ഒരിടത്തൊരിടത്ത് ഒരു ഗ്രാമത്തില്‍ രണ്ടു സഹോദരന്മാര്‍ താമസിച്ചിരുന്നു. ഒരു പാട് കഷ്ടപ്പെട്ട് പണിയെടുത്തിട്ടും അവര്‍ക്ക് രണ്ടു പേര്‍ക്കും അധികം സമ്പാദ്യമോണുമുണ്ടായിരുന്നില്ല. ഒരു ദിവസം മൂത്ത സഹോദരന്‍ ഇളയവനോട് പറഞ്ഞു.
"നമുക്ക് ഇവിടെയിങ്ങനെ കഷ്ടപ്പെടാതെ പുറത്തെവിടെയെങ്കിലും പോയി നമ്മുടെ ഭാഗ്യം പരീക്ഷിക്കാം."
ഇളയവന് അത് കൊള്ളാമെന്ന് തോന്നി. അങ്ങിനെ രണ്ടു പേരും തങ്ങളുടെ ഭാഗ്യം തേടി പുറപ്പെട്ടു.
അവര്‍ കുറെ ദിവസങ്ങള്‍ യാത്ര ചെയ്തു. പല നഗരങ്ങളും, ഗ്രാമങ്ങളും സന്ദര്‍ശിച്ചു. പല ജോലികളും ചെയ്തു. പക്ഷേ, വിചാരിച്ച പോലെ ഭാഗ്യദേവത അവരെ കടാക്ഷിച്ചില്ല. എന്നാലും അവര്‍ നിരാശരാകാതെ തങ്ങളുടെ യാത്ര തുടര്‍ന്നു.
ഒടുവില്‍ അവര്‍ ഒരു കാടിന് നടുവിലുള്ള ഒരു ക്ഷേത്രത്തിലെത്തി. രണ്ടു പേരും അവിടെ കണ്ട ദേവീ വിഗ്രഹത്തിന് മുന്പില്‍ തൊഴുതു പ്രാര്‍ത്ഥിച്ചു. അന്ന് രാത്രി അവര്‍ അവിടെ കിടന്നുറങ്ങി.
അടുത്ത ദിവസം അവര്‍ യാത്ര തുടങ്ങി. അധിക ദൂരം ചെന്നില്ല, വഴിയില്‍ അവര്‍ ഒരു വൃദ്ധന്‍ നില്‍ക്കുന്നത് കണ്ടു. നല്ല വെള്ളിത്താടിയുള്ള ആ അപ്പൂപ്പനെ കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.അപ്പൂപ്പന്‍റെ അടുത്ത് തന്നെ വലിയ മുഷിഞ്ഞു നാറിയ ഒരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു. അവരെ കണ്ടതും അപ്പൂപ്പന്‍ അവരോട് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. സഹോദരന്മാര്‍ അവരുടെ കഥ പറഞ്ഞു. അത് കേട്ട ആ അപ്പൂപ്പന്‍ പറഞ്ഞു.
"നിങ്ങളുടെ കഥ കേട്ടു എനിക്കു നിങ്ങളെ സഹായിക്കണമെന്ന് തോന്നുന്നു." അപ്പൂപ്പന്‍ തന്‍റെ വലത്തെ കുപ്പായക്കീശയില്‍ കയ്യിട്ട് ഒരു സ്വര്‍ണ്ണനാണയം പുറത്തെടുത്ത് ചോദിച്ചു.
"എന്‍റെ കയ്യില്‍ ഈ ഒരു സ്വര്‍ണ്ണനാണയമുണ്ട്. നിങ്ങളില്‍ ആര്‍ക്കാണ് ഇത് വേണ്ടത്?"
"എനിക്കു വേണം!" മൂത്ത സഹോദരന്‍ ചാടിക്കയറി പറഞ്ഞു. അപ്പൂപ്പന്‍ ആ നാണയം മൂത്തയാള്‍ക്ക് കൊടുത്തു. അപ്പൂപ്പന്‍ തന്‍റെ ഇടത്തേ കുപ്പായക്കീശയില്‍ കയ്യിട്ട് ഒരു രത്നക്കല്ല് പുറത്തെടുത്ത് ചോദിച്ചു.
"ഇനി എന്‍റെ കയ്യില്‍ ഈ രത്നക്കല്ല് കൂടിയുണ്ട്. ഇത് ഞാന്‍ ആര്‍ക്കാണ് തരേണ്ടത്?"
