ഉറാഷിമ ടാരോയും കടലിനടിയിലെ രാജ്യവും Urashima Taro - Japanese Fairy Tale

പണ്ടൊരിക്കല്‍, തിളങ്ങുന്ന നീലക്കടലിനടുത്തുള്ള ജപ്പാനിലെ ഒരു ചെറിയ മത്സ്യബന്ധന ഗ്രാമത്തിൽ, ഉറാഷിമ ടാരോ എന്ന നല്ലവനായ ഒരു ആൺകുട്ടി താമസിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ, ടാരോ തന്‍റെ അമ്മയെ വീട്ടു ജോലികളില്‍ സഹായിക്കുമായിരുന്നു. കടലിനടുത്ത് ചെന്ന് അവന്‍ തിരമാലകൾക്ക് വേണ്ടി പാട്ടുപാടും. എന്നും  പുതിയ മത്സ്യങ്ങളെ പിടിക്കാൻ തന്‍റെ ചെറിയ ബോട്ടിൽ അവന്‍ കടലില്‍ പോകുമായിരുന്നു. ഞണ്ടുകൾ മണലിൽ പാഞ്ഞു നടക്കുന്നതു കാണാനും, കടൽക്കാക്കകൾ ആകാശത്ത് നൃത്തം ചെയ്ത് പാറി നടക്കുന്നതു കാണാനുമാണ് ടാരോ  കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്.



ഒരു ദിവസം സായാഹ്നത്തില്‍, ടാരോ കടൽത്തീരത്ത് കൂടി നടക്കുമ്പോൾ, സഹായത്തിനായി ആരോ വളരെ പതിഞ്ഞ ശബ്ദത്തില്‍ കരയുന്നത് കേട്ടു. അവന്‍ ആ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് ഓടിച്ചെന്നപ്പോള്‍ കണ്ടത്  ഒരു കൂട്ടം വികൃതികുട്ടികൾ ഒരു ചെറിയ ആമയെ കുത്തി കളിയാക്കുന്നതായിരുന്നു. പാവം ആമ! അത് അതിന്‍റെ കണ്ണില്‍ നിന്നും  ഉപ്പുരസമുള്ള കണ്ണുനീർ ഒഴുകുകയായിരുന്നു!

"നിർത്തൂ!" ടാരോ അലറി. "അതിനെ ഉപദ്രവിക്കരുത്! ദയവായി അതിനെ പോകാൻ അനുവദിക്കൂ!"

കുട്ടികൾ ചിരിച്ചുകൊണ്ട് ഓടിപ്പോയി, ടാരോ ആമയെ എടുത്തു പതുക്കെ തന്‍റെ കൈകളിലേക്ക് ഉയർത്തി.

"വിഷമിക്കേണ്ട ആമക്കുട്ടാ," അവന്‍ മന്ത്രിച്ചു. "ഞാൻ നിന്നെ വീട്ടിലേക്ക് തിരികെ കൊണ്ടാക്കിത്തരാം."

ടാരോ ആമയെ സമുദ്രത്തിലേക്ക് കൊണ്ടുപോയി സ്വതന്ത്രനാക്കി. ആമ തിരമാലകളിൽ നിന്ന് തല പുറത്തേക്ക് നീട്ടി തിളങ്ങുന്ന, നന്ദിയുള്ള കണ്ണുകളോടെ ടാരോയെ നോക്കി.

“നന്ദി, ടാരോ!” ആമ വളരെ പതിഞ്ഞ, വ്യക്തമായ ശബ്ദത്തിൽ പറഞ്ഞു. ടാരോ ശരിക്കും ഞെട്ടിപ്പോയി - സംസാരിക്കുന്ന ആമ! 

“നീ വളരെ ദയയുള്ളവനാണ്, ഞാൻ നിന്നെ കടലിനടിയിലെ ഡ്രാഗൺ കൊട്ടാരത്തിലേക്ക് കൊണ്ടുപോകാം. എന്‍റെ പുറംതോടിൽ പിടിച്ചിരിക്കൂ!”

