മരംവെട്ടുകാരനും തേന്‍മാവും - Woodcutter and Mango Tree

ഒരിക്കല്‍ ഒരു മരംവെട്ടുകാരന്‍ ഒരു കൊല്ലനെ കൊണ്ട് നല്ല മൂര്‍ച്ചയുള്ള ഒരു കോടാലി ഉണ്ടാക്കി. കോടാലി നന്നായി പണി കഴിപ്പിച്ചുവെങ്കിലും കൊല്ലാന്‍ അതിന് കൈപ്പിടി ഉണ്ടാക്കിയിരുന്നില്ല.

മരംവെട്ടുകാരന്‍ അടുത്തുള്ള കാട്ടിലേയ്ക്ക് പോയി. അവിടെ വലിയ ഒരു തേന്‍മാവ് നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ ആ തേന്മാവിനോടു ചോദിച്ചു.

"ദയാലുവായ തേന്‍മാവേ, നീ എനിക്കീ കോടാലിക്കിടാന്‍ പറ്റിയ ഒരു കൊമ്പ് തരാമോ?"

തേന്‍മാവ് ഉടനെ തന്നെ മരംവെട്ടുകാരന് ആവശ്യമുള്ള കൊമ്പ് എടുക്കാന്‍ അനുവാദം നല്‍കി. മരംവെട്ടുകാരന്‍  വേഗം ഒരു കൊമ്പ് ഒടിച്ചെടുത്തു കൊല്ലന്‍റെ ആലയ്യിലെത്തി ചെത്തിമിനുക്കി നല്ല ഒരു കൈപ്പിടി ഉണ്ടാക്കിച്ചു.

കോടാലി ശരിയായ ഉടന്‍ മരംവെട്ടുകാരന്‍ തേന്‍മാവിനടുത്തെത്തി അതിനെ വെട്ടിമുറിക്കാന്‍ ആരംഭിച്ചു. ഇത് കണ്ടു പേടിച്ച തേന്‍മാവ് അയാളോട് ചോദിച്ചു.
"അല്ലയോ മനുഷ്യാ, ഞാനല്ലേ നിനക്കു നിന്റെ പണിയായുധത്തിനിടാന്‍ പറ്റിയ നല്ലൊരു കൊമ്പ് തന്നത്. ആ എന്നെ തന്നെ നീ ഇങ്ങനെ മുറിക്കുന്നത് ശരിയാണോ?"

മരംവെട്ടുകാരന്‍ ഇങ്ങനെ മറുപടി പറഞ്ഞു.
"എനിക്കു ജീവിക്കാന്‍ മരം മുറിച്ച് വിറ്റേ മതിയാകൂ. എന്റെ ജോലി തന്നെ മരം മുറിക്കലാണ്. അപ്പോള്‍ പിന്നെ ഞാന്‍ എന്റെ പണി ചെയ്തല്ലേ മതിയാകൂ?"
തേന്മാവിന് അത് കേട്ട് വിഷമം തോന്നി. ഇങ്ങനെ നന്ദിയില്ലാത്ത ഒരുവനെയാണല്ലോ താന്‍ സഹായിച്ചത്. പിന്നെ തേന്‍മാവ് ഒന്നും പറഞ്ഞില്ല. മരംവെട്ടുകാരന്‍  തേന്‍മാവിനെ വെട്ടി ചെറിയ കഷണങ്ങളാക്കി പട്ടണത്തിലേക്കു വില്‍ക്കാനായി കൊണ്ടുപോയി.

Post a Comment

0 Comments