കര്‍മ്മഫലം! - ഒരു ഗുണപാഠ കഥ

 

ഒരു രാജാവിന് മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. ഒരു ദിവസം രാജാവ് മൂന്ന് പേരെയും വിളിച്ച് ഓരോ വലിയ ചാക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു:

"നിങ്ങള്‍ മൂന്ന് പേരും കാട്ടില്‍ പോയി ഈ ചാക്ക് നിറയെ പഴങ്ങള്‍ പറിച്ചു കൊണ്ട് വരൂ"

മന്ത്രിമാര്‍ രാജാവിന്‍റെ കല്‍പ്പന കേട്ട് അമ്പരന്നു പോയി. കാട്ടില്‍ പോയി പഴങ്ങള്‍ പറിച്ച് കൊണ്ട് വരാനോ? ഇനി രാജാവ് വല്ല തമാശ പറഞ്ഞതായിരിക്കുമോ? പക്ഷേ രാജാവിന്‍റെ മുഖഭാവത്തില്‍ നിന്നും സംഗതി ഗൌരവമാണെന്ന് അവര്‍ക്ക് മനസ്സിലായി. അങ്ങിനെ രാജകല്‍പ്പന്‍ അനുസരിച്ച് മൂന്ന് പേരും കാട്ടിലേയ്ക്ക് പുറപ്പെട്ടു. 

ഒന്നാമത്തെ മന്ത്രി തനിക്ക് കിട്ടിയ നിര്‍ദ്ദേശം അക്ഷരം പ്രതി അനുസരിച്ചു. രാജകല്‍പനയുടെ സാംഗത്യമൊന്നും അദ്ദേഹം ആലോചിച്ച് തല പുകച്ചില്ല. രാജാവിന്‍റെ കല്‍പ്പനയല്ലേ? രാജാവിനു വേണ്ടിയല്ലേ പഴങ്ങള്‍ ശേഖരിക്കുന്നത്! അത് കൊണ്ട് തന്നെ അദ്ദേഹം വളരെ ശ്രദ്ധയോടെ വൈവിധ്യമാര്‍ന്നതും, ഗുണമുള്ളതുമായ നല്ല പഴങ്ങള്‍ തിരഞ്ഞ് പിടിച്ച് തന്‍റെ ചാക്കില്‍ നിറച്ചു. മൂത്തതും, പഴുക്കാറായതുമായ നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനായി അദ്ദേഹം കാട്ടിനുള്ളില്‍ മുഴുവന്‍ തിരഞ്ഞു നടന്നു. ചാക്ക് നിറയെ പഴങ്ങളുമായാണ് അദ്ദേഹം തിരികെ കൊട്ടാരത്തിലേയ്ക്ക് പോയത്.

രണ്ടാമത്തെ മന്ത്രി രാജാവിന്‍റെ വിഡ്ഡിത്തമോര്‍ത്ത് നീരസത്തിലായിരുന്നു. ഒരു മന്ത്രിയായ തന്നെ ഇത്തരം ഒരു പണിക്ക് രാജാവ് നിയോഗിച്ചതെന്തിനാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. ഒരു കാര്യവുമില്ലാത്ത ഒരു ജോലി ചെയ്യാന്‍ അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. പിന്നെ, രാജകല്‍പ്പനയല്ലേ? ചെയ്തില്ലെങ്കില്‍ കുഴപ്പമായാലോ? ഈ ഒറ്റ വിചാരം കാരണം അദ്ദേഹവും പഴങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. കയ്യില്‍ കിട്ടിയ പഴങ്ങള്‍ അദ്ദേഹം ചാക്കില്‍ നിറച്ചു. കുറച്ച് സമയത്തിനുള്ളില്‍ തന്നെ അയാള്‍ തന്‍റെ ചാക്ക് നിറയെ പഴങ്ങള്‍ ശേഖരിച്ചു. മുകളില്‍ മാത്രം കുറച്ച് നല്ല പഴങ്ങളും, താഴെ മുഴുവന്‍ കാട്ടില്‍ വീണു കിടന്നിരുന്ന ചീത്ത പഴങ്ങളും! തിരക്കിനിടയില്‍ രാജാവ് ചാക്ക് ശരിയായി പരിശോധിക്കാന്‍ പോകുന്നില്ലെന്ന് മന്ത്രിക്കുറപ്പുണ്ടായിരുന്നു. 

