ഒരിയ്ക്കല്‍ ഒരു ഭാര്യയും ഭര്‍ത്താവ് ഒരു നിസ്സാരകാര്യത്തിന് വഴക്കായി. അല്ലെങ്കിലും വഴക്ക് പലപ്പോഴും നിസ്സാരകാര്യങ്ങള്‍ക്കാണല്ലോ സംഭവിക്കുക. കൂട്ടുകാര്‍ ഒന്നോര്‍ത്ത് നോക്കൂ, എന്തെല്ലാം കാര്യങ്ങള്‍ക്കാണ് നമ്മള്‍ കൂട്ടുകാരുമായി വഴക്ക് കൂടാറ്!
"അതിലെന്താ സംശയം? അല്ലെങ്കിലും 'പെണ്‍ബുദ്ധി പിന്‍ബുദ്ധി' എന്നാണല്ലോ ചൊല്ല്!" ഭര്‍ത്താവ് വിട്ടുകൊടുത്തില്ല.
"നിങ്ങളെന്തൊക്കെ പറഞ്ഞാലും ആണുങ്ങളേക്കാള്‍ ബുദ്ധിയുള്ളത് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് തന്നെയാണ്." ഭാര്യ തിരിച്ചടിച്ചു.
"ഉവ്വുവ്വ്! വെറുതെ ദിവാസ്വപ്നം കാണാനല്ലാതെ നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് എന്തിനു കഴിയും?"
"നിങ്ങള്‍ 'പെണ്ണൊരുമ്പെട്ടാല്‍..' എന്ന് കേട്ടിട്ടുണ്ടൊ? വേണമെന്ന് വിചാരിച്ചാല്‍ ഏതവനെയും നിലയ്ക്ക് നിറുത്താന്‍ കഴിയും പെണ്ണിന്!"
"പിന്നേ, നമുക്ക് കാണാം" ഭര്‍ത്താവ് വെല്ലുവിളിച്ചു.
"അതെ, ഞാന്‍ കാണിച്ച് തരാം!" ഭാര്യ അതേറ്റെടുത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആ സ്ത്രീ അതിരാവിലെ എഴുന്നേറ്റ് ചന്തയില്‍ പോയി നല്ല പിടയ്ക്കുന്ന കുറെ മീന്‍ വാങ്ങി വന്നു. അവര്‍ അതെല്ലാം മുറ്റത്തും ടെറസ്സിലും മറ്റും വിതറിയിട്ടു. എന്നിട്ട് അവര്‍ അകത്ത് പോയി ഉറക്കത്തിലായിരുന്ന ഭര്‍ത്താവിനെ വിളിച്ചെഴുന്നേല്‍പ്പിച്ചു.
"ദേ, ഒന്ന് വേഗം എണീറ്റേ. പുറത്തിതാ മത്സ്യമഴ പെയ്യുന്നു"
"നിനക്കെന്താ വട്ടായോ?" ഭര്‍ത്താവിന് വിശ്വസിക്കാനായില്ല.
"നിങ്ങള്‍ വേഗം വാ മനുഷ്യാ... എല്ലാവരും മീനെല്ലാം പെറുക്കികൊണ്ട് പോയി. നമ്മുടെ പറമ്പില്‍ വീണതെങ്കിലും നമുക്ക് പെറുക്കിയെടുക്കാം."
അവിശ്വനീയതയോടെ പുറത്തെയ്ക്ക് ചെന്ന ഭര്‍ത്താവ് അമ്പരന്ന് നിന്നു പോയി. മുറ്റത്തെല്ലാം മീനുകള്‍!
അവര്‍ രണ്ട് പേരും മീനെല്ലാം പെറുക്കിയെടുത്ത് കൊട്ടയിലാക്കി.
"ഇന്ന് നമുക്ക് നല്ല മീന്‍ കറി വെയ്ക്കാം. കുറച്ച് നീയെടുത്ത് പൊരിച്ചേക്കണേ. ഞാനിന്ന് ഉച്ചയ്ക്ക് വേഗം വരാം." ഭര്‍ത്താവ് കൊതിയോടെ പറഞ്ഞു.
