ദേവലോകത്തിന്‍റെ അധിപതിയായിരുന്നു ദേവേന്ദ്രന്‍. ദേവഗുരുവായ ബൃഹസ്പതി നിത്യമായി യാഗങ്ങള്‍ നടത്തി ദേവന്മാര്‍ക്ക് ശക്തി നെടിക്കൊടുതുകൊണ്ടിരുന്നു. തത്ഫലമായി ദേവന്മാര്‍ അസുരന്മാര്‍ക്ക് മേല്‍ നിരന്തരം വിജയം നേടിക്കൊണ്ടിരുന്നു. അസുരന്മാര്‍ക്ക് മേല്‍ നേടിയ വിജയം ദേവേന്ദ്രന്‍റെ ഒരല്‍പം അഹങ്കാരിയാക്കാതിരുന്നില്ല.
അങ്ങിനെയിരിക്കെ ഒരു ദിവസം ദേവഗുരു ദേവേന്ദ്രനെ സന്ദര്‍ശിക്കാനെത്തി. ദേവേന്ദ്രന്‍ തന്‍റെ സദസ്സില്‍ നൃത്തം കണ്ടിരിക്കുകയായിരുന്നു. മനോഹരമായ നൃത്തച്ചുവടുകളില്‍ മുഴുകിയിരുന്ന ദേവേന്ദ്രന്‍ ഗുരുവായ ബൃഹസ്പതി കടന്നു വന്നത് അറിഞ്ഞതേയില്ല!
ഇത് ബൃഹസ്പതിയെ കുപിതനാക്കി. അഹങ്കാരിയായ ദേവേന്ദ്രന്‍ തന്നെ മനപ്പൂര്‍വ്വം അവഗണിച്ചതാണ് എന്ന് ബൃഹസ്പതി കരുതി. തന്നെ ആദരിക്കാത്ത ദേവലോകത്ത് ഇനി താന്‍ നില്‍ക്കുകയില്ലെന്ന് അദ്ദേഹം തീരുമാനിച്ചു.
ബൃഹസ്പതി വന്നതിലും വേഗത്തില്‍ ഒരു കൊടുങ്കാറ്റ് പോലെ പുറത്തേയ്ക്ക് പായുന്നത് ദേവേന്ദ്രന്‍റെ ശ്രദ്ധയില്‍ പെട്ടു. ദേവഗുരു എപ്പോഴാണ് എത്തിയതെന്ന് ഇന്ദ്രന് അറിവില്ലായിരുന്നു.എന്നാല്‍ അദ്ദേഹം തിരികെ പോകുന്നത് അത്ര പന്തിയല്ലെന്ന് ദേവേന്ദ്രന്‍ മനസ്സിലാക്കി.
വളരെ പെട്ടെന്ന് തന്നെ ദേവേന്ദ്രന്‍ ഗുരുവിനെ കാണാനായി ആശ്രമത്തിലെത്തി. എന്നാല്‍ അവിടെ ബൃഹസ്പതിയെ കാണാന്‍ സാധിച്ചില്ല. അന്വേഷിച്ചപ്പോള്‍ ബൃഹസ്പതി ദേവലോകം തന്നെ വിട്ടു പോയി എന്നാണ് അറിഞ്ഞത്.
ദേവേന്ദ്രന്‍ ആകെ പരിഭ്രാന്തനായി. "എന്‍റെ അശ്രദ്ധയാണ് എല്ലാത്തിനും കാരണം!" ദേവേന്ദ്രന്‍ സ്വയം പഴിച്ചു.
അതേസമയം അസുരന്മാര്‍ ബൃഹസ്പതി ദേവലോകം ഉപേക്ഷിച്ച വിവരം അറിഞ്ഞു. അവര്‍ക്ക് വളരെ സന്തോഷമായി. ഇത് തന്നെയാണ് ദേവന്മാരെ തോല്‍പ്പിക്കാനുള്ള അവസരമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അധികം വൈകാതെ അസുരന്മാര്‍ ദേവലോകം ആക്രമിച്ചു. ഇത്തവണ ദേവന്മാര്‍ക്ക് അവരെ തടയാന്‍ കഴിഞ്ഞില്ല. യുദ്ധത്തില്‍ പരാജയപ്പെട്ട ദേവേന്ദ്രന്‍ ബ്രഹ്മാവിനെ ചെന്ന് കണ്ട് അദ്ദേഹത്തിന്‍റെ ഉപദേശം തേടി.
