"ഭാവി"യ്ക്കുള്ള പണം- Bhavikkulla Panam

ഒരിക്കൽ ജാൻ എന്നൊരു കർഷകൻ ഉണ്ടായിരുന്നു.  തന്‍റെ കൃഷിസ്ഥലത്തിന് നടുവിലായി ഒരു ചെറിയ വീട്ടിലാണ് അയാള്‍ താമസിച്ചിരുന്നത്. തന്‍റെ കൃഷിയും വീടും ഭംഗിയായി സൂക്ഷിക്കാൻ ഒരു ഭാര്യ വേണമെന്ന് അയാൾ കരുതി.

അങ്ങനെ അയാൾ ഒരു സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടെത്തി, അവളുമായി പരിചയത്തിലായി. കുറെനാള്‍ അവളുമായി സമയം ചിലവഴിച്ച ശേഷം ഒരു ദിവസം അയാൾ അവളോട് ചോദിച്ചു: "നീ എന്നെ വിവാഹം കഴിക്കുമോ?"

"തീർച്ചയായും ഞാൻ അങ്ങയെ വിവാഹം കഴിക്കാന്‍ തയ്യാറാണ്," അവൾ സമ്മതമറിയിച്ചു. 

അങ്ങനെ അവർ ഒരു പള്ളിയിൽ പോയി വിവാഹിതരായി. വിവാഹം കഴിഞ്ഞപ്പോൾ, ജാന്‍ തന്‍റെ ഭാര്യയെ തന്‍റെ കുതിരപ്പുറത്ത് കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നു. അവർ സന്തോഷത്തോടെ ജീവിതമാരംഭിച്ചു.

ഒരു ദിവസം, ജാൻ ഭാര്യയോട് ചോദിച്ചു, "പ്രിയേ, നിനക്ക് പശുവിനെ കറക്കാനറിയുമോ?"

"പിന്നില്ലാതെ? എന്‍റെ അമ്മ നന്നായി പശുവിനെ കറക്കുമായിരുന്നു. ഞാനും അങ്ങിനെ ചെയ്തിട്ടുണ്ട്."

അത് കേട്ടതോടെ ജാന്‍  ചന്തയില്‍ പോയി പത്ത് ചുവന്ന പശുക്കളെ വാങ്ങി. പിന്നീട് കുറെദിവസം കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. അവള്‍ പശുക്കളെയെല്ലാം നന്നായി പരിപാലിച്ചു വന്നു. എന്നാല്‍ ഒരു ദിവസം അവൾ അവയെ വെള്ളം കുടിക്കാൻ കുളത്തിലേക്ക് കൊണ്ടുപോയി. കുറച്ചു സമയമായിട്ടും അവ വേണ്ടത്ര വെള്ളം കുടിച്ചിട്ടില്ലെന്ന് അവൾ കരുതി. എന്നാല്‍ പിന്നെ പശുക്കള്‍ നന്നായി വേണ്ടത്ര വെള്ളം കുടിക്കട്ടെ എന്നു വിചാരിച്ച് അവള്‍ അവയെ കുളത്തിന് നടുവിലേയ്ക്ക് തള്ളി വിട്ടു. നല്ല ആഴമുള്ള കൂളമല്ലേ, പാവം പശുക്കളെല്ലാം മുങ്ങിച്ചത്തു.

ജാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അവൾ എഴുന്നേറ്റ് താൻ ചെയ്ത കാര്യം അവനോട് പറഞ്ഞു, അവൻ പറഞ്ഞു, "ഓ, അത് ശരി! സാരമില്ല, എന്‍റെ പ്രിയേ, അടുത്ത തവണയാകട്ടെ.."

അങ്ങനെ കുറെക്കാലം അവര്‍ സാധാരണ പോലെ കഴിഞ്ഞു.  പിന്നെ, ഒരു ദിവസം, ജാൻ ഭാര്യയോട് ചോദിച്ചു, "നിനക്കു പന്നികളെ നോക്കാനറിയാമോ?"

"തീര്‍ച്ചയായും ജാൻ, എനിക്ക് പന്നികളെ നോക്കാന്‍ നന്നായി അറിയാം. ഞങ്ങളുടെ വീട്ടില്‍ എന്‍റെ അമ്മ പന്നികളെ വളര്‍ത്താറുണ്ടായിരുന്നു."