"എനിക്ക് വേണം ആ രത്നക്കല്ല്!" ഇളയവന് ഒട്ടും സമയം കൊടുക്കാതെ മൂത്തയാള്‍ പറഞ്ഞു.
അപ്പൂപ്പന്‍ ആ രത്നക്കല്ലും മൂത്തസഹോദരന് തന്നെ കൊടുത്തു. ഇളയവന്‍ ഇതെല്ലാം കണ്ട് ഒന്നും മിണ്ടാതെ നിന്നു.
"ഇനി നിങ്ങളുടെ സഹായം എനിക്ക് വേണം. എന്‍റെ ഈ ഭാണ്ഡം നല്ല ഭാരമുള്ളതാണ്. ഇതൊന്നു അടുത്ത ഗ്രാമം വരെ എത്തിക്കാന്‍ എന്നെ ആരാണ് സഹായിക്കുക?" അപ്പൂപ്പന്‍ ചോദിച്ചു.
ഇത്തവണ മൂത്തയാള്‍ ഒന്നും പറയാതെ നിന്നു,
"അങ്ങയെ ഞാന്‍ സഹായിക്കാം!" ഇളയവന് ഒട്ടും മടിയുണ്ടായിരുന്നില്ല.
ഇളയസഹോദരന്‍ വേഗം തന്നെ ആ ഭാണ്ഡം തന്‍റെ ചുമലിലേറ്റി അപ്പൂപ്പന് പിന്നാലേ നടന്നു. മൂത്തസഹോദരന്‍ തന്‍റെ ഭാഗ്യത്തെയോര്‍ത്ത് ഒട്ടും സാമര്‍ത്ഥ്യമില്ലാത്ത തന്‍റെ സഹോദരനെ മനസ്സില്‍ പുച്ഛിച്ച് കൊണ്ട് പിന്നാലെ ചെന്നു.
കുറെ നടന്ന് അവര്‍ അടുത്ത ഗ്രാമത്തിലെത്തി. അവിടെയെത്തിയതും അപ്പൂപ്പന്‍ ഇളയ സഹോദരനോട് ആ ഭാണ്ഡം താഴെ വെക്കാന്‍ പറഞ്ഞു. ഇളയവന്‍ അതനുസരിച്ചു.
"നീ എന്നെ സഹായിച്ചതിന് പകരമായി ഞാന്‍ നിനക്ക് എന്താണ് തരേണ്ടത്?" അപ്പൂപ്പന്‍ ചോദിച്ചു.
"എനിക്കൊന്നും വേണ്ട അപ്പൂപ്പാ!" ഇളയവന്‍ മറുപടി പറഞ്ഞു.
"ശരി. എന്നാല്‍ എന്‍റെയീ ഭാണ്ഡം നിനക്കുള്ളതാണ്" അപ്പൂപ്പന്‍ പറഞ്ഞു.
മൂത്തയാള്‍ ചിരിയടക്കാന്‍ പാടുപെട്ടു, ഇത്ര കഷ്ടപ്പെട്ടിട്ട് തന്‍റെ അനിയന് കിട്ടിയത് ഒരു മുഷിഞ്ഞ ഭാണ്ഡക്കെട്ട്!
"എനിക്കൊന്നും വേണ്ട അപ്പോപ്പാ. അങ്ങയുടെ ഭാണ്ഡം അങ്ങ് തന്നെ വെച്ചോളൂ" ഇളയവന്‍ പറഞ്ഞു.
"ഹെയ്! അത് ശരിയാകില്ല, നീ നല്ല മനസ്സുള്ളവനാണ്. അത് നിനക്കുള്ള എന്‍റെ സമ്മാനമാണ്. അത്യാര്‍ത്തി കാണിക്കാതെ എന്നെ സഹായിക്കാന്‍ സന്‍മനസ്സ് കാണിച്ച നിനക്കേ ആ ഭാണ്ഡത്തിന് അര്‍ഹതയുള്ളൂ!" അപ്പൂപ്പന്‍ പറഞ്ഞു.
അതിനടുത്ത നിമിഷം അപ്പൂപ്പന്‍ അവിടെ നിന്നും അപ്രത്യക്ഷനായി.
അത്ഭുതത്തോടെ ഭാണ്ഡം തുറന്നു നോക്കിയ ഇളയവന്‍ ഞെട്ടിപ്പോയി. ആ ഭാണ്ഡം നിറയെ വിലപിടിപ്പുള്ള മുത്തും രത്നങ്ങളുമായിരുന്നു.
0 Comments