ഒരിക്കൽ കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞാട് അടുത്തുള്ള ഒരു കാട്ടിലെത്തി. തിരികെപോകാനുള്ള വഴിയറിയാതെ അവന്‍ കാട്ടിലൂടെ അലഞ്ഞു. കുറെ നടന്നിട്ടും കൂട്ടുകാരെയൊന്നും കാണാതെ അവനാകെ വിഷമിച്ചു.
വഴിതെറ്റി അലയുന്ന നമ്മുടെ കുഞ്ഞാടിനെ ഒരു ചെന്നായ നോട്ടമിട്ടിട്ടുണ്ടായിരുന്നു. കുറച്ചു നേരമായി ചെന്നായ ആ കുഞ്ഞാടിന്റെ പിറകെ കൂടിയിട്ട്!
കുഞ്ഞാട് തനിച്ചാണെന്ന് മനസ്സിലായ ചെന്നായ ഇത് തന്നെ തക്കം എന്നു കരുതി കുഞ്ഞാടിനെ പിടിക്കാന്‍ ചാടി വീണു.
"ഹ!ഹ! ഇന്ന് നീയാണെന്‍റെ ഭക്ഷണം. എത്ര നാളായി നല്ല ആടിനെ കഴിച്ചിട്ട്!" ചെന്നായ ആര്‍ത്തിയോടെ പറഞ്ഞു.
പാവം കുഞ്ഞാട്! അവനാകെ പേടിച്ച് പോയി. എന്തു ചെയ്യണമെന്ന് അവനൊരു പ്രിടിയും കിട്ടിയില്ല. ചെന്നായയില്‍ നിന്നും എങ്ങിനെ രക്ഷപ്പാടുമെന്ന് അവന്‍ തല പുകഞ്ഞു ആലോചിച്ചു.
പെട്ടെന്നു അവനൊരു ബുദ്ധി തോന്നി. അവന്‍ ധൈര്യപൂര്‍വം ചെന്നായയോടു പറഞ്ഞു.
"അതിനെന്താ ചേട്ടാ.. എന്നെ തിന്നു കൊതി തീര്‍ത്തോളൂ. പക്ഷേ ഇപ്പോള്‍ കഴിച്ചാല്‍ എന്റെ ഇറച്ചിക്ക് ഒരു രുചിയും ഉണ്ടാകില്ല"
ചെന്നായ അത്ഭുതത്തോടെ കുഞ്ഞാടിനെ നോക്കി. അവന്‍ ചോദിച്ചു. "അതെന്താ ഇപ്പോ രുചിയില്ലാതിരിക്കാന്‍?"
"ഞാനിപ്പോഴല്ലെ വയറു നിറയെ പുല്ലു തിന്നത്? അപ്പോള്‍ പിന്നെ എന്നെ കഴിച്ചാല്‍ വെറും പുല്ലു തിന്നുന്നത് പോലെയാകില്ലേ?" കുഞ്ഞാട് പറഞ്ഞു.
മണ്ടന്‍ ചെന്നായയ്ക്ക് അത് ശരിയാണല്ലോ എന്നു തോന്നി. അവന്‍ കുഞ്ഞാടിനോട് ചോദിച്ചു. "അങ്ങിനെയാണെങ്കില്‍ പിന്നെ എന്താ ചെയ്യുക"
കുഞ്ഞാട് മറുപടി പറഞ്ഞു "അതിനൊരു വഴിയുണ്ട്. പുല്ലു ദഹിച്ചാല്‍ പിന്നെ ഇറച്ചിക്ക് നല്ല രുചിയുണ്ടാകും.'
"അതിനിനി കുറെ സമയം വേണ്ടേ?" ചെന്നായ ചോദിച്ചു.
"അതേ. പക്ഷേ വേഗം ദഹിക്കാന്‍ ഒരു വഴിയുണ്ട്. ഞാന്‍ നൃത്തം ചെയ്താല്‍ കഴിച്ചതൊക്കെ വേഗം ദഹിക്കും." കുഞ്ഞാട് പറഞ്ഞു
"എന്നാല്‍ വേഗം നൃത്തം ചെയ്യൂ" കൊതി പൂണ്ട ചെന്നായ പറഞ്ഞു.
"എനിക്കു നൃത്തം ചെയ്യണമെങ്കില്‍ നല്ല സംഗീതം വേണം. അതിന് എന്‍റെ കഴുത്തിലെ ഈ മണി നീ നന്നായി കിലുക്കണം." കുഞ്ഞാട് പറഞ്ഞു.
ചെന്നായ വേഗം കുഞ്ഞാടിന്‍റെ കഴുത്തിലെ മണി എടുത്തു കയ്യില്‍ പിടിച്ച് ആഞ്ഞു കിലുക്കാന്‍ തുടങ്ങി. കുഞ്ഞാട് അതിനനുസരിച്ച് താളം ചവിട്ടിത്തുടങ്ങി.
മണിയുടെ കിലുക്കം കുറെ ദൂരെ കാണാതായ തന്‍റെ ആടിനെ തിരഞ്ഞു നടക്കുകയായിരുന്ന ആട്ടിടയന്‍റെ ചെവിയിലെത്തി. അയാള്‍ ഉടനെ തന്നെ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു.
മണിയുടെ ശബ്ദം കേട്ടെത്തിയ ആട്ടിടയന്‍ തന്‍റെ ആടിനെ തിന്നാന്‍ തയ്യാറായി നില്‍ക്കുന്ന ചെന്നായയെ കണ്ടു. അയാള്‍ കയ്യിലിരുന്ന വടിയെടുത്ത് ചെന്നായയെ അടിക്കാന്‍ തുടങ്ങി. പട പടെന്ന് അടി കിട്ടിത്തുടങ്ങിയ ചെന്നായ അലറിക്കരഞ്ഞു കൊണ്ട് ഓരോട്ടയോട്ടം.
ആട്ടിടയന്‍ തന്‍റെ ആടിനെയും കൊണ്ട് വീട്ടിലേക്ക് പോയി.
0 Comments