ജോലിയ്ക്ക് പോയ ഭര്‍ത്താവ് പറഞ്ഞത് പോലെ ഉച്ചയ്ക്ക് നേരത്തെ തന്നെ വീട്ടിലെത്തി. കൈ കഴുകി ഊണ് കഴിക്കാനിരുന്നു. ഭാര്യ വേഗം തന്നെ ചോറും കറിയും വിളമ്പി.
"അല്ല, മീന്‍ കറിയെവിടെ?" വിളമ്പിയ കൂട്ടത്തില്‍ മീന്‍ കറി കാണാതെ അയാള്‍ ചോദിച്ചു.
"ഏത് മീന്‍ കറി? അതിന് നിങ്ങളിന്ന് മീനൊന്നും വാങ്ങിക്കൊണ്ട് വന്നില്ലല്ലോ?" ഭാര്യ തിരിച്ച് ചോദിച്ചു.
"അത് കൊള്ളാം! രാവിലെ നമ്മള്‍ പെറുക്കിയെടുത്ത മീനൊക്കെ പിന്നെവിടെപ്പോയി?"
"മീന്‍ പെറുക്കിയെടുത്തെന്നോ? നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്?"
"ഇന്ന് രാവിലെ മീന്‍ മഴ പെയ്തതും, നമ്മള്‍ മീനൊക്കെ പെറുക്കിയെടുത്തതും നീ മറന്ന് പോയോ?"
"മീന്‍ മഴയോ? നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്? ആരും കേള്‍ക്കേണ്ട. നിങ്ങള്‍ക്ക് വട്ടാണെന്നേ കരുതൂ" ഭാര്യ പരിഹസിച്ചു.
"വട്ട് നിന്‍റെ..."
തുടര്‍ന്ന് അയാള്‍ ഭാര്യയെ ചീത്തവിളിക്കാന്‍ തുടങ്ങി. ആ സ്ത്രീയാണെങ്കിലോ, ഉറക്കെ ഓരോന്ന് പറഞ്ഞ് നിലവിളിക്കാനും തുടങ്ങി. അതോടെ നാട്ടുകാര്‍ എല്ലാം ഓടിക്കൂടി.
"എന്ത് പറ്റി? എന്താണ് പ്രശ്നം" ആളുകള്‍ ചോദിച്ചു.
"അയ്യോ, എന്ത് പറയാനാ. എന്‍റെ കെട്ടിയവനെന്തോ കുഴപ്പമുണ്ട്. രാവിലെ മീന്‍ മഴ പെയ്തെന്നും അത് ഞാന്‍ കറി വെച്ച് കൊടുത്തില്ലെന്നും പറഞ്ഞ് എന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി" ഭാര്യ കരഞ്ഞ് കൊണ്ട് പറഞ്ഞു.
"മീന്‍ മഴയോ?" നാട്ടുകാര്‍ക്ക് അത്ഭുതം അടക്കാനായില്ല.
"അതേന്നേ... എന്തൊരു മഴയായിരുന്നു. മുറ്റത്തും ടെറസ്സിലും നിറയെ മീനുകളായിരൂന്നു. നിങ്ങള്‍ക്കെല്ലാം കിട്ടിയതല്ലേ?" ഭര്‍ത്താവ് ആവേശത്തോടെ ചോദിച്ചു.
ഇയാള്‍ക്കെന്തൊ കാര്യമായ പ്രശ്നമുണ്ടെന്ന് അതോടെ നാട്ടുകാരെല്ലാം വിധിയെഴുതി.
"ഇതിന് മുന്‍പ് ഇങ്ങനെയെന്തെങ്കിലും?.." അവര്‍ ഭാര്യയോട് ചോദിച്ചു.
"ങും. ഇതിനു മുന്‍പൊരിയ്ക്കല്‍ ഇത് പോലെ സംഭവിച്ചിട്ടുണ്ട്." ഭാര്യ പറഞ്ഞു.
"എന്നിട്ട്?" ആരോ ചോദിച്ചു.
"അന്നാ പണിക്കരാണ് ഏതോ ബാധ കേറിയതാണെന്നും പറഞ്ഞ് ആ മരത്തേല്‍ പിടിച്ച് കെട്ടി തല മുണ്ഡനം ചെയ്ത്, ദേവീ ക്ഷേത്രത്തില്‍ പൂജിച്ച ചാട്ടവാറ് കൊണ്ട് പത്തടിയും കൊടുത്ത് രക്ഷപ്പെടുത്തിയത്" ഭാര്യ പറഞ്ഞു.
