കൈലാസപർവ്വതത്തിൽ പരമശിവനും പാർവതീദേവിയും സന്തോഷത്തോടെ താമസിച്ചു വരികയായിരുന്നു. ഒരു ദിവസം, ശിവൻ ധ്യാനത്തിൽ ഇരിക്കുമ്പോൾ പാർവതീദേവി സ്നേഹത്തോടെ അദ്ദേഹത്തിന്‍റെ പിന്നിൽ എത്തി കളിയായി കണ്ണുകൾ പൊത്തി.
എന്നാൽ ശിവന്‍റെ കണ്ണുകളിൽ നിന്നും പുറപ്പെടുന്ന ശക്തമായ ദിവ്യപ്രകാശം പാർവതീദേവിയുടെ കൈകൾക്ക് സഹിക്കാനായില്ല. ദേവിയുടെ കൈകള്‍ വിയർത്തു തുടങ്ങി. ആ വിയർപ്പുതുള്ളികൾ ഭൂമിയിൽ വീണു. ആ ദിവ്യവിയർപ്പിൽ നിന്ന് ഒരു കുഞ്ഞ് ജനിച്ചു. ആ കുഞ്ഞിന് കാഴ്ചയില്ലായിരുന്നു. അതുകൊണ്ട് അവന് അന്ധകൻ എന്ന പേരിട്ടു.
അതേ സമയം, ഹിരണ്യാക്ഷൻ എന്ന ഒരു അസുരൻ, നല്ലൊരു പുത്രൻ ലഭിക്കണമെന്ന ആഗ്രഹത്തോടെ ശിവനെ ഭക്തിയോടെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശിവൻ ഹിരണ്യാക്ഷന്‍റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അന്ധകനെ ഹിരണ്യാക്ഷന് നൽകുകയും ചെയ്തു. അങ്ങനെ അന്ധകൻ അസുരരാജാവിന്‍റെ മകനായി വളർന്നു. അവൻ പിന്നീട് അന്ധകാസുരൻ എന്നറിയപ്പെട്ടു.
ഹിരണ്യാക്ഷൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന് ശേഷം, അവന്‍റെ ബന്ധുക്കൾ അന്ധകനെ രാജ്യം വിട്ടുപോകാൻ നിർബന്ധിച്ചു. രാജ്യം നഷ്ടപ്പെട്ടതിൽ ദുഃഖിതനായ അന്ധകൻ കാട്ടിലേക്ക് പോയി, ബ്രഹ്മാവിനെ മനസ്സിൽ ധ്യാനിച്ചു കഠിനമായ തപസ്സ് ചെയ്തു.
അവന്‍റെ ഭക്തിയിൽ സന്തോഷിച്ച ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ടു.
“മകനേ, എന്ത് വരമാണ് നീ ആഗ്രഹിക്കുന്നത്?” ബ്രഹ്മദേവൻ ചോദിച്ചു.
അന്ധകൻ പറഞ്ഞു: “എനിക്ക് കാഴ്ചശക്തി കിട്ടണം. പിന്നെ ഞാൻ ഒരിക്കലും മരിക്കാതിരിക്കണം.”
ബ്രഹ്മാവ് സ്നേഹത്തോടെ പറഞ്ഞു: “കണ്ണുകാണാനുള്ള വരം ഞാൻ നൽകാം. പക്ഷേ, അമരത്വം നൽകാൻ എനിക്ക് കഴിയില്ല. വേറെ ഒരു വരം ചോദിക്കൂ.”
അപ്പോൾ അന്ധകൻ കുറച്ച് ആലോചിച്ചു പറഞ്ഞു: “എങ്കിൽ, എന്‍റെ അമ്മയെപ്പോലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഞാൻ ശ്രമിച്ചാൽ മാത്രമേ എനിക്ക് മരണം ഉണ്ടാകാന്‍ പാടുള്ളൂ.”
ബ്രഹ്മാവ് അത് സമ്മതിച്ചു.
വരം ലഭിച്ച അന്ധകൻ കാഴ്ചശക്തിയുള്ളവനായി, അതീവ ശക്തനായി മാറി. അവൻ തന്‍റെ രാജ്യം തിരികെ പിടിച്ചു, അന്ധകൻ ആദ്യം ചെയ്തത് സ്വർഗ്ഗലോകം (സ്വർഗ്ഗം) ആക്രമിക്കുക എന്നതായിരുന്നു. അദ്ദേഹം ശക്തനായ ദേവേന്ദ്രനെയും മറ്റ് ദേവതകളെയും പരാജയപ്പെടുത്തി, അവരെക്കൊണ്ട് അസുരന്മാർക്ക് നികുതി കൊടുക്കിപ്പിച്ചു. തുടർന്ന് മൂന്നു ലോകങ്ങളും കീഴ്പ്പെടുത്തി, സര്‍വശക്തനായ രാജാവായി
ഒരു ദിവസം, അന്ധകൻ അതിസുന്ദരിയായ ഒരു ദേവിയെ കണ്ടു. അവളുടെ സൗന്ദര്യം കണ്ടപ്പോൾ അവൻ അതീവ ആകർഷിതനായി. അവളെ ഭാര്യയാക്കണമെന്ന് ആഗ്രഹിച്ചു.
അവൻ അവളുടെ അടുത്ത് ചെന്നു വിവാഹാഭ്യർത്ഥന നടത്തി.
അപ്പോൾ ആ ദേവി ശാന്തമായി പറഞ്ഞു: “ഞാൻ വിവാഹിതയാണ്. എന്‍റെ ഭർത്താവിനെ യുദ്ധത്തിൽ തോൽപ്പിച്ചാൽ മാത്രമേ നിനക്ക് എന്നെ സ്വന്തമാക്കാനാകൂ.”
“ഈ മൂന്നു ലോകങ്ങളിലും എന്നെ തോൽപ്പിക്കാൻ ആരുമില്ല!” അന്ധകൻ അഭിമാനത്തോടെ പറഞ്ഞു.
എന്നാൽ അവൻ അറിയാതെ പോയ ഒരു സത്യം ഉണ്ടായിരുന്നു — ആ സുന്ദരി പാർവതീദേവിയായിരുന്നു, അവന്‍റെ സ്വന്തം അമ്മ!
അങ്ങിനെ പരമശിവനുമായി അന്തകന്‍ യുദ്ധം ആരംഭിച്ചു. ഘോരമായ യുദ്ധത്തിന് ഒടുവിൽ ലോകരക്ഷയ്ക്കായി പരമശിവൻ അന്ധകനെ വധിച്ചു.


0 Comments