ഒരിടത്ത് ഒരു കച്ചവടക്കാരന്‍ ഒരു കഴുതയെയും കുതിരയെയും വളര്‍ത്തിയിരുന്നു. ചന്തയില്‍ പോകുമ്പോഴും വരുമ്പോഴും കച്ചവടക്കാരന്‍ കഴുതപ്പുറത്താണ് എല്ലാ സാധനങ്ങളും വെയ്ക്കുക. കുതിരയാണെങ്കില്‍ ഒരു ഭാരവും ചുമക്കാതെ സുഖമായി നടക്കും.
ഒരു ദിവസം .അവര്‍ ചന്തയില്‍ നിന്നും മടങ്ങി വരുകയായിരുന്നു. കഴുതയുടെ പുറത്ത് അതിനു ചുമക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ ഭാരം കയറ്റിയിരുന്നതിനാല്‍ കഴുത വല്ലാതെ വിഷമിച്ചു. തീരെ വയ്യാതായപ്പോള്‍ കഴുത കുതിരയോട് സഹായം ആവശ്യപ്പെട്ടു.
"പ്രിയ ചങ്ങാതീ, എനിക്ക് താങ്ങാന്‍ കഴിയുന്നതില്‍ അധികം ചുമടുണ്ട് എന്റെ പുറത്ത്. ഇങ്ങനെ പോയാല്‍ ഞാന്‍ തളര്‍ന്ന് വീഴും. കുറച്ചു ഭാരം നിനക്കു ചുമക്കാമോ?"
കുതിര മറുപടി പറഞ്ഞു: "നീയാണ് ഭാരം ചുമക്കേണ്ടവന്‍. എന്റെ ജോലി വേറെയാണ്. അതുകൊണ്ടു ഇതെല്ലാം നീ തന്നെ ചുമന്നാല്‍ മതി. എന്നെ നോക്കണ്ട"
പാവം കഴുത! വളരെ കഷ്ടപ്പെട്ട് ആ ചുമടും താങ്ങി വെയിലത്ത് നടത്തം തുടര്‍ന്നു. പക്ഷേ ക്ഷീണിച്ചു തളര്‍ന്ന കഴുതയ്ക്ക് അധികം ദൂരം പോകാനായില്ല. അത് തളര്‍ന്ന് വീണു. അധികം താമസിയാതെ കഴുത മരിക്കുകയും ചെയ്തു.
കച്ചവടക്കാരന്‍ കഴുതയുടെ തോല്‍ ഉരിച്ചെടുത്ത് അതും കഴുത ചുമന്നിരുന്ന എല്ലാ വസ്തുക്കളും കുതിരയുടെ മേല്‍ കെട്ടി വെച്ചു. മൊത്തം ചുമടും തന്റെ മേല്‍ ആയപ്പോഴാണ് അതിന്റെ ഭാരം കുതിരക്ക് മനസ്സിലായത്. കഴുതയെ സഹായിക്കാമായിരുന്നെന്ന് വളരെ കഷ്ടപ്പെട്ട് മുന്നോട്ട് നടക്കുമ്പോള്‍ കുതിരക്ക് തോന്നി. എന്തു ചെയ്യാം, പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ.
0 Comments