അങ്ങനെ ജാൻ ചന്തയില്‍ പോയി കുറച്ച് പന്നികളെ വാങ്ങി. ഒരു ദിവസം അവൾ പന്നികൾക്കുള്ള ഭക്ഷണം തൊട്ടിയിൽ ഇട്ടപ്പോൾ, അവ വേണ്ടത്ര വേഗത്തിൽ ഭക്ഷണം കഴിക്കുന്നില്ലെന്ന് അവൾ കരുതി. അവ വേഗത്തിൽ കഴിക്കാൻ വേണ്ടി അവൾ തൊട്ടിയിലേക്ക് പന്നികളുടെ തല തള്ളികയറ്റി, അവയെല്ലാം ശ്വാസംമുട്ടിച്ചത്തു പോയി.

ജാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അവൾ അവനോടു എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു, അവൻ പറഞ്ഞു, "ഓ, ശരി,  സാരമില്ല, എന്‍റെ  പ്രിയേ, അടുത്ത തവണയാകട്ടെ."

അങ്ങനെ കുറെനാള്‍ പിന്നേയും കടന്നു പോയി., പിന്നെ ഒരു ദിവസം ജാൻ ഭാര്യയോട് ചോദിച്ചു, "നിനക്ക്  ബ്രെഡ് ഉണ്ടാക്കാന്‍ അറിയാമോ?"

"തീര്‍ച്ചയായും, എനിക്ക് ബ്രെഡ് ഉണ്ടാക്കാന്‍ കഴിയും. എന്‍റെ വീട്ടില്‍ അമ്മ ബ്രെഡ് ഉണ്ടാക്കാറുണ്ടായിരുന്നു."

അങ്ങനെ ജാന്‍ ഭാര്യക്ക് ബ്രെഡ് ഉണ്ടാക്കാന്‍ വേണ്ടിയതെല്ലാം വാങ്ങി. കുറച്ചു ദിവസം എല്ലാം നന്നായി പോയി. ഒരു ദിവസം, ജാനിന് വേണ്ടി പ്രത്യേകമായി വെളുത്ത ബ്രെഡ് ഉണ്ടാക്കാന്‍ അവൾ തീരുമാനിച്ചു. അങ്ങനെ അവൾ എല്ലാ സാധനങ്ങളുമായി ഒരു ഉയർന്ന കുന്നിൻ മുകളിലേക്ക് പോയി. കാറ്റ് അടിച്ച് ധാന്യത്തിലെ എല്ലാ തവിടും പറന്നു പൊയ്ക്കൊളും എന്ന് അവൾ കരുതി എല്ലാം അവള്‍ അവിടെ തുറന്നു വെച്ച്ക്.. പക്ഷേ കാറ്റ് അവിടെയുണ്ടായിരുന്ന പൊടിയും മറ്റെല്ലാം പറത്തിക്കളഞ്ഞു - അങ്ങനെ ബ്രെഡ് ഉണ്ടാക്കാന്‍ വെച്ചിരുന്ന എല്ലാം നഷ്ടപ്പെട്ടു.

ജാൻ വീട്ടിൽ വന്നപ്പോൾ, അവൾ എഴുന്നേറ്റ് എന്താണ് നടന്നതെന്ന് അവനോട് പറഞ്ഞു, അവൻ പറഞ്ഞു, "ഓ, ശരി,  സാരമില്ല, എന്‍റെ  പ്രിയേ, അടുത്ത തവണയാകട്ടെ."

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ജാൻ ഭാര്യയോട് ചോദിച്ചു, "നിനക്ക് ബിയറുണ്ടാക്കാന്‍ അറിയാമോ?

"തീര്‍ച്ചയായും, എനിക്ക് ബിയറുണ്ടാക്കാന്‍ അറിയാം. എന്‍റെ വീട്ടില്‍ അമ്മ സ്ഥിരമായി ബിയറുണ്ടാക്കുമായിരുന്നു."

അങ്ങനെ അവൻ ഭാര്യക്ക് ബിയറുണ്ടാക്കാൻ വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു. അവൾ ബിയര്‍ ഉണ്ടാക്കി ഒരു ബാരലിൽ നിറച്ചതും, ഒരു വലിയ കറുത്ത നായ കടന്നുവന്ന് അവളുടെ മുഖത്തേക്ക് നോക്കി. അവൾ അതിനെ  വീട്ടിൽ നിന്ന് ആട്ടി പുറത്താക്കി, പക്ഷേ ആ നായ പോകാതെ വാതിലിനു പുറത്ത് നിന്നു, എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി. അവൾ വളരെ ദേഷ്യത്തോടെ വീപ്പയുടെ പ്ലഗ് ഊരിയെടുത്തു നായയുടെ നേരെ എറിഞ്ഞു. നായ റോഡിലേയ്ക്ക്, ഉടനെ അതിനെ ഓടിക്കാൻ അവൾ അതിന്‍റെ പിന്നാലെ ഓടി. കുറച്ചു ദൂരം ഓടി അവള്‍ തിരിച്ചെത്തിയപ്പോൾ, വീപ്പയിൽ നിന്ന് ബിയര്‍ മുഴുവന്‍ ചോര്‍ന്ന്പോയതായി കണ്ടെത്തി. അങ്ങനെ ബിയറുണ്ടാക്കുന്ന പണി അവസാനിച്ചു.

