ഒരു പാവപ്പെട്ട കര്‍ഷകനായിരുന്നു ജിങ്ങ്. വളരെ കഷ്ടപ്പെട്ടാണ് അയാളും ഭാര്യയും ജീവിതം തള്ളി നീക്കിയിരുന്നത്. കൂടാതെ അവരോടൊപ്പം ജിങ്ങിന്റെ വയോധികനായ മുത്തച്ഛനും ഉണ്ടായിരുന്നു. ഭാഗ്യദേവത ഒരിക്കല്‍ കണ്ണുതുറക്കും, തങ്ങളുടെ ദാരിദ്ര്യം മാറും എന്ന് ജിങ്ങ് ഭാര്യയോട് പലപ്പോഴും പറയും. ഭാര്യ അതെല്ലാം പുഛിച്ചുതള്ളും.
അങ്ങിനെയിരിക്കെ ഒരു ദിവസം ജിങ്ങ് തന്റെ വയൽ ഉഴുതുമറിക്കുകയായിരുന്നു. പെട്ടെന്ന് കലപ്പ എന്തിലോ കുടുങ്ങി. അദ്ദേഹം മണ്ണ് നീക്കി നോക്കിയപ്പോൾ ഒരു വലിയ വീപ്പയായിരുന്നു കണ്ടത്. ജിങ്ങ് അത് വീട്ടിലേക്ക് കൊണ്ടുവന്നു. വൃത്തിയാക്കിയാൽ വീട്ടുപകരണങ്ങൾ വെക്കാൻ ഉപകരിക്കുമെന്ന് കരുതി ഭാര്യയോട് അത് വൃത്തിയാക്കാൻ പറഞ്ഞു.
ഭാര്യ വീപ്പയുടെ ഉള്‍ഭാഗം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാൻ തുടങ്ങി. ഏറ്റവും അടിയിലേക്ക് കൈ എത്താത്തതിനാൽ, അവൾ ബുദ്ധിമുട്ടി കൈ നീട്ടി വൃത്തിയാക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് അവരുടെ കയ്യിൽ നിന്നും ബ്രഷ് താഴേക്ക് വീണു. അടുത്ത നിമിഷം വീപ്പ ബ്രഷുകളാൽ നിറയാൻ തുടങ്ങി! എത്ര ബ്രഷുകൾ എടുത്താലും പുതിയത് വന്നുകൊണ്ടേയിരുന്നു. ഭയന്ന ഭാര്യ ജിങ്ങിനെ വിളിച്ചു. ആ കാഴ്ച കണ്ട ജിങ്ങും അമ്പരന്നു.
ജിങ്ങ് കുറെ ബ്രഷുകൾ എടുത്ത് ചന്തയിൽ വിറ്റു. തുടര്‍ന്നുള്ള ദിവസങ്ങളിൽ ബ്രഷ് വിറ്റ് അവർ സുഖമായി ജീവിക്കാൻ തുടങ്ങി.
ഒരു ദിവസം ഒരു നാണയം അബദ്ധത്തിൽ വീപ്പയിൽ വീണു. ഉടനെ ബ്രഷുകൾ അപ്രത്യക്ഷമായി; പകരം വീപ്പ പണത്താൽ നിറയാൻ തുടങ്ങി. ഏത് സമയത്തും എത്ര വേണമെങ്കിലും പണം എടുക്കാനാകുന്നതിനാൽ കുടുംബം പെട്ടെന്ന് സമ്പന്നരായി.
പണം ധാരാളമായി കിട്ടിത്തുടങ്ങിയപ്പോൾ ജിങ്ങിന്റെ സ്വഭാവവും മാറി. പണിയൊന്നും ചെയ്യാതെ, ദുർബലനായ മുത്തച്ഛനോട് അവൻ ക്രൂരമായി പെരുമാറി. മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ, മുത്തച്ഛനെ ജിങ്ങ് വീപ്പയിൽ നിന്ന് പണം കോരിയെടുക്കുന്ന ജോലിയിൽ ഏർപ്പെടുത്തി. വാർധക്യത്താൽ ക്ഷീണിതനായ മുത്തച്ഛന് പണി തുടരാൻ കഴിയാതായപ്പോൾ, ജിങ്ങ് അയാളെ ശകാരിക്കുകയും, നിര്‍ദാക്ഷിണ്യം മടിയനെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു.
ഇങ്ങിനെ പണിയെടുത്ത് വൃദ്ധന്റെ ശക്തി മുഴുവൻ ക്ഷയിച്ചു. ഒരു ദിവസം പണം വാരുന്നതിനിടെ കാൽതെറ്റി വീപ്പയിൽ വീണ് അദ്ദേഹം മരണപ്പെട്ടു. ഉടൻ പണം മുഴുവൻ അപ്രത്യക്ഷമാകുകയും പകരം വീപ്പ മരിച്ച മുത്തച്ഛന്മാരുടെ മൃതദേഹങ്ങളാൽ നിറയുകയും ചെയ്തു! ഇത് കണ്ട ജിങ്ങ് ഭ്രാന്തനായി. ഓരോ മൃതദേഹവും പുറത്തെടുത്ത് കുഴിച്ചിടേണ്ടിവന്നു. അതിന് അദ്ദേഹം സമ്പാദിച്ച പണം മുഴുവൻ ചെലവായി. പരിഭ്രാന്തിയും ദേഷ്യവും കൊണ്ട് വീപ്പയിൽ മറ്റെന്തെങ്കിലും ഇടണമെന്നു പോലും അവനു ബോധ്യപ്പെട്ടില്ല.
ഒടുവിൽ, മൃതദേഹങ്ങൾ നീക്കാനുള്ള വെപ്രാളത്തില്‍ വീപ്പ പൊട്ടിപ്പോയി. അതോടെ മൃതദേഹങ്ങൾ അപ്രത്യക്ഷമായി; ജിങ്ങിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടുവെങ്കിലും, വീപ്പ തകര്‍ന്നത് ജിങ്ങിനെ വിഷമത്തിലാക്കി.. ജിങ്ങ് വീപ്പ വീണ്ടും ഒട്ടിച്ച് മാന്ത്രികശക്തി തിരികെ ലഭിക്കുമോ എന്നു നോക്കി. പലതും അതിൽ ഇട്ടുനോക്കിയെങ്കിലും, ഒന്നും ഫലിച്ചില്ല, വീപ്പയ്ക്ക് അതിന്റെ മാന്ത്രിക ശക്തി നഷ്ടപ്പെട്ടിരുന്നു.
അങ്ങനെ ജിങ്ങ് വീണ്ടും തന്റെ പഴയ ദാരിദ്ര്യത്തിലേക്കു മടങ്ങി.


0 Comments