ചെമ്പന്‍ കുതിര - റഷ്യന്‍ നാടോടിക്കഥ ഭാഗം 2

 സുന്ദരി രാജകുമാരിയെ കാംക്ഷിച്ചെത്തിയ യുവാക്കള്‍ ഓരോരുത്തരായി ചാടിനോക്കി, പക്ഷെ ജനാലയ്ക്കുടുത്തെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇവാന്‍റെ ജ്യേഷ്ഠന്മാരും മററുള്ളവരെപ്പോലെ ചാടിനോക്കി, പക്ഷെ ഫലമുണ്ടായില്ല.

ഇവാന്‍റെ ഊഴം വന്നു. അവന്‍ ഒരു പോര്‍വിളിയോടെ ചെമ്പന്‍കുതിരയെ ചാടിച്ചു. അതു കുതിച്ചുചാടി . ഏററവും മുകളില്‍ നിന്നും രണ്ടു നിലകള്‍ താഴെവരെ എത്തി. ഇവാന്‍ രണ്ടാമതും കുതിരയെ ചാടിച്ചു. ഏററവും മുകളിലത്തെ നിലയുടെ തൊട്ടുതാഴെവരെ കുതിര പൊങ്ങി, അവസാനത്തെ തവണ ചാടുന്നതിനുമുമ്പ ഇവാന്‍ കുതിരയെ അതിന്‍റെ വായില്‍നിന്നു നുരയയം പതയും വരുന്നതുവരെ വട്ടംകറക്കി . ഒടുവില്‍ കുതിര ഒരു തീപ്പന്തംപോലെ മുകളിലേക്കു കുതിച്ചു. ഇവാന്‍, രാജകുമാരിയുടെ തേന്‍ചുണ്ടുകളില്‍ ചുംബിച്ചു. തന്‍റെ മുദ്രമോതിരംകൊണ്ടു രാജകുമാരി ഇവാന്‍റെ നെറ്റിയില്‍ മുദ്രകുത്തി. ജനങ്ങള്‍ ആര്‍ത്തുവിളിച്ചു: 


"തടഞ്ഞുനിര്‍ത്തു! പിടിച്ചുനിര്‍ത്തു" 

പക്ഷെ ഇവാനും കുതിരയും പൊടിപടലമുയര്‍ത്തി കൊണ്ടു അപ്രത്യക്ഷരായി.

വെളിപ്രദേശത്തെത്തിയപ്പോള്‍ ഇവാന്‍ കുതിരയെ നിര്‍ത്തി, അതിന്‍റെ ഇടത്തെ ചെവിയിലൂടെ കയറി വലത്തെ ചെവിയിലൂടെ പുറത്തിറങ്ങി . അവന്‍ പഴയപടിയായി . അവന്‍ കുതിരയെ പാട്ടിനുവിട്ടിട്ട് വീട്ടിലേയ്ക്കു പോയി. വഴിയ്ക്കു കൂണ്‍ പറിക്കാന്‍ അവന്‍ മറന്നില്ല. അവന്‍ വീട്ടിലെത്തി ഒരു തുണിക്കഷണമെടുത്തു നെറ്റിയില്‍ കെട്ടിവച്ചിട്ട്‌ അടുപ്പിന്‍തിണ്ണയില്‍ കയറി പഴയതു

പോലെ കിടന്നു. കുറേക്കഴിഞ്ഞു ജ്യേഷ്ഠന്മാര്‍ തിരിച്ചെത്തി. തങ്ങള്‍  കണ്ടതും കേട്ടതും ഒക്കെ അവര്‍ ഇവാനോട് വിവരിച്ചു.

"രാജകുമാരിയുടെ ആരാധകര്‍ അനവധിപേരുണ്ടായിരുന്നു. അവര്‍ സുമുഖന്മാരുമായിരുന്നു." അവര്‍ പറഞ്ഞു. "എന്നാല്‍ എല്ലാവരേയം അതിശയിക്കുന്ന ഒരാള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ജ്വലിക്കുന്ന തന്‍റെ കുതിരപ്പുറത്ത് അയാള്‍ ചാടി രാജകുമാരിയെ ചുംബിച്ചു. അയാള്‍ വരുന്നത് എല്ലാവരും കണ്ടു. പക്ഷെ തിരിച്ചുപോകുന്നത് ആരും കണ്ടില്ല."

