സ്മോൾ പ്രോഫിറ്റും ഗ്രേറ്റ് ഡ്യൂട്ടിയും - ഒരു ചൈനീസ് നാടോടിക്കഥ Small Profit and Great Duty - Chinese Folktale

ഇത് പഴയ ഒരു ചൈനീസ് നാടോടിക്കഥയാണ്. 

പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു വൃദ്ധ ജീവിച്ചിരുന്നു, അവര്‍ക്ക്  രണ്ട് ആൺമക്കളുണ്ടായിരുന്നു. എന്നാൽ അവരുടെ മൂത്ത മകൻ മാതാപിതാക്കളെ സ്നേഹിക്കുകയോ പരിപാലിക്കുകയോ ചെയ്യാന്‍ തയ്യാറാകാതെ അമ്മയെയും സഹോദരനെയും ഉപേക്ഷിച്ചു. ഇളയ പുത്രന്‍ തന്‍റെ അമ്മയെ വളരെ വിശ്വസ്തതയോടെ സേവിച്ചു. നാട്ടുകാര്‍ എല്ലാവരും ആ യുവാവിന്‍റെ മാതൃസ്നേഹത്തെക്കുറിച്ച് പുകഴ്ത്തി പറയാന്‍ മാത്രം ഉദാത്തമായിരുന്നു അയാളുടെ പെരുമാറ്റം.


ഒരു ദിവസം ഗ്രാമത്തിന് പുറത്ത് ഒരു നാടകപ്രദര്‍ശനം  നടക്കുന്ന വിവരം അറിഞ്ഞ അമ്മ ആ നാടകം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇളയ മകന്‍ അമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങിനെ അയാള്‍ അവരെയും ചുമന്നുകൊണ്ട് അങ്ങോട്ട് യാത്ര തുടങ്ങി,. പോകുന്ന വഴിയില്‍ ഒരു മലയിടുക്ക് ഉണ്ടായിരുന്നു. പാവം യുവാവ് ആ മലയിടുക്ക് കടക്കവേ കാല്‍ വഴുതി അതിനുള്ളിലേയ്ക്ക് വീണു. അവരുടെ വീഴ്ചയോടെ വലിയ പാറക്കല്ലുകൾ മുകളില്‍ നിന്നും ഉരുണ്ടു വീണു തുടങ്ങി. ആ കല്ലുകള്‍ വൃദ്ധയായ അമ്മയുടെ മുകളിലായിരുന്നു വന്ന് പതിച്ചത്. അങ്ങിനെ ആ പാവം വൃദ്ധ കൊല്ലപ്പെട്ടു. അവരുടെ ശരീരം മുഴുവന്‍ ചിതറിപ്പോയിരുന്നു. മകൻ ആകെ തകര്‍ന്നു പോയി. അവന്‍ അമ്മയുടെ മൃതദേഹം തലോടി, വാവിട്ടു  കരയാന്‍ തുടങ്ങി. താന്‍ കാരണമാണല്ലോ അമ്മ മരണപ്പെട്ടത് എന്നാലോചിച്ച് ദൂഖം സഹിക്കാനാകാതെ അവന്‍ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.  അപ്പോഴാണ് ഒരു പുരോഹിതന്‍ തന്‍റെ മുന്നിൽ നിൽക്കുന്നത് അയാള്‍ കണ്ടത്.

പുരോഹിതന്‍ പറഞ്ഞു: “നീ വിഷമിക്കേണ്ട, എനിക്ക് നിങ്ങളുടെ അമ്മയെ വീണ്ടും ജീവിപ്പിക്കാൻ കഴിയും!” 

