ബുദ്ധിമാനായ ഇടയബാലന്‍

ഗ്രിം സഹോദരന്മാർ എഴുതിയ നാടോടിക്കഥകളില്‍ നിന്നുമുള്ള ഒരു കഥയാണിത്.

 ഒരു കാലത്ത് ഒരു ഇടയ ബാലനുണ്ടായിരുന്നു, ഓരോ ചോദ്യത്തിനും അവൻ നൽകിയ ജ്ഞാനപൂർവമായ ഉത്തരങ്ങൾ കാരണം നാട് മുഴുവന്‍ അവന്‍റെ പ്രശസ്തി പരന്നു. ആ രാജ്യത്തെ രാജാവിന്റെ കാതിലും ഈ വിവരമെത്തി. പക്ഷേ കേട്ടത് വിശ്വസിക്കാനാകാതെ അദ്ദേഹം ആ ബാലനെ കൊട്ടാരത്തിലേയ്ക് വിളിച്ച് വരുത്തി. എന്നിട്ട് അവനോട് പറഞ്ഞു:


"ഞാൻ നിന്നോട് ചോദിക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം നൽകാൻ നിനക്കു കഴിയുമെങ്കിൽ, ഞാൻ നിന്നെ എന്‍റെ സ്വന്തം മകനെപ്പോലെ കാണും, നീ എന്നോടൊപ്പം എന്‍റെ രാജകൊട്ടാരത്തിൽ താമസിക്കും." 

കുട്ടി യാതൊരു കൂസലും കൂടാതെ ചോദിച്ചു: 

"എന്താണ് ആ മൂന്ന് ചോദ്യങ്ങൾ?" 

രാജാവ് പറഞ്ഞു: "ആദ്യത്തെ ചോദ്യം ഇതാണ്:, സമുദ്രത്തിൽ എത്ര തുള്ളി വെള്ളമുണ്ട്?"

ഇടയബാലൻ മറുപടി പറഞ്ഞു: "രാജാവേ, ഞാൻ കടലിലെ വെള്ളത്തുള്ളികള്‍ എണ്ണിത്തീരുന്നതുവരെ ഭൂമിയിലെ എല്ലാ നദികളില്‍ നിന്നും ഒരു തുള്ളി പോലും കടലിലേക്ക് ഒഴുകിവരാതിരിക്കാൻ അങ്ങ് അണക്കെട്ടിടുകയാണെങ്കിൽ, കടലിൽ എത്ര തുള്ളികൾ ഉണ്ടെന്ന് ഞാൻ കൃത്യമായി എണ്ണി തിട്ടപ്പെടുത്താം!." 

അത് അസാധ്യമാണെന്നറിയാവുന്ന രാജാവ് പറഞ്ഞു: 

"ശരി. ഞാന്‍ അടുത്ത ചോദ്യം ചോദിക്കാം., ആകാശത്ത് എത്ര നക്ഷത്രങ്ങളുണ്ട്?" 

"തീരുമനസ്സേ, എനിക്ക് ഒരു വലിയ വെള്ള കടലാസ് തരൂ," ഇടയബാലൻ  ആവശ്യപ്പെട്ടു. 

അവന്‍ ആവശ്യപ്പെട്ട പ്രകാരം ഒരു വലിയ വെള്ളക്കടലാസ് അവന് നല്കി. ഇടയബാലൻ   ഒരു പേന ഉപയോഗിച്ച് അതിൽ ധാരാളം സൂക്ഷ്മമായ കുത്തുകള്‍ ഉണ്ടാക്കി. ആ കുത്തുകള്‍ എല്ലാവര്‍ക്കും കാണാൻ കഴിയുമെങ്കിലും, അവ എണ്ണുന്നത് അസാധ്യമാം വിധം അത്ര സൂക്ഷ്മമായിരുന്നു. അതിന്‍ ശ്രമിച്ചാല്‍ പോലും കണ്ണുകള്‍ക്കു ബുദ്ധിമുട്ടുണ്ടാകുമായിരുന്നു.

ഇടയബാലൻ  ആ കടലാസ് കാണിച്ചു കൊണ്ട് പറഞ്ഞു: "പേപ്പറിൽ എത്ര കുത്തുകള്‍ ഉണ്ടോ അത്രയും നക്ഷത്രങ്ങൾ ആകാശത്ത് ഉണ്ട്; അവയെ എണ്ണി നോക്കിക്കോളൂ!." 

ആരെക്കൊണ്ട് സാധിക്കാനാണ് അങ്ങിനെ ഒരു കാര്യം?

രാജാവ് പറഞ്ഞു: "ഇതാ എന്‍റെ മൂന്നാമത്തെ ചോദ്യം, നിത്യതയിൽ എത്ര സെക്കന്റ് സമയമുണ്ട്?." 

അപ്പോൾ ഇടയബാലൻ പറഞ്ഞു: "ലോവർ പോമറേനിയയിൽ ഒരു വജ്രത്തിന്‍റെ പർവതമുണ്ട്, അത് രണ്ടര മൈൽ ഉയരവും രണ്ടര മൈൽ വീതിയും രണ്ടര മൈൽ ആഴവുമുള്ളതാണ്; ഓരോ നൂറു വർഷം കൂടുമ്പോഴും ഒരു ചെറിയ പക്ഷി വന്ന് അതിന്‍റെ കൊക്കിന്‍റെ മൂർച്ച കൂട്ടുന്നത് ഈ പര്‍വതത്തില്‍ കൊക്കുരച്ചാണ്. അങ്ങിനെ കൊക്കുരച്ചുരച്ച് ആ പര്‍വതം ക്ഷയിച്ചില്ലാതാകുമ്പോള്‍ അനന്തതയുടെ ആദ്യ സെക്കന്റ് അവസാനിക്കും."

രാജാവ് പറഞ്ഞു: "നീ മൂന്ന് ചോദ്യങ്ങൾക്ക് ഒരു ജ്ഞാനിയെപ്പോലെ ഉത്തരം നൽകി, ഇനി മുതൽ നിനക്ക് എന്‍റെ രാജകൊട്ടാരത്തിൽ എന്നോടൊപ്പം താമസിക്കാം.  ഞാൻ നിന്നെ എന്‍റെ സ്വന്തം മകനായി തന്നെ കണക്കാക്കും."

അങ്ങിനെ ആ ഇടയബാലന്‍ ഒരു രാജകുമാരനായി സസുഖം ദീര്‍ഘനാള്‍ ജീവിച്ചു

Post a Comment

0 Comments