ഒരിയ്ക്കല്‍ ഒരിടത്ത് ഒരു പാവം കര്‍ഷകനും അയാളുടെ ഭാര്യയും ജീവിച്ചിരുന്നു. പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുത്ത് അവര്‍ ജീവിതം തള്ളിനീക്കി. തനിയെ കൃഷിപ്പണികള്‍ ചെയ്ത് കര്‍ഷകന്‍ വളരെ ക്ഷീണിതനായി. ഭാര്യയാകട്ടെ, വീട്ടുപണികള്‍ ഒരു വിധം തീര്‍ത്ത് ഭര്‍ത്താവിനെ സഹായിക്കാന്‍ ഇറങ്ങും. പക്ഷേ അത്കൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല.
അങ്ങിനെയിരിക്കെ ഒരു ദിവ്യന്‍ ആ ഗ്രാമത്തില്‍ വന്നു. കര്‍ഷകനും ഭാര്യയും അവരുടെ വീട്ടിലെത്തിയ ദിവ്യനെ യഥോചിതം വരവേറ്റ് ബഹുമാനപൂര്‍വം സത്കരിച്ചു. അവര്‍ പറയാതെ തന്നെ അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ദിവ്യന്‍ എന്തു സഹായമാണ് അവര്‍ക്ക് വേണ്ടതെന്ന് അവരോടു ചോദിച്ചു.
"ഞങ്ങള്‍ക്ക് രണ്ടാള്‍ക്ക് ദിവസേന തീര്‍ത്താല്‍ തീരാത്ത ജോലികളുണ്ട്. അതെല്ലാം വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ പറ്റിയ ഒരു സഹായിയെ വേണം" കര്‍ഷകന്‍ പറഞ്ഞു.
"അതിനെന്താ? ശരിയാക്കാമല്ലോ? അല്ല, അത്ര വേഗം ജോലി തീര്‍ക്കുന്ന ആളെ തന്നെ വേണോ?" ദിവ്യന്‍ ചോദിച്ചു.
"വേണം, വേണം!" രണ്ടാളും ഒരേ സ്വരത്തില്‍ പറഞ്ഞു.
"ശരി. ഞാന്‍ നിങ്ങള്‍ക്കൊരു ഭൂതത്തെ അടിമയാക്കി തരാം. പക്ഷേ ഒരു കാര്യമുണ്ട്. ഭൂതത്തിന് എപ്പോഴും പണി കൊടുത്ത് കൊണ്ടേയിരിക്കണം. അല്ലെങ്കില്‍ അവന്‍ കുഴപ്പമുണ്ടാക്കും!" ദിവ്യന്‍ മുന്നറിയിപ്പു കൊടുത്തു.
"ഇവിടെ വര്‍ഷങ്ങള്‍ പണി ചെയ്താലും തീരാത്തത്ര ജോലിയുണ്ട്" കര്‍ഷകന്‍ പറഞ്ഞു.
"എങ്കില്‍ പിന്നെ അങ്ങിനെയാകട്ടെ!" ദിവ്യന്‍ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു.
അടുത്ത നിമിഷം ദിവ്യന്‍ അപ്രത്യക്ഷനായി. നിമിഷങ്ങള്‍ക്കുളില്‍ അവരുടെ മുന്പില്‍ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു.
"കല്‍പ്പിച്ചാലും പ്രഭോ! ഞാനെന്താണ് അങ്ങേയ്ക്ക് വേണ്ടി ചെയ്ത് തരേണ്ടത്?" ഭൂതം കര്‍ഷകനെ വണങ്ങി കൊണ്ട് ചോദിച്ചു.
കര്‍ഷകന്‍ ഭൂതത്തെ തന്റെ കൃഷിനിലം ഉഴുത് മറിക്കാന്‍ ഏല്‍പ്പിച്ചു. ഏതാനും മിനിറ്റുകല്‍ക്കകം ഭൂതം പണി തീര്‍ത്തു തിരികെയെത്തി.
"അടുത്ത ജോലിയെന്താണ് പ്രഭോ?" ഭൂതം ചോദിച്ചു. കര്‍ഷകന്‍ തന്റെ കാളകളെ കുളിപ്പിക്കാനും, തൊഴുത്ത് വൃത്തിയാക്കാനും പറഞ്ഞു.
അതും തീര്‍ത്തെത്തിയ ഭൂതം അടുത്ത ജോലിക്കായി കര്‍ഷകനെ സമീപിച്ച്. കര്‍ഷകന്‍ കൊടുത്ത ഓരോ ജോലിയും പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ത്ത ഭൂതത്തിന് അടുത്ത പണി കൊടുക്കാനില്ലാതെ കര്‍ഷകന്‍ വിഷമത്തിലായി.
"എത്രയും വേഗം എനിക്ക് അടുത്ത പണി തരണം. ഒന്നും ചെയ്യാനില്ലാതെ എനിക്ക് കഴിയാന്‍ പറ്റില്ല. അടുത്ത പണി കിട്ടിയില്ലെങ്കില്‍ ഞാന്‍ നിങ്ങളെ പിടിച്ച് തിന്നും" ഭൂതം അക്ഷമനായി പറഞ്ഞു.
കര്‍ഷകന്‍ പേടിച്ച് വിവശനായി. ഇനി എന്ത് ചെയ്യുമെന്നറിയാതെ അയാള്‍ വിഷമിച്ചു. കര്‍ഷകന്‍ പേടിച്ച് നില്‍ക്കുന്നത് കണ്ട് ഭാര്യ അടുത്തെത്തി ചോദിച്ചു.
