ഭീമനും ഹനുമാനും - മഹാഭാരത കഥ - Bhim and Hanuman Story


പഞ്ചപാണ്ഡവരില്‍ രണ്ടാമനായിരുന്ന ഭീമസേനനെ അറിയാമല്ലോ കൂട്ടുകാര്‍ക്ക്? തന്‍റെ സഹോദരങ്ങളേക്കാള്‍ വലിപ്പത്തിലും ശക്തിയിലും ഒന്നാമനായിരുന്ന ഭീമൻ മൂന്നുലോകങ്ങളിലും (ഭൂമി, പാതാളം, സ്വർഗ്ഗം) ഏറ്റവും ശക്തനായിയിരുന്നു. തന്‍റെ ശക്തിയില്‍ കുറച്ച് അഹങ്കരിച്ചിരുന്ന ഭീമസേനനെ അദ്ദേഹത്തിന്‍റെ സഹോദരന്‍ കൂടിയായ ഹനുമാന്‍ ഒരു പാഠം പഠിപ്പിച്ച കഥയാണിത്.

പാണ്ഡവരുടെ വനവാസക്കാലത്ത് ഒരു ദിവസം ദ്രൌപദിയുടെ ആവശ്യപ്രകാരം കല്യാണസൌഗന്ധിക പുഷ്പം തേടി പുറപ്പെട്ടതാണ് ഭീമന്‍ . താന്‍ ഏറ്റവും ശക്തനാണ് എന്ന ഭീമന്‍റെ അഹംഭാവം ശമിപ്പിക്കുവാനുറച്ച ഹനുമാന്‍ ഇത് തന്നെ തക്കസമയം എന്ന് കരുതി ഒരു വൃദ്ധവാനരന്‍റെ രൂപത്തില്‍ ഭീമന്‍ പോകുന്ന വഴിയില്‍ ചെന്നു കിടന്നു.

താമസിയാതെ അത് വഴിയെത്തിയ ഭീമന്‍ തന്‍റെ വഴി മുടക്കിയെന്നോണം ഒരു കിഴവന്‍ കുരങ്ങ് കിടക്കുന്നത് കണ്ടു. കുരങ്ങനെ പേടിപ്പിച്ചോടിപ്പിക്കാന്‍ വേണ്ടി ഭീമന്‍ ഉറക്കെ അലറി. പക്ഷേ ആ കുരങ്ങന്‍ അനങ്ങിയതേയില്ല. കുപിതനായ ഭീമന്‍ ചോദിച്ചു.

"ഏ വൃദ്ധവാനരാ, വഴിയിലാണോടാ കിടക്കുന്നത്? മര്യാദയ്ക്ക് വഴിയില്‍ നിന്ന് മാറിക്കിടക്ക്!"

"ഞാനെന്ത് ചെയ്യാനാണ്? എനിക്ക് തീരെ വയ്യ!" വൃദ്ധവാനരന്‍ പറഞ്ഞു.

"നിന്‍റെ വാലെടുത്ത് മാറ്റ്. അല്ലെങ്കില്‍ ചവിട്ടിയരയ്ക്കും ഞാന്‍!" ഭീമന്‍ തുടര്‍ന്നു.

"ഞാന്‍ പറഞ്ഞല്ലോ? എനിക്ക് ഒന്നനങ്ങാന്‍ പോലും വയ്യ!" വൃദ്ധവാനരന്‍ പറഞ്ഞു.

"ങ്ഹും! നിനക്ക് ഞാനാരാണെന്നറിയാമോ?" ഭീമന്‍ ചോദിച്ചു. . "മഹാബലശാലിയായ ഭീമസേനനാണ് ഞാന്‍!  എന്‍റെ ജ്യേഷ്ടനായ ഹനുമാന്‍റെ ജാതിയില്‍ പെട്ടവനാണല്ലോ എന്ന് കരുതിയാണ് ഞാന്‍ നിന്നോട് മര്യാദയായി പറയുന്നത്. മാറിക്കിടക്ക്! ഭീമന്‍ തുടര്‍ന്നു.

"ഓ! അതിശക്തനായ ഭീമസേനനാണോ താങ്കള്‍? എങ്കില്‍ എന്നെ ചാടിക്കടന്നു പോയിക്കൊള്ളൂ" എന്നായി വാനരന്‍.

മുതിര്‍ന്നവരുടെ മുകളിലൂടെ ചാടിക്കടക്കുന്നത് ഗുരുത്വമല്ല എന്നത് കൊണ്ട് താന്‍ അത് ചെയ്യില്ലാ എന്ന് ഭീമന്‍ പറഞ്ഞു.

'എങ്കില്‍ പിന്നെ ദയവായി അങ്ങെന്‍റെ വാലെടുത്ത് മാറ്റി കടന്നു പോകണം. എനിക്ക് തീരെ വയ്യാഞ്ഞിട്ടാണ്!" കുരങ്ങന്‍ പറഞ്ഞു

"നിന്‍റെ വൃത്തികെട്ട വാല്‍ ഞാനെടുത്ത് മാറ്റാനോ? അത് കൊള്ളാം. ഞാന്‍ കൈ വെച്ചാല്‍ നിന്‍റെ വാല്‍ തകര്‍ന്ന് പോകും" ഭീമന്‍ അഹങ്കാരത്തോടെ പറഞ്ഞു.

"എങ്കിലും സാരമില്ല. എനിക്കത് പൊക്കാന്‍ പോലും ആവതില്ലാഞ്ഞിട്ടാണ്" കുരങ്ങന്‍ വീണ്ടും പറഞ്ഞു.

