വാളമീന്‍ കല്‍പ്പിക്കുന്നു! - റഷ്യന്‍ നാടോടിക്കഥ ഭാഗം 1
കുറെ സമയം കഴിഞ്ഞു. ജ്യേഷ്ടത്തിമാര്‍ യെമേല്യയെ വിളിച്ചു പറഞ്ഞു:
"യെമേല്യാ, അവിടെ ഇങ്ങിനെ വെറുതെ കിടക്കാതെ പോയി കുറെ വിറകു കീറിക്കൊണ്ടുവാ."
"എനിക്കു വയ്യ. എനിക്ക് ഇഷ്ടമില്ല." യെമേല്യ
പറഞ്ഞു.
"ഞങ്ങള്‍ പറയുന്നതു കേട്ടില്ലെങ്കില്‍ ജ്യേഷ്ഠന്മാര്‍ മടങ്ങിവരുമ്പോള്‍ നിനക്ക് ഒന്നും കിട്ടുകയില്ല." അവര്‍ ഭീഷണിപ്പെടുത്തി.
യെമേല്യയ്ക്ക് അടുപ്പിന്‍റെ തിണ്ണയില്‍നിന്നിറങ്ങാന്‍ മനസ്സിലായിരുന്നു. അവന്‍ വാളമീനിന്‍റെ കാര്യം അപ്പോഴാണ് ഓര്‍ത്തത്. ആരും കേള്‍ക്കാതെ അവന്‍ മന്ത്രിച്ചു:
"വാളമീന്‍ കല്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു! കോടാലീ, പോയി കുറെ വിറകു കീറൂ. വിറകേ, നിങ്ങള്‍ വീട്ടിനുള്ളിലെത്തി അടുപ്പിനകത്തേക്കു ചാടിക്കയറൂ."
അത്ഭുതം ! ബഞ്ചിനടിയിലിരുന്ന കോടാലി മുറ്റത്തേയ്ക്ക് ഓടിച്ചെന്നു വിറകുകീറിത്തുടങ്ങി . വിറകുകമ്പുകള്‍ വീട്ടിനുള്ളിലെത്തി അടുപ്പില്‍ ചാടിക്കയറി.
പിന്നെയും കുറെ സമയം കഴിഞ്ഞു. ജ്യേഷ്ടത്തിമാര്‍ പിന്നെയും യെമേല്യയെ വിളിച്ചു:
"യെമേല്യാ, വിറകു മുഴുവന്‍ തീര്‍ന്നു. നീ കാട്ടില്‍ പോയി കുറെ തടി വെട്ടിക്കൊണ്ടുവരൂ."
അടുപ്പിന്‍റെ തിണ്ണയില്‍ തിരിഞ്ഞുകിടന്നുകൊണ്ടു യെമേല്യ, മറുപടി പറഞ്ഞു:
"നിങ്ങള്‍ക്കൂ ചെയ്താലെന്താ?"
"നീ എന്താണീ പറയുന്നത്?, യെമേല്യ?" പെണ്ണുങ്ങള്‍ ചോദിച്ചു. ''കാട്ടില്‍പ്പോയി തടിവെട്ടിക്കൊണ്ടു വരുന്നതു ഞങ്ങളുടെ ജോലിയല്ല."
"എനിക്കത് ചെയ്യാന്‍ ഇഷ്ടമില്ല." യെമെല്യ പറഞ്ഞു.
"എന്നാൽ നിനക്കു സമ്മാനം ഒന്നും കിട്ടുകയുമില്ല." അവര്‍ പറഞ്ഞു.
യെമേല്യയ്ക്കു പോകാതെ നിവൃത്തിയില്ലായിരുന്നു. അവന്‍ അടുപ്പിന്‍തിണ്ണയില്‍നിന്നു താഴെയിറങ്ങി ബൂട്ടുകളും കുപ്പായവും ധരിച്ചു. ഒരു കയറും ഒരു കോടാലിയും എടുത്തുകൊണ്ടു മുറ്റത്തു ചെന്നു തെന്നുവണ്ടിയില്‍ കയറി ഇരുന്നു. എന്നിട്ട് അവന്‍ ഇങ്ങിനെ പറഞ്ഞു:
"പെണ്ണുങ്ങളെ, പടിവാതില്‍ തുറക്കിന്‍"
അവന്‍റെ ജ്യേഷ്ഠത്തിമാര്‍ പറഞ്ഞു:
"എടാ മണ്ടാ, നീ തെന്നുവണ്ടിയില്‍ എന്തു ചെയ്യുകയാണ്? നീ കുതിരയെ അതില്‍ കെട്ടിയിട്ടില്ലല്ലോ?"