"താങ്കള്‍ക്ക് ഇപ്പോള്‍ ആവശ്യം നല്ലൊരു ഗുരുവിനെയാണ്. അതിനായി ത്വഷ്ടാവിന്‍റെ പുത്രനായ വിശ്വരൂപനെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിക്കുക." ബ്രഹ്മാവ് പറഞ്ഞു.
"പക്ഷെ, അദ്ദേഹം നമ്മെ സഹായിക്കുമോ. അദ്ദേഹത്തിന്‍റെ മാതാവ് അസുരകുലത്തില്‍ പെട്ടവളല്ലേ?" ദേവേന്ദ്രന്‍ തന്‍റെ സംശയം ഉണര്‍ത്തിച്ചു.
"അതേ, പക്ഷെ ബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും മുക്തനായവനാണ് വിശ്വരൂപന്‍. അദ്ദേഹം ദേവലോകത്തിന് യോജിച്ച ഒരു ഗുരുവായിരിക്കും." ബ്രഹ്മാവ് പറഞ്ഞു.
വിശ്വരൂപന് മൂന്നു തലകലാണ് ഉണ്ടായിരുന്നത്. അതില്‍ ഒരു വായില്‍ കൂടി ദേവന്മാരെപ്പോലെ സോമരസവും, രണ്ടാമത്തെ വായിലൂടെ മനുഷ്യരെപ്പോലെ ഭക്ഷണവും, മൂന്നാമത്തെ വായിലൂടെ മദ്യവും യഥേഷ്ടം കഴിച്ചു വന്നു.
ഇന്ദ്രന്‍ ബ്രഹ്മോപദേശമനുസരിച്ച് വിശ്വരൂപനെ ദേവഗുരുവായി സ്വീകരിച്ച് യജ്ഞാദികളിലൂടെ ദേവന്മാരുടെ കരുത്ത് വീണ്ടെടുത്തു. അസുരന്മാരെ തോല്പിച്ച് വിജയം തിരിച്ചു പിടിച്ചു.
ദേവന്മാരുടെ വിജയം അറിഞ്ഞ വിശ്വരൂപന്‍ തന്‍റെ മാതാവിന്‍റെ ബന്ധുക്കളായ അസുരന്മാരെ സഹായിക്കണമെന്ന് തീരുമാനിച്ചു. അദ്ദേഹം ദേവന്മാരറിയാതെ രഹസ്യമായി അസുരന്മാര്‍ക്ക് വേണ്ടിയും യജ്ഞങ്ങള്‍ നടത്തി. അങ്ങിനെ കുറച്ചു ദിവസങ്ങള്‍ക്കകം അസുരന്മാര്‍ പൂര്‍വാധികം കരുത്തോടെ ദേവലോകം ആക്രമിച്ചു. തുടര്‍ന്നുള്ള യുദ്ധത്തില്‍ അസുരന്മാരെ തുരത്തിയോടിക്കാന്‍ ദേവന്മാര്‍ക്ക് കഠിനപ്രയത്നം തന്നെ വേണ്ടി വന്നു.
ദേവേന്ദ്രന്‍ എന്ത് കൊണ്ടാണ് അസുരന്മാര്‍ ശക്തി പ്രാപിച്ചത് എന്ന് മറ്റ് ദേവന്മാരുമായി കൂടിയാലോചിച്ചു. വീണ്ടും അവര്‍ വിശ്വരൂപമഹര്‍ഷിയെ സന്ദര്‍ശിച്ച് തങ്ങള്‍ക്കായി യാഗം നടത്താന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ ദേവേന്ദ്രന്‍ വിശ്വരൂപമഹര്‍ഷിയുടെ ചതി മനസ്സിലായി. കുപിതനായ ദേവേന്ദ്രന്‍ വാളെടുത്ത് വിശ്വരൂപമഹര്‍ഷിയുടെ മൂന്ന് ശിരസ്സുകളും അരിഞ്ഞുവീഴ്ത്തി.
