സ്വർഗ്ഗം നിരസിച്ച മഹർഷി - The Sage Who Rejected Heaven

മുദ്ഗല മഹർഷി ഹിന്ദുമതത്തിലെ രാജർഷികളിൽ ഒരാളാണ്. അദ്ദേഹം ആദ്യം ഒരു ക്ഷത്രിയ രാജാവായി ജനിച്ചു, രാജകീയമായ ഒരു ആഡംബര ജീവിതശൈലി നയിച്ചു. പിന്നീട് കഠിനമായ ധ്യാനം, തപസ്യ, യോഗ എന്നിവയിലൂടെ അദ്ദേഹത്തിന് ബ്രഹ്മത്വം  ലഭിച്ചു.

Image of a sage generated by Microsoft Copilot

സത്യസന്ധനും ഒരു തികഞ്ഞ ഈശ്വര്യഭക്തനുമായിരുന്ന മുദ്ഗല മുനി തന്റെ കുടുംബാംഗങ്ങളോടൊപ്പം കഠിന തപസ്സുകൾ അനുഷ്ഠിച്ചയായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹം കുരുക്ഷേത്രത്തിലായിരുന്നു താമസിച്ചിരുന്നത്.  ഉടമസ്ഥർ പറമ്പിൽ നിന്ന് ധാന്യങ്ങൾ വെട്ടിമാറ്റിയതിനുശേഷം അവശേഷിച്ചിരുന്ന ധാന്യം  ശേഖരിച്ചാണ് അവർ ജീവിച്ചിരുന്നത്. എന്നിരുന്നാലും  അദ്ദേഹം തന്റെ പരിമിതമായ ഉപജീവനമാർഗങ്ങൾ ഉപയോഗിച്ച് എല്ലായ്പ്പോഴും അദ്ദേഹം അതിഥികളെ സൽക്കരിച്ചു. വേദ വിധികളും യാഗങ്ങളും യാധാവിധി അനുഷ്ഠിച്ചു. അദ്ദേഹവും കുടുംബാംഗങ്ങളും രാത്രി മുഴുവൻ വയലിൽ നിന്ന് ധാന്യങ്ങൾ ശേഖരിച്ച് ദേവന്മാർക്കും അതിഥികൾക്കും അർപ്പിച്ച ശേഷം മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ തപസ്സിന്റെ ഫലമായി ധാരാളം അതിഥികൾ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തുകയും അദ്ദേഹം അർപ്പിച്ച  പുണ്യഭക്ഷണം കഴിക്കുകയും ചെയ്തു. ഒരിക്കലും ഭക്ഷണത്തിന് കുറവ് സംഭവിച്ചിരുന്നില്ല. ദേവന്മാരുടെ രാജാവായ ഇന്ദ്രൻ പോലും ആ യജ്ഞത്തിൽ പങ്കെടുക്കുകയും തന്റെ പങ്ക് ഏറ്റെടുക്കുകയും ചെയ്തിരുന്നു, അത്രയ്ക്കായിരുന്നു തപസ്സിന്റെ ശക്തി.

ഒരു ദിവസം, കോപത്തിന് പേരുകേട്ട ദുർവാസാവ്  മുനി , മുദ്ഗല മുനിയുടെ ത്യാഗത്തെക്കുറിച്ച് കേട്ട് അദ്ദേഹത്തെ പരീക്ഷിക്കാൻ തീരുമാനിച്ചു. അതികോപിഷ്ഠനായ ദുർവാസാവ് മഹർഷി, കടമ ശരിയായി നിർവഹിക്കാത്തവരെ ശപിക്കുവാൻ  ഒട്ടും മടി  കാണിക്കാത്ത വ്യക്തിയായിരുന്നു. എല്ലാവർക്കും ദുർവാസാവിനെ ഭയമായിരുന്നു. 

