കറുമ്പിയും വെളുമ്പിയും - രണ്ടു പൂച്ചകളുടെ കഥ Karumpiyum Velumpiyum - Oru Poochakkatha

ഒരിടത്ത് ഒരു തട്ടിന്‍ പുറത്തു രണ്ടു പൂച്ചകള്‍ താമസിച്ചിരുന്നു - ഒരു കറുത്ത പൂച്ചയും ഒരു വെളുത്ത പൂച്ചയും. വെളുമ്പിക്ക് താന്‍ വല്യ സുന്ദരിയാണെന്ന വിചാരം ആയിരുന്നു. അത് കൊണ്ട് അവള്‍ കറുമ്പിയെ നോക്കുക പോലുമില്ല. കറുമ്പി പലതവണ ചങ്ങാത്തം കൂടാന്‍ ശ്രമിച്ചെങ്കിലും വെളുമ്പി അവളെ അടുപ്പിച്ചു പോലുമില്ല.

എല്ലാ ദിവസവും രണ്ടു പേരും ഭക്ഷണം തേടി രണ്ടു വഴി പോകും. രാത്രി തിരിച്ചെത്തിയാല്‍ വെളുമ്പി ദൂരെ മാറി ക്കിടക്കും.

കുറച്ചു ദിവസമായി വെളുമ്പിക്ക് ഒന്നും തന്നെ കഴിക്കാന്‍ കിട്ടിയില്ല. ക്ഷീണം കൊണ്ട് നടക്കാന്‍ പോലുമാവാതെ വെളുമ്പി തട്ടിന്‍ പുറത്തു തന്നെ കൂടി. കറുമ്പിക്കാണെങ്കില്‍ ഒരു കുഴപ്പവും കാണുന്നില്ല. എവിടെ നിന്നോ നന്നായി ഭക്ഷണം കിട്ടുന്നുണ്ട്. അവളോടു ചോദിക്കാന്‍ വെളുമ്പിക്ക് ദുരഭിമാനം കാരണം പറ്റുന്നുമില്ല.

എന്നാല്‍ കറുമ്പിക്ക് വെളുമ്പിയുടെ അവസ്ഥ കണ്ടു കാര്യം മനസ്സിലായി. അവള്‍ വെളുമ്പിയെ തന്റെ കൂടെ കൂട്ടി. അങ്ങനെ രണ്ടു പേരും കുറച്ചു ദൂരെയുള്ള ഒരു വീട്ടിലെത്തി. അവിടെ ചെന്നപ്പോള്‍ വീട്ടുകാരി മീന്‍ മുറിക്കുകയായിരുന്നു. .വീട്ടുകാരി മീന്‍ മുറിക്കുന്നതും നോക്കി കറുമ്പി കുറച്ചു ദൂരെ മാറിയിരുന്നു. വെളുമ്പിയെയും തന്റെ അടുത്തിരുത്തി.

നല്ല പച്ച മീന്‍ കണ്ടതും വെളുമ്പിക്ക് വായില്‍ വെള്ളമൂറി. അവള്‍ കറുമ്പിയോട് പറഞ്ഞു. ഇവിടെ ഇങ്ങിനെ ഇരുന്നിട്ടെന്തിനാ? നമുക്ക് എങ്ങനെയെങ്കിലും മീന്‍ തട്ടിയെടുക്കാം.

അപ്പോഴാണ് എന്തോ എടുക്കാനായി വീട്ടുകാരി അകത്തേക്ക് എഴുന്നേറ്റ് പോയതി. വെളുമ്പി പറഞ്ഞു: "ഇത് തന്നെ തക്കം. നമുക്ക് വേഗം മീന്‍ കൈക്കലാക്കാം."

കറുമ്പി വെളുമ്പിയെ തടഞ്ഞു. "വേണ്ട. സമയമാകുമ്പോള്‍ നമുക്കുള്ളത് കിട്ടും"

കൊതി  മൂത്ത വെളുമ്പി ഒറ്റ ചാട്ടത്തിന് മീന്‍ ചട്ടിയുടെ അടുത്തെത്തി. തലയിട്ട് ഒരു മീന്‍ കടിച്ചെടുക്കാന്‍ ഒരുങ്ങിയതും, പുറത്തു ഊക്കനൊരടി കിട്ടി. അടുത്ത അടി വീഴും മുമ്പ് ഒരു വിധം വെളുമ്പി അവിടെ നിന്നും രക്ഷപ്പെട്ടോടി.

കുറെ കഴിഞ്ഞപ്പോള്‍ കറുമ്പി വലിയൊരു മീന്‍ തലയുമായി അവിടെയെത്തി. "ഞാന്‍ എന്നും ക്ഷമയോടെ അവിടെ കാത്തിരിക്കുന്നത് കൊണ്ടാണ് എല്ലാ ദിവസവും അവര്‍ എനിക്കു വയര്‍ നിറയെ കഴിക്കാന്‍ മീനും തലയും തരുന്നത്"

വെളുമ്പിക്ക് തന്റെ തെറ്റ് മനസ്സിലായി. പിന്നീട് അവള്‍ കറുമ്പിയോട് കൂട്ട് കൂടി ഒരുമിച്ച് സുഖമായി ജീവിച്ചു.

Karumpiyum Velumpiyum - Randu Poochakalude Katha

Post a Comment

0 Comments