ടാരോ മറിച്ചൊന്നു ചിന്തിക്കാതെ ആമയുടെ പുറംതോടിൽ മുറുകെ പിടിച്ചു. ഹൊ! അവർ തിരമാലകൾക്കടിയിലേയ്ക്ക് കടലിന്‍റെ  ആഴത്തിലേയ്ക്ക് ഊളിയിട്ടു. വെള്ളി മത്സ്യങ്ങളുടെ കൂട്ടങ്ങള്‍ക്കിടയിലൂടെ, ആടുന്ന കടൽപ്പായൽ തോട്ടങ്ങളിലൂടെ, ഇരുട്ടിനെ തോല്‍പ്പിക്കാന്‍ വെളിച്ചം പരത്തിക്കൊണ്ടിരിക്കുന്ന തിളങ്ങുന്ന ജെല്ലിഫിഷുകളെയും മറികടന്നു കൊണ്ട് മുന്നോട്ട് പോയി.

ഒടുവിൽ, അവർ തിളങ്ങുന്ന ഒരു പവിഴ കൊട്ടാരത്തിലെത്തി - ഡ്രാഗൺ കൊട്ടാരം അഥവാ റ്യുഗു-ജോ.  മുത്തുകളും രത്നങ്ങളും കൊണ്ട് തിളങിക്കൊണ്ടിരിക്കുന്ന, ആ കൊട്ടാരത്തിന്‍റെ ഗോപുരങ്ങൾ മഴവില്ല് നിറമുള്ള ഷെല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്!

കൊട്ടാരത്തിനകത്ത്, ടാരോ കടൽ രാജകുമാരിയായ ഒട്ടോഹൈമിനെ കണ്ടുമുട്ടി. വെള്ളത്തിൽ സൂര്യപ്രകാശം പോലെ തിളങ്ങുന്ന ഒരു മേലങ്കി അവൾ ധരിച്ചിരുന്നു, അവളുടെ പുഞ്ചിരി സൂര്യപ്രകാശത്തേക്കാള്‍ ചൂടുള്ളതായിരുന്നു.

“ധീരനായ ടാരോ,” അവൾ ദയയോടെ പറഞ്ഞു, “എന്‍റെ സുഹൃത്തിനെ രക്ഷിച്ചതിന് നന്ദി. ദയവായി താങ്കള്‍ ഇവിടെ തന്നെ നിൽക്കൂ, ഞങ്ങളുടെ അതിഥിയാകൂ.”

സംഗീതവും നൃത്തവും നിറഞ്ഞ ദിവസങ്ങള്‍ കടന്നു പോയത് ടാരോ അറിഞ്ഞതേയില്ല. ടാരോ ഡോൾഫിനുകലൂടെ മുകളില്‍ സവാരി ചെയ്തു, ആമകളോടൊപ്പം കളിച്ചു, ഒരിക്കലും തീർന്നുപോകാത്ത രുചികരമായ ഭക്ഷണം ആസ്വദിച്ചു. എല്ലാം ഒരു സ്വപ്നം കാണുന്നത് പോലെ തോന്നി - ഒരിക്കലും ഉണരാൻ ആഗ്രഹിക്കാത്ത സുന്ദരമായ സ്വപ്നം!

എന്നാൽ കുറച്ച് ദിവസങ്ങൾ കടന്നു പോയതോടെ, ടാരോയ്ക്ക് അമ്മയെയും ഗ്രാമത്തെയും കാണാതെ വിഷമം തോന്നിത്തുടങ്ങി. അവൻ രാജകുമാരി ഒട്ടോഹൈമിനോട് തന്‍റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു. അവൻ പോകുന്നത് അവള്‍ക്ക് സങ്കടകരമായി തോന്നിയെങ്കിലും അവള്‍ അവനെ പോകാന്‍ അനുവദിച്ചു. അവന് രാജകുമാരി ഒരു വേർപിരിയൽ സമ്മാനം നൽകി - ടമാറ്റെബാക്കോ എന്ന മനോഹരമായ ഒരു നിധി പെട്ടി.

“പ്രിയ ടാരോ, ഇത് നിനക്കുള്ളതാണ്,” അവൾ പറഞ്ഞു. “ഇത് നിന്നെ സംരക്ഷിക്കും. പക്ഷേ എനിക്ക് ഒരു വാഗ്ദാനം ചെയ്യുക: ഒരിക്കലും നീ ഈ പെട്ടി തുറക്കരുത്.”