മൂന്ന് ശിരസ്സുകളും അപ്പോള്‍ പക്ഷികളായി മാറി. സുരപാനം നടത്തുന്ന ശിരസ്സ് കലവിംഗമെന്ന പക്ഷിയായി. സോമപാനം ചെയ്യാറുള്ള ശിരസ്സ് കപിഞ്ജലം എന്ന പക്ഷിയായി അന്നം ഭക്ഷിക്കുന്ന ശിരസ്സ് തിത്തിരിപ്പക്ഷിയായി. മൂന്നു പക്ഷികളും അവിടെ നിന്നും പറന്നകന്നു.
വിശ്വരൂപന്‍റെ പിതാവ് ത്വഷ്ടാവ് ദിവ്യദൃഷ്ടിയിലൂടെ തന്‍റെ മകന് സംഭവിച്ചത് അറിഞ്ഞു. ഇന്ദ്രന്‍റെ പ്രവൃത്തിയില്‍ ത്വഷ്ടാവ് അതിയായി ദുഃഖിച്ചു. ഇന്ദ്രനെ വധിക്കുന്നതിനായി അദ്ദേഹം ശക്തനായൊരുവനെ സൃഷ്ടിക്കാന്‍ ഹോമം നടത്തി. ത്വഷ്ടാവ് മന്ത്രം ഉച്ചരിച്ച് ഘോരരൂപനായ വൃതനെന്ന ഒരു സത്വത്തെ ആവിര്‍ഭവിപ്പിച്ചു.
"ഹേ, വൃതാ...നീ ഇന്ദ്രനെ കണ്ടെത്തി വധിക്കണം" ത്വഷ്ടാവ് കല്‍പ്പിച്ചു.
വൃതന്‍ ദേവലോകത്തെത്തി ദേവന്മാരെ ആക്രമിച്ചു. ദേവന്മാര്‍ എയ്ത അമ്പുകളും, കുന്തങ്ങളും വൃതന്‍ വിഴുങ്ങിക്കളഞ്ഞു. ദേവന്മാര്‍ ഭയപ്പെട്ട് ചിതറിയോടി.
ദേവന്മാര്‍ ഒടുവില്‍ വിഷ്ണുവിനെത്തന്നെ ശരണം പ്രാപിച്ചു. ദേവന്മാര്‍ ഭഗവാന്‍റെ ദിവ്യാവതാരങ്ങളെയും ദിവ്യായുധങ്ങളേയും പ്രകീര്‍ത്തിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒടുവില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് അവരോട് പറഞ്ഞു.
"ത്വഷ്ടാവിന്‍റെ തപഷക്തിയില്‍ നിന്നും ഉടലെടുത്ത വൃതനെ വധിക്കാന്‍ ത്വഷ്ടാവിന് തുല്യനായ ദധീചി മഹര്‍ഷിയുടെ അസ്ഥികള്‍ കൊണ്ടുണ്ടാക്കിയ ആയുധതിനെ കഴിയൂ. അത് കൊണ്ട് ദധീചി മഹര്‍ഷിയെ സമീപിക്കുക, അദ്ദേഹത്തിന്‍റെ അസ്ഥി നിങ്ങള്‍ക്ക് നല്കുവാന്‍ യാചിക്കുക. ദധീചിയുടെ അസ്ഥികള്‍ കൊണ്ട് ഒരു വജ്രായുധം നിര്‍മ്മിച്ച് വൃതനെ നേരിടുക."
ദേവന്മാര്‍ ആകെ വിഷമത്തിലായി. ദധീചി മഹര്‍ഷിയോട് എങ്ങിനെയാണ് അസ്ഥികള്‍ ചോദിക്കുക? അദ്ദേഹം അങ്ങിനെയൊരു ത്യാഗം ചെയ്യുമോ? അവര്‍ ആശയക്കുഴപ്പത്തിലായി.
