ആത്മവിശ്വാസത്തിന്‍റെ ശക്തി!

സര്‍ക്കസ് കൂടാരത്തില്‍ ജനിച്ച് വളര്‍ന്നതായിരുന്നു ആ സിംഹക്കുട്ടി. ദിവസേനയുള്ള കായികാഭ്യാസപ്രകടനങ്ങളും, അതിന് ശേഷമുള്ള കഠിനമായ പരിശീലനവും കൊണ്ട് അവന്‍ പൊറുതിമുട്ടി. പരിശീലകനാണെങ്കില്‍ ഒരു ദയയുമില്ലാത്ത ഒരു ദുഷ്ടനായിരുന്നു. സര്‍ക്കസില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന് അവന്‍ ഉറപ്പിച്ചു.

അങ്ങിനെയിരിക്കേ, ഒരു ദിവസം, അവന്‍റെ പ്രകടനങ്ങള്‍ കഴിഞ്ഞ് അവനെ കൂട്ടിലടച്ചയാള്‍ ആ കൂടിന്‍റെ വാതിലടയ്ക്കാന്‍ മറന്നുപോയി. തക്കം പാര്‍ത്തിരിക്കുകയായിരുന്ന സിംഹം അന്ന് രാത്രി കൂട്ടില്‍ നിന്നും പുറത്തിറങ്ങി ആരുടേയും ശ്രദ്ധയില്‍ പെടാതെ ഇരുട്ടിന്‍റെ മറവില്‍ സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപ്പെട്ടു.

കുറെ ദൂരം നടന്ന് അവന്‍ ഒരു കാട്ടിലെത്തി. അപ്പോഴേയ്ക്കും നേരവും വെളുത്തിരുന്നു.  ആദ്യമായാണല്ലോ അവന്‍ കാട് കാണുന്നത്! ഒരു പരിചയവും ഇല്ലാത്തത് കൊണ്ട് അവന്‍ ആദ്യം കണ്ട ഒരു മൃഗത്തിനടുത്തെയ്ക്ക് ചെന്നു. ഒരു മുയലായിരുന്നു അത്. സിംഹത്തെകണ്ടതും ആ പാവം പേടിച്ച് ഓടിപ്പോയി. സിംഹം പരിചയപ്പെടാമെന്ന് കരുതി പല മൃഗങ്ങളുടെ അടുത്തെയ്ക്കും ചെന്നെങ്കിലും അവരെല്ലാം പേടിച്ച് ഓടിപ്പോയി. എന്തു കൊണ്ടാണ് ആരും തന്നോട് സംസാരിക്കാന്‍ പോലും തയ്യാറാകാത്തതെന്ന് അവന് മനസ്സിലായില്ല.

ഇതെല്ലാം കണ്ട് കൊണ്ട് ദൂരെ നില്‍ക്കുകയായിരുന്ന ഒരു കുറുക്കന്‍ സിംഹത്തിന്‍റെ അടുത്തേയ്ക്ക് ചെന്നു. സിംഹം നാട്ടില്‍ നിന്ന് വന്നതാണെന്നും കാട് അവന് ഒരു പരിചയവുമില്ലെന്നും കുറുക്കന്‍ മനസ്സിലാക്കി. കുറുക്കനെ കണ്ട് സിംഹം അതിനെ സൂക്ഷിച്ച് നോക്കി. സിംഹത്തിനടുത്തെത്തിയ കുറൂക്കന്‍ പറഞ്ഞു.

"നീ ഇവിടെ പുതിയതാണല്ലേ? ഈ വനത്തിലെ രാജാവാണ് ഞാന്‍. എന്‍റെ സമ്മതമില്ലാതെ ആരും നിന്നോട് കൂട്ട് കൂടുകയില്ല. എന്നെ പേടിച്ചാണ് അവരെല്ലാം നിന്‍റെയടുത്ത് വരാതെ ഓടി മാറുന്നത്. നീ ഒരു പാവമാണെന്ന് തോന്നിയത് കൊണ്ട് നിന്നെ ഞാന്‍ ഒന്നും ചെയ്യുന്നില്ല. ഞാന്‍ പറയുന്നതനുസരിച്ച് എന്‍റെ ഭൃത്യനായി നിനക്ക് കഴിയാം. "

കുറുക്കന്‍ ഒരു ശക്തനായ ജീവിയാണെന്നും വനത്തിലെ രാജാവായതു കൊണ്ട് അവനെ അനുസരിക്കുന്നതാണ് നല്ലതെന്നും സിംഹം കരുതി. അങ്ങിനെ അവന്‍ കുറുക്കന്‍റെ ഭൃത്യനാകാന്‍ തീരുമാനിച്ചു.