"എനിക്ക് കുതിരയുടെ ആവശ്യമില്ല", യെമേല്യ പറഞ്ഞു.
സ്ത്രീകള്‍ പടിവാതില്‍ തുറന്നു. യെമേല്യ ഇങ്ങിനെ മന്ത്രിച്ചു:
"വാളമീന്‍ കല്ലിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു. തെന്നുവണ്ടീ, കാട്ടിലേക്കു പോകൂ!"
തെന്നുവണ്ടി പടികടന്നു അതിവേഗം കാട്ടിലേക്കു പാഞ്ഞു. കുതിരപ്പുറത്തുപോലും അതിനോടൊപ്പമെത്തുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.
കാട്ടിലേയ്ക്കുള്ള വഴി ഒരു പട്ടണത്തിന്‍റെ മദ്ധ്യത്തിലൂടെയായിരുന്നു. തെന്നുവണ്ടി പലരുടേയും ദേഹത്തു മുട്ടി. പലരും അതിനടിയില്‍പ്പെട്ട് ഞെരിഞ്ഞു. പട്ടണവാസിക കള്‍ വിളിച്ചു പറഞ്ഞു :
"അവനെ തടഞ്ഞുനിര്‍ത്തണം! അവനെ പിടിച്ചുനിര്‍ത്തണം!"
യെമേല്യയ്ക്കു കൂസലില്പായിരുന്നു. അവന്‍ തെന്നുവണ്ടിയോട് കൂടുതല്‍ വേഗം ഓടാന്‍ പറയുക മാത്രമാണു ചെയ്തത്. കാട്ടിലെത്തിയ ഉടന്‍ വണ്ടി നിര്‍ത്തിയിട്ടു അവന്‍ പറഞ്ഞു:
"വാളമീന്‍ കല്‍പ്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു ! കോടാലീ, കുറെ ഉണങ്ങിയ തടി വെട്ടിയിടൂ. തടികളേ, നിങ്ങള്‍ വണ്ടിയില്‍ കയറിയിരുന്നു സ്വയം അടുക്കിവച്ചു കയറുകൊണ്ടു കെട്ടൂ."
കോടാലി ഉണങ്ങിയ തടികള്‍ മുറിച്ചിട്ട് കീറി വിറകാക്കി. വിറകുകമ്പുകള്‍ ഓരോന്നായി വണ്ടിയില്‍ക്കയറിയിരുന്നു ഒരുമിച്ചു കെട്ടി. നല്ല കനമുള്ള ഒരു കുറുവടി വെട്ടിത്തരാന്‍ യെമേല്യ കോടാലിയോടു പറഞ്ഞു. അതു കഴിഞ്ഞ് അവന്‍ വണ്ടിയില്‍ കയറി വിറകുകളുടെ മുകളില്‍ ഇരുന്നുകൊണ്ട് മന്ത്രിച്ചു:
"വാളമീന്‍ കല്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു ! തെന്നുവണ്ടീ, വീട്ടിലേക്കു പോകൂ"
തെന്നുവണ്ടി വളരെ വേഗത്തില്‍ ഓടി. താന്‍ പലരേയും തള്ളിയിടുകയും മുറിവേല്‍പ്പിക്കുകയും ചെയ്ത പട്ടണത്തില്‍ യെമേല്യ എത്തി. അവിടെ അനേകം പേര്‍ അവനെ പിടിക്കാന്‍ തയ്യാറായി നിന്നിരുന്നു. അവര്‍ അവനെ തെന്നുവണ്ടിയില്‍നിന്നു വലിച്ചു താഴെയിട്ടു. എന്നിട്ട് അവനെ അടിക്കാനും തൊഴിക്കാനും തുടങ്ങി.
താന്‍ ആപത്തിലകപ്പെട്ടിരിക്കയാണെന്നു മനസ്സിലായ ഉടന്‍ യെമേല്യ ഇങ്ങിനെ മന്ത്രിച്ചു:
"വാളമീന്‍ കല്‍പ്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു ! കുറുവടീ, ഇറങ്ങിവന്നു ഇവരെ പൊതിരെ തല്ലൂ!"
കുറുവടി ചാടിച്ചെന്നു അടിതുടങ്ങി. പട്ടണവാസികള്‍ പരിഭ്രാന്തരായി നാലുപാടും ഓടി. യെമേല്യ വീട്ടിലെത്തി അടുപ്പിന്‍റെ തിണ്ണയില്‍ കയറിക്കിടന്നു.
സമയം പിന്നേയും കുറെ കഴിഞ്ഞു. രാജാവ് യെമേല്യയുടെ പരാക്രമത്തെക്കുറിച്ചു കേട്ടു. അവനെ കണ്ടുപിടിച്ച് കൊട്ടാരത്തില്‍ ഹാജരാക്കാന്‍ അദ്ദേഹം തന്‍റെ പട്ടാളത്തിലെ ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു.
ഉദ്യോഗസ്ഥന്‍ യെമേല്യയുടെ ഗ്രാമത്തിലെത്തി. അയാള്‍ യെമേല്യയുടെ വീട്ടില്‍ കയറിച്ചെന്ന് ഇങ്ങിനെ ചോദിച്ചു:
"നീയാണോ മണ്ടന്‍ യെമേല്യ?"
"ആണെങ്കിലെന്താ?" യെമേല്യ തിരിച്ചടിച്ചു.
"വേഗം കുപ്പായം എടുത്തിടൂ. ഞാന്‍ നിന്നെ രാജാവിന്‍റെ അടുത്തേക്കു കൊണ്ടുപോകാന്‍ വന്നതാണ്." പട്ടാളക്കാരന്‍ പറഞ്ഞു.
"എനിക്കു പോകാന്‍ ഇഷ്ടമില്ല" യെമേല്യ ഉടനെ തന്‍റെ സ്ഥിരം പല്ലവി ആവര്‍ത്തിച്ചു.
പട്ടാളക്കാരന്‍ രോഷാകുലനായി. അയാള്‍ യെമേല്യയുടെ കരണത്ത് ഒരടി അടിച്ചു. ഉടന്‍തന്നെ യെമേല്യ ഇങ്ങിനെ മന്ത്രിച്ചു:
"വാളമീന്‍ കല്‍പ്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു ! കുറുവടി, ഇയാളെ. അടിച്ചു ചമ്മന്തിയാക്കൂ!"
കുറുവടി ചാടിച്ചെന്നു, ഉദ്യോഗസ്ഥനെ അടിച്ചു അവശനാക്കി.
തന്‍റെ ഉദ്യോഗസ്ഥന്‍ യെമേല്യയോടു തോറ്റു എന്നറിഞ്ഞ രാജാവ് അത്ഭുതപ്പെട്ടു. അദ്ദേഹം തന്‍റെ പ്രഭുക്കന്മാരില്‍ ഏറ്റവും പ്രധാനിയെ വിളിച്ച് വരുത്തി .
"യെമേല്യയെ കണ്ടുപിടിച്ചു കൊട്ടാരത്തില്‍ ഹാജരാക്കിയില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ തലയെടുക്കും," രാജാവ് പ്രഭുവിനോടു പറഞ്ഞു.
പ്രഭ കുറെ മുന്തിരിങ്ങയും പലഹാരങ്ങളും വാങ്ങിക്കൊണ്ടു അതേ ഗ്രാമത്തിലുള്ള അതേ വീട്ടില്‍ എത്തി. യെമേല്യയ്ക്ക് എന്താണിഷ്ടമെന്ന് അയാള്‍ ജ്യഷ്ടത്തിമാരോടു ചോദിച്ചു.
"അവനോടു മധുരമായി സംസാരിക്കുന്നതാണ് അവനിഷ്ടം" അവര്‍ പറഞ്ഞു. "അവനോട്ട് നയത്തില്‍ പെരുമാറുകയും അവന് ഒരു ചുവന്ന കുപ്പായം വാങ്ങിക്കൊടുക്കാമെന്നു പറയുകയും ചെയ്താല്‍ നിങ്ങള്‍ പറയുന്നത്എന്തും അവന്‍ അനുസരിക്കും."
പ്രഭ യെമേല്യയ്ക്ക് മുന്തിരിങ്ങയും പലഹാരങ്ങളും കൊടുത്തിട്ട ഇങ്ങിനെ പറഞ്ഞു:
""യെമേല്യാ, അടുപ്പിന്‍തിണ്ണയില്‍ ഇങ്ങിനെ കിടക്കുന്നത് എന്തിനാണ്? എന്‍റെ കൂടെ രാജാവിന്‍റെ കൊട്ടാരത്തിലേക്കു വരൂ."
"എനിക്ക് ഇവിടെ ഉള്ള സുഖം മതി", യെമേല്യ പറഞ്ഞു.
"ഹാ, യെമേല്യാ, രാജാവ് പലഹാരങ്ങളും വീഞ്ഞും തന്ന് നിന്നെ സല്‍ക്കരിക്കും . നമുക്കു അങ്ങോട്ട് പോകാം." യെമേല്യ പറഞ്ഞു.
"യെമേല്യാ, ഒന്നാന്തരം ഒരു ചുവപ്പുകുപ്പായവും ഒരു ജോടി ബൂട്ടുകളും ഒരു തൊപ്പിയും രാജാവ് നിനക്ക് സമ്മാനമായി തരാന്‍ ഉദ്ദേശിക്കുന്നുണ്ട്."
"ഇല്ല, ഞാന്‍ വരുന്നില്ല," യെമേല്യ കുറച്ചാലോചിച്ചിട്ട് പറഞ്ഞു: "ശരി, ഞാന്‍ നിങ്ങള്‍ പറഞ്ഞതുപോലെ ചെയ്യാം. പക്ഷെ നിങ്ങള്‍ ഒറ്റയ്ക്ക് പോകണം. ഞാന്‍ പിറകെ വന്നേക്കാം."
പ്രഭ കുതിരപ്പുറത്തു യാത്രയായി . യെമേല്യ കുറെ നേരംകൂടി അടുപ്പിന്‍തിണ്ണയില്‍ കിടന്നിട്ട് ഇങ്ങിനെ പറഞ്ഞു:
"വാളമീന്‍ കല്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു ! അടുപ്പേ, നീ കൊട്ടാരത്തിലേക്കു പോകൂ!"
വീടിന്‍റെ മൂലകളില്‍ വിള്ളലുണ്ടായി, മേല്‍ക്കൂര ഇളകി. ഒരു ഭിത്തി ഇടിഞ്ഞുവീണു. അടുപ്പ് തെരുവിലേക്കിറങ്ങി കൊട്ടാരത്തെ ലക്ഷ്യമാക്കി റോഡിലൂടെ പാഞ്ഞു.
രാജാവ് ജാലകത്തിലൂടെ ഈ കാഴ്ച, കണ്ടു.
"ഇതെന്താണ്?" അദ്ദേഹം ചോദിച്ചു.
പ്രഭു ഉത്തരം പറഞ്ഞു: "യെമേല്യ അടുപ്പിന്‍റെ പുറത്തു കൊട്ടാരത്തിലേക്കു വരികയാണ്"
രാജാവ് പൂമുഖത്തേക്കു ചെന്നു ഇങ്ങിനെ പറഞ്ഞു:
"യെമേല്യാ, നിന്നെപ്പറ്റി പല പരാതികളും എനിക്ക് കിട്ടിയിട്ടുണ്ട്. നീ അനേകം ആളകള്‍ക്കു പരുക്കേല്‍പ്പിച്ചുവെന്നു കേട്ടു."
"അവര്‍ എന്‍റെ തെന്നുവണ്ടിയുടെ മുമ്പില്‍ വന്നു നിന്നതെന്തിനാണ്?" യെമേല്യ ചോദിച്ചു.
ഈ സമയത്ത് രാജാവിന്‍റെ പുത്രി മരീയ രാജകുമാരി ജാലകത്തിലൂടെ അങ്ങോട്ട് നോക്കി, യെമേല്യ അവളെ കണ്ടപ്പോള്‍ ഇങ്ങിനെ പതുക്കെ പറഞ്ഞു:
"വാളമീന്‍ കല്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു! രാജാവിന്‍റെ പുത്രി എന്നില്‍ അനുരക്തയാകട്ടെ!"
അവന്‍ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു : "അടുപ്പേ, വീട്ടില്‍പ്പോകൂ!"
അടുപ്പ് തിരിഞ്ഞു യെമേല്യയുടെ ഗ്രാമത്തിലേക്കു ഓട്ടംതുടങ്ങി. അതു കുടിലില്‍ കയറി സ്വസ്ഥാനത്ത് ഇരുന്നു. യെമേല്യ അപ്പോഴും അതിന്‍റെ മുകളില്‍ കിടക്കുകയായിരുന്നു.
ഈ സമയത്ത് കൊട്ടാരത്തില്‍ ഒരു തേങ്ങല്‍ കേട്ടു. മരീയ രാജകുമാരി യെമേല്യയെ ഓര്‍ത്തു കണ്ണുനീര്‍ വാര്‍ത്തുകൊണ്ടിരുന്നു. തനിക്കു യെമേല്യയെ കൂടാതെ ജീവിക്കാന്‍ വയ്യെന്നും അതുകൊണ്ട് അവനെ കല്യാണം കഴിക്കാന്‍ അനുവദിക്കണമെന്നും രാജാവിനോട് അവള്‍ പറഞ്ഞു. രാജാവിന് ഇതു കേട്ടപ്പോള്‍ അതിയായ മനക്ലേശവും ദുഃഖവും ഉണ്ടായി. അദ്ദേഹം പ്രഭുവിനോട് പറഞ്ഞു:
"പോയി യെമേല്യയെ ജീവനോടെയോ അല്ലാതെയോ ഇവിടെ കൊണ്ടു വരൂ. അല്ലാത്തപക്ഷം ഞാന്‍ നിങ്ങളുടെ തല കൊയ്യും."
പ്രഭ പലതരം പലഹാരങ്ങളും മധുരമുള്ള വീഞ്ഞുകളും വാങ്ങിക്കൊണ്ട് യെമേല്യയുടെ ഗ്രാമത്തിലെത്തി. അയാള്‍ യെമേല്യയുടെ വീട്ടിനുള്ളില്‍ പ്രവേശിച്ചു. പലഹാരങ്ങളും വീഞ്ഞുകളും അവന്‍റെ മുമ്പില്‍ നിരത്തിവച്ചു.
യെമേല്യ സ്വാദേറിയ ആ പലഹാരങ്ങളും വീഞ്ഞുകളും മതിയാവോളം അകത്താക്കി. മദൃത്തിന്‍റെ ലഹരിയില്‍ അവന്‍ കിടന്നുറങ്ങി . ഉറങ്ങിക്കിടന്ന യെമേല്യയെ ഒരു വണ്ടിയില്‍ കയറ്റിക്കൊണ്ടു പ്രഭൂ കൊട്ടാരത്തിലേയ്ക്കു പോയി.
ഇരുമ്പപട്ടകള്‍ കൊണ്ടുചുറ്റപ്പെട്ട ഒരു വലിയ വീപ്പ കൊണ്ടുവരാന്‍ രാജാവ് ഉടന്‍തന്നെ കല്‍പ്പിച്ചു. യെമേല്യയേയും മരീയ രാജകുമാരിയേയും വീപ്പയ്ക്കുള്ളിലാക്കി വീപ്പ ഭദ്രമായി അടച്ച് പുറത്തു ടാറും പുരട്ടി കടലിലേക്കെറിഞ്ഞു.
കുറെ സമയം കഴിഞ്ഞു യെമേല്യ ഉണര്‍ന്നു. ചുറ്റും ഇരുട്ടാണെന്നും താന്‍ ഒരു ഇടുങ്ങിയ സ്ഥലത്താണെന്നും മനസ്സിലായ ഉടനെ യെമേല്യ ചോദിച്ചു:
"ഞാന്‍ എവിടെയാണ്?"
മരീയ രാജകുമാരി പറഞ്ഞു:
"പ്രിയതമാ, യെമേല്യാ, വല്ലാത്ത ദുരവസ്ഥയാണ് നമ്മുടേത്! അവര്‍ നമ്മെ ടാറടിച്ച ഒരു വീപ്പയിലടച്ച് നീലക്കടലില്‍ എറിഞ്ഞിരിക്കയാണ്."
"നീ ആരാണ്?" യെമേല്യ ചോദിച്ചു.
"മരീയ രാജകുമാരി."
അപ്പോള്‍ യെമേല്യ ഇങ്ങിനെ മന്ത്രിച്ചു:
"വാളമീന്‍ കല്‍പ്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു ! കൊടുങ്കാറ്റേ! വീപ്പ ഒരു കരയിലടുപ്പിച്ചു മഞ്ഞ മണല്‍പ്പുറത്തു നിക്ഷേപിക്കൂ!"
കാറ്റ് ഉടന്‍തന്നെ ശക്തിയായി അടിച്ചുതുടങ്ങി . കടല്‍ ക്ഷോഭിച്ചു. വീപ്പ കരയ്ക്കടുത്തു, മഞ്ഞ മണല്‍പ്പരപ്പില്‍ വന്നുതങ്ങി . യെമേല്യയും മരീയ രാജകുമാരിയും വീപ്പയില്‍നിന്നു പുറത്തിറങ്ങി. മരീയ രാജകുമാരി പറഞ്ഞു :
"ഇനി നാം എവിടെ താമസിക്കും? എങ്ങിനെയെങ്കിലും ഒരു കുടിലുണ്ടാക്കൂ."
"ഞാന്‍ കുടിലുണ്ടാക്കുകയോ? അതു നടപ്പില്ല," യെമേല്യ പറഞ്ഞു.
രാജകുമാരി അവനോടു വീണ്ടും വീണ്ടും കേണപേക്ഷിച്ചു. ഒടുവില്‍ അവന്‍ പറഞ്ഞു:
"വാളമീന്‍ കല്‍പ്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു ! സ്വര്‍ണ്ണമേല്‍ക്കൂരയുള്ളതും കല്ലുകൊണ്ടുണ്ടാക്കപ്പെട്ടതുമായ ഒരു കൊട്ടാരം ഇവിടെ ഉയരട്ടെ !"
അവന്‍ ഇങ്ങിനെ പഠഞ്ഞുതീര്‍ന്ന ഉടന്‍ അതിമനോഹരമായ ഒരു കൊട്ടാരം അവിടെ ഉണ്ടായി. അതു കല്ലുകൊണ്ടു നിര്‍മ്മിക്കപ്പെട്ടതും, അതിന്‍റെ മേല്‍ക്കൂര സ്വര്‍ണ്ണംകൊണ്ടുണ്ടാക്കപ്പെട്ടതുമായിരുന്നു. ചുറ്റും ഉണ്ടായിരുന്ന സുന്ദരമായ ഉദ്യാനത്തില്‍ പൂക്കള്‍ വിരിഞ്ഞു നിന്നു, പക്ഷികള്‍ പാടിക്കൊണ്ടിരുന്നു. മരീയ രാജകുമാരിയും യെമേല്യയും കൊട്ടാരത്തില്‍ പ്രവേശിച്ചു, ജനാലയിലുടെ പുറത്തേക്കു നോക്കിയിരുന്നു .
മരീയ രാജകുമാരി ചോദിച്ചു:
"യെമേല്യാ, നിനക്കു സുന്ദരനായിക്കൂടെ?"
ഒന്നും ആലോചിക്കാതെ തന്നെ യെമേല്യ പറഞ്ഞു:
"വാളമീന്‍ കല്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു! ഞാന്‍ നല്ല പൊക്കവും സൌന്ദര്യവുമുള്ള ഒരു യുവാവായിത്തീരട്ടെ!"
