നിയമത്തിലില്ലാത്തത്!


മസാച്യുസെറ്റ്‌സിൽ നിന്നുള്ള രാഷ്ട്രീയക്കാരനും അഭിഭാഷകനും വ്യവസായിയുമായിരുന്നു യൂണിയൻ ആർമിയുടെ ഒരു അമേരിക്കൻ മേജർ ജനറൽ ആയിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ബട്ട്‌ലർ.

അദ്ദേഹം മസാച്ചുസെറ്റ്‌സിലെ ലോവലിൽ താമസിച്ചിരുന്നപ്പോൾ, അദ്ദേഹത്തിന് കറുപ്പും തവിട്ടും കലര്‍ന്ന നിരത്തിലുള്ള ഒരു ചെറിയ നായ ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ, അദ്ദേഹം തെരുവിലൂടെ പ്രഭാത സവാരിക്കിറങ്ങി. നായ അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു., ഒരു പോലീസുകാരൻ അദ്ദേഹത്തെ തടഞ്ഞുനിർത്തി പറഞ്ഞു:

"സാര്‍, ഇപ്പോൾ പാസാക്കിയ പുതിയ ഒരു ഓർഡിനൻസ് അനുസരിച്ച്, നായയുടെ വായ മൂടിക്കെട്ടുന്ന കൊട്ട നിര്‍ബന്ധമാണ്."

"അതെയോ? അത് വളരെ നന്നായി," ബട്ട്‌ലർ പറഞ്ഞു.

പിറ്റേന്ന് രാവിലെയും ബട്ട്‌ലർ നായയുമായി സവാരിക്കിറങ്ങി.  പോലീസുകാരൻ വീണ്ടും അദ്ദേഹത്തോട് കര്‍ശനമായ ഓർഡിനൻസിനെക്കുറിച്ച് പറയുകയും നായയ്ക്ക് കൊട്ട ധരിപ്പിക്കുവാന്‍ അഭ്യർത്ഥിക്കുകയും ചെയ്തു.

“ശരി,” ബട്ട്‌ലർ പറഞ്ഞു. “ഇതൊരു വിഡ്ഢി നിയമമാണ്, പക്ഷേ ഞാൻ അത് ചെയ്തേക്കാം. ഇപ്പോള്‍ എന്നെ പോകാന്‍ അനുവദിക്കണം."

പിറ്റേന്ന് രാവിലെ പോലീസുകാരൻ നിരീക്ഷണത്തിലായിരുന്നു. “ജനറല്‍, ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, പക്ഷേ എനിക്ക് നിങ്ങളെ അറസ്റ്റ് ചെയ്തേ മതിയാകൂ. നിങ്ങളുടെ നായയ്ക്ക് വായ്കൊട്ട ധരിപ്പിച്ചിട്ടില്ല."

"അത് ശരി! ഞാന്‍ എന്‍റെ നായയ്ക്ക് വായ്കൊട്ട ധരിപ്പിച്ചിട്ടില്ലെന്നോ?” ബട്ട്ലർ അലറി. "തനിക്ക് കണ്ണില്ലേ? ശരിക്ക് നോക്കൂ"

പോലീസുകാരൻ നായയെ കൂടുതൽ ശ്രദ്ധയോടെ നോക്കി, അതിന്‍റെ വാലിൽ കെട്ടിയിരിക്കുന്ന ഒരു ചെറിയ വായ്കൊട്ട പോലുള്ള കളിപ്പാട്ടം കണ്ടെത്തി.

"ജനറൽ," അദ്ദേഹം തുറന്നുപറഞ്ഞു, "ഈ നായ ശരിയായി വായ്കൊട്ട ധരിച്ചിട്ടില്ല."

“അല്ല, ശരിയായി തന്നെയാണ് ധരിച്ചിരിക്കുന്നത്,” ബട്ട്‌ലർ ഉറപ്പിച്ചു പറഞ്ഞു. "ഞാൻ വിഡ്ഢിത്തമായ  ആ  നിയമം പരിശോധിച്ചു, ഓരോ നായയും വായ്കൊട്ട ധരിക്കണമെന്ന് പറയുന്നുണ്ട്. നായ എവിടെയാണ് അത് ധരിക്കേണ്ടതെന്ന് നിയമത്തില്‍ പറയുന്നില്ല, അത് കൊണ്ട് തലയ്ക്ക് പകരം എന്‍റെ നായയുടെ വാൽ അലങ്കരിക്കാൻ ഞാൻ അതുപയോഗിക്കുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോ?"

പോലീസുകാരന്‍ ഉത്തരം മുട്ടി നിന്നു പോയി.

Post a Comment

0 Comments