"എന്ത് പറ്റി? എന്താ വല്ലാതിരിക്കുന്നത്?"
"ഒന്നും പറയേണ്ട, ഏത് ഗതി കേട്ട നേരത്താണോ സഹായത്തിന് ഈ ഭൂതത്തെ വിളിക്കാന്‍ തോന്നിയത്. അതിന് കൊടുക്കാന്‍ പണിയൊന്നുമില്ല!" കര്‍ഷകന്‍ വിലപിച്ചു.
"അതിനെന്താ? കുറച്ച് നേരം അത് വിശ്രമിക്കട്ടെ!" ഭാര്യ പറഞ്ഞു.
"എടീ മണ്ടീ! അതിന് വിശ്രമമൊന്നും വേണ്ടെന്ന്! വേഗം അടുത്ത ജോലി കിട്ടിയില്ലെങ്കില്‍ അതെന്നെ പിടിച്ച് തിന്നും. ആ ദിവ്യന്‍ പറഞ്ഞപ്പോള്‍ ഇത്ര പ്രശ്നമുണ്ടെന്ന് തോണിയാതെയില്ല!" കര്‍ഷകന്‍ പറഞ്ഞു.
"അതാണോ ഇത്ര വല്യ കാര്യം. എന്നാല്‍ പിന്നെ ആ ഭൂതത്തിന് കൊടുക്കാന്‍ പറ്റിയ ജോലി ഞാന്‍ തരാം!" ഭാര്യ കൂസലന്യേ പറഞ്ഞു.
എന്നിട്ട് അവര്‍ തന്റെ തലയില്‍ നിന്നും ഒരു നീണ്ട് ചുരുണ്ട ഒരു മുടിയിഴ വലിച്ചു പൊട്ടിച്ച് അത് കൊടുത്ത് കൊണ്ട് കര്‍ഷകനോട് പറഞ്ഞു.
"നിങ്ങള്‍ ഇത് കൊണ്ട് ആ ഭൂതത്താന് കൊടുക്ക്! എന്നിട്ട് അതിനോടു പറയൂ, ഇതൊന്ന് നിവര്‍ത്തി നേരെയാക്കി തരാന്‍!"
കര്‍ഷകന്‍ വേഗം ഭൂതത്തിന് ആ മുടിയിഴ കൊണ്ട് പോയി കൊടുത്ത് അത് നേരെയാക്കാന്‍ പറഞ്ഞു.
ഭൂതം ഉടന്‍ തന്നെ ജോലി തുടങ്ങി. ഭൂതം വേഗത്തില്‍ തന്നെ മുടിയിഴ നിവര്‍ത്തി നോക്കി. എന്നാല്‍ എത്ര തവണ ശ്രമിച്ചിട്ടും അത് നേരെയാക്കാനുണ്ടോ ഭൂതത്തിന് സാധിയ്ക്കുന്നു! പല വിദ്യകള്‍ നോക്കിയിട്ടും ഒരു രക്ഷയുമില്ല. മുടിയിഴ വലിച്ച്കെട്ടിയിട്ടും, വെള്ളത്തിലിട്ടും മറ്റും ഭൂതം പഠിച്ച പണി പതിനെട്ടും പയറ്റി. ഒടുവില്‍ ഭൂതം ആ മുടിയിഴ ചൂടാക്കി നോക്കാന്‍ തീരുമാനിച്ചു. മുടിയിഴ ചൂടാക്കിയാല്‍ അത് നിവരുമെന്ന് തന്നെ ആ പാവം കരുതി. എന്നാല്‍, മുടിയിഴ കരിഞ്ഞ് നിമിഷ നേരത്തിനുള്ളില്‍ ഇല്ലാതായി.
ഭൂതം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. ഏല്‍പ്പിച്ച പണി ചെയ്ത് തീര്‍ക്കാനും പറ്റിയില്ല, തിരികെ നല്കാന്‍ മുടിയിഴയുമില്ല. എന്ത് ചെയ്യും? കര്‍ഷകനെ എങ്ങിനെ നേരിടും? ഭൂതത്തിന് ഒരെത്തും പിടിയും കിട്ടിയില്ല. ഒടുക്കം അവിടെ നിന്നും മുങ്ങാന്‍ തന്നെ ഭൂതം തീരുമാനിച്ചു. കര്‍ഷകന് നഷ്ടപരിഹാരമായി കുറെ സ്വര്‍ണ്ണനാണയം ഒരു സഞ്ചിയിലാക്കി അവിടെ വെച്ചു ഭൂതം തടിതപ്പി!
കുറച്ച് നേരമായിട്ടും ഭൂതത്തിന്‍റെ അനക്കാമൊന്നും കാണാതെ കര്‍ഷകന് അതിനെ അന്വേഷിച്ച് ചെന്നു. അവിടെ സഞ്ചിയില്‍ സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടപ്പോള്‍ ഭൂതം സ്ഥലം വിട്ടെന്ന് അയാള്‍ക്ക് മനസ്സിലായി. ആശ്വാസത്തോടെ കര്‍ഷകന്‍ തിരികെ വീട്ടിലേയ്ക്ക് പോയി. അവര്‍ പിന്നീടുള്ള കാലം സുഖമായി ജീവിച്ചു.
ഭൂതം പിന്നീട് ആ വഴി വന്നിട്ടെയില്ലെന്നാണ് അറിവ്!


0 Comments