മുദ്ഗല മഹർഷി ദൂരവാസാവിനെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന്റെ പാദങ്ങൾ കഴുകുകയും താൻ  ശേഖരിച്ച ധാന്യങ്ങൾ കൊണ്ട് മികച്ച ഭക്ഷണം നൽകുകയും ചെയ്തു. ദുർവാസാവ് അതെല്ലാം തിന്നു തീർത്തു. മുദ്ഗല മഹർഷിക്ക്  ഒരു തരി പോലും  ബാക്കി വയ്ക്കാതെ, ബാക്കി വന്ന ഭക്ഷണം ദേഹമാസകലം പുരട്ടിയ ശേഷം സ്ഥലം വിട്ടു. 

മുദ്ഗല മഹർഷിയ്ക്ക് ഒട്ടും ദേഷ്യം വന്നില്ല. അദ്ദേഹം വീണ്ടും ധാന്യങ്ങൾ ശേഖരിക്കാൻ പോയി. എന്നാൽ മറ്റൊരു ദിവസം ദുർവാസാവ് മഹർഷി വീണ്ടും വന്നു, അവിടെയുള്ള ഭക്ഷണമെല്ലാം  മുൻപത്തെ പോലെ  തിന്നുതീർത്തു. മുദ്ഗലമുനിയെ വിശപ്പ് വല്ലാതെ അലട്ടിയെങ്കിലും അദ്ദേഹത്തിന് ഒരു തരത്തിലുള്ള ദേഷ്യവും  തോന്നിയില്ല. ദുർവാസാവ് വീണ്ടും പലതവണ വന്ന് അതു തന്നെ ചെയ്തു. വിശപ്പ് കൊണ്ട് തളർന്നുപോയെങ്കിലും, മുദ്ഗല മുനി ഒരിക്കലും ദൂർവാസാവിനോട്  കോപിക്കുകയോ അനിഷ്ടം കാണിക്കുകയോ ചെയ്തില്ല. പരീക്ഷണത്തിനെത്തിയ  ദുർവാസാവ് അദ്ദേഹത്തിന് മുമ്പിൽ പരാജയപ്പെട്ടു. മുനിയുടെ പെരുമാറ്റത്തിൽ വളരെ സന്തുഷ്ടനായ അദ്ദേഹം പറഞ്ഞു, "വിശപ്പിന്റെ വേദന ആർക്കും നിയന്ത്രിക്കാൻ കഴിയില്ല. വിശപ്പും ഇന്ദ്രിയസുഖവും ഭക്തരായ മനുഷ്യരെപ്പോലും കോപിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.  തന്റെ പെരുമാറ്റത്തിലൂടെയും അസാധാരണമായ ആത്മനിയന്ത്രണത്തിലൂടെയും മുദ്ഗല മുനി ഒരു അത്ഭുതകരമായ നേട്ടം കൈവരിചിരിക്കുന്നു. എന്റെ ഏറ്റവും കഠിനമായ പ്രകോപനനങ്ങൾക്കിടയിലും ശാന്തനായി നിലകൊണ്ടതിലൂടെ, വിശപ്പിന്റെ വേദനകളെ പൂർണ്ണമായും മറികടന്നുകൊണ്ട്, താങ്കൾ ശക്തരായ ഋഷിമാർക്കുപോലും കീഴടക്കാൻ കഴിയാത്ത സ്വർഗ്ഗലോകങ്ങളെ കീഴടക്കിയിരിക്കുന്നു. അതുകൊണ്ട് അങ്ങ് താമസിയാതെ സ്വർഗ്ഗപ്രാപ്തി കൈവരിക്കും."

ദുർവാസാവ് സംസാരിച്ചയുടനെ, ഒരു സ്വർഗ്ഗീയ രഥം പ്രത്യക്ഷപ്പെട്ടു. സ്വര്ഗ്ഗദൂതൻ  മുദ്ഗല മഹർഷിയോട് സ്വർഗ്ഗത്തിലേക്ക് തന്നോടൊപ്പം വരുവാൻ  അഭ്യർത്ഥിച്ചു.