പുകക്കുഴലിന്‍റെ പിന്നില്‍ നിന്ന് ഇവാന്‍ പറഞ്ഞു:

"ഒരുപക്ഷെ നിങ്ങള്‍ കണ്ടത് എന്നെയായിരിക്കും."

ജ്യേഷ്ഠന്മാര്‍ രോഷാകുലരായി പറഞ്ഞു:

"മണ്ടാ! നീ ഇങ്ങിനെ വിഡ്ഡിത്തം പുലമ്പാതെ അടുപ്പിന്‍ തിണ്ണയില്‍ കൂണും തിന്നുകൊണ്ട്‌ അടുങ്ങിയിരിക്ക്"

രാജകുമാരിയുടെ മോതിരം പതിപ്പിച്ച മുദ്ര മറയ്ക്കാനായി കെട്ടിയിരുന്ന തുണി ഇവാന്‍ അഴിച്ചുമാററി. പെട്ടെന്നു അതിന്‍റെ തിളക്കം വീട്ടിലാകെ പ്രകാശംപരത്തി. ജ്യേഷ്ഠന്മാര്‍ പേടിച്ചു വിളിച്ചു പറഞ്ഞു.

"മണ്ടാ, നീ എന്താണു ചെയ്യുന്നത്? നീ ഈ വീടിന് തീപിടിപ്പിക്കും"

പിറ്റേ ദിവസം രാജാവ് ഒരു വിരുന്നുസല്‍ക്കാരത്തിന് പ്രജകളെ എല്ലാവരേയും ക്ഷണിച്ചു. അടിയാന്മാരേയും പ്രഭൂക്കന്മാരേയും സാധാരണക്കാരേയും ധനവാന്മാരേയും ദരിദ്രരേയും യുവാക്കളേയും വൃദ്ധന്മാരേയും എന്നുവേണ്ട രാജ്യത്തുള്ള സകലരേയും അദ്ദേഹം വിരുന്നിനു ക്ഷണിച്ചിരുന്നു.

ഇവാന്‍റെ സഹോദരന്മാരും സദ്യയ്ക്കു പോകാന്‍ വട്ടംകൂട്ടി .

"എന്നെക്കൂടെ കൊണ്ടുപോകൂ, ജ്യേഷ്ഠന്‍മാരെ." ഇവാന്‍ കെഞ്ചി.

"നിന്നെയോ?" അവര്‍ ചിരിച്ചു. "കാണുന്നവരെല്ലാ നിന്നെ പരിഹസിക്കും. കൂണും തിന്നുകൊണ്ട്‌ നീ ഈ അടുപ്പിന്‍ തിണ്ണയില്‍ ഇരുന്നോ."


ജ്യേഷ്ഠന്മാര്‍  കുതിരപ്പുറത്തു കയറി ഓടിച്ചുപോയി . ഇവാന്‍ കാല്‍നടയായി പുറപ്പെട്ട. അവന്‍ കൊട്ടാരത്തിലെത്തി ഒരു ഒഴിഞ്ഞ മൂലയില്‍ ഇരുന്നു. സുന്ദരിരാജകുമാരി അതിഥികളെ എല്ലാവരേയും കാണാന്‍ ചുറ്റിനടന്നു. രാജകുമാരി കയ്യില്‍ പിടിച്ചിരുന്ന കപ്പില്‍നിന്നും ഓരോരുത്തരേയും കുറേശ്ശെ മധുരപാനീയം കുടിപ്പിച്ചു. ഒപ്പം തന്‍റെ മുദ്രയുണ്ടോയെന്നറിയാന്‍ ഓരോരുത്തരുടേയും നെറ്റിയില്‍  സൂക്ഷിച്ചുനോക്കി .

അവള്‍ ഇവാനെ ഒഴിച്ചു മറ്റെല്ലാവരെയും പരിശോധിച്ചു കഴിഞ്ഞു. അവനെ സമീപിച്ചപ്പോള്‍ അവളുടെ മനസ്സിടിഞ്ഞു.