ജാൻ വീട്ടിൽ വന്നപ്പോൾ, അവൾ എന്താണ് നടന്നതെന്ന് അവനോട് പറഞ്ഞു, അവൻ പറഞ്ഞു, "ഓ, ശരി,  സാരമില്ല, എന്‍റെ  പ്രിയേ, അടുത്ത തവണയാകട്ടെ."

വീണ്ടും കുറെ നാളുകള്‍ കടന്നു പോയി. പിന്നെ ഒരു ദിവസം അവൾ ചിന്തിച്ചു, "ഈ വീടാകെ അഴുക്കായി. വീട് വൃത്തിയാക്കാൻ സമയമായി." അവൾ തന്‍റെ വലിയ കിടക്ക അഴിച്ചുമാറ്റുമ്പോൾ അതിനടിയില്‍ ഒരു സഞ്ചി നിറയെ നാണയങ്ങള്‍ കണ്ടെത്തി.

ജാന്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ അയാളോട് ചോദിച്ചു. "ഈ സഞ്ചിയിലുള്ള പണമെല്ലാം എന്തിന് വേണ്ടി സൂക്ഷിച്ചിരിക്കുന്നതാണ്?

"അതോ, അത് ഭാവിയ്ക്കുള്ളതാണ് പ്രിയേ." ജാന്‍ പറഞ്ഞു.

അതേസമയം അവരുടെ ജനാലയ്ക്ക് പുറത്ത് ഒരു കള്ളന്‍ നില്‍പ്പുണ്ടായിരുന്നു, ജാൻ പറഞ്ഞത് അവൻ കേട്ടു. "ഓഹോ, ഭാവിയ്ക്ക് കൊടുക്കാന്‍ വെച്ചിരിക്കുന്ന പണമാണല്ലേ, ശരിയാക്കാം!" അയാള്‍ കരുതി.

അടുത്ത ദിവസം, ജാൻ ചന്തയില്‍  പോകുന്നത് വരെ അവൻ കാത്തിരുന്നു, എന്നിട്ട് അയാൾ വന്ന് വാതിലിൽ മുട്ടി. 

വാതില്‍ തുറന്ന ജാനിന്‍റെ ഭാര്യ ചോദിച്ചു "താങ്കള്‍ക്ക്  എന്താണ് വേണ്ടത്?" .

"ഞാനാണ്  ഭാവി," കൊള്ളക്കാരൻ പറഞ്ഞു, "ഞാൻ എനിക്കുള്ള പണം വാങ്ങാന്‍ വന്നതാണ്"

കള്ളന്‍ മാന്യനെപ്പോലെ വസ്ത്രം ധരിച്ചിരുന്നു.  അതിനാൽ അയാള്‍ പറഞ്ഞത് ശരിയായിരിക്കുമെന്ന് അവള്‍ കരുതി. എന്തായാലും ജാന്‍ കഴിഞ്ഞ ദിവസം പറഞ്ഞതുമാണല്ലോ, ഇത് 'ഭാവി'ക്കുള്ളാതാണെന്ന്! അവള്‍ വേഗം പണസഞ്ചി എടുത്തുകൊണ്ട് വന്ന് അയാള്‍ക്ക് കൈമാറി. കള്ളന്‍ വേഗം തന്നെ സ്ഥലം വിട്ടു.

ജാൻ വീട്ടിൽ വന്നപ്പോൾ അവൾ അവനോട് പറഞ്ഞു, "ജാൻ, 'ഭാവി' പണം വാങ്ങാന്‍ വന്നിരുന്നു!"

"പ്രിയേ, നീ എന്താണ് ഉദ്ദേശിക്കുന്നത്?" ഒന്നും മനസ്സിലാകാതെ ജാന്‍ ചോദിച്ചു.

അവള്‍ നടന്നതെല്ലാം അവനോടു പറഞ്ഞു. 