"അതിപ്പോ നമുക്കും ചെയ്യാമല്ലോ?" കൂട്ടത്തിലൊരാള്‍ പറഞ്ഞു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. നാട്ടുകാര്‍ ഭര്‍ത്താവിനെ ഒരു മരത്തില്‍ പിടിച്ച് കെട്ടി. ചാട്ടവാറ് പൂജിച്ചെടുക്കാന്‍ ആരോ ക്ഷേത്രത്തിലേക്കോടി. ക്ഷുരകനെ വിളിച്ച് കൊണ്ട് വരാനും ആരൊക്കെയോ പുറപ്പെട്ടു.
അത് വരെ മീന്‍ മഴയെക്കുറിച്ച് വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്ന ഭര്‍ത്താവ്, പെട്ടെന്ന് നിശബ്ദനായി. സംഗതി കുഴപ്പമാകുകയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ഭാര്യയുടെ നില്‍പ്പ് കണ്ടപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന തര്‍ക്കവും, വെല്ലുവിളിയും അയാളുടെ മനസ്സിലോടിയെത്തി.അയാള്‍ ഉടനെ ഭാര്യയെ അടുത്തേയ്ക്ക് വിളിച്ച് സ്വകാര്യമായി പറഞ്ഞു.
"നീ പറഞ്ഞത് ശരിയാണ്. പെണ്ണൊരുമ്പെട്ടാല്‍ ഏത് കൊലകൊമ്പനെയും മുട്ടുകുത്തിക്കാന്‍ പറ്റും. ഞാന്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. ഈ കുരുക്കില്‍ നിന്ന് എങ്ങനെയെങ്കിലും നീ എന്നെ രക്ഷിക്കണം"
"അപ്പോള്‍ ഇനി ഈ വക വര്‍ത്തമാനവും പറഞ്ഞ് എന്നെ പരിഹസിക്കില്ലല്ലോ?" അവര്‍ ചോദിച്ചു,
"ഒരിക്കലുമില്ല..." അയാള്‍ വേഗം സമ്മതിച്ചു.
അതോടെ ഭാര്യ നാട്ടുകാരോട് പറഞ്ഞു.
"അല്ലാ, ഇന്ന് ചൊവ്വാഴ്ചയല്ലേ? മുടി മുറിക്കാന്‍ ഇന്നത്ര നല്ല ദിവസമല്ലല്ലോ? മാത്രമല്ല, ആളൊരല്‍പ്പം ശാന്തനായിട്ടുണ്ട്. ചിലപ്പോള്‍ ഇത് തനിയെ ഭേദമാകാറുണ്ട്. നമുക്ക് ഇന്നൊരു ദിവസം നോക്കിയിട്ട്, കുറവില്ലെങ്കില്‍ നാളെ ചികിത്സ നോക്കാം"
"അതെ. അത് ശരിയാണ്. നല്ല മാറ്റം കാണുന്നുണ്ട്!" നാട്ടുകാര്‍ സമ്മതിച്ചു.
അവര്‍ ഭര്‍ത്താവിന്‍റെ കെട്ടഴിച്ച് വിട്ട് അവരവരുടെ വീടുകളിലെയ്ക്ക് പോയി.
താന്‍ ഒളിപ്പിച്ച് വെച്ചിരുന്ന മീനെടുത്ത് അന്ന് രാത്രി ഭാര്യ നല്ല കറിയുണ്ടാക്കി, ഭര്‍ത്താവ് ആഗ്രഹിച്ചത് പോലെ കുറച്ച് മീന്‍ പൊരിച്ച് നല്ല ഭക്ഷണമുണ്ടാക്കി കൊടുത്തു. പിന്നെ അവര്‍ തമ്മില്‍ ഇത് പോലെ കലഹമുണ്ടായിട്ടില്ലെന്നാണ് പറയുന്നത്. ആരറിഞ്ഞു?
ആണായാലും പെണ്ണായാലും ആരും ആരുടെയും പിന്നിലല്ല.
0 Comments