കുറുക്കനോടൊപ്പം വരുന്ന സിംഹത്തിനെ കണ്ട് ഭയന്ന മൃഗങ്ങള്‍ ഓടിയൊളിക്കുന്നത് കണ്ട് കുറുക്കന്‍ സിംഹത്തിനോട് പറഞ്ഞു.

"കണ്ടില്ലേ, എന്നെ കണ്ട് അവരെല്ലാം ഓടുന്നത്. നീ എന്‍റെ കൂടെയായത് കൊണ്ട് പേടിക്കണ്ട. ഞാന്‍ പറയുന്നത് പോലെ ചെയ്താല്‍ മതി"

മറ്റ് മൃഗങ്ങളൂറ്റെ ഭയം നേരില്‍ കണ്ടത് കൊണ്ട് കുറുക്കന്‍ പറയുന്നത് ശരിയാണെന്ന് സിംഹത്തിന് മനസ്സിലായി.  അങ്ങിനെ കുറച്ച് ദിവസം കുറുക്കന്‍റെ നിര്‍ദ്ദേശമനുസരിച്ച് സിംഹം ചെറു മൃഗങ്ങളെ വേട്ടയാടി പിടിച്ചു. തനിയ്ക്ക് വേണ്ടത് കഴിച്ച ശേഷം മാത്രമേ കുറുക്കന്‍ സിംഹത്തിനെ ഭക്ഷിക്കാന്‍ അനുവദിക്കാറുള്ളൂ.

അങ്ങിനെയിരിക്കെ, ഒരു ദിവസം വേട്ടയാടനിറങ്ങിയ കുറുക്കനും സിംഹവും ഒരാനയുടെ മുന്‍പില്‍ ചെന്ന് പെട്ടു. കാട് കുലുക്കി വരുന്ന മദയാനയെ കണ്ടതും കുറൂക്കന്‍ "ഓടിക്കോ!" എന്നും പറഞ്ഞ് ഓടി രക്ഷപ്പെട്ടു.

പാവം സിംഹം! അവനാകെ പേടിച്ച് പോയി. കാട്ടിലെ രാജാവ് തന്നെ ഓടി രക്ഷപ്പെടണമെങ്കില്‍ തന്‍റെ മുന്‍പിലുള്ള വലിയ മൃഗം ഒരു ഭീകര ജീവി തന്നെയെന്ന് അവന്‍ ഉറപ്പിച്ചു. (അവന്‍റെ സര്‍ക്കസില്‍ ആനയില്ലായിരുന്നു കേട്ടോ!")

പേടി കൊണ്ട് അവന്‍റെ കൈകാലുകള്‍ മരവിച്ച് പോയിരുന്നു. ഓടി രക്ഷപ്പെടാനാകാതെ അവന്‍ പേടിച്ച് ഉറക്കെ കരഞ്ഞു. സിംഹം കരഞ്ഞതാണെങ്കിലും പുറത്ത് വന്നത് വല്ലാത്ത ഒരു അലര്‍ച്ചയായിരുന്നു. സിംഹത്തിന്‍റെ ഗര്‍ജ്ജനം! ആ ഗര്‍ജ്ജനം കേട്ട് ആന വിരണ്ടു പോയി. അവന്‍ പേടിച്ച് ഓടി രക്ഷപ്പെട്ടു.

തന്‍റെ ശബ്ദം സിംഹത്തെയും അമ്പരപ്പിച്ചു. അതു വരെ തന്‍റെ ശബ്ദം ഇത്ര ഗാംഭീര്യമുള്ളതാണെന്ന് അവന്‍ അറിഞ്ഞിരുന്നില്ല. അവന്‍ ഒരിയ്ക്കല്‍ കൂടി അലറി. അത് കേട്ട് മൃഗങ്ങള്‍ പേടിച്ച് ഓടി അകലുന്നത് കണ്ടതും താന്‍ പ്രത്യേകതകളുള്ള ഒരു മൃഗമാണെന്ന് അവന് മനസ്സിലായി. പേടിച്ചോടുന്നവരുടെ കൂട്ടത്തില്‍ തന്‍റെ "രാജാവായ" കുറുക്കനെയും അവന്‍ കണ്ടിരുന്നു. 

അതോടെ സിംഹത്തിന് ആത്മവിശ്വാസമേറി. താന്‍ വളരെ കരുത്തനാണെന്ന് അവന്‍ തിരിച്ചറിഞ്ഞു. പിന്നെ ഉറച്ച കാല്‍വെയ്പ്പുകളോടെ നിര്‍ഭയനായി അവന്‍ കാട്ടിനുള്ളിലേയ്ക്ക് നീങ്ങി. ചുരുങ്ങിയ കാലം കൊണ്ട് അവനാ കാട്ടിലെ രാജാവായി.

Post a Comment

0 Comments