അസൂയാലുവിന്‍റെ വരം

 രാമുവും ദാമുവും അയല്‍ക്കാരായിരുന്നു. അയല്‍ക്കാരായിട്ടെന്ത് കാര്യം. രാമു ഒരു അത്യാഗ്രഹിയായിരുന്നൂ. എന്തു കിട്ടിയാലും എത്ര കിട്ടിയാലും മതി വരാത്ത ഒരാള്‍. ദാമുവാകട്ടെ മുഴുത്ത അസൂയക്കാരനും. തനിക്ക് ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, മറ്റുള്ളവര്‍, പ്രത്യേകിച്ചു രാമു, നന്നാകരുതു എന്നഗ്രഹിക്കുന്ന വ്യക്തി. രാമുവിന് ചെറിയ ഒരു നേട്ടമുണ്ടായാല്‍ ദാമുവിന് ഉറക്കം നഷ്ടപ്പെടും. 

അങ്ങനെയിരിക്കെ ഒരു സന്യാസിയില്‍ നിന്നും ദേവീ മാഹാത്മ്യം രാമു കേള്‍ക്കാനിടയായി. തന്‍റെ ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്ന ഭക്തവത്സലയാണ് ദേവിയെന്നും വേണ്ട പോലെ ദേവിയെ തപസ്സിലൂടെ പ്രസാദിപ്പിച്ചാല്‍ തനിക്കും അനുഗ്രഹങ്ങള്‍ കിട്ടുമെന്നും രാമു മനസ്സിലാക്കി. സന്യാസിയില്‍ നിന്നും തപസ്സനുഷ്ഠിക്കേണ്ട വിധവും മന്ത്രങ്ങളും പഠിച്ചെടുത്ത .രാമു വീട്ടിനടുത്ത കൊടുംകാട്ടിലേക്ക് തപശ്ശനുഷ്ഠിക്കാന്‍ തയ്യാറായി പോയി.

ഇതെല്ലാം കണ്ടും കെട്ടും അറിഞ്ഞ അസൂയക്കാരന്‍ ദാമുവിനുണ്ടോ സഹിക്കുന്നു! ആയാലും സന്യാസിയെ പോയികണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി. രാമുവിനൊപ്പം ദാമുവും കാട്ടില്‍ തപസ് ചെയ്യാന്‍ തുടങ്ങി.

ദിവസങ്ങള്‍ ആഴകളായി, ആഴ്ചകള്‍ മാസങ്ങളായി, മാസങ്ങള്‍ വര്‍ഷങ്ങളായി. അത്യാഗ്രഹിയായ രാമു തപസ്സു തുടര്‍ന്നു. ദാമുവിനാണെങ്കില്‍ രാമുവിന് തപസ്സുമൂലം എന്തെങ്കിലും നേട്ടം കൈവന്നാലോ എന്ന ആശങ്ക കാരണം തപസ്സു നിര്‍ത്താന്‍ ധൈര്യമില്ലായിരുന്നു. അങ്ങനെ ഒരു ദിവസം അവരുടെ തപസ്സില്‍ സംതൃപ്തയായ ദേവി അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷയായി. രണ്ടാളും അത്ഭുതത്തോടെ അതിലേറെ പ്രതീക്ഷയോടെ ദേവിക്ക് മുന്പില്‍ കൈകൂപ്പി നിന്നു.

ദേവി പറഞ്ഞു. "നിങ്ങളുടെ ദീര്‍ഘകാലത്തെ തപസ്സില്‍ ഞാന്‍ തൃപ്തയാണ്. അത് കൊണ്ട് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഞാനോരോ വരം നല്കുന്നു. ഇഷ്ടമുള്ളതെന്തും നിങ്ങള്‍ക്ക് എന്നോടു ആവശ്യപ്പെടാം.".

കേട്ട പാതി കേള്‍ക്കാത്ത പാതി, രാമു ചാടിക്കയറി ദേവിയോട് ഇങ്ങനെ ആവശ്യപ്പെട്ടു.

"അല്ലയോ ദേവീ! അവിടുത്തെ അനുഗ്രഹം കൊണ്ട് എനിക്കു ഒരൊറ്റ ആഗ്രഹമേയുള്ളൂ. എന്‍റെ അയല്‍ക്കാരനായ ദാമു എന്താഗ്രഹിക്കുന്നുവോ അതിന്‍റെ ഇരട്ടി എനിക്കു തന്നാല്‍ മതി."