പറഞ്ഞതുപോലെ അദ്ദേഹം കുനിഞ്ഞ് അവരുടെ മാംസവും അസ്ഥികളും ശേഖരിച്ച് അവ ശരിയായ രീതിയില്‍ യോജിപ്പിച്ച് വെച്ചു. പിന്നെ പുരോഹിതന്‍ എന്തോ മന്ത്രങ്ങള്‍ ചൊല്ലി ആ മൃതശരീരത്തിന് മേല്‍ ഊതി. അത്ഭുതകരമെന്ന് പറയട്ടെ,  ഉടനെ തെന്നെ അമ്മയ്ക്കു ജീവന്‍ വെച്ചു. ഇത് മകനെ വളരെയധികം സന്തോഷിപ്പിച്ചു, അവൻ പുരോഹിതനോട് മുട്ടുകുത്തി നന്ദി പറഞ്ഞു. അപ്പോഴാണ് ഒരു മൂർച്ചയുള്ള പാറക്കഷണത്തിൽ അമ്മയുടെ ശരീരത്തിന്‍റെ ഒരു ഭാഗം തൂങ്ങിക്കിടക്കുന്നത് അയാൾ കണ്ടത്, ഏകദേശം ഒരു ഇഞ്ച് നീളം വരുന്ന ഒരു മാസക്കഷണം!

“അയ്യോ, അതെന്‍റെ അമ്മയുടേതല്ലേ. അത് അവിടെ അങ്ങിനെ തൂങ്ങിക്കിടക്കരുത്,” അയാൾ കരുതി, എന്നിട്ട് അത് എടുത്ത് തന്‍റെ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചു.

“സത്യത്തിൽ, ഒരു മകൻ ഒരമ്മയെ എങ്ങിനെ സ്നേഹിക്കേണ്ടതുണ്ടോ, അത് പോലെ നീ നിന്‍റെ അമ്മയെ സ്നേഹിക്കുന്നു,” പുരോഹിതൻ പറഞ്ഞു. എന്നിട്ട് അയാൾ മകനോട് ആ മാംസക്കഷണം അദ്ദേഹത്തിന് കൊടുക്കാൻ പറഞ്ഞു, അതിൽ നിന്ന് ഒരു ചെറുരൂപം കുഴച്ചുണ്ടാക്കി, അതിന് ജീവന്‍ വെപ്പിച്ചു. ഒരു മിനിറ്റിനുള്ളിൽ ആ രൂപം ജീവനോടെ അവിടെ എഴുന്നേറ്റ് നിന്നു, ശരിക്കും സുന്ദരനായ ഒരു കൊച്ചു ആണ്‍കുട്ടി.

“അവന്‍റെ പേര് സ്മോൾ പ്രോഫിറ്റ് എന്നാണ്,” പുരോഹിതന്‍ മകനു നേരെ തിരിഞ്ഞു പറഞ്ഞു, “നിങ്ങൾക്ക് അവനെ നിന്‍റെ സഹോദരൻ എന്ന് കരുതി വിളിക്കാം. നീ ദരിദ്രനാണ്, നിന്‍റെ അമ്മയെ പോറ്റാൻ നിനക്ക് വകയില്ലല്ലോ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, സ്മോൾ പ്രോഫിറ്റ് അത് നിനക്ക് വേണ്ടി എത്തിച്ച്തരും.”

മകൻ വീണ്ടും അദ്ദേഹത്തോട് നന്ദി പറഞ്ഞു, പിന്നെ അമ്മയെ വീണ്ടും ചുമലിലേറ്റി, പുതിയ ഇളയ സഹോദരനെ കൈപിടിച്ച് വീട്ടിലേക്ക് യാത്രയായി.

വീട്ടിലെത്തിയതും, മകന്‍ പുരോഹിതന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിച്ചു. അയാള്‍ സ്മോള്‍ പ്രോഫിറ്റിനോട് പറഞ്ഞു: “മാംസവും വീഞ്ഞും കൊണ്ടുവരിക!” ഉടന്‍ തന്നെ മാംസവും വീഞ്ഞും  അയാളുടെ മുന്‍പിലെത്തി, അരി ഇതിനകം കലത്തിൽ പാകം ചെയ്യപ്പെടുന്നുണ്ടായിരുന്നു. 

അവൻ സ്മാൾ പ്രോഫിറ്റിനോട് വീണ്ടും പറഞ്ഞു: “പണവും തുണിയും കൊണ്ടുവരൂ!” പെട്ടെന്ന് അവന്‍റെ പേഴ്സ് പണത്താൽ നിറഞ്ഞു, പെട്ടികൾ മുഴുവന്‍ തുണികൊണ്ട് നിറഞ്ഞു. അവൻ എന്ത് ചോദിച്ചാലും അത് അവന് ഉടനെ തന്നെ ലഭിച്ചു. അങ്ങനെ, കാലക്രമേണ,അവര്‍ വളരെ സമ്പന്നരായി.

