ഞാന്‍ തന്നെ ഹുസൈന്‍! ഒരു ഷെയ്ക് ചിലി കഥ

ഒരു ദിവസം ഷെയ്ക് ചിലി ചന്തയില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് അതുവഴിയെ വന്ന ഒരാള്‍ അവനോട് ചോദിച്ചത്.

"നീയല്ലേ ഹുസൈന്‍?"

എല്ലാവരും എപ്പോഴും തന്നെ ഒരു മണ്ടനെന്ന് വിളിക്കുന്നതില്‍ വിഷമിച്ചിരിക്കുകയായിരുന്ന ഷെയ്ക് ഒരു സാമര്‍ത്ഥ്യം കാണിക്കാമെന്ന് കരുതി പറഞ്ഞു.

"അതെ, ഞാന്‍ തന്നെയാണ് ഹുസൈന്‍!"

"കഴിഞ്ഞ മാസം ഞാന്‍ തന്‍റെ കയ്യില്‍ നിന്ന് വാങ്ങിയ ആട് ഓടിപ്പോയി. അത് അതിന്‍റെ ഉടമസ്ഥനായ് നിങ്ങളുടെ അടുത്ത് തന്നെ വന്ന് കാണും" അയാള്‍ പറഞ്ഞു

"അതെ" ഷെയ്ക് ചിരിച്ച് കൊണ്ട് പറഞ്ഞു.

"നീയെനിക്കെന്‍റെ ആടിനെ തിരിച്ച് തരണം. അല്ലെങ്കില്‍ അതിന്‍റെ വില തരണം" വന്നയാള്‍ ആവശ്യപ്പെട്ടു.

ഇത് കേട്ട് ഷെയ്ക്ക് നിന്ന് ചിരിക്കാന്‍ തുടങ്ങി. ഷെയ്ക്ക് തന്നെ പരിഹസിക്കുകയാണെന്ന് മനസ്സിലാക്കിയ അയാള്‍ക്ക് ദേഷ്യം വന്നു. അയാള്‍ ഷെയ്ക്കിനെ അടിക്കാന്‍ തുടങ്ങി.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ചിരിച്ച് കൊണ്ട് നിന്ന് അടി വാങ്ങുന്ന ഷെയ്ക്കിനെ കണ്ട് അതുഭുതപ്പെട്ടു. 

വന്നയാളാണെങ്കില്‍ ഷെയ്ക്കിന്‍റെ ചിരി അടങ്ങുന്നില്ലെന്ന് കണ്ട് കൂടുതല്‍ ദേഷ്യത്തോടെ മര്‍ദ്ദനം തുടര്‍ന്നു. പക്ഷേ ഷെയ്ക്കിന് ഒരു കൂസലുമില്ലായിരുന്നു. അവന്‍ റപൊട്ടിച്ചിരിച്ച് കൊണ്ടേയിരുന്നു. ഒടുക്കം അടിച്ചടിച്ച് ക്ഷീണിച്ച് അയാള്‍ തിരിച്ച് പോയി. 

അടി കൊണ്ട് ചോരയൊലിച്ച് നിന്നിരുന്ന ഷെയ്ക്ക് കൂടി നിന്നിരുന്നവരോടായി പറഞ്ഞു.

"ഞാനാരാ മോന്‍? ഞാനയാളെ ശരിക്കും പറ്റിച്ചു"

"അതെങ്ങിനെ? നീയല്ലേ അടി മുഴുവനും കൊണ്ടത്?" ആളുകള്‍ ഒന്നും മനസ്സിലാകാതെ ചോദിച്ചു.

"അതല്ലേ തമാശ! ഞാനയാളെ ഹുസൈനാണെന്നും പറഞ്ഞ് പറ്റിച്ചതല്ലേ. ഞാന്‍ ഹുസൈനാണെന്ന് കരുതിയാണ് ആ മണ്ടന്‍ എന്നെ മര്‍ദ്ദിച്ചത്!" പൊട്ടിച്ചിരിച്ച് കൊണ്ട് ഷെയ്ക് കാര്യം വിശദീകരിച്ചു.

ഷെയ്ക്കിന്‍റെ 'ബുദ്ധി' ആലോചിച്ച് നാട്ടുകാര്‍ അമ്പരന്ന് നിന്ന് പോയി.

Post a Comment

0 Comments