ഒരു വിഡ്ഢിയുടെ കഥ - Oru Viddiyude Katha


ഒരിടത്ത് പമ്പരവിഡ്ഢി ആയ ഒരാൾ ഉണ്ടായിരുന്നു. അയാൾക്ക് ആകെ സമ്പാദ്യമായി ഉണ്ടായിരുന്നത് ഒരു ആടും ഒരു കുതിരയും ആയിരുന്നു.


അങ്ങനെയിരിക്കെ ഒരു ദിവസം, അയാൾ തന്‍റെ ആടിനേയും കുതിരയെയും വിൽക്കുവാനായി തീരുമാനിച്ചു. അതിനുവേണ്ടി അയാൾ പട്ടണത്തിലേക്ക് പോകാൻ. ഒരുങ്ങി. പട്ടണത്തിലേക്ക് പോകും വഴി ഒരുപാട് കള്ളന്മാർ ഉണ്ടെന്ന് അയാൾക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആടിനേയും കുതിരയേയും കള്ളന്മാരിൽ നിന്നും രക്ഷിക്കുവാനായി അയാൾ ഒരു വഴി കണ്ടെത്തി. 

അയാള്‍ ആടിന്റെ കഴുത്തില്‍ ഒരു ചെറിയ മണി കെട്ടി. അതിനു ശേഷം ആടിനെ കുതിരയുടെ വാലില്‍ കെട്ടിയിട്ടു. എന്നിട്ടയാള്‍ കുതിരയെ തെളിച്ചു മുന്നില്‍ നടന്നു തുടങ്ങി. ആരെങ്കിലും തന്നെ ആടിനെ മോഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെങ്കിൽ മണി കെട്ടിയത് കൊണ്ട് തനിക്ക് തിരിച്ചറിയാൻ കഴിയും എന്നായിരുന്നു അയാളുടെ വിചാരം. 

കുതിരയെയും ആടിനെയും ആയി പോകുന്ന വിഡ്ഢിയെ കണ്ട മൂന്ന് കള്ളൻമാർ അയാളുടെ പിന്നാലെ കൂടി. ബുദ്ധിമാന്മാരായ അവര്‍ കുതിരയേയും ആടിനെയും തട്ടിയെടുക്കാൻ തീരുമാനിച്ചു. അതിനായി അവർ എന്ത് ചെയ്തെന്നോ? 

ആദ്യത്തെ കള്ളൻ പതുങ്ങിച്ചെന്ന് ആടിന്‍റെ കഴുത്തിൽ നിന്നും സാവധാനം മണി അഴിച്ചെടുത്ത് കുതിരയുടെ വാലിൽ കെട്ടി. എന്നിട്ടയാൾ ആടിനേയും കൊണ്ട് സ്ഥലംവിട്ടു. പാവം വിഡ്ഢി ഇതൊന്നുമറിയാതെ യാത്ര തുടർന്നു. 

കുറച്ചു സമയം കഴിഞ്ഞപ്പോൾ രണ്ടാമത്തെ കള്ളൻ വിഡ്ഢിയുടെ പിന്നാലെ ചെന്നു. അയാൾ പറഞ്ഞു, 
"നിങ്ങളുടെ ആടിനെ കുറെ കള്ളന്മാര്‍ പിടിച്ച് കൊണ്ട് പോകുന്നത് ഞാൻ കണ്ടു".
പാവം വിഡ്ഢി അപ്പോഴാണ് ആട് നഷ്ടപ്പെട്ട വിവരം അറിയുന്നത്. എന്തുചെയ്യണമെന്നറിയാതെ നിന്ന വിഡ്ഢിയോട് രണ്ടാമത്തെ കള്ളന്‍ പറഞ്ഞു, 
"നിങ്ങളുടെ കുതിരയെ തരികയാണെങ്കിൽ ഞാൻ പെട്ടെന്ന് പോയി ആ കള്ളന്മാരെയും ആടിനെയും പിടിച്ചു കൊണ്ടു വരാം" 

കേട്ടപാതി നമ്മുടെ വിഡ്ഢി കുതിരയെ അയാൾക്ക് വിട്ടുകൊടുത്തു. രണ്ടാമത്തെ കള്ളൻ കുതിരയുമായി കടന്നു കളഞ്ഞു. പിന്നെ അയാൾ തിരിച്ചു വരുമോ? കുറച്ചു കഴിഞ്ഞപ്പോഴാണ് വിഡ്ഢിക്കു തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്. 

വിഷമത്തോടെ അയാള്‍ പതിയെ മുന്നോട്ട് നടന്നു. കുറെ ദൂരം നടന്നപ്പോള്‍ അയാള്‍ ഒരു കിണര്‍ കണ്ടു.  കുറച്ചു വെള്ളം കുടിക്കാമെന്ന് കരുതി അയാള്‍ കിണറിനടുത്തേക്ക് നടന്നു. 

അവിടെ അയാള്‍ വളരെയധികം വിഷമിച്ചു നിൽക്കുന്ന മൂന്നാമത്തെ കള്ളനെ കണ്ടു. വിഡ്ഢി അടുത്തെത്തിയപ്പോൾ മൂന്നാമത്തെ കള്ളൻ അയാളോട് പറഞ്ഞു, 

"നോക്കൂ, എന്‍റെ വളരെയധികം വിലപിടിപ്പുള്ള കുറേ സാധനങ്ങൾ കിണറ്റിൽ വീണിട്ടുണ്ട്. നിങ്ങൾ അത് എനിക്ക് എടുത്തു തരാമെങ്കിൽ ഞാൻ നിങ്ങൾക്ക് കുറച്ചു സ്വർണനാണയം പ്രതിഫലമായി തരാം" 

കേട്ടപാതി കേൾക്കാത്തപാതി വിഡ്ഢി തന്‍റെ വസ്ത്രങ്ങൾ അഴിച്ചു വച്ച് കിണറ്റിലേക്ക് എടുത്തു ചാടി. കിണറ്റില്‍ കുറച്ചുവെള്ളമേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ നഷ്ടപ്പെട്ട സാധനങ്ങൾ തിരയാൻ തുടങ്ങി. കുറെ നേരം തിരഞ്ഞിട്ടും ഒന്നും കാണുന്നില്ല. അതോടെ അയാള്‍ തിരച്ചിൽ നിർത്തി കരയ്ക്കുകയറി. 

കരയിൽ എത്തിയപ്പോഴാണ് അയാൾ ഞെട്ടിപ്പോയത്. മൂന്നാമത്തെ കള്ളൻ അയാളുടെ വസ്ത്രങ്ങളും കൊണ്ട് സ്ഥലംവിട്ടിരുന്നു. അങ്ങനെ വിഡ്ഢിക്കു തന്‍റെ ആടും, കുതിരയും, ധരിച്ചിരുന്ന വസ്ത്രങ്ങളും എല്ലാം നഷ്ടപ്പെട്ടു.

Post a Comment

1 Comments

  1. കേട്ടിട്ടുള്ള കഥയാണ്, എങ്കിലും കൊള്ളാം. കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete