വാളമീന്‍ കല്‍പ്പിക്കുന്നു! - റഷ്യന്‍ നാടോടിക്കഥ ഭാഗം 1

പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു വൃദ്ധന്‌ മൂന്നു പുത്രന്മാര്‍ ഉണ്ടായിരുന്നു. രണ്ടുപേര്‍ ബുദ്ധിമാന്മാരും, മൂന്നാമനായ യെമേല്യ ഒരു മണ്ടനും ആയിരുന്നു.

മൂത്ത സഹോദരന്മാര്‍ രണ്ടുപേരും എപ്പോഴും പണിയെടുത്തു കൊണ്ടിരുന്നു. എന്നാല്‍ യെമേല്യ അടുപ്പിന്‍തിണ്ണയില്‍ കിടന്നാണ്‌ സമയം കഴിച്ചിരുന്നത്.

ഒരു ദിവസം മൂത്ത സഹോദരന്മാര്‍ ഇരുവരും ചന്തയിലേക്ക്‌ പോയി. ആ സമയം അവരുടെ ഭാര്യമാര്‍ പറഞ്ഞു:

"യെമേല്യാ, പോയി കുറെ വെള്ളം കൊണ്ടുവരൂ. "

അടുപ്പിന്‍തിണ്ണുയില്‍ കിടന്നുകൊണ്ടു യെമേല്യ മറുപടി പറഞ്ഞു: ,

"ഞാന്‍ പോകുന്നില്ല. എനിക്കു പോകാന്‍ ഇഷ്ടമില്ല."

"നീ പോയില്ലെങ്കില്‍ ജ്യേഷ്ഠന്മാര്‍ വരുമ്പോള്‍ നിനക്ക്‌ സമ്മാനം ഒന്നും കൊണ്ടുവരികയില്ല."

"ശരി, അങ്ങിനെയാണെങ്കില്‍ ഞാന്‍ പോകാം."

യെമേ


ല്യ താഴെയിറങ്ങി ബുട്ടുകള്‍ ധരിച്ചു. കുപ്പായം എടുത്തിട്ടുകൊണ്ട് അവന്‍ രണ്ടു തൊട്ടികളും ഒരു കോടാലിയുമായി പുഴയിലേക്കു പോയി.

അവന്‍ കോടാലികൊണ്ടു വെട്ടി ഐസില്‍ ഒരു ദ്വാരമുണ്ടാക്കി. വെള്ളം മുക്കിയെടുത്തു തൊട്ടികള്‍ നിറച്ചുവെച്ചശേഷം അവന്‍ ഐസിലുണ്ടാക്കിയ ദ്വാരത്തിലൂടെ വെള്ളത്തിലേക്കു നോക്കിക്കൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ വെള്ളത്തില്‍ ഒരു വാളമീന്‍ നീന്തിക്കളിക്കുന്നത് അവന്‍ കണ്ടു. അവന്‍ കയ്യിട്ട്‌ മീനിനെ പുറത്തെടുത്തു.

"ഇന്നു അത്താഴത്തിനു മീന്‍സൂപ്പ് കുടിക്കാം!" അവന്‍ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു.

എന്നാല്‍ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മീന്‍ മനുഷ്യശബ്ദത്തില്‍ ഇങ്ങിനെ പറഞ്ഞു:

"എന്നെ വിട്ടേക്കൂ, യെമേല്യാ. ഞാന്‍ നിനക്ക്‌ എന്തെകിലും ഉപകാരം ചെയ്യാം."

യെമേല്യ ചിരിച്ചുപോയി.

"നീ എനിക്ക് എന്തുപകാരം ചെയ്യാനാണ്? ഇല്ല, ഞാന്‍ നിന്നെ വീട്ടില്‍ക്കൊണ്ടുപോയി ജ്യേഷ്ടത്തിമാരോടു സൂപ്പുവച്ചു തരാന്‍ പറയും. എനിക്ക്‌ മീന്‍സൂപ്പ്‌ വളരെ ഇഷ്ടമാണ്."

വാളമീന്‍ വീണ്ടും വീണ്ടും യാചിച്ചു;

"യെമേല്യാ, എന്നെ വിട്ടയയ്ക്കൂ. ഞാന്‍ നിന്‍റെ ഏതാഗ്രഹവും സാധിച്ചുതരാം.'"

"ശരി," യെമേല്യ പറഞ്ഞു. "നീ എന്നെ പറ്റിക്കുകയല്ലെന്നു തെളിയിച്ചാല്‍ ഞാന്‍ നിന്നെ വിടാം."

"നീ എന്താണ് ആഗ്രഹിക്കുന്നത്, യെമേല്യാ?" മീന്‍ ചോദിച്ചു.

"ഒറ്റത്തുള്ളി വെള്ളംപോലും തുളുമ്പാതെ ഈ തൊട്ടികള്‍ താനെ വീട്ടിലെത്തണം." യെമേല്യ പറഞ്ഞു.

"ശരി,  വാളമീന്‍ പറഞ്ഞു." "നിനക്ക് എന്തെങ്കിലും കാര്യം സാധിക്കണമെങ്കില്‍, ഇങ്ങിനെ പറഞ്ഞാല്‍ മതി; വാളമീന്‍ കല്‍പ്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു, ഉടന്‍തന്നെ വിചാരിച്ച കാര്യം സാധിക്കും."

യെമേല്യ ഉടന്‍തന്നെ പറഞ്ഞു : "വാളമീന്‍ കല്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു! തൊട്ടികളെ, താനേ വീട്ടില്‍പ്പോകൂ!"

അപ്പോള്‍ത്തന്നെ തൊട്ടികള്‍  നടന്നു കുന്നു കയറി. യെമേലയ മീനിനെ വെള്ളത്തിലിട്ടിട്ടു തൊട്ടികളുടെ പിന്നാലെ നടന്നു.

ഗ്രാമീണവീഥിയിലൂടെ തൊട്ടികള്‍ നടന്നുപോകുന്നതു കണ്ട് ആളുകള്‍ അമ്പരന്നു. യെമേല്യ അടക്കിച്ചിരിച്ചുകൊണ്ടു പിന്നാലെ നടന്നുപോയി. തൊട്ടികള്‍ നേരെ യെമേല്യയുടെ വീട്ടിലേക്ക്‌ ചെന്നു. ഒരു ബഞ്ചിന്‍റെ മുകളില്‍ കയറിയിരുന്നു. യെമേല്യ അടുപ്പിന്‍റെ തിണ്ണയില്‍ വീണ്ടും സ്ഥലംപിടിച്ചു.

വാളമീന്‍ കല്‍പ്പിക്കുന്നു! - റഷ്യന്‍ നാടോടിക്കഥ ഭാഗം 2

Post a Comment

0 Comments