ഉടന്‍ തന്നെ യെമേല്യ അതിസുന്ദരനായ ഒരു യുവാവായി മാറി. അത്ര സുന്ദരനായ ഒരു യുവാവ് അതിനുമുമ്പു ഭൂമിയില്‍ ഉണ്ടായിട്ടില്ല!
രാജാവ് ആയിടയ്ക്ക് വേട്ടയ്ക്കിറങ്ങിയപ്പോള്‍ നേരത്തെ തരിശായിക്കിടന്ന ഒരു സ്ഥലത്തു ഒരു കൊട്ടാരം ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടു അത്ഭുതപ്പെട്ടു.
"എന്‍റെ സ്ഥലത്ത് കൊട്ടാരം പണിയാനുള്ള ധിക്കാരം ആര്‍ക്കാണുണ്ടായത്?" എന്നു ചോദിച്ചു കൊണ്ടു അദ്ദേഹം കുറ്റക്കാരനെ കണ്ടുപിടിക്കാന്‍ ഒരു ദൂതനെ അയച്ചു.
രാജദൂതന്‍ കൊട്ടാരത്തിലെത്തി. ജനലിനടുത്തു ചെന്നു നിന്നു കൊണ്ടു ആരാണെന്ന് പറയുവാന്‍ യെമേല്യയോട് അഭ്യര്‍ത്ഥിച്ചു.
"എന്നെ സന്ദര്‍ശിക്കാന്‍ രാജാവിനോടു പറയൂ. ഞാന്‍ ആരാണെന്ന് അപ്പോള്‍ നേരിട്ടു പറഞ്ഞോളാം", യെമേല്യ പറഞ്ഞു.
രാജാവ് യെമേല്യയുടെ നിര്‍ദ്ദേശം സ്വീകരിച്ചു. യെമേല്യ അദ്ദേഹത്തെ കൊട്ടാരത്തിന്‍റെ കവാടത്തില്‍വച്ചു സ്വീകരിച്ചു. അദ്ദേഹത്തെ അകത്തു കൊണ്ടു ചെന്നു മേശക്കരികിലിരുത്തി. രാജോചിതമായി സല്‍ക്കരിച്ചു. രാജാവ് തിന്നുകയും കുടിക്കുകയും ചെയ്തുകൊണ്ടു ചോദിച്ചു:
"നല്ല മനുഷ്യാ, നിങ്ങള്‍ ആരാണ്?"
ഒരു അടുപ്പിന്‍റെ തിണ്ണയില്‍ കയറി അങ്ങയെ സന്ദര്‍ശിച്ച മണ്ടന്‍ യെമേല്യയെ അങ്ങ് ഓര്‍ക്കുന്നുണ്ടോ?'' യെമേല്യ ചോദിച്ചു.
"അവനേയും അങ്ങയുടെ മകളേയും ഒരുമിച്ച് ഒരു വീപ്പയിലടച്ചു കടലിലെറിഞ്ഞത് ഓര്‍ക്കുന്നുണ്ടോ? ഞാനാണ് ആ യെമേല്യ. വേണമെന്നു വിചാരിച്ചാല്‍ അങ്ങയുടെ രാജ്യം മുഴുവന്‍ തീ കത്തിച്ചു നശിപ്പിക്കാന്‍ എനിക്കു കഴിയും."
രാജാവ് വല്ലാതെ പേടിച്ചുപോയി. തന്നോട് ക്ഷമിക്കണമെന്ന് അദ്ദേഹം യെമേല്യയോടു അപേക്ഷിച്ചു.
"എനിക്കു മാപ്പു തരൂ, യെമേല്യ," അദ്ദേഹം യാചിച്ചു. "എന്‍റെ മകളെ നിനക്കു കല്യാണം കഴിച്ചു തരാം. എന്‍റെ രാജ്യവും തരാം."
പിന്നീട് അവിടെ നടന്നത് അതിഗംഭീരമായ ഒരു സദ്യയായിരുന്നു. യെമേല്യ മരീയ രാജകുമാരിയെ കല്യാണം കഴിച്ചു. പിന്നീട് അവനാണ് ആ രാജ്യം ഭരിച്ചത്. അവര്‍ സുഖമായി അനേകകാലം ജീവിച്ചിരുന്നു.
1 Comments
wonderful story
ReplyDelete