ഒരു ദിവസം വഴിയരികില്‍ നില്‍ക്കുകയായിരുന്ന അന്നാട്ടുകാരനോട് അത് വഴി വന്ന ഒരു വഴിപോക്കന്‍ ഹോജയുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചു. ഹോജയുടെ വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുത്ത നാട്ടുകാരന്‍ വഴിപോക്കനോട് ചോദിച്ചു.
"താങ്കള്‍ ആരാണ്? എന്തിനാണ് താങ്കള്‍ ഹോജയുടെ വീട്ടിലേയ്ക്ക് പോകുന്നത്?"
"ഞാനൊരു യാത്രക്കാരനാണ്. ഇത് വഴി പോകുമ്പോള്‍ ഹോജയ്ക്ക് കൊടുക്കാനായി എന്‍റെ നാട്ടിലുള്ള ഹോജയുടെ ഒരകന്ന ബന്ധു ഒരു താറാവിനെ തന്ന് വിട്ടിരുന്നു." തന്‍റെ കയ്യിലുള്ള താറാവിനെ കാണിച്ച് കൊണ്ട് വഴിപോക്കന്‍ പറഞ്ഞു.
വഴിപോക്കന്‍ പോയതും നാട്ടുകാരന്‍ ചിന്തിച്ചു.
"എന്തൊരു മുഴുത്ത താറാവ്! നിശ്ചയമായും ഇത് കിട്ടിക്കഴിഞ്ഞാല്‍ ഹോജ ഇതിനെ സൂപ്പ് വെയ്ക്കും. എങ്ങിനെയെങ്കിലും അതില്‍ കുറച്ചെങ്കിലും തരപ്പെടുത്തണം. ഒരു കാര്യം ചെയ്യാം! ഹോജയുടെ വീടിനരികില്‍ കുറച്ച് നേരം ചുറ്റിത്തിരിയാം. സൂപ്പ് തയ്യാറാകുമ്പോള്‍ എന്തെങ്കിലും പറഞ്ഞ് അകത്ത് കടക്കാം. ഹോജ എന്തായാലും കുറച്ച് സൂപ്പ് അതിഥിയ്ക്ക് നല്‍കാതിരിക്കില്ല"
അയാള്‍ ഉടന്‍ തന്നെ വഴിപോക്കന്‍റെ പിന്നാലെ വെച്ച് പിടിച്ചു. വഴിപോക്കന്‍ ഹോജയുടെ വീട്ടിലെത്തി താറാവിനെ ഏല്‍പ്പിച്ച് തന്‍റെ യാത്ര തുടര്‍ന്നു. നാട്ടുകാരനാകട്ടെ ഹോജയുടെ വീടിനടുത്ത റോഡില്‍ അങ്ങുമിങ്ങും നടക്കാന്‍ തുടങ്ങി. ഹോജ താറാവ് സൂപ്പ് തയ്യാറാക്കാന്‍ ഒരുങ്ങുന്നത് അയാള്‍ക്ക് കാണാമായിരുന്നു.
കുറെ നേരം കഴിഞ്ഞു. ഹോജയുടെ വീട്ടില്‍ നിന്നും നല്ല താറാവ് സൂപ്പിന്‍റെ ഗന്ധം വരാന്‍ തുടങ്ങി. നാട്ടുകാരന് കൊതിയടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അയാള്‍ നേരെ ഹോജയുടെ വീട്ടിലേയ്ക്ക് കയറി വാതിലില്‍ തട്ടി.
"ആരാണ്? എന്ത് വേണം!" വാതില്‍ തുറന്ന ഹോജ ചോദിച്ചു.
"ഞാന്‍ താങ്കള്‍ക്ക് താറാവിനെ അയച്ച് തന്ന ബന്ധുവിന്‍റെ ഒരു സുഹൃത്താണ്" നാട്ടുകാരന്‍ പറഞ്ഞു.
"അങ്ങനെയോ? എങ്കില്‍ കടന്നിരിക്കൂ. ഞാന്‍ ഇതാ താറാവ് സൂപ്പ് തയ്യാറാക്കിയതേയുള്ളൂ. കുറച്ച് സൂപ്പ് കഴിച്ചിട്ട് പോകാം" ഹോജ അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു.
ഇതെല്ലാം അതേ നാട്ടുകാരനായ മറ്റൊരുത്തന്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ക്കും താറാവ് സൂപ്പിന്‍റെ മണം കിട്ടി കൊതിയിളകി. ആദ്യത്തെയാളെ ഹോജ ക്ഷണിച്ചിരുത്തുന്നത് കണ്ടതും, ഇയാളും അതേ തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. അയാളും ഹോജയുടെ വീട്ടിലെത്തി കതകില്‍ മുട്ടി.
"നിങ്ങളാരാണ്"? വാതില്‍ തുറന്ന ഹോജ ചോദിച്ചു.
"ഞാന്‍ താങ്കള്‍ക്ക് താറാവിനെ കൊടുത്തയച്ച ബന്ധുവിന്‍റെ കൂട്ടുകാരന്‍റെ കൂട്ടുകാരനാണ്" അയാള്‍ പറഞ്ഞു
"എന്‍റെ ബന്ധുവിന്‍റെ കൂട്ടുകാരന്‍റെ കൂട്ടുകാരനോ? എങ്കില്‍ കടന്ന് വരൂ. കുറച്ച് താറാവ് സൂപ്പ് കഴിച്ചിട്ട് പോകാം" ഹോജ അയാളെയും അകത്തേയ്ക്ക് ക്ഷണിച്ചു.
രണ്ട് കൊതിയന്മാരും തങ്ങളുടെ സൂത്രം ഫലിച്ചതോര്‍ത്ത് സന്തോഷത്തോടെ കാത്തിരുന്നു.
അടുക്കളയില്‍ പോയ ഹോജ രണ്ട് കൊതിയന്മാരുടേയും തന്ത്രം മനസ്സിലാക്കി.
"ഇപ്പ ശരിയാക്കിത്തരാം!" ഹോജ മനസ്സിലോര്‍ത്തു.
എന്നിട്ട് അടുപ്പില്‍ കുറച്ച് വെള്ളം തിളപ്പിച്ച്, കുറച്ച് ഉപ്പും മുളകും ചേര്‍ത്ത് രണ്ട് കപ്പിലാക്കി രണ്ട് പേര്‍ക്കും കൊണ്ട് കൊടുത്തു.
"ഇതെന്താ ഹോജാ, ഈ സൂപ്പ് വെറും വെള്ളം പോലുണ്ടല്ലോ?" ആദ്യത്തെയാള്‍ ചോദിച്ചു.
"ഓ! അതോ. നിങ്ങള്‍ എനിക്ക് താറാവിനെ കൊടുത്തയച്ച ബന്ധുവിന്‍റെ കൂട്ടുകാരനല്ലെ? അത് കൊണ്ട് ഞാനാ താറാവിന്‍റെ സൂപ്പിന്‍റെ സൂപ്പാണ് നിങ്ങള്‍ക്ക് തന്നത്" ഹോജ മറുപടി പറഞ്ഞു.
"ഇതില്‍ വെറും ഉപ്പ് മാത്രമേയുള്ളൂ" രണ്ടാമത്തെയാള്‍ പരാതി പറഞ്ഞു.
"ശരിയായിരിക്കും. നിങ്ങള്‍ എന്‍റെ ബന്ധുവിന്‍റെ കൂട്ടുകാരന്‍റെ കൂട്ടുകാരനല്ലേ? അത് കൊണ്ട് താറാവിന്‍റെ സൂപ്പിന്‍റെ സൂപ്പിന്‍റെ സൂപ്പാണ് ഞാന്‍ നിങ്ങള്‍ക്കെടുത്തത്!" ഹോജ വേഗം കൊടുത്തു ഉത്തരം.
രണ്ട് കൊതിയന്മാരും ഇളിഭ്യരായി പരസ്പരം നോക്കി. പിന്നെ പതിയെ സ്ഥലം വിട്ടു.
0 Comments