പണ്ടൊരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു പാവം ബ്രാഹ്മണ പണ്ഡിതന്‍ ജീവിച്ചിരുന്നു. വീടുകളിലും കടകളിലും മറ്റും നാമജപവും, മന്ത്രോച്ചാരണവും പ്രാര്‍ഥനയും മറ്റും നടത്തി കിട്ടുന്ന കുറഞ്ഞ വരുമാനം കൊണ്ടായിരുന്നു അദ്ദേഹം കുടുംബം പോറ്റിയിരുന്നത്. ആര് എവിടേക്ക് വിളിച്ചാലും, അതെത്ര ദൂരെയായാലും, പാവം ബ്രാഹ്മണന്‍ നടന്നു പോയി വേണ്ട വിധം കാര്യങ്ങള്‍ നടത്തിക്കൊടുക്കും. കണക്ക് പറഞ്ഞു വാങ്ങിക്കാന്‍ അറിയാത്തത് കൊണ്ട് പലപ്പോഴും തുച്ഛമായ പ്രതിഫലം മാത്രമേ ലഭിക്കൂ.
അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന് ദൂരെ ഒരു പട്ടണത്തില്‍ ഒരു മന്ത്രജപത്തിന് ക്ഷണം കിട്ടി. പോകുന്ന വഴി ഒരാള്‍ക്കൂട്ടം കണ്ടു അദ്ദേഹം അങ്ങോട്ടെത്തി നോക്കി. അവിടെ ഒരു പാവം കര്‍ഷകന്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു. നമ്മുടെ പണ്ഡിതന്‍ ഉടന്‍ തന്നെ ഒരു മന്ത്രം ജപിച്ച് വീണു കിടക്കുന്നയാളുടെ മുഖത്ത് കുറച്ചു വെള്ളം തളിച്ചു. അയാള്‍ പെട്ടെന്നു ഞെട്ടിയെഴുന്നേറ്റു. തന്നെ രക്ഷിച്ച പണ്ഡിതന് നല്കാന്‍ കയ്യില്‍ കാശില്ലാത്തതിനാല്‍ അയാള്‍ വേഗം തന്‍റെ കയ്യിലിരുന്ന പഴകി തുരുമ്പ് പിടിച്ച ഒരു പാക്കുവെട്ടി സമ്മാനമായി നല്‍കി. ബ്രാഹ്മണന്‍ തനിക്ക് കിട്ടിയ പാക്കുവെട്ടി നോക്കി. ഒരുപകാരവുമില്ലാത്ത പഴയ പാക്കുവെട്ടി. ഒരാള്‍ സമ്മാനമായി നല്കിയതല്ലേ, കളയുന്നത് ശരിയല്ലല്ലോ എന്നു കരുതി അദ്ദേഹം അത് തന്‍റെ സഞ്ചിയില്‍ വെച്ചു. എന്നിട്ട് പട്ടണത്തിലേക്ക് യാത്ര തുടര്‍ന്നു.
വലിയ ഒരു പണക്കാരന്‍റെ വീട്ടിലായിരുന്നു പരിപാടി. ആത്മാര്‍ഥമായി മന്ത്രം ജപിച്ച, പ്രതിഫലത്തിന് കണക്ക് പറയാത്ത ബ്രാഹ്മണന് നല്ലവനായ ആ പണക്കാരന്‍ നൂറു സ്വര്‍ണനാണയം പ്രതിഫലം കൊടുത്തു. ബ്രാഹ്മണന് വളരെയധികം സന്തോഷമായി. ഇത്ര പണം അദ്ദേഹത്തിനിത് വരെ കാണാന്‍ പോലും പറ്റിയിട്ടില്ല. ഇത് കാണുമ്പോള്‍ ഭാര്യയും മക്കളും വളരെ സന്തോഷിക്കും. നേരം വൈകിയതിനാല്‍ ബ്രാഹ്മണന്‍ തിടുക്കത്തില്‍ നടുന്നു.
