാര്യം ആലോചിച്ചു തുടങ്ങി. പടയാളികള്‍ തടവറ തുറന്ന്‍ യുവ വൈദ്യനെ രാജാവിന് മുന്‍പിലെത്തിച്ചു. എല്ലാവരും ആകാംക്ഷയോടെ രാജാവ് വധശിക്ഷ വിധിക്കുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു.

"നിങ്ങള്‍ ചെയ്ത വൈദ്യം എനിക്കിഷ്ടപ്പെട്ടു. അത് നിങ്ങളുദേശിച്ച ഫലപ്രാപ്തിയിലെത്തുകയും ചെയ്തു. അത് കൊണ്ട് നാം പ്രഖ്യാപിച്ചപോലെ രാജകുമാരിയെ വിവാഹം ചെയ്തു തരുന്നതാണ്" ചിരിച്ചു കൊണ്ട് രാജാവ് നടത്തിയ പ്രഖ്യാപനം രാജസദസ്സിലുള്ളവരെല്ലാം കയ്യടികളോടെയാണ് വരവേറ്റത്.





Post a Comment

0 Comments