എന്നാല്‍ വിഷ്ണുഭാഗവാന്‍ അവര്‍ക്ക് ഉറപ്പ് കൊടുത്തു. അങ്ങിനെ ദേവന്മാര്‍ ദധീചിയുടെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. ദേവന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് ദധീചി ധ്യാനത്തിലൂടെ തന്‍റെ ശരീരം ഉപേക്ഷിച്ച് മഹാവിഷ്ണുവി ലയിച്ചു.
ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവ് ദധീചിയുടെ അസ്ഥികള്‍ ഉപയോഗിച്ച് വജ്രായുധം നിര്‍മ്മിച്ചു. വജ്രായുധം കയ്യില്‍ വന്നതും ദേവേന്ദ്രന്‍ പുതിയ കരുത്തോടെ ഐരാവതത്തിന്‍റെ പുറത്തേറി ദേവസൈന്യത്തെ നയിച്ചു. നര്‍മ്മദാ നദിക്കരയില്‍ ദേവാസുരന്മാര്‍ തമ്മില്‍ അതിഘോരമായ യുദ്ധം നടന്നു. അസുരന്മാര്‍ പരാജയപ്പെടുമെന്ന ഘട്ടമായതും വൃതന്‍ പാഞ്ഞെത്തി. ദേവേന്ദ്രന്‍ വൃതനെ ആക്രമിച്ചു. ഇന്ദ്രന്‍ തന്‍റെ ഗദയുമായി വൃതനെ നേരിട്ടു. വൃതന്‍ അതിനെ അനായാസം തട്ടിമാറ്റി. എന്നിട്ട ആ ഗദ പിടിച്ചുവാങ്ങി വൃതന്‍ ഐരവതത്തെ അടിച്ചു. പതറിപ്പോയ ആന പിന്തിരിയാന്‍ തുടങ്ങി. ഇന്ദ്രന്‍ ഒരുവിധം അതിനെ സമാധാനിപ്പിച്ച് മുന്നോട്ട് കുതിച്ചു.
വൃതന്‍ തന്‍റെ ത്രിശൂലവുമായി ഇന്ദ്രന് നേരെ കുതിച്ചു. ഇന്ദ്രന്‍ ത്രിശൂലത്തെ തടഞ്ഞുകൊണ്ട് വൃതന്‍റെ ഒരു കൈ വജ്രായുധം ഉപയോഗിച്ചു വെട്ടിമാറ്റി. എന്നാല്‍ വൃതന്‍ മറ്റേ കൈ കൊണ്ട് തന്‍റെ ഗദ എറിഞ്ഞു ഇന്ദ്രന്‍റെ വജ്രായുധം താഴെ വീഴ്ത്തി.
വജ്രായുധം നഷ്ടപ്പെട്ട ഇന്ദ്രനോട് വൃതന്‍ ആയുധം വീണ്ടെടുത്ത് യുദ്ധം തുടരാന്‍ ആവശ്യപ്പെട്ടു. വൃതന്‍റെ വിജ്ഞാനത്തില്‍ ഇന്ദ്രന് മതിപ്പ് തോന്നും വിധമായിരുന്നു വൃതന്‍ സംസാരിച്ചത്.
ധര്‍മത്തെപറ്റി സംസാരിച്ചു കൊണ്ട് അവര്‍ യുദ്ധം തുടര്‍ന്നു. ഇന്ദ്രന്‍ വൃതന്‍റെ അടുത്ത കയ്യും വജ്രായുധത്താല്‍ മുറിച്ച് വീഴ്ത്തി. പക്ഷെ വൃതന്‍ തന്‍റെ വായ് തുറന്ന് ഇന്ദ്രനെ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. എന്നാല്‍ ഇന്ദ്രന്‍ വജ്രായുധം കൊണ്ട് വൃതന്‍റെ വയര്‍ കീറി പുറത്ത് വന്നു. എന്നിട്ട് വൃതന്‍റെ തല അറുത്തു മാറ്റി. വൃത്രാസുരൻ മരണമടഞ്ഞതും, അവന്റെ ശരീരത്തിൽ നിന്ന് ഒരു പ്രകാശം പുറപ്പെട്ട് ശ്രീ ഹരിയിൽ ലയിച്ചു.


0 Comments