"അങ്ങനെയാവട്ടെ!" ദേവി പറഞ്ഞു.

രാമുവിന്‍റെ ആവശ്യം കേട്ട ദാമു ആകെ വിഷമത്തിലായി.  തന്നെക്കാള്‍ കൂടുതല്‍ രാമുവിന് കിട്ടുന്ന കാര്യം ദാമുവിന് ആലോചിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. രാമുവാകട്ടെ ദാമു തന്‍റെ ആഗ്രഹം ചോദിക്കാനായി കാത്തിരുന്നു. കുറെനേരം ദാമു ഒന്നും ആവശ്യപ്പെടാതെ അങ്ങനെയിരുന്നു. രണ്ടുപേരുടെയും മനസ്സറിയാവുന്ന ദേവി ഒരു ചെറുപുഞ്ചിരിയോടെ ക്ഷമയോടെ ദാമുവിന്‍റെ ആവശ്യം കേള്‍ക്കാന്‍ കാത്തിരുന്നു.

അസൂയാലുവായ ദാമുവിന്‍റെ  ഒരേയൊരു ചിന്ത തന്‍റെ അയല്‍ക്കാരനായ ദാമുവിനെ എങ്ങനെ തകര്‍ക്കന്‍ പറ്റും എന്നത് മാത്രമായിരുന്നു. താനെന്താവശ്യപ്പെട്ടാലും അതിന്റെ ഇരട്ടി കിട്ടാന്‍ വേണ്ടിയുള്ള രാമവിന്‍റെ തന്ത്രം ദാമുവിനെ ഒരു കുരുക്കിലാക്കി. എങ്ങിനെ ഇതിനെ മറികടക്കാം എന്നു ദാമു തലപ്പുകഞ്ഞാലോചിച്ചു. പെട്ടെന്ന് അയാള്‍ക്ക് ഒരു തന്ത്രം തോന്നി. അത്യാഗ്രഹിയായ രാമു ഈ സമയം ദാമു ആവശ്യപ്പെടുന്നതിന്റെ ഇരട്ടി തനിക്ക് സ്വന്തമാക്കാം എന്ന പ്രതീക്ഷയില്‍ മിണ്ടാതെ ഇരിക്കുകയായിരുന്നു.

ഒടുവില്‍ ദാമു ദേവിയോട് തന്‍റെ ആവശ്യം പറഞ്ഞു

"കരുണാമയിയായ ദേവീ! അമ്മയെ ഞാന്‍ ഇത്ര നാളും തപം ചെയ്തത് എന്‍റെ ഏറ്റവും വലിയ ഒരാഗ്രഹം സാധിക്കാനാണ്. ദേവീ! ഭക്തവത്സലയായ ദേവി എന്‍റെ ഒരു ഇടത്തെ കണ്ണു പൊട്ടിച്ച് അതിന്‍റെ കാഴ്ച തീര്‍ത്തൂം നഷ്ടപ്പെടുത്തി തരേണമേ!"

ദേവിയോട് ദാമു ആവശ്യപ്പെട്ട വരാം കേട്ടു രാമു ഞെട്ടിപ്പോയി. 

"അങ്ങനെ തന്നെ ഭവിക്കട്ടെ!" ഭക്തന്‍ ആഗ്രഹിച്ച അനുഗ്രഹം ചൊരിഞ്ഞു ദേവി അപ്രത്യക്ഷയായി.

ഇനി എന്തു ചെയ്യാന്?. ദാമു ആവശ്യപ്പെട്ടത് പോലെ ദേവി അയാളുടെ ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി. അത്യാഗ്രഹിയായ രാമുവിന് തന്‍റെ അയല്‍ക്കാരന്‍ ആവശ്യപ്പെട്ടതിന്റെ ഇരട്ടി തന്നെ കിട്ടി. രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട രാമു ഉറക്കെ കരഞ്ഞു കൊണ്ട് തപ്പിതടഞ്ഞു വീട്ടിലേക്ക് പോയി.

തന്‍റെ ഒരു കണ്ണ്‍ നഷ്ടപ്പെട്ടെങ്കിലും അസൂയക്കാരനായ ദാമു സന്തോഷത്തിലായിരുന്നു, മറ്റെയാളുടെ രണ്ടു കണ്ണും നഷ്ടപ്പെട്ടല്ലോ!

Post a Comment

0 Comments