ടാരോ അവള്‍ക്ക് താന്‍ പെട്ടി തുറക്കില്ലെന്ന് വാഗ്ദാനം ചെയ്തു. അവൻ പെട്ടിയും കയ്യിലെന്തി ആമയുടെ സഹായത്താല്‍  കരയിലേക്ക് പോയി. എന്നാൽ അവൻ തന്‍റെ ഗ്രാമത്തിലെത്തിയപ്പോൾ അവനാകെ അമ്പരന്നു പോയി.  എല്ലാം വളരെ വ്യത്യസ്തമായിരുന്നു - വീടുകൾ പഴയതും തകർന്നതുമായിരുന്നു, മരങ്ങൾ വലുതായി വളർന്നിരുന്നു, ആളുകൾ അപരിചിതരെപ്പോലെ കാണപ്പെട്ടു. പരിചയമുള്ള ഒരു മുഖം പോലും അവിടെ കാണാനായില്ല.

ടാരോ ചുറ്റും കണ്ടവരോട് അവന്‍റെ അമ്മയെയും വീടിനെയും പറ്റി അന്വേഷിച്ചു. പക്ഷേ ആരും അവനെ അറിഞ്ഞില്ല. ഒടുവില്‍ നീണ്ട താടിയുള്ള ഒരു വൃദ്ധൻ തലയാട്ടി കൊണ്ട് പറഞ്ഞു. 

“ഉറാഷിമ ടാരോ? എന്‍റെ മുത്തച്ഛന്‍റെ  കഥകളിൽ ഞാൻ ആ പേര് കേട്ടിട്ടുണ്ട്. അതേ അവന്‍ തന്നെ! നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് കടലിൽ അപ്രത്യക്ഷനായ കുട്ടി!”

ടാരോ ഞെട്ടിപ്പോയി. ഡ്രാഗൺ കൊട്ടാരത്തിലെ ഏതാനും ദിവസങ്ങൾ അവന്‍റെ ലോകത്തിൽ നൂറുകണക്കിന് വർഷങ്ങൾക്കു തുല്യമായിരുന്നു. ദുഃഖിതനും ഏകാന്തനുമായ ടാരോ കടല്‍ക്കരയില്‍ ഇരുന്നു നിധിപ്പെട്ടിയിലേക്ക് നോക്കി.

"ഇതിന്എ ന്നെ തിരികെ ഡ്രാഗണ്‍ കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോകാൻ കഴിയുമോ?" അവന്‍ ചിന്തിച്ചു. രാജകുമാരിയ്ക്ക് കൊടുത്ത വാഗ്ദാനം മറന്നുകൊണ്ട് അവന്‍ പതുക്കെ പെട്ടി തുറന്നു.

ആ പെട്ടിയില്‍ നിന്നും മൃദുവായ വെളുത്ത മൂടൽമഞ്ഞ് ഒരു മേഘം പോലെ പുറത്തേക്ക് വന്നു. അത് ഒരേ സമയം ചൂടും തണുപ്പും കൊണ്ട് അയാളെ ചുറ്റിപ്പിടിച്ചു. പെട്ടെന്ന്, അവന്‍റെ മുടി വെള്ളിയായി, മുതുക് വളഞ്ഞു, അവൻ ഒരു വൃദ്ധനായി മാറി. കടന്നു പോയ വര്‍ഷങ്ങളുടെ മാറ്റങ്ങള്‍ ക്ഷണനേരം കൊണ്ട് അവന്‍റെ ശരീരത്തെ വല്ലാതെ വാര്‍ദ്ധക്യത്തിലേയ്ക്ക് മാറ്റിക്കളഞ്ഞു.

ശാന്തമായ ഒരു കടൽത്തീരത്ത് തിരമാലകൾ മന്ത്രിക്കുമ്പോൾ നിങ്ങൾ ശ്രദ്ധാപൂർവ്വം ശ്രമിച്ചാല്‍, കടലിൽ ടാരോയുടെ ചിരി നിങ്ങൾക്ക് ഇപ്പോഴും കേൾക്കാനാകുമെന്ന് അവിടത്തെ ആളുകള്‍ പറയും - തിരമാലകൾക്കടിയിൽ മാന്ത്രിക സാമ്രാജ്യത്തിന്റെ ഭാഗമായ ആമകളോടൊപ്പം സവാരി ചെയ്യുകയാണത്രെ ടാരോ ഇപ്പൊഴും!

Post a Comment

0 Comments