താന്‍ സൂക്ഷിച്ചുവെച്ച പണമെല്ലാം നഷ്ടപ്പെട്ടതറിഞ്ഞ ജാന്‍ ആകെ തകര്‍ന്നു പോയി. "അയ്യയ്യോ, ഇനി നമ്മളെന്ത് ചെയ്യും? ആ പണം നമ്മുടെ വാടക കൊടുക്കാനുള്ളതായിരുന്നു. ഇനി നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ആ പണസഞ്ചി കണ്ടെത്തുന്നതുവരെ ലോകം മുഴുവൻ ചുറ്റിനടക്കുക എന്നതാണ്." 

ജാൻ ഉടനെ തന്നെ വീട്ടുവാതില്‍ അഴിച്ചുമാറ്റി, "ഇനി നമുക്ക് കിടക്കാന്‍ ഇത് മാത്രമേ ഉണ്ടാകൂ," അവൻ പറഞ്ഞു. അങ്ങനെ ജാൻ വാതിൽ തന്‍റെ പുറകിൽ വച്ചു കെട്ടി. എന്നിട്ട് രണ്ടാളും "ഭാവിയെ" അന്വേഷിച്ച് പുറപ്പെട്ടു. 

കുറെ ദിവസം, വളരെ ദൂരം അവർ യാത്ര ചെയ്തു. രാത്രിയിൽ ജാൻ മരക്കൊമ്പുകളിൽ വാതിൽ ഉറപ്പിച്ച്, അവർ അതിൽ കിടന്ന് ഉറങ്ങുമായിരുന്നു. അങ്ങിനെ ഒരു രാത്രി അവർ ഒരു വലിയ കുന്നിനടുത്തെത്തി. കുന്നിന്‍ചുവട്ടിൽ വളരെ ഉയരമുള്ള മരം ഉണ്ടായിരുന്നു. ജാൻ അതിൽ തന്‍റെ ആ മരത്തിന് മുകളില്‍ വെച്ചുറപ്പിച്ചു. എന്നിട്ട് അവർ മരത്തിൽ കയറി ഉറങ്ങാൻ കിടന്നു. താമസിയാതെ ജാന്‍ ഉറക്കമായി.

അപ്പോഴാണ് ജാനിന്‍റെ ഭാര്യ താഴെ നിന്നും ഒരു ശബ്ദം കേട്ടത്. അതെന്താണെന്ന് അവൾ നോക്കി. അപ്പോഴതാ കുന്നിന് അരികിലുള്ള ഒരു വാതിൽ പതുക്കെ തുറക്കുന്നു. ഒരു നീണ്ട മേശയുമായി രണ്ട് മാന്യന്മാർ പുറത്തേക്ക് വന്നു, അവരുടെ പിന്നിൽ ഓരോ ബാഗും ചുമന്നുകൊണ്ട് സുന്ദരികളായ ഏതാനും സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. അവരിൽ ഒരാൾ നമ്മുടെ "ഭാവി" യായിരുന്നു. അയാളുടെ ചുമലില്‍ ജാനിന്‍റെ പണസഞ്ചിയുമുണ്ടായിരുന്നു. അവര്‍ ഒരു മേശയ്ക്കു ചുറ്റും ഇരുന്നു, മദ്യപിക്കാനും സംസാരിക്കാനും ബാഗുകളിലെ മുഴുവൻ പണവും എണ്ണാനും തുടങ്ങി. അപ്പോൾ ജാനിന്‍റെ ഭാര്യ അവനെ വിളിച്ച് ഉണർത്തി, എന്തുചെയ്യണമെന്ന് ചോദിച്ചു.

"ഇപ്പോൾ നമ്മുടെ സമയമായി," ജാൻ പറഞ്ഞു, അവൻ വാതിൽ ശാഖകളിൽ നിന്ന് തള്ളി താഴേക്കിട്ടു. അത് മേശയുടെ മധ്യത്തിൽ വീണു, പെട്ടെന്നുണ്ടായ ആ ആക്രമണത്തില്‍ കള്ളന്മാര്‍ ഭയന്ന് പോയി.  അവര്‍ എല്ലാവരും എങ്ങോട്ടോ ഓടിപ്പോയി. അതോടെ ജാനും ഭാര്യയും മരത്തിൽ നിന്ന് ഇറങ്ങി, തങ്ങള്‍ക്ക് കൊണ്ടുപോകാൻ കഴിയുന്നത്ര പണസഞ്ചികൾ എടുത്ത് നേരെ വീട്ടിലേക്ക് പോയി. 

ജാൻ തന്‍റെ ഭാര്യക്ക് കൂടുതൽ പശുക്കളെയും കൂടുതൽ പന്നികളെയും വാങ്ങിക്കൊടുത്തു. പിന്നീടുള്ള കാലം അവർ സന്തോഷത്തോടെ ജീവിച്ചു.

Post a Comment

0 Comments