ഒരിയ്ക്കല്‍ ഒരു വ്യാപാരി വ്യാപാര ആവശ്യത്തിനായി അടുത്ത ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. കുറച്ചു നേരം യാത്ര ചെയ്ത ശേഷം അദ്ദേഹത്തിന് ക്ഷീണവും ദാഹവും അനുഭവപ്പെട്ടു. ഭക്ഷണം കഴിച്ച് കുറച്ചു നേരം വിശ്രമിക്കാൻ വേണ്ടി ഒരു വലിയ തണൽ മരത്തിന്‍റെ ചുവട്ടിൽ നിർത്തി.
ഭക്ഷണം കഴിക്കാനായി അയാള്‍ തന്‍റെ അടങ്ങിയ ബാഗ് തുറന്നു. കുറച്ച് ബിസ്കറ്റുകളും ഈത്തപ്പഴങ്ങളും എടുത്തു കഴിച്ചു. ഈത്തപ്പഴങ്ങൾ കഴിച്ചു തീര്‍ന്നതും അയാള്‍ ഈത്തപ്പഴത്തിന്റെ വിത്തുകൾ വളരെ ശക്തിയോടെ ദൂരെയ്ക്ക് എറിഞ്ഞു.
"നീ എവിടെയാണോ അവിടെത്തന്നെ ഇരിക്കൂ. നീ അനങ്ങിയാല്‍ ഞാൻ നിന്നെ കൊന്നു കളയും."
വ്യാപാരി അത്ഭുതപ്പെട്ടു.
"നിങ്ങള്‍ ആരാണ്? എന്തിനാണ് എന്നെ കൊല്ലുമെന്ന് പറയുന്നത്? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ? " അയാൾ ചോദിച്ചു.
"തീര്‍ച്ചയായും നീ ഒരു കുറ്റകൃത്യം ചെയ്തു," ശബ്ദം മറുപടി നൽകി. "നീ എന്‍റെ മകനെ കൊലപ്പെടുത്തി."
വ്യാപാരി ചുറ്റും നോക്കി, പക്ഷേ അവിടെയെങ്ങും ആരെയും കാണാൻ കഴിഞ്ഞില്ല. അത് പറഞ്ഞയാള്‍ അദൃശ്യനായിരുന്നു.
"അതെങ്ങിനെ ശരിയാകും. ഞാന്‍ ആരെയും ഇവിടെയെങ്ങും കണ്ടിട്ടു പോലുമില്ല. പിന്നെ എനിക്ക് എങ്ങനെ നിങ്ങളുടെ മകനെ കൊല്ലാൻ കഴിയും?" വ്യാപാരി ചോദിച്ചു.
"നീ വളരെ ശക്തിയോടെയല്ലേ ഈന്തപ്പഴ വിത്തുകൾ എറിഞ്ഞത്, അവ എന്‍റെ മകന്‍റെ മേലാണ് വന്നു വീണത്. അങ്ങിനെയാണ് അവന്‍ മരണപ്പെട്ടത്," ശബ്ദം പറഞ്ഞു. " അതിന് പകരമായി ഇപ്പോൾ, ഞാൻ നിന്നെ കൊല്ലും.”
"പക്ഷേ താങ്കള്‍ ആരാണ്?" വ്യാപാരി ഭയത്തോടെ ചോദിച്ചു. ഉടന്‍ തന്നെ ഒരു ഭൂതംഅയാളുടെ മുന്പില്‍ പ്രത്യക്ഷപ്പെട്ടു.
വ്യാപാരി ഭയന്നു പോയി. അയാള്‍ കരുണയ്ക്കായി യാചിച്ചു. പക്ഷേ, ഭൂതം അവനോട് ക്ഷമിക്കാൻ തയ്യാറായിരുന്നില്ല. അതോടെ വ്യാപാരി ഭൂതത്തോട് ഒരു വർഷം കൂടി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. മരിക്കുന്നതിന് മുമ്പ് വീട്ടിൽ പോയി തന്‍റെ ഭാര്യയോടും മകനോടും വിട പറയാൻ അവൻ ആഗ്രഹിച്ചു.
ഭൂതം അതിന് സമ്മതിച്ചു. പക്ഷേ ഒരു വർഷത്തിനുശേഷം അതേ സമയത്ത് തന്നെ അതേ സ്ഥലത്തേക്ക് തിരിച്ചെത്തുമെന്ന് വ്യാപാരിയിൽ നിന്ന് ഒരു വാഗ്ദാനം വാങ്ങി. അവൻ തിരിച്ചെത്തിയില്ലെങ്കിൽ, ഭൂതം അവനെയും കുടുംബത്തെയും അന്വേഷിച്ച് കണ്ടുപിടിച്ച് കൊല്ലുമെന്നും ഭൂതം ഭീഷണിപ്പെടുത്തി. വ്യാപാരി അപ്രകാരം വാഗ്ദാനം ചെയ്ത് ഭാര്യയുടെയും മകന്‍റെയും അടുത്തേക്ക് മടങ്ങി.