തന്‍റെ അനുജന്‍ പെട്ടെന്ന് പണക്കാരനായതറിഞ്ഞ ജ്യേഷ്ഠൻ അവനോട് വളരെയധികം അസൂയപ്പെട്ടു. അയാള്‍ അനുജനെ സമീപിച്ച് വിശേഷങ്ങള്‍ ആരാഞ്ഞു. പാവം നല്ലവനായ അനുജന്‍ സത്യമെല്ലാം തുറന്നു പറഞ്ഞു.

അധികം വൈകാതെ അടുത്ത ഗ്രാമത്തിൽ മറ്റൊരു നാടക പ്രകടനം നടക്കുന്ന വിവരം അറിഞ്ഞ ജ്യേഷ്ഠൻ  അടുത്ത ദിവസം തന്നെ അനുജന്‍റെ വീട്ടിലെത്തി. അമ്മയെ നാടകം കാണിക്കാന്‍ കൊണ്ട് പോകാനായിരുന്നു അയാളുടെ വരവ്! എത്ര സ്നേഹമുള്ള മകന്‍ അല്ലേ?

അമ്മ സത്യത്തില്‍ യാത്ര ചെയ്യാനോ, നാടകം കാണാനോ ഒരു താത്പര്യവും കാണിച്ചില്ല. അമ്മയ്ക്ക് ഇഷ്ടമില്ലെങ്കില്‍ പിന്നെ കൊണ്ടുപോകേണ്ടതില്ല എന്ന് ഇളയ മകന്‍ പറഞ്ഞു നോക്കി. ജ്യേഷ്ഠൻ അത് സമ്മതിച്ചെയില്ല.   അയാള്‍   ബലമായി തന്‍റെ പുറകിലേറ്റി അടുത്ത ഗ്രാമത്തിലേയ്ക്ക് യാത്രയായി.

അവര്‍ ആ മലയിടുക്കിൽ എത്തിയപ്പോൾ, അവൻ മനഃപൂർവ്വം താഴേയ്ക്ക് വഴുതി വീണു, എന്നിട്ട് അമ്മയെ ആഴത്തിലേക്ക് തള്ളി വീഴ്ത്തി.  ആ പാവം സ്ത്രീ താഴേയ്ക്ക് വളരെ മോശമായ ഒരു വീഴ്ച തന്നെയായിരുന്നു അത്, അവരുടെ ശരീരവും, കൈകാലുകളും എല്ലാ ദിശകളിലേക്കും ചിതറിപ്പോയി. ജ്യേഷ്ഠൻ വേഗം താഴേക്ക് ഇറങ്ങി, അമ്മയുടെ തല കൈകളിൽ എടുത്ത് കരയുന്നതായി നടിച്ചു.

ഉടനെതന്നെ നമ്മുടെ പഴയ ആ പുരോഹിതൻ വീണ്ടും അവിടെ എത്തി പറഞ്ഞു: “എനിക്ക് മരിച്ചവരെ വീണ്ടും ഉയിർപ്പിക്കാൻ കഴിയും, അസ്ഥികളെ മാംസവും രക്തവും കൊണ്ട്  വീണ്ടും മൂടാന്‍ കഴിയും!”

പിന്നെ അവൻ മുമ്പത്തെപ്പോലെ ചെയ്തു, അമ്മ വീണ്ടും ജീവൻ പ്രാപിച്ചു. പക്ഷേ മൂത്ത സഹോദരൻ ഇതിനകം തന്നെ അവളുടെ വാരിയെല്ലുകളിൽ ഒന്ന് മനഃപൂർവ്വം ഒളിപ്പിച്ചു വച്ചിരുന്നു. അമ്മയ്ക്ക് ജീവന്‍ വെച്ചതും അയാള്‍ അത് പുറത്തെടുത്ത് പുരോഹിതനോട് പറഞ്ഞു: "ഇതാ ഒരു അസ്ഥി ബാക്കിയുണ്ട്. ഞാൻ അത് എന്തുചെയ്യണം?"