മൂന്നാമത്തെ മന്ത്രിയാണെങ്കില്‍ ആകെ അരിശത്തിലായിരുന്നു. രാജാവ് തന്നെയേല്‍പ്പിച്ച ജോലി അയാളില്‍ രാജാവിനോട് പുച്ഛമാണ് ഉണ്ടാക്കിയത്. എന്തായാലും പേരിന് എന്തെങ്കിലും ചെയ്യണമല്ലോ? വെറുതെ രാജകോപം വരുത്തിവെക്കരുതല്ലോ എന്ന് കരുതി മാത്രമാണ് അയാള്‍ കാട്ടിലെയ്ക്കെക്കെന്നും പറഞ്ഞു പുറപ്പെട്ടത്. അദ്ദേഹം കാട്ടിലൊന്നും കയറാന്‍ മിനക്കെട്ടില്ല. അവിടെയുമിവിടെയും കിടന്നിരുന്ന ചപ്പുചവറുകളും ഉണങ്ങിയ കായ്കളും പെറുക്കിക്കൂട്ടി അയാള്‍ ചാക്ക് വേഗം നിറച്ചു. ചാക്ക് തുറന്ന് നോക്കുന്നത് പോയിട്ട്, ആ ചാക്കിന് നേരെ ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും രാജാവിന് സമയമുണ്ടാകില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. 

അങ്ങിനെ നിറഞ്ഞ ചാക്കുകളുമായി മൂന്ന് മന്ത്രിമാരും രാജാവിന്‍റെ അടുത്തെത്തി. മൂന്നാമത്തെ മന്ത്രി ചിന്തിച്ചത് പോലെ രാജാവ് ആ ചാക്കുകള്‍ക്ക് നേരെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. 

രാജാവ് ആ മൂന്ന് മന്ത്രിമാരോടും ഒന്നു ചോദിക്കുകയോ പറയുകയോ ചെയ്തതുമില്ല. പകരം തന്‍റെ ഭടന്മാരെ വിളിച്ച്  ഇപ്രകാരം കല്‍പ്പിച്ചു. 

"ഈ മൂന്ന് പേരെയും രണ്ട് മാസത്തെയ്ക്ക് വെവ്വേറെ തടങ്കലിലിടണം. ഭക്ഷിക്കാന്‍ ആവശ്യമുള്ളത്ര പഴങ്ങള്‍ അവര്‍ മൂന്ന് പേരും ശേഖരിച്ചിട്ടുണ്ട്. അതു കൊണ്ട് യാതൊരു ഭക്ഷണവും കൊടുത്ത് പോകരുത്!"

രാജകല്‍പ്പന കേട്ട് മൂന്ന് മന്ത്രിമാരും ഞെട്ടിപ്പോയി. എന്തു ചെയ്യാന്‍? മൂന്ന് പേരെയും ഭടന്മാര്‍ ജയിലിലടച്ചു. 

പിന്നെ എന്ത് സംഭവിച്ചിരിക്കുമെന്ന് കൂട്ടുകാര്‍ക്കൂഹിക്കാമല്ലോ? ആദ്യത്തെ മന്ത്രിക്ക് യാതൊരു ഭക്ഷണത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. അദ്ദേഹം താന്‍ ശേഖരിച്ച വൈവിധ്യമാര്‍ന്ന പഴങ്ങള്‍ കഴിച്ച് രണ്ട് മാസം കഴിച്ച് കൂട്ടി. രണ്ടാമത്തെ മന്ത്രിക്ക് ആദ്യത്തെ കുറച്ച് ദിവസം വലിയ പ്രശ്നമില്ലായിരുന്നു. എന്നാല്‍ ചാക്കിലുണ്ടായിരുന്ന നല്ല പഴങ്ങള്‍ കഴിച്ച് തീര്‍ന്നതോടെ അയാള്‍ പട്ടിണിയിലായി. മൂന്നാമന്‍റെ കാര്യമായിരുന്നു കഷ്ടം! ഒന്നും ഭക്ഷിക്കാനില്ലാതെ അയാള്‍ ആകെ വിഷമത്തിലായി. രണ്ട് മാസം തികയ്ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഭക്ഷണമില്ലാതെ അയാള്‍ ആ തടവറയില്‍ കിടന്ന് മരണമടഞ്ഞു.

നാം ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളുടെയും ഫലം നാം തന്നെ അനുഭവിക്കണം. നാം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ചാല്‍ സത്ഫലങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യം കിട്ടും.

കൂട്ടുകാരെ, അച്ചനുമമ്മയും, ഗുരുജനങ്ങളുമൊക്കെ നമ്മളോട് ചെയ്യാന്‍ പറയുന്ന ചില കാര്യങ്ങള്‍ ചിലപ്പോള്‍ നമുക്ക് അനാവശ്യമാണെന്ന് തോന്നിയേയ്ക്കാം. എങ്കിലും ചെയ്യുന്ന കാര്യം എപ്പോഴും നന്നായി ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുക.

Post a Comment

0 Comments