ഒരിയ്ക്കലും കള്ളം പറയാത്തയാൾ - ആഫ്രിക്കൻ നാടോടിക്കഥ - The Man who never lie

ഈ കാലഘട്ടത്തിൽ കള്ളം പറയാതെ ജീവിക്കാനാകുമോ? ഒരാൾ കള്ളം പറയാതെ ജീവിക്കാൻ ആഗ്രഹിച്ചാലും, സാഹചര്യങ്ങൾ അവനെ കള്ളം പറയാൻ നിർബന്ധിതനാക്കും. ചിലർ നിങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കാനാകാതെ നിങ്ങളെയും പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കും. 

ഇതാ, ഒരിക്കലും കള്ളം പറയില്ലെന്ന് തീരുമാനിച്ച ഒരു മനുഷ്യന്റെ കഥ. പക്ഷേ, രാജാവിന് അയാളോട് കള്ളം പറയിപ്പിക്കണമെന്നുണ്ടായി. പിന്നെ എന്ത് സംഭവിച്ചുവെന്ന് കാണാം!


ഒരുകാലത്ത് മാമദ് എന്ന പേരിൽ ഒരു ജ്ഞാനി ജീവിച്ചിരുന്നു. അദ്ദേഹം ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല. ദേശത്തുള്ള എല്ലാ ആളുകൾക്കും, എന്തിന്‍ ദൂരദേശങ്ങളിലുള്ളവർക്കു പോലും, അദ്ദേഹത്തെക്കുറിച്ച് അറിയാമായിരുന്നു.

മാമദിനെക്കുറിച്ച് കേട്ടറിഞ്ഞ രാജാവ്, അദ്ദേഹത്തെ ഒരു ദിവസം കൊട്ടാരത്തിലേക്ക് വിളിച്ച് വരുത്തി. രാജാവ് ആ ജ്ഞാനിയെ നോക്കി ചോദിച്ചു:

"താങ്കള്‍ ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല എന്നത് സത്യമാണോ?"

"അതേ തികച്ചും സത്യമാണ്." മാമദ് മറുപടി പറഞ്ഞു.

"ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും കള്ളം പറയില്ല എന്നുറപ്പാണോ?" രാജാവ് തുടര്‍ന്ന് ചോദിച്ചു.

"നിസ്സംശയം. ഞാന്‍ ജീവിതത്തില്‍ ഒരിയ്ക്കലും കള്ളം പറയില്ല."

"ശരി, താങ്കള്‍ എപ്പോളും സത്യം പറയൂ, പക്ഷേ സൂക്ഷിക്കണം! നുണ വളരെ  തന്ത്രപരമായ കാര്യമാണ്, അത് നിങ്ങളുടെ നാവിൽ എളുപ്പത്തിൽ കയറിക്കൂടും."

ദിവസങ്ങൾ കടന്നുപോയി, രാജാവ് മറ്റൊരു ദിവസം വീണ്ടും മമദിനെ വിളിച്ചു വരുത്തി. ഒരു വലിയ ജനക്കൂട്ടം അവിടെ സന്നിഹിതരായിരുന്നു. രാജാവ് വേട്ടയാടാൻ പോകുകയായിരുന്നു. രാജാവ് കുതിരയെ കുഞ്ചിരോമത്തില്‍ തടവിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം പോകാന്‍ തയ്യാറായി സൈന്യവും നില്‍പ്പുണ്ടായിരുന്നു, 

രാജാവു തന്റെ ഇടതു കാൽ കുതിരയുടെ കാല്‍പടിയില്‍ വെച്ചു കുതിരമേല്‍ കയറാന്‍ തയ്യാറായി. അദ്ദേഹം തിരിഞ്ഞു മാമദിനോട് ആജ്ഞാപിച്ചു:

"താങ്കള്‍ ഉടനെ എന്റെ വേനൽക്കാല കൊട്ടാരത്തിൽ പോയി രാജ്ഞിയോട് ഞാന്‍ വേട്ടയാടാന്‍ പോയിരിക്കുകയാണെന്ന് പറയൂ. ഉച്ചഭക്ഷണത്തിന് ഞാൻ അവളോടൊപ്പം ഉണ്ടാകുമെന്ന് പറയുക. ഒരു വലിയ വിരുന്ന് ഒരുക്കാനും അവളോട് പറയുക. ഇന്ന് നമ്മള്‍ ഒന്നിച്ചാണ് ഉച്ചഭക്ഷണം കഴിക്കുന്നത്."

മാമദ് രാജാവിനെ വണങ്ങി രാജ്ഞിയുടെ കൊട്ടാരത്തിലേയ്ക്ക് പുറപ്പെട്ടു. അപ്പോൾ രാജാവ് ചിരിച്ചുകൊണ്ട് കൂടെയുള്ളവരോട് പറഞ്ഞു:

"ഇന്ന് നമ്മൾ വേട്ടയാടാൻ പോകുന്നില്ല. മാത്രമല്ല നമ്മള്‍ ഇന്ന് കൊട്ടാരത്തില്‍ ഉച്ചഭക്ഷണത്തിനും എത്തില്ല, മാമദ് രാജ്ഞിയോട് പറയുന്നത് കള്ളമായിരിക്കും.  നാളെ നമുക്ക് ചിരിക്കാനുള്ള വക മാമദ് നല്‍കും."

എന്നാൽ ജ്ഞാനിയായ മാമദ് കൊട്ടാരത്തിൽ ചെന്ന് ഇപ്രകാരമാണ് പറഞത്:

"രാജാവ് ഒരുപക്ഷേ ഇന്ന് വേട്ടയാടാന്‍ പോയേക്കാം. ഉച്ചഭക്ഷണത്തിന് ഇവിടെ വരാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ വരില്ലായിരിക്കാം. ഒരു പക്ഷേ, വലിയൊരു സദ്യയൊരുക്കേണ്ടി വന്നേക്കാം, ഒരുപക്ഷേ വേണ്ടായിരിക്കാം."

"താങ്കള്‍ ഒന്നു വ്യക്തമായി പറയൂ, അദ്ദേഹം വരുമോ, ഇല്ലയോ?" - രാജ്ഞി ചോദിച്ചു.

"എനിക്കത് തീര്‍ത്തു പറയാന്‍ കഴിയില്ല. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം കുതിരസവാരിക്കൊരുങ്ങി നില്‍ക്കുകയായിരുന്നു. ഇനി ചിലപ്പോള്‍ പോന്നതിനുശേഷം അദ്ദേഹം തന്‍റെ യാത്ര ഒഴിവാക്കിയോ എന്നറിയില്ല"

എന്തായാലും എല്ലാവരും രാജാവിനെ കാത്തിരുന്നു. എന്നാല്‍ രാജാവ് അന്നെത്തിയില്ല. പിറ്റേന്ന് രാജാവു വന്ന് രാജ്ഞിയോട് പറഞ്ഞു:

"ഒരിക്കലും കള്ളം പറയാത്ത ജ്ഞാനിയായ മാമദ് ഇന്നലെ നിന്നോട് കള്ളം പറഞ്ഞു."

പക്ഷേ രാജ്ഞി പുഞ്ചിരിച്ചു കൊണ്ട് മാമദ് എന്താണ് തന്നോടു വന്നു പറഞ്ഞതെന്ന് രാജാവിനെ അറിയിച്ചു.

ജ്ഞാനിയായ മനുഷ്യൻ ഒരിക്കലും കള്ളം പറയില്ലെന്നും സ്വന്തം കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ മാത്രമേ പറയുന്നുള്ളൂവെന്നും രാജാവിന് മനസ്സിലായി.

Post a Comment

0 Comments