പുരോഹിതൻ അസ്ഥി എടുത്ത്, കുമ്മായത്തിലും മണ്ണിലും പൊതിഞ്ഞ്, മുൻ തവണ ചെയ്തതുപോലെ അതിൽ മന്ത്രമോതി അതിന് ജീവന്‍ വെപ്പിച്ചു., അത് സ്മാൾ പ്രോഫിറ്റിനോട് സാമ്യമുള്ളതും എന്നാൽ കുറച്ചു വലുതുമായ ഒരു ചെറിയ മനുഷ്യനായി മാറി.

"ഇവന്‍റെ പേര് ഗ്രേറ്റ് ഡ്യൂട്ടി എന്നാണ്," പുരോഹിതന്‍ ജ്യേഷ്ഠനോട് പറഞ്ഞു, "നീ അവനോടൊപ്പം നിന്നാല്‍ അവൻ എപ്പോഴും നിനക്ക് സഹായകരമായിരിക്കും."

മകൻ അമ്മയെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോയി, ഗ്രേറ്റ് ഡ്യൂട്ടി അയാളുടെ ഒപ്പം തന്നെ ചെന്നു.

അവര്‍ അവരുടെ വീടിനടുത്ത് എത്തിയപ്പോൾ, തന്റെ ഇളയ സഹോദരൻ സ്മാൾ പ്രോഫിറ്റിനെ കൈകളിൽ പിടിച്ച് പുറത്തേക്ക് വരുന്നത് ജെഷ്ഠന്‍  കണ്ടു.

"നീ എവിടേക്കാണ് പോകുന്നത്?" അയാള്‍ അവനോട് ചോദിച്ചു.

അവന്റെ സഹോദരൻ മറുപടി പറഞ്ഞു: "സ്മോൾ പ്രോഫിറ്റ് ഒരു ദൈവിക വ്യക്തിയാണ്, അവൻ എല്ലായ്‌പ്പോഴും മനുഷ്യർക്കിടയിൽ വസിക്കാൻ ആഗ്രഹിക്കുന്നില്ല. അവൻ സ്വർഗത്തിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നു, അതിനാൽ ഞാൻ അവനെ അകമ്പടി സേവിക്കുകയാണ്."

“അത് വേണ്ട, നീ അവനെ അങ്ങിനെ പോകാന്‍ അനുവദിക്കരുത്.  അവനെ എനിക്ക് തരൂ!" മൂത്ത സഹോദരൻ അപേക്ഷിച്ചു.

അതിനിടയില്‍ സ്മാള്‍ പ്രോഫിറ്റ് വായുവിലേക്ക് ഉയർന്നു തുടങ്ങി. മൂത്ത സഹോദരൻ പെട്ടെന്ന് അമ്മയെ നിലത്തിട്ടു.  എന്നിട്ട് ചാടി സ്മാള്‍ പ്രോഫിറ്റിനെ  പിടിക്കാൻ കൈ നീട്ടി. പക്ഷേ അയാൾ തന്‍റെ ശ്രമത്തില്‍ വിജയിച്ചില്ല.  അതോടെ ഗ്രേറ്റ് ഡ്യൂട്ടിയും നിലത്തു നിന്ന് എഴുന്നേറ്റു, സ്മോള്‍ പ്രോഫിറ്റിന്‍റെ കൈ പിടിച്ചു, അവർ ഒരുമിച്ച് മേഘങ്ങളിലേക്ക് ഉയര്‍ന്ന് അപ്രത്യക്ഷരായി.

അപ്പോൾ മൂത്ത സഹോദരൻ നിരാശയോടെ നിലത്ത് ചവിട്ടി, ഒരു നെടുവീർപ്പോടെ പറഞ്ഞു: “അയ്യോ, ആ സ്മാള്‍ പ്രോഫിറ്റിനുവേണ്ടി ഞാൻ അത്യാഗ്രഹിയായിരുന്നതിനാൽ എനിക്ക് എന്റെ ഗ്രേയ്റ്റ് ഡ്യൂട്ടിയും നഷ്ടപ്പെട്ടു!”

Post a Comment

0 Comments