മുദ്ഗല മഹർഷി സ്വർഗ്ഗദൂതനോട് സ്വർഗ്ഗത്തെക്കുറിച്ച് വിവരിക്കാൻ ആവശ്യപ്പെട്ടു, സ്വർഗ്ഗത്തെക്കുറിച്ച് എല്ലാം കേട്ടതിനുശേഷം മാത്രമേ അവിടെ പോകണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിക്കൂ. പുണ്യാത്മാക്കളായ ഭക്തർക്ക്  മാത്രമേ സ്വർഗത്തിലെത്താൻ കഴിയൂ എന്നും അവിടെ എല്ലാ സുഖങ്ങളും ആസ്വദിക്കാൻ കഴിയുമെന്നും സ്വർഗ്ഗീയ ദൂതൻ പറഞ്ഞു. സ്വർഗ്ഗത്തിൽ ദുഃഖമോ രോഗമോ വാർദ്ധക്യമോ ഇല്ല. ആളുകൾ നിത്യയൗവനം ആസ്വദിക്കുകയും മറ്റ് സ്വർഗ്ഗീയ കന്യകമാരുടെയും ദേവന്മാരുടെയും കൂട്ടായ്മയിൽ ആനന്ദിക്കുകയും എല്ലാ ആസ്വാദന വസ്തുക്കളും നേടുകയും ചെയ്യുന്നു. സ്വര്ഗ്ഗദൂതൻ സ്വർഗ്ഗത്തെക്കുറിച്ച് കുറെയേറെ വർണ്ണിച്ചു.

ഇത് കേട്ട മുദ്ഗല മുനി അദ്ദേഹത്തോട് ചോദിച്ചു, "തിരിച്ചുവരവ് ഇല്ലാത്ത ഒരു ലോകമുണ്ടോ?" 

ബ്രഹ്മാവിന്റെ ലോകത്തേക്കാളും ഉയർന്നതാണ് പരമാത്മാവായ വിഷ്ണുവിന്റെ ലോകമെന്നും അവിടെ നിന്ന് തിരിച്ചുവരവില്ലെന്നും സ്വർഗ്ഗീയ ദൂതൻ പറഞ്ഞു.  ഇന്ദ്രിയങ്ങളുടെ ലോകത്തിന്റെ നിരർത്ഥകതയെക്കുറിച്ചുള്ള അറിവ് ഉദയം ചെയ്ത ആളുകൾക്ക് മാത്രമേ ആ മേഖലയിലേക്ക് പോകാൻ കഴിയൂ. അവർ പൂർണ്ണമായും നിസ്വാർത്ഥവും കുറ്റമറ്റതുമായ ജീവിതം നയിക്കുകയും ഒടുവിൽ പരമാത്മാവിനെ പ്രാപിക്കുകയും ചെയ്യുന്നു. അതിനെയാണ് മോക്ഷം എന്ന് പറയുന്നത്.

ഇത് കേട്ട മുദ്ഗല  മഹർഷി, തിരിച്ചുവരവില്ലാത്ത ആ ഒരു ലോകത്തേക്ക് പോകാനാണ് താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. സ്വർഗ്ഗീയ സുഖങ്ങൾ അദ്ദേഹത്തെ ആകർഷിച്ചതേയില്ല.  അദ്ദേഹം ആ സുഖങ്ങൾ ഒട്ടും ആഗ്രഹിച്ചില്ല. 

സ്വർഗ്ഗീയ ദൂതനും ദുർവാസാവ് മുനിയും തിരികെ പോയി. മുദ്ഗല  മഹർഷി തന്റെ ജീവിതചര്യ പുനരാരംഭിച്ചു, തന്റെ ഇന്ദ്രിയങ്ങളെ പൂർണ്ണമായും നിയന്ത്രിച്ചു, പരമപുരുഷനെക്കുറിച്ചുള്ള യോഗചിന്തയിൽ മുഴുകി, മനസ്സിനെയും അഹങ്കാരത്തെയും ആത്മാവിന്റെ ലക്ഷ്യത്തിൽ ലയിപ്പിച്ചു. പരമാത്മാവ്. അങ്ങനെ തന്റെ ശരീരം ഉപേക്ഷിച്ചു. അദ്ദേഹം പൂർണ്ണമായും മുക്തനായി, പരമബ്രഹ്മത്തിൽ ലയിക്കുകയും ബ്രഹ്മത്വം കാര്യസ്ഥമാകുകയും ചെയ്തു.

Post a Comment

0 Comments