ഹോജയുടെ പ്രഭാഷണം


ദിനം പ്രതി വര്‍ദ്ധിച്ച് വരുന്ന ഹോജയുടെ പ്രശസ്തിയില്‍ അസൂയാലുക്കളായ ചില നാട്ടുകാര്‍ ഹോജയെ ഒന്ന് കളിയാക്കാന്‍ തീരുമാനിച്ചു. അവര്‍ ഹോജയോട് തങ്ങള്‍ക്കായി ഒരു പ്രഭാഷണം നടത്താന്‍ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ഹോജ അതിന് സമ്മതിച്ചു.

പ്രസംഗപീഠത്തില്‍ കയറിയ ഹോജ എല്ലാവരോടുമായി ചോദിച്ചു.

"ഞാന്‍ ഇന്ന് എന്തു വിഷയത്തെക്കുറിച്ചാണ് സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?"

"അറിയില്ല, ഞങ്ങള്‍ക്കറിയില്ല" എല്ലാവരും ഉറക്കെ പറഞ്ഞു.

"അത് പോലും അറിയാത്ത നിങ്ങളോട് ഞാനെന്ത് സംസാരിക്കാനാണ്?" ഇതും പറഞ്ഞ് ഹോജ താഴെയിറങ്ങി വീട്ടിലേയ്ക്ക് പോയി.

അദ്ദേഹത്തിനോട് അസൂയപൂണ്ട നാട്ടുകാര്‍ ഹോജ വളരെ തന്ത്രപൂര്‍വം തടിതപ്പിയല്ലോ എന്നു കരുതി നിരാശരായി.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഹോജയെ വിളിച്ച് പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്രാവശ്യം അവരുടെ ആവശ്യത്തിന് വഴങ്ങി ഹോജ പ്രസംഗിക്കാനൊരുങ്ങി. തടിച്ചു കൂടിയിരിക്കുന്ന നാട്ടുകാരോട് ഹോജ ചോദിച്ചു.

"ഞാനിന്ന് സംസാരിക്കാന്‍ പോകുന്ന വിഷയമെന്താണെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം?"

"ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കറിയാം. " ആളുകള്‍ വിളിച്ച് പറഞ്ഞു.

"നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു വിഷയത്തെക്കുറിച്ച് ഞാനെന്ത് പറയാനാണ്?" ഹോജ തിരിച്ച് ചോദിച്ചു. എന്നിട്ട് പതിവ് പോലെ ഇറങ്ങി വീട്ടിലേയ്ക്ക് നടന്നു.

ഇത്തവണയും ഹോജ തങ്ങളെ കബളിപ്പിച്ചല്ലോ എന്നോര്‍ത്ത് നാട്ടുകാര്‍ വിഷമിച്ചു.

അടുത്ത തവണ ഹോജയെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് അവര്‍ ഉറപ്പിച്ച്. അപ്രകാരം വീണ്ടും അവര്‍ ഹോജയെ പ്രഭാഷണത്തിന് ക്ഷണിച്ചു. ഹോജയ്ക്ക് അവരുടെ ക്ഷണം സ്വീകരിക്കാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല.

പ്രസംഗപീഠത്തില്‍ കയറിയ ഹോജ തന്‍റെ പതിവ് ചോദ്യം ആവര്‍ത്തിച്ചു.

"ഞാന്‍ ഇന്ന് എന്തു വിഷയത്തെക്കുറിച്ചാണ് സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?"

ഇത്തവണ  നാട്ടുകാര്‍ തയ്യാറായിരുന്നു. അവര്‍ വളരെ തന്ത്രപൂര്‍വം പറഞ്ഞു. "താങ്കള്‍ സംസാരിക്കാന്‍ പോകുന്ന വിഷയത്തെക്കുറിച്ച് ഞങ്ങളില്‍ ചിലര്‍ക്കറിയാം, ചിലര്‍ക്കറിയില്ല"

"ഓഹോ, അങ്ങിനെയാണോ? എങ്കില്‍ പിന്നെ നിങ്ങളില്‍ അറിയാവുന്നവര്‍ അറിയാത്ത മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്താല്‍ മതി. വെറുതെ ഞാനെന്തിനാണ് എന്‍റെ സമയം പാഴാക്കുന്നത്"

നടന്നതെന്തെന്ന് നാട്ടുകാര്‍ ചിന്തിക്കുന്നതിന് മുന്പെ ഹോജ നടന്നകന്നിരുന്നു.


കൂടുതല്‍ ഹോജാ കഥകള്‍

Post a Comment

0 Comments