കിട്ടിയ പണം എങ്ങിനെ ചിലവഴിക്കണം എന്നായിരുന്നു ബ്രാഹ്മണന്റെ ചിന്ത. എന്തായാലും ഇന്നത്തെ ദിവസം നല്ലത് തന്നെ. അപ്പോഴാണ് അദ്ദേഹത്തിന്റെ മുന്നില്‍ രണ്ടു കള്ളന്മാര്‍ ചാടി വീണത്. കത്തിയും പിടിച്ച് കള്ളന്മാര്‍ അദ്ദേഹത്തോട് കയ്യിലുള്ളതെല്ലാം എടുത്തു കൊടുക്കാന്‍ ആവശ്യപ്പെട്ടു.
"കയ്യിലുള്ള നൂറു സ്വര്‍ണനാണയം പോയത് തന്നെ". ബ്രാഹ്മണന് വിഷമമായി. പെട്ടെന്നാണ് അദ്ദേഹത്തിന് ഒരു ബുദ്ധി തോന്നിയത്. അദ്ദേഹം സഞ്ചിയില്‍ കയ്യിട്ട് ആ പഴയ പാക്കുവെട്ടി പുറത്തെടുത്ത് കൊണ്ട് പറഞ്ഞു.
"എന്തു വേണമെങ്കിലും എടുത്തോളൂ. പക്ഷേ ഈ പാക്കുവെട്ടി മാത്രം ഞാന്‍ തരില്ല. ഇതെന്‍റെ പുന്നാരപാക്കുവെട്ടി, മാന്ത്രിക പാക്കുവെട്ടി. ഇത് കൊണ്ട് പാക്ക് വെട്ടിയാല്‍ പാക്ക് സ്വര്‍ണമാകും. വേണമെങ്കില്‍ ആ സഞ്ചിയിലുള്ള സ്വര്‍ണ നാണയം എടുത്തോളൂ. പക്ഷേ ഇതെന്‍റെ ജീവന്‍ പോയാലും ഞാന്‍ തരില്ല." ഇതും പറഞ്ഞു ബ്രാഹ്മണന് തന്‍റെ സഞ്ചി താഴെയിട്ടു ഓട്ടം പിടിച്ചു.
കള്ളന്മാര്‍ വിടുമോ. അവര്‍ ചാടി വീണു ബ്രാഹ്മണനെ പിടിച്ച് നിര്‍ത്തി. പാക്കുവെട്ടി ബ്രാഹ്മണന്റെ കയ്യില്‍ നിന്നും തട്ടിപ്പറിക്കാന്‍ ശ്രമം തുടങ്ങി. ബ്രഹ്മണന്‍ ഒട്ടും വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അദ്ദേഹം സര്‍വ ശക്തിയും എടുത്തു പൊരുതി. പക്ഷേ, രണ്ടു കള്ളന്‍മാര്‍ക്ക് മുന്പില്‍ പിടിച്ച് നില്‍ക്കാന്‍ തക്ക ആരോഗ്യമൊന്നുമില്ലല്ലോ നമ്മുടെ പാവം ബ്രാഹ്മണന്. അവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പാക്കുവെട്ടി കൈക്കലാക്കി ഓടി മറഞ്ഞു.
ബ്രഹ്മണന്‍ താന്‍ താഴെ വലിച്ചെറിഞ്ഞ സഞ്ചി തിരഞ്ഞെടുത്ത് സന്തോഷ പൂര്‍വം വീട്ടിലേക്ക് യാത്രയായി. ഒരു വിലയുമില്ലെന്ന് കരുതിയ പാക്കുവെട്ടിയാണ് തന്‍റെ മുഴുവന്‍ പണവും രക്ഷിച്ചത്. ദൈവമാണ് ആ പാക്കുവെട്ടി തന്‍റെ കയ്യിലെത്തിച്ചതും യഥാസമയം അങ്ങനെ ഒരു ബുദ്ധി തോന്നിച്ചതും.
പാക്ക് - കമുകിൽ നിന്നും ലഭിക്കുന്ന അടക്കയാണ് പാക്ക് എന്നറിയപ്പെടുന്നത്. അടക്ക മുറിക്കാന്‍ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഒരു ചെറിയ ആയുധമാണ് പാക്കുവെട്ടി .
0 Comments