അവന്‍റെ ദേഹം മുഴവന്‍ കുരിപുരണ്ടിരുന്നു. മുള്ളന്‍പന്നിയുടെ മുള്ള് പോലുള്ള തലമുടിയായിരുന്നു അവന്‍റേത്. സുന്ദരി രാജകുമാരി ചോദിച്ചു:

"നീ ആരാണ്? എവിടുന്നു വരുന്നു? ആ പഴന്തുണി നീ നെറ്റിയില്‍ കെട്ടിവച്ചിരിക്കുന്നതെന്തിനാണ്?"

"ഉരുണ്ടുവീണ് എന്‍റെ നെറ്റി അല്‍പ്പം മുറിഞ്ഞു." ഇവാന്‍ പറഞ്ഞു .

രാജകുമാരി തുണി അഴിച്ചുമാറ്റി. ഉജ്ജ്വലമായ ഒരു പ്രകാശം കൊട്ടാരത്തിലാകെ പരന്നു.

"ഇത് എന്‍റെ മുദ്രയാണ്!" രാജകുമാരി വിളിച്ചുപറഞ്ഞു.

"ഇതാണ് എന്‍റെ വരന്‍!"

രാജാവ് ഇവാന്‍റെ അടുത്തെത്തി. അവനെ ഒന്നു നോക്കിയിട്ട് പറഞ്ഞു:

"അല്ല, രാജകുമാരി! നിന്‍റെ വരന്‍ ഇവനായിരിക്കയില്ല! ഇവന്‍ ആകെ കരിപുരണ്ട ഒരു വെറും സാധാരണക്കാരനാണ്?"

ഇവാന്‍ രാജാവിനോട് പറഞ്ഞു;

"മുഖം കഴുകിയിട്ടുവരാന്‍ എന്നെ അനുവദിക്കൂ."

രാജാവ് അതിന് അനുവാദം കൊടുത്തു. ഇവാന്‍ മുറ്റത്തിറങ്ങി അച്ഛന്‍ പഠിപ്പിച്ചിട്ടുള്ള വാക്കുകള്‍ വിളിച്ചുപറഞ്ഞു:

"ചെമ്പന്‍ കുതിരേ, കേട്ടാലും, വന്നാലും !

അല്ലെങ്കിലാപത്തു വന്നു ഭവിച്ചിടും."

ചെമ്പന്‍ കുതിര അവന്‍റെയടുത്തേയ്ക്ക് പാഞ്ഞുവന്നു. ഭൂമി അതിന്‍റെ കുളമ്പടിയേറ്റ് കിടിലംകൊണ്ടു. അതിന്‍റെ മൂക്കില്‍നിന്നും തീപ്പൊരി ചിതറി . ചെവിയില്‍നിന്നു പുകയുടെ മേഘങ്ങള്‍ ഉയര്‍ന്നു. ഇവാന്‍ അതിന്‍റെ വലത്തെ ചെവിയിലൂടെ കയറി ഇടത്തേ ചെവിയിലൂടെ പുറത്തിറങ്ങി. പുലര്‍കാലത്തെ ആകാശം പോലെ സൌന്ദര്യമുള്ള ഒരു യുവാവായി അവന്‍ മാറി. അതിനുമുന്‍പ് അത്ര സൌന്ദര്യമുള്ള ആരും ഭൂമിയില്‍ ഉണ്ടായിട്ടില്ല. അവനെ കണ്ടയുടന്‍ കൊട്ടാരത്തില്‍ കൂടിയിരുന്നവര്‍ അത്ഭുതസ്തംബ്ദരായി .

പിന്നീട് ഇവാന്‍ സുന്ദരി രാജകുമാരിയെ വിവാഹംചെയ്തു. തുടര്‍ന്നു ഗംഭീരമായൊരു സദ്യയയം കൊട്ടാരത്തില്‍ നടത്തപ്പെട്ടു. തുടര്‍ന്നുള്ള കാലം അവര്‍ സന്തോഷത്തോട് കൂടി ജീവിച്ചു.

Post a Comment

0 Comments