"എങ്കില്‍ ശരി!" ഭീമസേനന്‍ കുരങ്ങനെ എടുത്തെറിയാമെന്ന് തന്നെ കരുതി തന്‍റെ ഗദ കൊണ്ട് കുരങ്ങന്‍റെ വാല്‍ തട്ടി നീക്കാന്‍ ശ്രമിച്ചു. വാല്‍ അനങ്ങാതായപ്പോള്‍ ഭീമന്‍ തന്‍റെ ഗദ കുരങ്ങന്‍റെ വാലിനടിയില്‍ തിരുകി ഉയര്‍ത്താന്‍ ശ്രമിച്ചു. ഭീമനെ അത്ഭുതപ്പെടുത്തികൊണ്ട്  ഗദ രണ്ടായി ഒടിഞ്ഞു വീണു.

അതോടെ ഭീമന്‍ തന്‍റെ തള്ളവിരലും ചൂണ്ട് വിരലും ഉപയോഗിച്ച് കുരങ്ങന്‍റെ വാലില്‍ പിടിച്ചുയര്‍ത്താന്‍ നോക്കി. ഒരു ചാവാലിക്കുരങ്ങന്‍റെ വാലുയര്‍ത്താന്‍ അതു തന്നെ ധാരാളം എന്നായിരുന്നു ഭീമന്‍റെ ഭാവം! എന്നാല്‍ ആ വാലൊന്നനങ്ങുക പോലും ചെയ്തില്ല! 

വാശിയോടെ ഭീമന്‍ തന്‍റെ കൈ കൊണ്ട് വാലില്‍ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ, വാല്‍ മണ്ണില്‍ ഉറച്ക് പോയത് പോലെ! ഭീമന്‍ തന്‍റെ രണ്ട് കൈ കൊണ്ടും കുരങ്ങന്‍റെ വാല്‍ മണ്ണില്‍ നിന്നുമുയര്‍ത്താന്‍ ശ്രമിച്ചു. എന്നിട്ടും വാല്‍ ഒരല്‍പ്പം പോലും അനങ്ങിയില്ല. 

ഭീമനുണ്ടൊ വിട്ടുകൊടുക്കുന്നു. മണ്ണില്‍ മുട്ടു കുത്തിയിരുന്ന് വീണ്ടും രണ്ട് കൈകള്‍ കൊണ്ടും വാല്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഒരു രക്ഷയുമില്ല. ഭീമന്‍ വിയര്‍ത്ത് കുളിക്കാന്‍ തുടങ്ങി. പല തരത്തില്‍ ഇരുന്നും, നിന്നും  ഭീമന്‍ ആ കുരങ്ങന്‍റെ വാല്‍ എടുത്തു മാറ്റാന്‍ നോക്കി. പക്ഷേ എന്തെല്ലാം ചെയ്തിട്ടും ഭീമന് ആ വാലൊന്നനക്കാന്‍ പോലും പറ്റിയില്ല. 

ഭീമന് ആകെ നാണക്കേടായി. അതിനോടൊപ്പം തന്നെ ഭീമന്‍ ചിന്തിച്ചു.

"ശെടാ. ഒരു ചാവാലിക്കുരങ്ങന് ഇത്ര ഭാരമോ? ഒരിക്കലുമില്ല. ഇത് ഒരു സാധാരണ കുരങ്ങനാവാന്‍ തരമില്ല. ഇനിയിപ്പോള്‍ ശ്രീരാമ ഭക്തനായ ഹനുമാന്‍ തന്നെ പരീക്ഷിക്കാന്‍ എത്തിയതാകുമോ?"

അതോടേ ഭീമന്‍ തന്‍റെ അഹങ്കാരമെല്ലാം വെടിഞ്ഞു വിനയപൂര്‍വ്വം അപേക്ഷിച്ചു.

"ഹനുമാന്‍ സ്വാമീ, അവിടുന്ന് അടിയന്‍റെ അവിവേകം പൊറുക്കണം."

ഹനുമാന്‍ സ്വന്തം രൂപം കൈകൊണ്ട് ചാടിയെഴുന്നേറ്റു. ഭീമന്‍ അദ്ദേഹത്തെ ആദരപൂര്‍വ്വം വണങ്ങി. ഹനുമാന്‍ പറഞ്ഞു.

"എന്‍റെ പ്രിയ സഹോദരാ. നീ അതിശക്തനാണ്. പക്ഷേ അതോടൊപ്പം താനേറ്റവും ശക്തനാണ് എന്ന അഹങ്കാരം കൂടി നിന്നിലുണ്ട്. അത് ശമിപ്പിക്കുവാന്‍ വേണ്ടിയാണ് ഞാനിങ്ങനെ ചെയ്തത്."

ഭീമന്‍റെ അഹങ്കാരമൊക്കെ എപ്പോഴേ പോയിരുന്നു. അദ്ദേഹം വീണ്ടും തന്‍റെ അവിവേകം പൊറുക്കാനും തന്നെ അനുഗ്രഹിക്കാനും ഹനുമാനോട് അപേക്ഷിച്ചു. സന്തുഷ്ടനായ ഹനുമാന്‍ സഹോദരനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.

അഹങ്കാരമെല്ലാം വെടിഞ്ഞ് ഭീമസേനന്‍ കല്യാണസൌഗന്ധികം തേടിയുള്ള യാത്ര തുടര്‍ന്നു. 

Post a Comment

0 Comments