വൈകിയെത്തിയ വിവേകം


ഒരു രാത്രി താന്‍ താമസിക്കുന്ന മരത്തിനടുത്തുള്ള ഒരു വീട്ടില്‍ നിന്ന് മധുരതരമായ പാട്ട് കേട്ട് ഒരു വവ്വാല്‍ അങ്ങോട്ട് പറന്ന് ചെന്നു. പാട്ട് പാടിക്കൊണ്ടിരിക്കുന്നത് അവിടെ ഒരു കൂട്ടില്‍ കിടക്കുന്ന പക്ഷിയാണെന്ന് കണ്ട് വവ്വാല്‍ അത്ഭുതപ്പെട്ടു. ഇതിന് മുന്‍പും വവ്വാല്‍ ആ പക്ഷിയെ കണ്ടിട്ടുണ്ട്. പക്ഷേ അവളിത്ര മനോഹരമായി പാടുമെന്ന് അവനറിയില്ലായിരുന്നു.

"എത്ര മധുരതരമാണ് നിന്‍റെ ശബ്ദം! ഇതിന് മുന്‍പൊന്നും നീ പാടുന്നത് ഞാന്‍ കേട്ടിട്ടില്ലല്ലോ?"

"ഞാനെപ്പൊഴും പാട്ട് പാടാറില്ല. ചില ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ മാത്രമേ ഞാന്‍ പാടാറുള്ളൂ" പക്ഷി മറുപടി പറഞ്ഞു

"അതെന്ത് കൊണ്ടാണ്? പകല്‍ സമയങ്ങളില്‍ പാടിയാല്‍ നിന്‍റെ ഈ മനോഹരമായ പാട്ട് മറ്റുള്ളവര്‍ക്കും കേട്ട് ആസ്വദിക്കാമല്ലോ?" വവ്വാല്‍ ചോദിച്ചു

"ഈ പാട്ടാണ് എന്നെ അപകടത്തില്‍ കൊണ്ട് ചാടിച്ചത്. കാട്ടില്‍ പാട്ട് പാടി സ്വതന്ത്രയായി  നടക്കുകയായിരുന്ന എന്നെ ഈ പാട്ട് കേട്ടാണ് വേടന്‍ പിടിച്ചത്. എന്‍റെ പാട്ട് കേട്ടാണ് ഈ വീട്ടുകാര്‍ വലിയ വില കൊടുത്ത് എന്നെ വാങ്ങി ഈ കൂട്ടിലിട്ട് വളര്‍ത്തുന്നത്. ഇനിയും അപകടത്തില്‍ ചെന്ന് ചാടാതിരിക്കാന്‍ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഞാന്‍ പാട്ട് നിറുത്തിയത്" പക്ഷി വിശദീകരിച്ചു.

"അതു കൊള്ളാം. കൂട്ടിലടക്കപ്പെട്ട നീ ഇനിയെന്തിനാണ് അതേപറ്റി ചിന്തിക്കുന്നത്? അപകടത്തില്‍ ചെന്ന് ചാടുന്നതിന് മുന്‍പല്ലേ ചിന്തിക്കേണ്ടതും, മുന്‍കരുതലെടുക്കേണ്ടതും" വവ്വാല്‍ ചിരിച്ച് കൊണ്ട് ചോദിച്ചു.

അത് ശരിയാണല്ലോ എന്ന് പക്ഷി ചിന്തിക്കവേ, വവ്വാല്‍ തന്‍റെ കൂട്ടിലേയ്ക്ക് പറന്ന് പോയി.

Post a Comment

0 Comments