പിശുക്കന് പറ്റിയ അമളി


മഹാപിശുക്കനായ ഒരു പണക്കാരനുണ്ടായിരുന്നു. "അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കാത്തവന്‍" എന്നു കേട്ടിട്ടില്ലേ, അത്തരമൊരുവന്‍.

ഒരു ദിവസം യാത്രയ്ക്കിടയില്‍ അയാളുടെ പണസഞ്ചി വഴിയില്‍ എവിടെയോ വീണു പോയി. നൂറു പൊന്‍പണമടങ്ങിയ ആ സഞ്ചി നഷ്ടപ്പെട്ടതോടെ പിശുക്കന് വല്ലാത്ത വിഷമമായി. അയാള്‍ വഴിയിലുടനീളം തന്‍റെ പണസഞ്ചി അന്വേഷിച്ചു നടന്നു. എന്നാല്‍ അയാള്‍ക്ക് അത് കണ്ടെത്താനായില്ല. പിശുക്കന്‍ പിന്നെ നേരെ രാജാവിന്‍റെ അടുത്തേക്ക് പരാതിയുമായി പോയി. രാജാവിന്‍റെ നിര്‍ദേശപ്രകാരം പണസഞ്ചി കണ്ടെത്തി കൊണ്ട് തരുന്ന ആള്‍ക്ക് പത്ത് പൊന്‍പണം സമ്മാനമായി കൊടുക്കാമെന്ന് പിശുക്കന്‍ സമ്മതിച്ചു.

ഒരു പാവപ്പെട്ട കര്‍ഷകനാണ് പണസഞ്ചി ലഭിച്ചത്. അയാള്‍ ഉടനെ തന്നെ അത് പിശുക്കന്‍റെ അടുക്കലെത്തി നല്‍കി. പിശുക്കന്‍ വേഗം പണം എണ്ണി നോക്കി. അതില്‍ നൂറു സ്വര്‍ണ്ണനാണയങ്ങള്‍ തികച്ചും ഉണ്ടായിരുന്നു. 

പിശുക്കന്‍ വാഗ്ദാനം ചെയ്ത പത്ത് പൊന്‍പണം ലഭിക്കുമെന്ന് കരുതി കാത്ത് നിന്നിരുന്ന കര്‍ഷകനോട് അയാള്‍ പറഞ്ഞു. 

"ഇതില്‍ നൂറ്റിപ്പത്ത് സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ടായിരുന്നു. നീ നിനക്കുള്ള സമ്മാനമായ പത്ത് പൊന്‍പണം എടുത്ത ശേഷമാണ് എനിക്കീ പൊതി തന്നതല്ലേ. അതേതായാലും നന്നായി." 

പാവം കര്‍ഷകന്‍ ഇത് കേട്ട് ശരിക്കും ഞെട്ടിപ്പോയി. എത്ര പറഞ്ഞിട്ടും പിശുക്കന്‍ സമ്മാനം നല്‍കാന്‍ തയ്യാറായില്ല.

കൃഷിക്കാരന്‍ നേരെ രാജാവിന്‍റെ അടുത്തെത്തി പരാതി പറഞ്ഞു. എല്ലാം കേട്ട രാജാവ് ഉടനെ പിശുക്കനെ ആളെ വിട്ട് വിളിപ്പിച്ചു. രാജാവു പിശുക്കനോട് വിവരം അന്വേഷിച്ചു. 

"മഹാരാജന്‍, ഇതില്‍ നൂറ്റിപ്പത്ത് സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ടായിരുന്നു. ആദ്യം തന്നെ തന്‍റെ സമ്മാനമായ പത്ത് പൊന്‍പണം എടുത്ത ശേഷമാണ് ഇയാള്‍ എനിക്ക് പണസഞ്ചി നല്‍കിയത്." പിശുക്കന് നുണ പറയാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. 

രാജാവ് പണസഞ്ചി കൈയിലെടുത്ത് പരിശോധിച്ചു. നൂറു പൊന്‍പണം മാത്രം കൊള്ളുന്ന തരത്തിലുള്ള സഞ്ചിയാണ് അതെന്ന് അദ്ദേഹത്തിന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. 

"തന്‍റെ പണസഞ്ചിയില്‍ എത്ര പൊന്‍പണമാണ് ഉണ്ടായിരുന്നത്?" 
രാജാവ് പിശുക്കനോട് ചോദിച്ചു. 

"നൂറ്റിപ്പത്ത്!". അയാള്‍ മറുപടി നല്‍കി. 

"തനിക്ക് കിട്ടിയ പണസഞ്ചിയില്‍ എത്ര പൊന്‍പണമാണ് ഉണ്ടായിരുന്നത്?" രാജാവ് കര്‍ഷകനോട് ചോദിച്ചു. 

"അതില്‍ നൂറ് പൊന്‍പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, മഹാരാജന്‍." കൃഷിക്കാരന്‍ വിനയത്തോടെ പറഞ്ഞു. 

"ഓഹോ! അങ്ങിനെയെങ്കില്‍ കര്‍ഷകന് കളഞ്ഞു കിട്ടിയ പണസഞ്ചി നിങ്ങളുടെയല്ല." രാജാവ് പിശുക്കനോട് പറഞ്ഞു. 
"നിങ്ങളുടെ പണസഞ്ചി വേറെ ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടാകും. ആരുടേതാണെന്ന് അറിവില്ലാത്തതിനാല്‍ ഈ പണസഞ്ചി കര്‍ഷകന് സ്വന്തമാണ്." രാജാവ് കല്‍പ്പിച്ചു. 

അങ്ങിനെ സത്യസന്ധനായ കര്‍ഷകന് ആ പണസഞ്ചി സമ്മാനമായി ലഭിച്ചു. പാവം പിശുക്കന് അതിബുദ്ധിയും ആര്‍ത്തിയും കാരണം മുഴുവന്‍ പണവും നഷ്ടപ്പെട്ടു.

Post a Comment

0 Comments