മറവി മരുന്ന്! ജപ്പാനീസ് നാടോടിക്കഥ

 ഒരിയ്ക്കല്‍ ഒരു പാവം കച്ചവടക്കാരന്‍ തന്‍റെ യാത്രക്കിടയില്‍ രാത്രി വിശ്രമത്തിനായി ഒരു സത്രത്തിലെത്തി. സത്രം നടത്തിപ്പുകാരി ഒരു സ്ത്രീയായിരുന്നു. അവര്‍ അതിഥിയെ സ്വീകരിച്ചിരുത്തി. കച്ചവടക്കാരന്‍ അവരോട് അത്താഴത്തിന് എന്തെങ്കിലും തരാന്‍ ആവശ്യപ്പെട്ടു. കച്ചവടക്കാരന്‍റെ കയ്യില്‍ വളരെ കുറച്ചു പണവും, കുറച്ചു ചരക്കുകകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കുടിലബുദ്ധിക്കാരിയായ സ്ത്രീ അയാളുടെ കയ്യിലുള്ള ചരക്ക് എങ്ങിനെയെങ്കിലും കൈവശപ്പെടുത്തണം എന്ന് തീര്‍ച്ചപ്പെടുത്തി. അവള്‍ തന്‍റെ ഭര്‍ത്താവിനോട് വിവരം പറഞ്ഞു.


"ഒരു വഴിയുണ്ട്." അയാള്‍ ഒരു സഞ്ചിയില്‍ നിന്നും കുറച്ചു പൊടി എടുത്തു കൊടുത്ത് കൊണ്ട് പറഞ്ഞു.  "ഈ പൊടി അയാളുടെ അത്താഴത്തില്‍ ഇട്ടു കൊടുക്കണം. ഇത് ഒരു മറവി മരുന്നാണ്. ഇത് കഴിച്ചാല്‍ രാവിലെ പുറപ്പെടുമ്പോള്‍ അയാള്‍ എന്തെങ്കിലും ഒന്ന് തീര്‍ച്ചയായും മറക്കും."

"അത് കൊള്ളാം. അയാളുടെ കയ്യില്‍ ആകെ ഒരു കേട്ടു മാത്രമേ ഉള്ളൂ. അപ്പോള്‍ പിന്നെ അതല്ലാതെ എന്തു മറക്കാനാണ്." ആ സ്ത്രീ പറഞ്ഞു.

പറഞ്ഞത് പോലെ തന്നെ അവര്‍ ആ പൊടി അയാളുടെ അത്താഴത്തില്‍ ചേര്‍ത്ത് കൊടുത്തു. പാവം കച്ചവടക്കാരന്‍ ഇതൊന്നുമറിയാതെ സുഖമായി അത്താഴം കഴിച്ചു കിടന്നുറങ്ങി.

രാവിലെ ഉണര്‍ന്ന സത്രക്കാരി നേരെ കച്ചവടക്കാരന്‍ കിടന്നിരുന്ന മുറിയിലെയ്ക്കാണ് പോയത്. അവിടെ അയാളുടെ പൊടി പോലുമില്ലായിരുന്നു. അവര്‍ ചുറ്റും നോക്കി. ഒന്നും തന്നെ അവിടെ വെക്കാതെയാണ് അയാള്‍ പോയിരിക്കുന്നത്.

"നിങ്ങളുടെ ഒരു വിഡ്ഢിത്തം. മറവി മരുന്ന് പോലും. അയാള്‍ ഒന്നും മറന്നു വെക്കാതെ സ്ഥലം വിട്ടു കളഞ്ഞു." അവര്‍ ഭര്‍ത്താവിന് നേരെ കയര്‍ത്തു.

"ഏയ്! അങ്ങിനെ വരില്ലല്ലോ. നീ ശരിക്ക് നോക്ക്. അയാള്‍ എന്തെങ്കിലും ഒരു കാര്യം മറന്നിട്ടുണ്ടാകും. എന്‍റെ മരുന്ന് ഫലിക്കാതിരിക്കില്ല." ഭര്‍ത്താവ് പറഞ്ഞു.

"കുന്തം! അയാളൊന്നും തന്നെ മറന്നിട്ടില്ല." സ്ത്രീയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. "മുറിയുടെ വാടക പോലും തരാതെയാണ് അയാള്‍ പൊയ്ക്കളഞ്ഞത്!"

"അത് തന്നെ. എടി മണ്ടീ, മുറിയുടെ വാടക തരാനാണ് അയാള്‍ മറന്നത്!" ഭര്‍ത്താവ് പറഞ്ഞു. "അല്ലാതെ എന്‍റെ മരുന്ന് ഫലിക്കാതെയല്ല"

അത് കേട്ട് ആ സ്ത്രീ വാ പൊളിച്ച് നിന്ന് പോയി.

Post a Comment

0 Comments