വേനൽക്കാലത്തിലെ ഒരു പ്രഭാതം. ഇര തേടിയിറങ്ങിയ ഒരു കുറുക്കൻ ചെന്ന് പെട്ടത് ഒരു വലിയ കടുവയുടെ മുന്‍പില്‍! കടുവ പതുക്കെ നടന്ന് കുറുക്കനടുത്തെത്തി. കടുവ നഖങ്ങൾ പുറത്താക്കി, വാ തുറന്ന് പല്ലുകള്‍ ഭീകരമായി കാണിച്ചു കൊണ്ട് ഒറ്റയടിക്ക് കുറുക്കനെ വിഴുങ്ങാനായി തയ്യാറെടുത്തു.
പക്ഷേ കുറുക്കൻ ധൈര്യം സംഭരിച്ചുകൊണ്ട് പറഞ്ഞു:
“പ്രിയ കടുവച്ചാരേ, നിങ്ങൾ മൃഗരാജാവ് എന്നു കരുതുന്നുവെങ്കിലും, എന്‍റെയത്ര ധൈര്യമുണ്ടെന്ന് കരുതുന്നുണ്ടോ? സത്യത്തില്‍ മറ്റുള്ളവര്‍ എന്നെ കണ്ട് ഭയക്കുന്നത് പോലെ നിങ്ങളെ കണ്ട് ഭയപ്പെടുകയില്ല. സംശയമുണ്ടെങ്കില്‍, നിങ്ങള്‍ എന്റെ പിന്നാലെ നടക്കുന്നുവോ? ഞാൻ മുന്നോട്ട് പോകുമ്പോൾ മനുഷ്യർ എനിക്ക് കൃത്യമായി വഴിമാറി പേടിച്ച് ഓടും. അവർ എന്നെ കണ്ടിട്ടും ഭയപ്പെടാതിരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് എന്നെ ഉടനടി തന്നെ തിന്നാം."
കടുവക്കിത് വളരെ കൗതുകമായി തോന്നി. കുറുക്കനെ മനുഷ്യര്‍ തന്നെക്കാളും പേടിക്കുകയോ? അതൊന്ന് കാണണമല്ലോ?
“ശരി, നോക്കാം,” കടുവ കുറുക്കന്റെ പുറകിലേക്ക് നിന്നു.
കുറുക്കൻ ആത്മവിശ്വാസത്തോടെ നീങ്ങിത്തുടങ്ങി. അവർ ഒരു വലിയ പാതയിൽ എത്തിയപ്പോൾ, ആളുകൾ ദൂരത്തുനിന്നു വരുന്നത് കണ്ടു. കടുവയുടെ ഭീകരരൂപം കണ്ടതും ആളുകള്‍ ഭയന്ന് .ചിതറിപ്പോയി, ചിലർ ഓട്ടത്തിനിടയില്‍ വീണു, എന്നിട്ടും ചാടി എഴുന്നേറ്റ് ഓട്ടം തുടര്‍ന്നു മറ്റ് ചിലർ എവിടെയൊക്കെയോ ഒളിച്ചു.
കുറുക്കൻ പിന്നിലേക്ക് തിരിഞ്ഞു കടുവയോടു പറഞ്ഞു:
“ഇപ്പോഴെങ്ങനെയുണ്ട്? ഞാൻ മുന്‍പേ നടന്നത് കൊണ്ട് മനുഷ്യർ എന്നെ കണ്ടു. എന്നാൽ ഒരാൾ പോലും ഈ പ്രദേശത്തെങ്ങും കാണാനില്ല. അവർ പേടിച്ചു ഓടിയത് കണ്ടോ? എന്‍റെ പിന്നില്‍ നിന്നത് കാരണം നിന്നെ അവര്‍ കണ്ടതെയില്ല!"
കടുവ പിന്നെ അവിടെ നിന്നില്ല. അവന്‍ വാലും ചുരുട്ടി എങ്ങോട്ടോ ഓടിപ്പോയി!
കടുവ തന്നത്താന്‍ പറഞ്ഞു —“എന്നാലും കുറുക്കന്‍ ഒരു ഭയങ്കരന്‍ തന്നെ. മനുഷ്യരെല്ലാം കുറുക്കനെയാണ് ഭയപ്പെടുന്നത്…”
എന്നാൽ ഒരു കാര്യം മാത്രം അവന്‍ തിരിച്ചറിഞ്ഞില്ല…
അവർ ഭയപ്പെട്ടത് കുറുക്കനെയല്ല, അവന്‍റെ പിന്നിൽ ഭീമനായി നിന്നിരുന്ന തന്നെയാണ് എന്നത്!


0 Comments