പൂന്തോട്ടത്തിലെ കുരങ്ങന്‍മാര്‍

ഒരിക്കല്‍ ഒരാള്‍ തന്‍റെ പൂന്തോട്ടത്തില്‍ പണിയെടുത്ത് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മുകളില്‍ നിന്നും വലിയ ബഹളം കേട്ടത്. അയാള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മരത്തിന്മേല്‍ കുറെ കുരങ്ങന്‍മാര്‍ എത്തിയിരിക്കുന്നത് കണ്ടു. അവര്‍ അയാളെ അനുകരിച്ച് കൈകള്‍ കൊണ്ട് ഓരോന്ന് ചെയ്യുകയായിരുന്നു. അവരുടെ വിക്രിയകള്‍ കണ്ട് അയാള്‍ ചിരിച്ചു. അയാള്‍ ചിരിക്കുന്നത് കണ്ടതും കുരങ്ങന്‍മാരും ചിരിക്കാന്‍ തുടങ്ങി.



അതിനിടയില്‍ ഒരു കുരങ്ങന്‍ താഴേയ്ക്കിറങ്ങി അയാള്‍ ചെയ്യുന്നത് പോലെ തോട്ടത്തിലെ കളകള്‍ പറിച്ചു കളയാന്‍ തുടങ്ങി. താമസിയാതെ മറ്റ് കുരങ്ങന്‍മാരും അവരോടൊപ്പം ചേര്‍ന്നു.

പതിയെ പതിയെ അയാള്‍ ചെയ്യുന്നത് കണ്ട് കുരങ്ങന്‍മാര്‍ തോട്ടത്തിലെ ചെടികള്‍ നനക്കാനും, ഇലകള്‍ പെറുക്കി കളയാനും തുടങ്ങി. ഇത് കണ്ട് അയാള്‍ക്കും സന്തോഷമായി. കുരങ്ങന്‍മാരുടെ സഹായത്തോടെ അയാള്‍ പണിയെല്ലാം പെട്ടെന്ന് തീര്‍ത്തു. 

സന്ധ്യയ്ക്ക് അയാള്‍ വീട്ടിലിരിക്കുമ്പോഴാണ് അയാളുടെ സുഹൃത്ത് കാണാനെത്തിയത്. കൂട്ടുകാരനെ തന്‍റെ വീട്ടില്‍ നടക്കുന്ന ഒരാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാന്‍ വന്നതായിരുന്നു അയാള്‍. 

അയാള്‍ക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, താന്‍ പോയാല്‍ തന്‍റെ ചെടികള്‍ ആര് നനയ്ക്കും? അതായിരുന്നു അയാളുടെ പ്രശ്നം.

പിറ്റേ ദിവസം തോട്ടത്തിലെത്തിയ അയാള്‍ അത്ഭുതപ്പെട്ടു പോയി. തലേ ദിവസം തന്നെ സഹായിച്ച കുരങ്ങന്‍മാര്‍ അതാ തോട്ടത്തില്‍ പണിയെടുക്കാന്‍ തയ്യാറായി നില്ക്കുന്നു. അപ്പോളാണ് അയാള്‍ക്ക് ഒരു ബുദ്ധി തോന്നിയത്. അയാള്‍ കൂര്‍ങ്ങന്‍മാരുടെ നേതാവെന്ന് തോന്നിച്ച കുരങ്ങനെ അടുത്ത് വിളിച്ച് അന്നത്തെ ഒരു ദിവസം എല്ലാ ചെടികള്‍ക്കും വെള്ളമൊഴിക്കാന്‍ തന്നെ സഹായിക്കാമോ എന്ന് ചോദിച്ചു. കുരങ്ങന്‍മാര്‍ വേഗം സമ്മതിച്ചു, എന്നു മാത്രമല്ല അവര്‍ തോട്ടം നനയ്കാനും തുടങ്ങി. അതോടെ അയാള്‍ സമാധാനത്തോടെ കൂട്ടുകാരന്‍റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.

കുരങ്ങന്‍മാര്‍ ഉത്സാഹത്തോടെ ജോലി ചെയ്യാന്‍ തുടങ്ങി. ചിലര്‍ കള പറിച്ചും, ഇലകള്‍ പെറുക്കി കളഞ്ഞും പൂന്തോട്ടം വൃത്തിയാക്കി തുടങ്ങി. മറ്റ് ചിലര്‍ ഓരോ ചെടിക്കും വെള്ളമൊഴിക്കാന്‍ തുടങ്ങി.

അങ്ങിനെ പണി ഉഷാറായി നടക്കുമ്പോഴാണ് ഒരു കുരങ്ങന് ഒരു സംശയം വന്നത്.

"അല്ല, നമ്മള്‍ ഒഴിക്കുന്ന വെള്ളം ഈ ചെടിക്ക് മതിയായോ എന്ന് എങ്ങിനെ അറിയാനാണ്? വലിയ ചെടിക്ക് കുറെ അധികം വെള്ളം വേണ്ടേ? ചെറിയതിന് കുറച്ച് വെള്ളം ഒഴിച്ചാല്‍ പോരേ?" 

ഇതായിരുന്നു സംശയം.

"അത് ശരിയാണല്ലോ!" മറ്റുള്ളവരും സമ്മതിച്ചു.

"ഒരു വഴിയുണ്ട്. വലിയ വേരുള്ള ചെടിയ്ക്ക് കൂടുതല്‍ വെള്ളമൊഴിക്കാം." കുറച്ചു നേരം ആലോചിച്ച ശേഷം നേതാവ് അഭിപ്രായപ്പെട്ടു.

"പക്ഷേ, എങ്ങിനെയാണ് ചെടിയുടെ വേര് വലുതാണോ, ചെറുതാണോ എന്നറിയുക" ഒരു കുരങ്ങന്‍ ചോദിച്ചു.

"അതിനെന്താടാ മണ്ടാ പ്രയാസം? ചെടി പറിച്ചു നോക്കിയാല്‍ അറിയാമല്ലോ!" കൂട്ടത്തില്‍ ബുദ്ധിമാനായ നേതാവ്‍ പറഞ്ഞു.

"അത് ശരി തന്നെ! അപാര ബുദ്ധി തന്നെ" മറ്റ് കുരങ്ങന്‍മാര്‍ക്ക് പിന്നെ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

അവര്‍ വീണ്ടും ഉത്സാഹത്തോടെ പണി തുടര്‍ന്നു. 

കുരങ്ങന്‍മാര്‍ ഓരോ ചെടിയായി പിഴുതെടുത്ത് നോക്കി. വലിയ വേരുള്ളതിനെല്ലാം കുറെ അധികം വെള്ളമൊഴിച്ചു കൊടുത്തു. അങ്ങിനെ തോട്ടത്തിലെ എല്ലാ ചെടികളും അവര്‍ പിഴുതെടുത്ത് നനച്ചു.

വിരുന്നും ആഘോഷവും കഴിഞ്ഞ് തിരിച്ചെത്തിയ തോട്ടക്കാരന്‍റെ അവസ്ഥ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ?

അവനവന്‍ ചെയ്യേണ്ട പണി മറ്റുള്ളവരെ ഏല്‍പ്പിച്ച് ആഘോഷിക്കാന്‍ നടന്നാല്‍ അപകടം പറ്റും എന്ന് മനസ്സിലായല്ലോ, അല്ലേ?

Post a Comment

0 Comments