ദൂര യാത്ര പോയ വ്യാപാരി ഇത്ര പെട്ടെന്ന് മടങ്ങിവരുന്നത് കണ്ട് ഭാര്യയും മകനും അത്ഭുതപ്പെട്ടു. അവര്‍ അയാളോട് കാരണം ചോദിച്ചു. വ്യാപാരി അവരോട് തനിക്ക് സംഭവിച്ച പിഴവിനെ പറ്റിയും, ഭൂതത്തിന്‍റെ ഭീഷണിയെ പറ്റിയും പറഞ്ഞു. രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്ന് മനസ്സിലാക്കിയ വ്യാപാരി തന്‍റെ കുടുംബത്തോടുള്ള എല്ലാ ഉത്തരവാദിത്തങ്ങളും പൂർത്തിയാക്കാൻ തീരുമാനിച്ചു.
തന്‍റെ എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം, ഭാര്യയോടും മകനോടും യാത്ര പറഞ്ഞ് അയാള്‍ ഭൂതത്തെ കാണാൻ കുതിരപ്പുറത്ത് കയറി പുറപ്പെട്ടു. താമസിയാതെ അയാള്‍ അതേ സ്ഥലത്ത് എത്തിച്ചെര്‍ന്നു, അതേ മരത്തിന്റെ ചുവട്ടിൽ അയാള്‍ ദുഃഖത്തോടെ ഭൂതത്തിനെയും കാത്ത് ഇരുന്നു.
വ്യാപാരി തന്‍റെ ദുര്‍വിധി ഓര്‍ത്ത് ദുഖിതനായി അങ്ങിനെ ഇരിക്കവേ, ഒരു വൃദ്ധൻ ഒരു മാനുമായി അത് വഴി വന്നു.
"നീ എന്തിനാണ് ഈ ഏകാന്തതയില്‍ തനിയെ ദുഖിച്ച് ഇരിക്കുന്നത്?" വൃദ്ധന്‍ വ്യാപാരിയോട് ചോദിച്ചു.
വ്യാപാരി ഭൂതത്തിനോട് താന്‍ കൊടുത്ത വാഗ്ദാനവും അതിനിടയാക്കിയ സംഭവവും പറഞ്ഞു. അയാളുടെ കഥ കേട്ട വൃദ്ധന്‍ തനിക്ക് എങ്ങിനെ അയാളെ സഹായിക്കാനാകും എന്നറിയാതെ വിഷമിച്ചു.
താമസിയാതെ, മറ്റൊരു വൃദ്ധൻ രണ്ട് കറുത്ത നായ്ക്കളുമായി അവിടെയെത്തി. ഇരുവരെയും കണ്ട് അയാള്‍ അവരുടെ അടുത്തെത്തി. ആദ്യത്തെ വൃദ്ധൻ വ്യാപാരിയുടെ സങ്കടകരമായ കഥ അദ്ദേഹത്തോട് പറഞ്ഞു. രണ്ട് വൃദ്ധരും വ്യാപാരിയെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ ആശ്വാസവാക്കുകള്‍ കൊണ്ട് എന്തു കാര്യം? എന്തായാലും അവര്‍ അയാളോടൊപ്പം അവിടെ ഭൂതത്തിനായി കാത്തിരിക്കാന്‍ തീരുമാനിച്ചു.
പെട്ടെന്ന്, ഭൂതം എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു.
“ഓ, പറഞ്ഞത് പോലെ നീ വന്നുവല്ലോ! ഇനി ഞാൻ നിന്നെ കൊല്ലും!” ഭൂതം അലറി.
ആദ്യത്തെ വൃദ്ധൻ ജിനിയുടെ കാൽക്കൽ വീണു പറഞ്ഞു,
“ദയവായി കാത്തിരിക്കൂ. ആദ്യം നീ എന്‍റെ കഥയൊന്ന് കേൾക്കൂ. നിങ്ങൾക്ക് അത് അതിശയകരമായി തോന്നുന്നുവെങ്കിൽ, പാവം വ്യാപാരിയോട് നിങ്ങൾ തീര്‍ച്ചയായും ക്ഷമിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
ഭൂതം ആദ്യത്തെ വൃദ്ധന്‍റെ കഥ കേൾക്കാൻ സമ്മതിച്ചു.
വ്യാപാരിയും ഭൂതവും - ഭാഗം 2 ആദ്യത്തെ വൃദ്ധന്‍റെ കഥ അടുത്ത ദിവസം


0 Comments