ഷെയ്ക് ചിലിയുടെ ബുദ്ധി - Sheik Chiliyute Budhi

ഒരു ദിവസം ചിലി ചന്തയിലേയ്ക്ക് പോകുകയായിരുന്നു. അപ്പോഴാണ് സുഹൃത്തായ ബബ്ബന്‍ എതിരെ വരുന്നത് കണ്ടത്. ബബ്ബന്‍ തന്‍റെ കയ്യില്‍ എന്തോ ചുരുട്ടിപ്പിടിച്ചിരിക്കുന്നത് ചിലി ശ്രദ്ധിച്ചു. സ്വാഭാവികമായും അത് എന്താണ് എന്നറിയാന്‍ ചിലിയ്ക്ക് ആകാംക്ഷയായി.

ബബ്ബന്‍ അടുത്തെത്തിയതും ചിലി ചോദിച്ചു.
"എന്താണ് നീ കയ്യില്‍ ഒളിച്ചു പിടിച്ചിരിക്കുന്നത്?"

ചിലിയുടെ ചോദ്യം കേട്ടതും, മണ്ടനായ ചിലിയെ ഒന്നു കളിപ്പിക്കാന്‍ ബബ്ബന്‍  തീരുമാനിച്ചു.

"നീ വലിയ ബുദ്ധിമാനല്ലേ? എങ്കില്‍ എന്‍റെ കൈക്കുള്ളില്‍ എന്താണെന്ന് നിനക്കു കണ്ടുപിടിക്കാമല്ലോ?"

അത് ചിലിക്കിഷ്ടപ്പെട്ടു. അല്ലെങ്കിലും ആരെന്ത് പറഞ്ഞാലും താന്‍ ബുദ്ധിമാനാണെന്ന് ചിലിക്കറിയാമല്ലോ?

"ശരി. ഞാന്‍ പറയാം. പക്ഷേ നീ എന്തെങ്കിലും സൂചന തരണം" ചിലി പറഞ്ഞു.

"അതിനെന്താ?" ബബ്ബന്‍ പറഞ്ഞു. "എന്‍റെ കയ്യിളുള്ള വസ്തുവിന്‍റെ നടുക്ക് മൃദുവായ മഞ്ഞക്കുരുവാണ്. അതിനു പുറത്ത് വെള്ള ദ്രാവകവും, അതിനെ പൊതിഞ്ഞു കൊണ്ട് വെള്ള നിറത്തിലുള്ള പൂന്തോടുമുണ്ട്." 

ചിലി കുറച്ചു നേരം ആലോചിച്ചു. പക്ഷേ കുറെ നേരം ആലോചിട്ടും ആ വസ്തുവെന്താണെന്ന് അവന് മനസ്സിലായില്ല.

അല്പ്പം കൂടി കഴിഞ്ഞതും ചിലിയുടെ മുഖത്ത് ഒരു ചിരി പടര്‍ന്നു. അവന്‍ ആവേശത്തോടെ പറഞ്ഞു.

"എനിക്കു പിടികിട്ടി. നിന്‍റെ കയ്യില്‍ ഒരു പഴുത്ത മാങ്ങയാണുള്ളത്. അതാണ് മഞ്ഞനിറത്തില്‍ നടുക്കുള്ളത്, ശരിയല്ലേ?"

ബബ്ബന്‍ ചിരിയടക്കിക്കൊണ്ട് പറഞ്ഞു. "ശരി. എന്നാല്‍ ബാക്കി കൂടി പറയൂ!"

"ആ മാങ്ങയ്ക്ക് ചുറ്റും തൈര് ആണ്!" ചിലി തുടര്‍ന്നു. "അത് വെച്ചിരിക്കുന്നത് വെള്ളച്ചായം പൂശിയ ഒരു പാത്രത്തിലാണ്!"

ബബ്ബന്‍ പൊട്ടിച്ചിരിച്ചു. "ഓ! ചിലീ, നിന്‍റെ ബുദ്ധി അപാരം തന്നെ!"

ഈ മരമണ്ടന് തന്‍റെ കയ്യിലുള്ളത് ഒരു മുട്ടയാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പോലുമില്ലല്ലോ എന്നാലോചിച്ച് ബബ്ബന്‍ മുന്നോട്ട് പോയി.

ചിലിയാണെങ്കില്‍ ചിരിയും സന്തോഷവുമടക്കാന്‍ വയ്യാതെ തന്‍റെ യാത്ര തുടര്‍ന്നു. 
"ആ മണ്ടന്‍ ബബ്ബന്‍ എന്തിനാണാവോ മാങ്ങ തൈരിലിട്ട് വെള്ളപ്പാത്രത്തില്‍ എടുത്ത് കൊണ്ടുപോകുന്നത്? അത് കൊണ്ട് എന്താണ് അവന്‍ ചെയ്യാന്‍ പോകുന്നത്, മരമണ്ടന്‍?"

ആലോചിച്ച് പൊട്ടിച്ചിരിച്ച് കൊണ്ട് ചിലി മുന്നോട്ട് നടന്നു.


Post a Comment

0 Comments