ഹിരണ്യാക്ഷൻ എന്ന ഒരു അസുരൻ ഒരിയ്ക്കല്‍ ഭൂമീദേവിയെ എടുത്തുകൊണ്ടുപോയി പാതാളത്തിൽ ഒളിപ്പിച്ചു. മഹാവിഷ്ണു ഒരു പന്നിയുടെ രൂപത്തിൽ അവതരിച്ച് തന്‍റെ തേറ്റയില്‍ താങ്ങിയെടുത്ത് ഭൂമീദേവിയെ തിരികെ എടുത്തുകൊണ്ടുവന്നു. പിന്തുടര്‍ന്നെത്തിയ ഹിരണ്യാക്ഷനുമായി വരാഹരൂപത്തിലുള്ള വിഷ്ണു യുദ്ധത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഹിരണ്യാക്ഷനേ വധിക്കുകയും ചെയ്തു. യുദ്ധസമയത്ത് വിഷ്ണുവിന്‍റെ വിയര്‍പ്പില്‍ നിന്നും ജനിച്ച മകനാണ് നരകാസുരന്‍. (വരാഹമൂർത്തിക്ക് ഭൂമീദേവിയിൽ ജനിച്ച പുത്രനാണ് നരകാസുരനെന്ന് ഭാഗവതത്തിലും കശ്യപപ്രജാപതിക്ക് കാളിക എന്ന പത്നിയിൽ ജനിച്ചവനാണെന്ന് വാല്മീകി രാമായണത്തിലും പ്രസ്താവമുണ്ട്).
![]() |
| Image generated with leonardo.ai |
തൻ്റെ ദുഷ്ട പ്രവർത്തികൾക്ക് ശക്തി വർദ്ധിപ്പിക്കാൻ നരകാസുരൻ വളരെക്കാലം ബ്രഹ്മാവിനെ തപസ്സുചെയ്തു . ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടപ്പോൾ അവൻ വരം യാചിച്ചു : "ബ്രഹ്മദേവാ, എന്നെ എന്‍റെ അമ്മയല്ലാതെ മറ്റാര്‍ക്കും എന്നെ വദിക്കാന്‍ സാധിക്കരുത് എന്ന വരം തരണം !"
ഒരമ്മ ഒരു കാരണവശാലും മകനെ കൊല്ലുകയില്ലെന്ന ഉറപ്പുള്ളതിനാലാണ് നരകാസുരൻ അപ്രകാരം ഒരു വരം ചോദിച്ചത് . ബ്രഹ്മാവ് വരം കൊടുക്കുകയും ചെയ്തു .
വരം ലഭിച്ചതോടെ അഹങ്കാരിയായ നരകാസുരൻ തന്‍റെ ക്രൂരത തുടര്‍ന്നു. നരകാസുരൻ സകല രാജാക്കന്മാരെയും തോല്പിച് തടവറയിലടച്ചു .നരകാസുരന്റെ കാരാഗ്രഹത്തില്‍ പതിനാറായിരത്തിലധികം കന്യകമാരെ തടവിലാക്കി. എന്തിനധികം ദേവന്മാരെയും പരാജയപ്പെടുത്തി അസുരന്മാരുടെ നേതാവായി അവൻ രാജ്യം ഭരിക്കാൻ തുടങ്ങി . നരകാസുരൻ ദേവലോകം ആക്രമിച്ച് ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും വരുണന്‍റെ വെൺകൊറ്റക്കുടയും കരസ്ഥമാക്കുകയുണ്ടായി.
ഒടുവിൽ നരകാസുരന്‍റെ ദ്രോഹം സഹിക്കാൻ വയ്യാതെ ദേവേന്ദ്രന്‍ ശ്രീകൃഷ്ണനെ ശരണം പ്രാപിച്ചു . ഇന്ദ്രനില്‍ നിന്നും നരകാസുരന്‍റെ ക്രൂരതകള്‍ കേട്ട ശ്രീകൃഷ്ണന്‍ നരകാസുരനെ നേരിടാന്‍ തയ്യാറായി. കൃഷ്ണന്‍ തന്‍റെ ശംഖ് ചക്രാദികള്‍ ധരിക്കേണ്ട താമസം, ഗരുഡന്‍ കൃഷ്ണനെ വഹിക്കാന്‍ പറന്നെത്തി. ശ്രീകൃഷ്ണൻ സത്യഭാമയെയും കൂട്ടി പ്രാഗ്ജ്യോതിഷം എന്ന നരകാസുരന്‍റെ രാജ്യത്തിലേയ്ക്ക് യാത്രയായി.
അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രാഗ്ജ്യോതിഷത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള അനുവാദം നരകാസുരന്‍ കൊടുത്തിരുന്നില്ല. ഗരുഡന്‍റെ യാത്ര തടഞ്ഞുകൊണ്ട് പടുകൂറ്റന്‍ പര്‍വതങ്ങള്‍ ഉയര്‍ന്നു നിന്നു. ഗരുഡന്‍ ഏത് ദിശയിലേയ്ക്ക് തിരിഞ്ഞാലും പര്‍വതനിരകള്‍ തടസ്സം സൃഷ്ടിച്ചു. പക്ഷേ ശ്രീകൃഷ്ണന്‍ അവയെല്ലാം തന്‍റെ ഗദ കൊണ്ട് തച്ചുടച്ചു. മുന്നോട്ട് നീങ്ങിയ അവരെ നേരിട്ടത് തുടര്‍ച്ചയായ ശരവര്‍ഷമാണ്. എന്നാല്‍ ശ്രീകൃഷ്ണന്‍ അവയെല്ലാം തകര്‍ത്ത് കളഞ്ഞു. പെട്ടെന്ന് അവര്‍ക്ക് മുന്നില്‍ അതിശക്തമായ തിരമാലകള്‍ ഉയര്‍ന്നു വന്നു. ശ്രീകൃഷ്ണന്‍ തന്‍റെ സുദര്‍ശനചക്രത്താല്‍ തിരകളെ അരിഞ്ഞു വീഴ്ത്തി. പിന്നീടെത്തിയ അഗ്നിയെയും സുദര്‍ശനചക്രം തടഞ്ഞ് അവര്‍ക്ക് വഴിയൊരുക്കി. അടുത്തത് അവരെ നേരിട്ടത് കൊടുങ്കാറ്റായിരുന്നു. കൊടുങ്കാറ്റു ഗരുഡനെ പുറകിലെ അഗ്നിയിലേയ്ക്ക് തള്ളി നീക്കി. എന്നാല്‍ അവിടെയും സുദര്‍ശനചക്രം കാറ്റിന്‍റെ വഴിതിരിച്ച് തടസ്സങ്ങള്‍ നീക്കി.
നരകാസുരന്‍റെ കൊട്ടാരത്തിനടുത്തെത്തിയതും അസുരസേന മുരന്‍റെ നേതൃത്വത്തില്‍ അവരെ ആക്രമിച്ചു. ശ്രീകൃഷ്ണന്‍ അനായാസം അവരുടെ ആയുധങ്ങളെ പരാജയപ്പെടുത്തി. സുദര്‍ശനചക്രമുപയോഗിച്ച് മുരന്‍റെ ശിരസ്സ് ഛേദിച്ചു.
തുടര്‍ന്ന് നരകാസുരന്‍ നേരിട്ടു കൃഷ്ണനെ ആക്രമിച്ചു. ശ്രീകൃഷ്ണന്‍റെ ആയുധങ്ങൾക്കൊന്നും അസുരനെ ഒരു പോറലേല്പിക്കാൻപോലും പറ്റിയില്ല. തന്‍റെ ചക്രായുധം പ്രയോഗിച്ച് കൃഷ്ണന്‍ അവന്‍റെ കുണ്ഡലങ്ങള്‍ വീഴ്ത്തി. ശ്രീകൃഷ്ണന്‍ അസുരനെ നേരിടാന്‍ പരിശ്രമിക്കുന്നതിനിടയില്‍ സത്യഭാമ നരകാസുരന് നേരെ ഒരമ്പയച്ചു. അത് തറച്ച ഉടൻ നരകാസുരൻ മരിച്ചുവീണു. ഭൂമീദേവിക്കു മാത്രമേ നരകാസുരനെ വധിക്കാൻ കഴിയു എന്ന വരം സത്യമായി. ശ്രീകൃഷ്ണന്‍റെ പത്നിയും സത്രാജിത്തിന്‍റെ മകളുമായ സത്യഭാമ ഭൂമിദേവിയുടെ അവതാരമായിരുന്നു .
നരകാസുരന്‍ തടവിൽ പാർപ്പിച്ചിരുന്ന പതിനാറായിരം രാജകന്യകമാരെ ശ്രീകൃഷ്ണൻ പത്നിമാരായി സ്വീകരിച്ചു. നരകാസുരവധത്തിന്‍റെ സ്മരണാർഥമാണ് ദീപാവലി ആഘോഷം എന്നാണ് ഐതിഹ്യം.


0 Comments